ഇതെന്തു ലോകം ഗോവിന്ദാ...


ടൂൺ‍ ഗുരുവിന്റെ ഉത്ഘാടന വേളയിൽ സത്യദേവ് മിക്കി മൗസിനെ വരയ്ക്കുവാൻ കുട്ടികൾക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്പോഴാണ് ഞാൻ തൊട്ടടുത്ത് പ്രദർശിപ്പിച്ച ചിത്രത്തിലേയ്ക്ക് നോക്കിയത്. അദ്ദേഹം തന്നെ വരച്ച mural style ലുള്ള ഗണപതിയുടെ ഒരു ചിത്രമായിരുന്നു അത്. ഗണപതിയുടെ കാലിൻ ചുവട്ടിൽ വലിയൊരു പാത്രത്തിൽ ലഡ്ഡു നിരത്തി വെച്ചിട്ടുണ്ട്. എലിയുടെ കണ്ണ് ലഡ്ഡുവിലേക്കാണ്. ഗണപതിയുടെ മറുകൈയ്യിൽ ഒരു പിടയ്ക്കുന്ന  പാന്പുണ്ട്. പാന്പാകട്ടെ ലക്ഷ്യം വെയ്ക്കുന്നത് എലിയെയും.

Walt Disney യാണ് ഭൂരിപക്ഷം പേരും വെറുക്കുന്ന എലിയെ rebrand ചെയ്ത് മിക്കി മോൻ ആക്കിയത് എന്നാണ് ഞാനും ചിന്തിച്ചിരുന്നത്. പക്ഷേ ഇത്തരത്തിലുള്ള ഗണപതിയുടെ ചിത്രം എന്റെ വീട്ടിലും ഉണ്ടായിരുന്നു. ഗണപതി, ലക്ഷ്മി, സരസ്വതി, വിഷ്ണു, കൃഷ്ണൻ അങ്ങനെ പ്രാർത്ഥനാ മുറിയിൽ അമ്മൂമ്മ പറ്റാവുന്ന എല്ലാ ദൈവങ്ങളുടെയും ചിത്രങ്ങൾ ചുവരിൽ തൂക്കിയിട്ടിരിക്കുന്നു. എല്ലാ ദൈവങ്ങൾക്കും സ്വന്തമായ വാഹനങ്ങളുമുണ്ട്.

പിന്നീട് വീട്ടിൽ എലി ശല്യം വർദ്ധിച്ചപ്പോൾ അമ്മൂമ്മ തന്നെ എലിക്കെണി വെക്കുകയും അതിൽ ഗണപതിയുടെ പ്രധാന വാഹനം കുടുങ്ങുകയും ചെയ്തപ്പോൾ അതിനെ കാലപുരിയിലേക്ക് അയക്കാനുള്ള ദൗത്യം എന്റെ ചുമലിലായി. ഗണപതിയുടെ വാഹനമായ എലിയെ കൊല്ലുന്നത് അയൽക്കാരന്റെ വീട്ടിലെ പുത്തൻ അംബാസിഡർ കാർ അടിച്ച് പൊളിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.

കുടവയറൻ ഗണപതിയെയും, നിരത്തിവെച്ചിരിക്കുന്ന ലഡുവും എനിക്കിഷ്ടമുള്ളതായത് കൊണ്ട് എലിയെ വെള്ളത്തിൽ മുക്കിയും തലയിക്കടിച്ചും കൊല്ലാനുള്ള ദൗത്യം സുഹൃത്തുക്കൾക്ക് നൽകി.

അന്ന് വീട്ടിലെ പ്രധാന സഹായിയായി ഉണ്ടായത് ഒരു ഗോവിന്ദേട്ടൻ ആയിരുന്നു. ഈ ഗോവിന്ദേട്ടനാണ് എന്നോട് പറഞ്ഞത് ഞാൻ ചെയ്ത പാപമെല്ലാം ഗോവിന്ദനെ നിരന്തരമായി  വിളിച്ചാൽ തീരുമെന്ന്. ഗോവർദ്ധനം ഇ ന്ദ്രൻ പെരുമഴ പെയ്യിച്ച് അന്പാടി നശിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ കൃഷ്ണൻ ഗോവർദ്ധന പർവ്വതത്തെ ഒരു കുടയായി ഉയർത്തി പൊക്കിപിടിച്ചു. അങ്ങനെയാണ് കൃഷ്ണന് ഗോവിന്ദൻ എന്നൊരു പേരും കിട്ടിയത്.

