ശരാശരി
മകനാണ് വീടിന്റെ മുൻപിലുള്ള പാതി പൊളിഞ്ഞ കോളിംഗ് ബെല്ലിൽ വിരലമർത്തിയത്. രമേശന്റെ സഹോദരിയാണ് വാതിൽ തുറന്നത്. അകത്തെ മുറിയിൽ രമേശൻ പഴയ ചാരു കസേരയിൽ എന്തോ എഴുതി കൊണ്ടിരിക്കുന്നു.
സുഖം തന്നെയല്ലേ? എന്ന എന്റെ ചോദ്യം കേട്ടതും രമേശൻ തന്റെ കോതിയൊതുക്കാത്ത മുടിയിൽ വിരലുകൾ തിരുകി വട്ടത്തിൽ ചുറ്റി കൊണ്ടിരുന്നു. പിന്നീട് തൊട്ടടുത്തുള്ള കസേര ചൂണ്ടി മകനോട് അവിടെ ഇരിക്കുവാൻ പറഞ്ഞു.
നീ ചിന്തിക്കുന്ന സുഖത്തിനും ഞാൻ മനസിലാക്കുന്ന സുഖവും രണ്ട് തലങ്ങളിലാണ്. അതു കൊണ്ട് തന്നെ നിന്റെ ചോദ്യത്തിന് പ്രസക്തിയില്ല. രമേശൻ പറഞ്ഞു നിർത്തി മകനെ ഒന്നുകൂടി സൂക്ഷിച്ച് നോക്കി പറഞ്ഞു, മോൻ ഇരിക്ക്, എന്റെ മുന്പിൽ ഇരിക്കുവാനുള്ള യോഗ്യതയൊന്നും നിന്റെ അച്ഛനില്ല.
മകൻ മനസ്സില്ലാ മനസ്സോടെ കസേരയിൽ ഇരുന്നപ്പോൾ രമേശൻ തുടർന്നു. നീ പലപ്പോഴും യാത്രയിലാണെന്ന് അറിഞ്ഞു. നിന്നെ പോലുള്ളവർ ഘടികാര സൂചികൾ പോലെയുള്ളവരാണ്. പലതും നേടുന്നു എന്ന തോന്നലിൽ ധൃതിയിൽ മുന്പോട്ട് ഓടികൊണ്ടെയിരിക്കുന്നു. ഓട്ടം തുടങ്ങിയ സ്ഥലത്ത് തിരിച്ച് എത്തിയാലും അതു പുതിയ ഒരു ഇടമാണെന്ന വിവരക്കേടിൽ വീണ്ടും മുന്പോട്ട് ഓടുന്നു.
ആദ്യകാലത്ത് നിന്റെ ഓട്ടം മണിക്കൂർ സൂചി പോലെയാണെങ്കിൽ ഇപ്പോൾ അത് മിനിറ്റ് സൂചി പോലെ കുറച്ച് കൂടി വേഗത്തിലായി. ഇനി വയസ്സ് കൂടി വരുന്പോൾ, ആയുസ് തീരാറാകുന്നു എന്ന തിരിച്ചറിവിൽ അത് സെക്കന്റ് സൂചിയെപ്പോലെയാകും..
ഇതിനിടയിൽ കടന്ന് വന്ന രമേശന്റെ സഹോദരി പകർന്ന് തന്ന കട്ടൻചായ ഒറ്റ വലിയിൽ ചൂടോടെ കുടിച്ച് ഞാൻ നിസ്സംഗതയോടെ ഇരുന്നു. തൊട്ട് മുന്പിൽ ഒന്നും മനസിലാകുന്നില്ല എന്ന രീതിയിൽ മകനും ഇരിക്കുന്നുണ്ട്.
ഗൾഫിൽ എന്താ പരിപാടി? ബിസിനസ് ആണ്. ആരെയൊക്കെ പറ്റിച്ചു? രമേശന്റെ ചോദ്യം പെട്ടെന്നായിരുന്നു. ഇത് കേട്ടതും മകൻ ചെറുങ്ങനെ ഒന്ന് ചിരിച്ചു. ആരെയും അറിഞ്ഞു കൊണ്ട് പറ്റിച്ചിട്ടില്ല. എന്ന എന്റെ ഉത്തരം കേട്ട് രമേശൻ പരിസരം മറന്ന് ചിരിച്ചു. “ഈ ലാഭം എന്ന് പറയുന്നത് എന്റെ ഭാഷയിൽ പറ്റിക്കലാണ്...”
