ഭയവും ക്രമാതീതമായ ഭയവും


ഭയം എന്ന വികാരത്തെ ചൂഷണം ചെയ്യുകയാണ് ഒരു വ്യക്തിയുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഒരു വ്യക്തിയോടുള്ള ബഹുമാനം ഒരു പരിധിവരെ ഭയത്തിൽ നിന്നും ഉടലെടുക്കുന്നതാണ്. ഗുരുവിനെ ബഹുമാനിക്കുന്ന ശിഷ്യനും, പോലീസിനെ ബഹുമാനിക്കുന്ന കള്ളനും ഭർത്താവിനെ ബഹുമാനിക്കുന്ന ഭാര്യയും മാതാപിതാക്കളെ ബഹുമാനിക്കുന്ന മക്കളും മനസ്സിൽ അടിസ്ഥാനപരമായി കൊണ്ട് നടക്കുന്ന വികാരം ഭയം തന്നെയാണ്. 

ഭയം ആവശ്യം തന്നെ. പക്ഷെ ക്രമാതീതമായ ഭയം ആപത്താണ്. മതപുരോഹിതൻമാരാണ് ‘ഭയം’ എന്ന വികാരത്തെ മാർക്കറ്റ് ചെയ്ത് ഒരു സമൂഹത്തെ മുഴുവനും കീഴടക്കിയത്. വളരെ കുറച്ച് അനുയായികൾ ഉള്ള മതം മുതൽ കോടി കണക്കിന് അനുയായികൾ ഉള്ള മതം വരെ വിശ്വാസികളെ അവരുടെ ചൊൽപ്പടിയിൽ നിർത്താൻ മരണാനന്തരം ‘നരകം’ ഉണ്ടെന്ന വിശ്വാസം പരത്തുകയും ചെയ്തു. ജീവിച്ചിരിക്കുന്പോൾ തന്നെ നരകതുല്യമായ ജീവിതം നയിച്ചിരുന്ന പ്രാകൃത കാലത്തെ മനുഷ്യ സമൂഹം മരണാനന്തരമെങ്കിലും നരകം ലഭിക്കാതിരിക്കുവാൻ മത പുരോഹിതരെ വിശ്വസിച്ച് അവർ പറയുന്നത് പോലെ പ്രവർത്തിച്ച് തുടങ്ങി. 

രാജ്യഭരണ കാലത്തും രാജാക്കന്മാരും ഒരു പരിധിവരെ അവരുടെ സൈന്യത്തെ നിരത്തി ജനത്തിൽ ഭയം സൃഷ്ടിച്ച് കൊണ്ടിരുന്നു. പിന്നീട് വന്ന രാഷ്ട്രീയ പാർട്ടികളും അണികളെ പിടിച്ച് നിർത്തുവാൻ ‘ഭയം’ വ്യത്യസ്ത രീതിയിൽ വിറ്റ്‌ തുടങ്ങി. 

മുതലാളിമാർക്കെതിരെയുള്ള ക്രമാധീതമായ ഭയം കേരളത്തിലും അമേരിക്കയോടുള്ള ഭയം റഷ്യയിലും കമ്മ്യൂണിസ്റ്റ് സംഘടനകളെ വളർത്തി. ഇന്ത്യാ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം ഹൈന്ദവരെ ക്രമാധീതമായി ഭയന്ന മുസ്ലീങ്ങുകൾ പാർട്ടി ശക്തിപ്പെടുത്തുകയും പിന്നീട് മുസ്ലീം സമൂഹം രാജ്യത്തിന്റെ ശക്തി കേന്ദ്രങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ കയറിയിരിക്കുന്നത് കണ്ട് ക്രമാധീതമായി ഭയന്ന ഹൈന്ദവർ സംഘടിക്കുകയും ചെയ്തു.

ബുദ്ധിയുള്ള ജീവജാലങ്ങൾക്ക് ഭയം ആവശ്യം തന്നെ. കുതിച്ച് വരുന്ന തീവണ്ടിയെ കാണുന്പോൾ റയിൽവേ ട്രാക്കിൽ നിന്ന് മാറി നിൽക്കുന്നത് ഈ ഭയം എന്ന വികാരം കൊണ്ട് തന്നെ. പക്ഷെ അതേസമയം ക്രമാധീതമായ ഭയമാണ് ഉള്ളതെങ്കിൽ ആ ഭയം വഴി മനസ്സ് അസ്വസ്ഥമാകുകയും ഒരു തീരുമാനം എടുക്കുവാൻ പറ്റാതെ ബുദ്ധി മരവിക്കുകയും ചെയ്യുന്നു. തീവണ്ടി വരുന്പോൾ അത് തന്നെ ഇടിക്കണമെന്ന് തിരിച്ചറിഞ്ഞിട്ടും, സ്വന്തം ശരീരത്തെ ട്രാക്കിൽ നിന്നും മാറ്റുവാനുള്ള ആജ്ഞ ശരീരത്തിന് നൽകുവാൻ പറ്റാതെ ബുദ്ധി മരവിക്കുന്നു. ഇത് അപകടങ്ങൾ ഉണ്ടാക്കുന്നു.

രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ച് വരുന്നു എന്ന ഷാരൂഖാന്റെ അഭിപ്രായം കേവലം ഒരു ഭയപ്രകടനം മാത്രമാണ്. പക്ഷെ അതിനെ അടിസ്ഥാനമാക്കി പ്രസ്താവനകൾ ഇറക്കിയ കൈലാസ് വിജയും യോഗി ആദിത്യനാഥും പ്രകടിപ്പിച്ച വികാരം അസഹിഷ്ണുതയുടെതും ക്രമാധീതമായ ഭയത്തോട് കൂടിയുള്ളതുമാണ്. ഇതൊക്കെ കേട്ട് ഷാരൂഖാനെയും മറ്റ് എല്ലാ മുസ്ലീങ്ങളെയും പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച ഹഫീസ് സയിദിന്റെ പ്രസ്താവനയാകട്ടെ അതിക്രമാധീതമാണ്. അത് നേരത്തെ ഞാൻ സൂചിപ്പിച്ച ട്രെയിൻ വരുന്നു എന്നറിഞ്ഞിട്ടും ട്രാക്കിൽ നിന്ന് നീങ്ങാൻ പറ്റാതെ സ്വയം അപകടത്തിലേക്ക് വീഴുന്നവൻ നേരിടുന്ന അവസ്ഥയാണ്. 

മതവും രാഷ്ട്രീയവും പരസ്പരപൂരകങ്ങൾ തന്നെയാണ്. അങ്ങനെയല്ല എന്ന് മതനേതാക്കളും രാഷ്ട്രീയ നേതാക്കളും നാഴികയ്ക്ക് നാൽപ്പതുവട്ടം വിളിച്ച് പറഞ്ഞാലും ഈ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന ചിലർ ഇടയ്ക്കിടെ ഹൈന്ദവരല്ലാത്ത മറ്റ് മതസ്ഥരിൽ ഭീതി ഉണ്ടാക്കുന്നുണ്ട്. അത് ക്രമാതീതമായി വളർന്നാൽ അത് ബി.ജെ.പിക്ക് ദോഷം ചെയ്യുമെന്ന വസ്തുത സർക്കാരും മനസ്സിലാക്കണം. 

അതോടൊപ്പം ഷാരൂഖാന്റെ ഇപ്പോഴത്തെ ഭയം എന്തിനാണെന്നും ജനം തിരിച്ചറിയണം. ബോ‍‍‍‍ഡീഗാഡുകളുടെ നടുവിൽ നടന്നു പോകുന്ന ഷാരൂഖാന് സാധാരണ ജനങ്ങളോട് സംവദിക്കാനുള്ള സാഹചര്യം ഇല്ല എന്നത് ഒരു സത്യം തന്നെയാണ്. ഇത് തിരിച്ചറിയുന്പോൾ അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യയിലെ 130 കോടിജനങ്ങളുടെ വികാരമാണെന്ന് പറയാനും പറ്റില്ല. 

ഛോട്ടാ രാജനെ പിടികൂടുകയും, ദാവൂദ് ഇബ്രാഹിമിനുവേണ്ടി വലവീശുകയും ചെയ്യുന്പോൾ ബോളീവുഡിൽ അസഹിഷ്ണുത പരക്കുന്നുണ്ടെന്ന് മാധ്യമങ്ങളും ബോളീവുഡിനെ അറിയുന്ന പലരും അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ഷാരൂഖാന്റെ പ്രതികരണം ഇത്തരമൊരു നടപടിയെ ഭയന്നിട്ടാകരുത് എന്ന് പ്രതീക്ഷിക്കുന്പോൾ തന്നെ യോഗി ആദിത്യനോട് ഓർമ്മിപ്പിക്കേണ്ടത്.

ഇന്ത്യ എന്ന മഹാരാജ്യം ഒരിക്കലും ഒരു കലാകാരനെയോ ശാസ്ത്രജ്ഞനെയോ അദ്ധ്യാപകനെയോ ഇഷ്ടപ്പെടുന്നത് ജാതിയും മതവും നോക്കിയിട്ടല്ല പകരം കഴിവിനെ അടിസ്ഥാനമാക്കി തന്നെയെന്നതാണ്. അബ്ദുൽ കലാം, എ.ആർ റഹ്മാൻ, സൽമാൻ ഖാൻ മുതൽ ഷരുഖൻ വരെ ജനം ഇഷ്ടപ്പെടുന്നത് ഇതിനുള്ള തെളിവാണ്.

ഭിതി മനസ്സിനെ കിഴടക്കുന്പോൾ ഓർക്കേണ്ടത് ഏറ്റവും വലിയ ശത്രുവിന് പോലും അരക്ഷിതമായ സ്വന്തം ചിന്തകളോളം നിങ്ങളെ ഉപദ്രവിക്കുവാൻ കഴിയില്ല എന്ന സത്യവും, ഒരിക്കൽ അവയ്ക്ക് മുകളിൽ ആധിപത്യം നേടി കഴിഞ്ഞാൽ അവയോളം സഹായിയായി മറ്റാരുമില്ല എന്ന യുക്തിയും മാത്രമാണ്.

You might also like

Most Viewed