കാലം മാറിയിട്ടും മാറാത്ത ഒരേ ഒരു മൃഗം !
മാണിയെയും കോഴയെയും കൊണ്ട് ബഹളപൂരിതമായ ദൃശ്യമാധ്യമങ്ങൾ മാണിയെയും കോഴയെയും രാജി പ്രഖ്യാപനം കേട്ടയുടനെ കൈയൊഴിഞ്ഞിരിക്കുന്നു. മാണി കോഴ വാങ്ങിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം അത്യാവശ്യം തലക്കുള്ളിൽ ആൾതാമസമുള്ള ഓരോ മലയാളിക്കും അറിയാവുന്നതാണ്.
കേരളത്തിലെ ഏത് രാഷ്ട്രീയ പാർട്ടിയിലെ നേതാവാണ് കോഴ ഇതുവരെ വാങ്ങാതിരിന്നിട്ടുള്ളത് എന്ന ചോദ്യം മാധ്യമങ്ങളും നേതാക്കന്മാരും ഈ ചർച്ചക്കിടയിൽ ഒരിക്കൽ പോലും ഉന്നയിച്ചിട്ടില്ല എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.
ഗൾഫിലെ പ്രമുഖ ബിസിനസ്സുകാരെ നിരന്തരം സന്ദർശിക്കുകയും അത്താഴ വിരുന്നിന് കുടുംബസമേതം സമ്മേളിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ പിരിച്ച് പോകുന്ന സംഭാവനകൾക്ക് രസീതി നൽകിയതായിട്ട് ആരും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തിരിക്കുന്ന നേതാക്കന്മാർ പാർട്ടിക്കും സ്വന്തം ആവശ്യത്തിനും സംഭാവനകൾ കിട്ടാവുന്നത്ര വാരി കൂട്ടാറുണ്ട്.
സംഭാവന നൽകുന്ന ഏതൊരു വ്യക്തിയും നൽകിയ പണത്തിനു തുല്യമായ രീതിയിൽ പല സഹായങ്ങളും ഈ നേതാക്കന്മാരിൽ നിന്നും തിരിച്ചെടുക്കാറുമുണ്ട്. ഇത്തരമൊരു കൂട്ട് കച്ചവടം എല്ലാ പാർട്ടികളുടെയും നേതാക്കന്മാർ കാലാകാലങ്ങളായി നടത്തി വരുന്നുണ്ട്.
ബിജു രമേശിന്റെ ശരീരത്തിലുള്ള രക്തം ഗൾഫിലെ പ്രമുഖ വ്യവസായികളിൽ കുത്തിവെച്ചാൽ, അവർ ബിജുരമേശ് പറയുന്നത് പോലെ കോഴ കൊടുത്തതും വ്യാപാര വ്യവസായങ്ങളിൽ പങ്കാളിത്തം നൽ
കിയതിന്റെയും കഥകൾ തുറന്ന് പറഞ്ഞാൽ ഇന്ന് ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തലപ്പത്തിരിക്കുന്ന ഭൂരിഭാഗം പേരും രാജി വെയ്ക്കേണ്ടി വരും. മാണി കോഴ വാങ്ങി പിടിക്കപ്പെട്ടു എന്ന് മാത്രം.
കോഴ നൽകി, കോഴ നൽകി എന്ന് ദൃശ്യമാധ്യമങ്ങളിൽ നിലവിളിച്ചു കൊണ്ടിരിക്കുന്ന ബിജു രമേശിനോട് ബാർ അസോസിയേഷൻ അംഗത്വം തിരികെ നൽകുവാൻ ആവശ്യപ്പെടണം. മദ്യം വിൽക്കുന്നവർക്കും ചില മൂല്യങ്ങളും നയങ്ങളും ആവശ്യം തന്നെ. ഒരു കുറ്റം ചെയ്തു എന്ന് തുറന്ന് പറയുന്ന പ്രതിയെ ജയിലിലടക്കുകയാണ് ആദ്യം ചെയ്യേണ്ടത്? ബിജു മാണിക്ക് നൽകിയ പണം കള്ളപ്പണമാണോ അതല്ല സംഘടനയിൽ നിന്ന് പിരിച്ചെടുത്തതാണോ? ആണെങ്കിൽ ബാർ അസോസിയേഷന്റെ മറ്റ് പ്രവർത്തകരെയും ഈ കേസിലെ പ്രതികളായി കൊണ്ടുവരേണ്ടതല്ലേ?
ഈ നാടകത്തിലെ യഥാർത്ഥ ഹീറോ ഉമ്മൻചാണ്ടിയോ, മാണിയോ, ബിജുരമേശോ അല്ല. പകരം മാണിയോട് കൂറ് പുലർത്തി എം.എൽ.എ സ്ഥാനം രാജിവെച്ച ഉണ്ണിയാടൻ മാത്രമാണ്.
കള്ളക്കടത്തായാലും, കൊലപാതകമായാലും കൂടെ നിന്നവർ, അതിലെ മുഖ്യൻ കെണിയിൽ പെടുന്പോൾ ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൂടെ നിൽക്കേണ്ട മനസ്സ് പ്രകടിപ്പിക്കണം. സ്ഥാനമാനങ്ങൾക്കപ്പുറം രാഷ്ട്രീയ മുതലെടുപ്പിനപ്പുറം ആത്മാർഥതയുള്ള ഒരു സുഹൃത്തെങ്കിലും മാണിക്ക് ഉണ്ടെന്നത് കാണുന്പോൾ ആശ്വാസം തോന്നുന്നു.
ബിജു രമേശ് ആവശ്യപ്പെടുന്ന നുണ പരിശോധന കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും തലപ്പത്തിരിക്കുന്ന മുതിർന്ന നേതാക്കളും ചെയ്യുവാൻ തയ്യാറാകണം.
മാണിയുടെ കോഴക്കേസ് രാജിയിൽ അവസാനിച്ചു എന്നതിൽ സന്തോഷിക്കുവാൻ സാധാരണ ജനത്തിന് ഒന്നും തന്നെയില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ സർക്കസ് കളിയിൽ ഓട്ടം പിഴച്ച ഒരു കലാകാരൻ എന്നതിലപ്പുറം ഇതിനെ കാണേണ്ടതില്ല. പൊളിഞ്ഞ കാലും നടുവും ചികിത്സ നടത്തി മാണി തിരിച്ച് വരും. അതിശക്തമായി ട്രപ്പീസിൽ തലങ്ങും വിലങ്ങും ആടും. അന്ന് ഉന്നത സ്ഥാനങ്ങളിൽ ബാലൻസ് ചെയ്ത് പിടിച്ചിരിക്കുന്നവരെ പാലായിലെ താരം തള്ളിയിടുകയും ഉന്നതസ്ഥാനത്ത് കയറി ഇരിക്കുകയും ചെയ്യും.
ഇതൊക്കെ കണ്ടു ചിരിക്കുകയും കരയുകയും ചെയ്യുന്ന പൊതുജനം കാലം മാറിയിട്ടും ഇപ്പോഴും പ്രതിനിധീകരിക്കുന്നത് പഴയ കഴുതയെ തന്നെ എന്നതാണ് ഏറെ സങ്കടകരം.