പുറത്ത് മഴ പെയ്യാനുള്ള പ്രതീതി. ആകാശത്തിൽ കാർമേഘങ്ങൾ ഇരുണ്ട് കൂടുന്നത് കാണാം. വിഷയം മാറ്റാനായി ഞാൻ പറഞ്ഞു. “ഇന്ന് മഴ പെയ്യും”.. മഴപെയ്യും... രമേശൻ എന്റെ വാക്കുകള ആവർത്തിച്ചു. പിന്നീട് മകനെ നോക്കി പറഞ്ഞു. മഴ പെയ്യും, ഭൂമി അവ ഊറ്റി ഊറ്റി കുടിക്കും, പിന്നീട് ചൂട് അവ ആവാഹിച്ച് ആവിയായി വലിച്ചെടുക്കും. പിന്നീട് അതെ വെള്ളം മഴത്തുള്ളിയായ് പെയ്യും. ഇതൊരു ബോറൻ അവസ്ഥയാണ്. കാലാകാലങ്ങളായി മാറാത്ത ചാക്രിക സ്വഭാവമുള്ള ഈയൊരു അവസ്ഥയുടെ പിടിയിലാണ് താനടക്കമുള്ള ഒരു ഭൂരിപക്ഷം
മകനെ നോക്കാതെ എന്റെ കണ്ണുകളിലേക്ക് നോക്കി രമേശൻ പറഞ്ഞു. എനിക്ക് നിന്നിൽ വളരെയേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഇപ്പോൾ നിന്റെ നിലവാരം ഒരു ശരാശരിക്കരനെക്കാൾ പരിതാപകരമാണ്.
പ്രേമിക്കുകയും പ്രണയിക്കുകയും, കുട്ടികളെ ഉൽപാദിപ്പിക്കുകയും, സന്തോഷത്തിനായ് മദ്യപിക്കുകയും, ബന്ധുക്കളും സുഹൃത്തുക്കളും മരിക്കുന്പോൾ കരയുകയും ചെയ്യുന്ന ശരാശരിക്കാരന്റെ പ്രതിനിധി മാതമാണ് ഇന്ന് നീ...
എന്റെ കൈയ്യിൽ ഞാൻ ചുരുട്ടി പിടിച്ചു ഡ്യൂട്ടീ ഫ്രീയിലെ ബാഗ് നോക്കി രമേശൻ തുടർന്നു. നിന്റെ കൈയ്യിലുള്ള ബാഗിൽ എനിക്ക് നൽകാനായി വാങ്ങിയ ഒരു ഷീവാസ് റീഗലിന്റെ ബോട്ടിലും, അത്തറുമായിരിക്കും. അല്ലെ?.. നീ ഒരു അനുബോറനാണ്. ശരാശരി പ്രവാസി വർഷങ്ങളായി നടത്തുന്ന പൊറാട്ട് നാടകത്തിലെ സ്ഥിരം ചടങ്ങാണ് നീയും പിന്തുടരുന്നത്. നിന്നെപ്പോലുള്ളവരോട് സംസാരിക്കുന്പോൾ തന്നെ എന്തൊരു ബോറടിയാണ്!
മകന്റെ മുൻപിൽ ഇത്തിരി ചമ്മി ഞാൻ രമേശനോട് മറുത്തൊന്നും പറയാതെ മൂലയിലുണ്ടായിരുന്ന കട്ടിലിൽ ഇരുന്നു. കൈയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗ് ഇത്തിരി ചമ്മലോടെ പിറകിലേക്ക് ഒതുക്കി.
നിനക്ക് വല്ല അവാർഡും കിട്ടിയോ? ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.. . നിനക്ക് എത്ര ഭാര്യമാരാണ്? രമേശന്റെ ചോദ്യം കേട്ടതും ഞാൻ മകനെ ഒന്നുകൂടെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. ‘ഒന്ന്’!!
