ലോകേ പ്രശസ്തഃ സഃമതിമാൻ
ചാണക്യനെ കുറിച്ച് ഞാൻ മുന്പും എഴുതിയിട്ടുണ്ട്. വർഷങ്ങൾക്ക് മുന്പ് അക്കാലത്ത് നിലവിലുണ്ടായിരുന്ന അർത്ഥ വ്യവസ്ഥകളെ ആധാരമാക്കി രചിച്ച ചാണക്യ ശാസ്‌ത്രം കാലദേശങ്ങളെ അതിലംഘിക്കുന്ന ഒരു ദർശനമായിട്ട് ഇന്നും നിലനിൽക്കുന്നു എന്ന സത്യം എന്നെ അത്ഭുതപ്പെടുത്തുന്നു.
കേരളത്തിൽ നടന്ന പഞ്ചായത്ത് ഇലക്ഷനും ബീഹാറിലെ ഇലക്ഷനും അതിൽ ജനമെടുത്ത തീരുമാനങ്ങളും ഗഹനമായി പഠിച്ചാൽ അവ ചാണക്യ സൂത്രങ്ങളായി ബന്ധപ്പെടുത്തിയാൽ മാത്രം മതി ചാണക്യ ശാസ്ത്രത്തിന്റെ ഉപയോഗം മനസ്സിലാക്കുവാൻ.
മന്ത്രിമാരുടെ സഹായമില്ലാതെ ഭരിക്കുവാൻ ശ്രമിക്കുന്നത് ഒറ്റ ചക്രമുള്ള രഥമോടിക്കുവാൻ ശ്രമിക്കുന്നത് പോലെയാണ് എന്നാണ് ചാണക്യൻ പറയുന്നത്. മോദി ചെയ്യുന്ന തെറ്റ് മന്ത്രിമാർക്ക് നൽകിയ വകുപ്പിലെ കാര്യങ്ങൾ വരെ കൈയിട്ട് അവരെ നിർഗുണന്മാരായി മാറ്റുകയാണ്. ഇത് ഭരണ സംവിധാനത്തിൽ മുറുമുറുപ്പ് ഉണ്ടാക്കുകയും പിന്നീട് ദോഷമായി ഭവിക്കുകയും ചെയ്യും.
കള്ള സാക്ഷി പറയുന്നതിനെ ചാണക്യൻ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഒരു പക്ഷെ മറ്റുള്ളവരിൽ നിന്ന് ചിലർക്ക് കള്ളത്തരം വിദഗ്ദ്ധമായി മറക്കാനായാലും സർവ്വസാക്ഷികളായ പഞ്ചഭൂതങ്ങളിൽ നിന്ന് മറച്ച് വെയ്ക്കാനാകില്ല. ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി കേരള ജനതയെ പറ്റിച്ച് കൊണ്ട് പാർട്ടിയെ താങ്ങി നിർത്തിയിരുന്ന പല നേതാക്കൾക്ക് വേണ്ടിയും കള്ള സാക്ഷി പറഞ്ഞിരുന്നു. ഞാൻ ഒറ്റയ്ക്കാണ് എന്ന് കരുതുന്നവരുടെ ഹൃദയത്തിൽ വരെ പുണ്യ പാപങ്ങളെ നിരീക്ഷിച്ച് കൊണ്ട് ഒരു മുനി സ്ഥിതി ചെയ്യുന്നു എന്നാണ് ചാണക്യ വചനം.
“ഗുണവാനപി ക്ഷുദ്രപക്ഷസത്യജുതേ”(സൂക്തം 4)
ഗുണവാനെങ്കിലും നീച പക്ഷം സ്വീകരിക്കുന്നവനെ ജനം ഉപേക്ഷിക്കും! ഐശ്വര്യം ആഗ്രഹിക്കുന്നവർ ദുർജനങ്ങളുമായി സംസ്സർഹമരുത് എന്നാണ് ചാണക്യൻ പറഞ്ഞത്. ജോമോനടക്കമുള്ള ഒരു വലിയ നീചപക്ഷ സമൂഹത്തെ കൂടെ കൊണ്ട് നടക്കേണ്ട ഗതികേട് മുഖ്യമന്ത്രിയുടെ യശസ്സിനു കളങ്കം ചാർത്തി.
പരവിദ വേഷ്യാദമോ നൈവ കർത്ത്യവഃ (സൂക്തം 56)
അന്യന്റെ സന്പത്തിൽ ആഗ്രഹം തോന്നരുത്. പരസന്പത്തിനോടുള്ള ആദരം ലോഭം വർദ്ധിപ്പിക്കും. മാണിയെ പോലുള്ള നേതാക്കന്മാരോട് പരസന്പത്തിനോടുള്ള ആദരം മന്ത്രി സഭക്ക് തന്നെ വിനാശകരമായി. പരദ്രവ്യമപഹരിക്കുന്നത് വിഷപ്പാന്പിനെ കൊണ്ട് നടക്കുന്ന പോലെയാണെന്ന ചാണക്യ വചനം ഇവിടെ പ്രസക്തമാണ്.
നാസ്ത്യർഘഃ പുരുഷ രത്നസ്യ
ശ്രേഷ്ഠനായ പുരുഷനെ വിലമതിക്കുവാനാവില്ല മറ്റു രത്നങ്ങൾക്കൊക്കെ വ്യാപാരികൾ വില നിർണ്ണയിക്കും. പക്ഷെ ഉത്തമനായ പുരുഷന്റെ വില നിർണ്ണയിക്കുവാൻ പറ്റുന്നതിലപ്പുറമാണ്. വൈദൂഷ്യം, സൗശീലം, പൗരുഷം, ധൈര്യം, ക്ഷമ എന്നിവ ഇവരുടെ കൂടെ കാണും. എൽ.ഡി.എഫ് ഇലക്ഷൻ സമയത്ത് വീണ്ടും വി.എസ് അച്ചുതാനന്ദനെ മുൻപിൽ നിർത്തിയതും, വി.എസ് എന്ന ഉത്തമ പുരുഷന്റെ വില മതിക്കാനാവാത്ത മൂല്യം കൊണ്ട് തന്നെ.
നഃസ്ത്രൈണസ്യ സ്വർഗ്ഗാവാപ്തിർ ധർമ്മകൃതം ച (സൂത്രം 27)
സ്‌ത്രീകളിൽ അമിതാസക്തിയുള്ളവന് ധർമ്മകാര്യമോ സ്വർഗ്ഗ പ്രാപ്തിയോ ഉണ്ടാകുന്നില്ല. സകല കലാ ശാസ്ത്ര പണ്ധിതനും ശൂരനും തപസിയും ആയിരുന്ന ദശമുഖൻ ഹതനായത് സ്‌ത്രീസക്തനായതിനാലാണ്. സരിതയെന്ന സൂര്യപ്രകാശത്തിന്റെ രശ്മികൾ ഏറ്റ് ആകൃഷ്ടരായ ഒരു കൂട്ടം മന്ത്രിമാർ ഉമ്മൻചാണ്ടി സർക്കാരിന്റെ യശ്ശസിനു കോട്ടം വരുത്തി. അവരെ സംരക്ഷിക്കുക വഴി സ്‌ത്രീ ജനങ്ങളടക്കമുള്ള ജനതയ്ക്ക് ഭരണസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
തതഃ യഥാർഹദണ്ധഃ സ്യാത (സൂത്രം 44)
ഭരണകർത്താവ് ദണ്ധനാകണം. അപമാനത്തിന്റെ ലഘു ഗുരുത്വം അനുസരിച്ച് ശിക്ഷിക്കണം. മോദിക്ക് ബീഹാറിൽ പറ്റിയത് സ്വന്തം പാർട്ടിയിലെ നേതാക്കന്മാർ സംവരണത്തെക്കുറിച്ച് നിരന്തരം നാക്കിട്ടലച്ചപ്പോൾ മിണ്ടാതിരുന്നു എന്നതാണ്. അനാവശ്യമായ കോലാഹലങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തതും പ്രതികരിക്കാത്തതും ബീഹാറിൽ ഏറ്റ പരാജയത്തിന്റെ പിറകിലുള്ള പ്രധാന കാര്യങ്ങളിൽ ഒന്നാണ്. ചാണക്യ സൂത്രത്തിന് പകരം വെയ്ക്കാൻ നാളിത് വരെ ഈ വിഷയത്തിൽ വേറൊരു പുസ്തകത്തിനും പറ്റിയിട്ടില്ല എന്നതും ചിന്തിക്കേണ്ട വിഷയമാണ്.
ചാണക്യ സൂത്രം പാർട്ടി ഓഫീസിൽ നേതാക്കൾക്ക് ഒരു റഫറൻസ് ഗ്രന്ഥമായി വെച്ചാൽ അത് പാർട്ടിക്കും ജനത്തിനും ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.