ഏതായാലും നീ പെണ്ണ് കെട്ടി. എന്നാൽ ഒരു പത്തിരുപത് കല്യാണമൊക്കെ കഴിച്ച് ഒരു നൂറ് കുട്ടികളൊക്കെയായി ജീവിച്ച് കൂടെ?.. ചിലപ്പോൾ അത് ഒരു ത്രില്ലായിരിക്കും. ഒന്നും പറയാതെ നിശബ്ദനായി അച്ഛന്റെ പഴയ സുഹൃത്ത് പറയുന്നത് കേട്ട് മകനിരിക്കുന്പോൾ രമേശൻ അവനോടായി പറഞ്ഞു. നിന്റെ അച്ഛന്റെ ഈ ഇസ്തിരി ചുളിയാത്ത ഷർട്ടും പാന്റ്സും, വൃത്തിയായി മുറിച്ച മുടിയും, ഷേവ് ചെയ്ത് മിനുക്കിയ മുഖവും തിളങ്ങുന്ന വാച്ചും പെർഫ്യൂമിന്റെ മണവും ഒക്കെ കൂടി കാണുന്പോൾ എനിക്ക് ചർദ്ദിക്കുവാനാണ് തോന്നുന്നത്.
ഇവന് പകരം ഇവിടെ വല്ല ഹിപ്പപ്പൊട്ടാമസാണ് ഇരിക്കുന്നതെങ്കിൽ ഞാൻ അതിനെ കെട്ടിപ്പിടിച്ചേനെ. അതിന്റെ ഷേപ്പില്ലാത്ത ശരീരവും തീരെ പ്രവചിക്കുവാൻ പറ്റാത്ത മുഖത്തിന്റെ ആകൃതിയും വെള്ളത്തിൽ കലർന്ന ചളിയുടെ നാറ്റവും ഒക്കെ ആകുന്പോൾ എന്തൊരു ഫ്രഷ്നസ്സാണ് അത് നമുക്ക് നല്കുന്നത്.
പതിയെ ചിരിച്ച് തുടങ്ങിയ മകനെ നോക്കി രമേശൻ തുടർന്നു. നീ നിന്റെ അച്ഛനെ സൂക്ഷിക്കണം. ഇവൻ നിന്നോട് പാഠപുസ്തകങ്ങൾ പഠിക്കുവാൻ പറയും. മാർക്ക് കുറഞ്ഞാൽ ബഹളം വെക്കും. അവസാനം ഉപദേശിച്ച് ഉപദേശിച്ച് വല്ല ജോലിയിലും പ്രവേശിപ്പിച്ച് വിവാഹം കഴിപ്പിച്ച് ഇവനെ പോലെയാക്കും. രക്ഷപ്പെട്ടോളണം, പറ്റാവുന്നത്ര വേഗം.
ഞാൻ പതിയെ എഴുന്നേറ്റ് മകനെ നോക്കി പോകാം എന്ന രീതിയിൽ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു. രമേശൻ ഇരുന്ന കസേരയിൽ നിന്ന് എഴുന്നേൽക്കാതെ ഒരു ബീഡിക്ക് തീ പിടിപ്പിച്ച് തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഇനി നീ നാട്ടിൽ വന്നാൽ എന്നെ കാണണമെന്നില്ല പറ്റുമെങ്കിൽ നീ നാട് തെണ്ടിയുണ്ടാക്കുന്ന കാശിൽ വല്ലതും മിച്ചം വന്നാൽ മണിയോർഡർ ആയി അയച്ചാൽ മതി. അത് ലഭിക്കുന്പോൾ ഞാൻ നിന്നെ മനസ്സറിഞ്ഞ് ശപിക്കാറുണ്ട്. ആ ശാപം മതി നീ നന്നാവാൻ...
കാറിലേക്ക് ഓടി കയറിയപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. മകന്റെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു. ഇരുപത് വർഷത്തിന് ശേഷം കണ്ടതാണ്. അവനിപ്പോഴും വട്ടാണ്. വണ്ടി മെയിൻ റോഡിൽ എത്തിയപ്പോൾ പെട്ടന്നാണ് മകൻ പറഞ്ഞത്. വട്ട് അങ്കിളിനല്ല, അച്ഛനാ... തകൃതിയായി പെയ്യുന്ന മഴയിലൂടെ കാർ മുന്നോട്ട് കുതിക്കുന്പോൾ ഞാൻ മുന്പിലുള്ള കണ്ണാടിയിൽ നോക്കി മനസ്സിൽ പറഞ്ഞു. ഘടികാര സൂചികൾ വട്ടത്തിൽ ഓടി കൊണ്ടേയിരിക്കും.. കാരണം അവയുടെ ചിന്ത എന്നെപ്പോലെ തികച്ചും ശരാശരി മാത്രമാണ്..എങ്കിലും ഈ ശരാശരിയും ഒരു ശരിയല്ലേ? പുറത്ത് ഭുമി മഴയെ ഊറ്റി ഊറ്റി കുടിക്കുകയാണ്...