ഇന്ത്യയിലും കേരളത്തിലും പശുവിനെ സംബന്ധിച്ച് ഒട്ടേറെ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഗോ−ബ്രാഹ്മണ രക്ഷ ചെയ്യും എന്ന് സത്യം ചെയ്താണ് രാജാക്കന്മാർ പണ്ട്‌ കാലത്ത് സത്യപ്രതിജ്ഞ ചെയ്യുക.

പശുവിനെ കൊന്നു കൂടാ, പശുവിന്റെ മറുപിള്ള കുഴിച്ചിടരുത് പകരം  നദിയിൽ ഒഴുക്കണം. കറന്നെടുക്കുന്ന പാല് പതിനൊന്നാം നാൾ വൃക്ഷങ്ങളുടെ ചുവട്ടിൽ തൂവണം, ബാക്കി പാല് അന്പലത്തിൽ പാൽപ്പായസത്തിനു നൽകണം. പ്രസവിച്ച പശുവിനെ ഒരു ദിവസം ഇടവിട്ട് എണ്ണ തേപ്പിച്ച് കുളിപ്പിക്കണം. പശുവിന്റെ അകിട്ട് കണ്ടും കൂത്താട്ടം കണ്ടും അഭിപ്രായം പറയരുത്. സംക്രമ ദിവസം പശുവിനെ വിൽക്കരുത്, വാങ്ങരുത്, കയറോടെ പശുവിനെ വിൽക്കരുത്. ഓണത്തിനും വിഷുവിനും അരിപ്പൊടിയും മഞ്ഞളും കലർത്തി പശുവിന്റെ നെറ്റിയിൽ തൊടണം. ബാക്കി പൊടി ഉപ്പ്മാങ്ങ ചേർത്ത് അരച്ച് പശുവിനു നൽകണം. പശുവിന് ചോറ് കൊടുക്കണം, പഴം കൊടുക്കരുത്. നല്ല സമയം നോക്കി വേണം പശുവിന്റെ കഴുത്തിൽ കയർ ഇടാൻ. ഉഴുവ് കാളക്ക് ലാടം തറയ്ക്കരുത്. പശുവിനെ   നുകത്തിൽ കെട്ടരുത്. ചവിട്ടരുത്, ചൂല് കൊണ്ട് തൊടരുത്, കുട്ടി ചത്ത പശുവിനെ കറക്കരുത്. രാജസ്വലകൾ തൊടരുത്. എന്നിങ്ങനെ എണ്ണിയാൽ തീരാത്ത നിയമങ്ങളാണ് കേരളമടക്കമുള്ള ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശുവിനെ കുറിച്ച് നിലനിൽക്കുന്നത്. 

ഞാൻ കെനിയ സന്ദർശിച്ചപ്പോൾ അവിടെ മസൈമാരി എന്ന സ്ഥലത്തുള്ള ഗോത്ര വർഗ്ഗക്കാരുടെ വീടുകൾ സന്ദർശിക്കുകയുണ്ടായി. അവിടെ സ്‌ത്രീകൾ കൈകൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കൂരകളിലാണ് ഒരു കുടുംബം മുഴുവൻ വസിക്കുന്നത്. രണ്ട് ചെറിയ മുറിയും അടുക്കളയും ഉള്ള വീടിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്പോൾ വലത് ഭാഗത്തായി ഒരു ചെറിയ മുറിയുണ്ട്. പശുവിന്റെ കിടാവിനു തയ്യാറാക്കിയ മുറിയായിരുന്നു അത്. പ്രായപൂർത്തിയായ ഒരു യുവാവിന് വിവാഹം കഴിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഒരു സിംഹത്തെ കൊല്ലുകയും പിന്നീട് പത്ത് പശുക്കളെ സ്വന്തമാക്കുകയുമാണ്. അവർ കഴിക്കുന്ന ഭക്ഷണം പശുവിൻ പാലും, ചോരയും മറ്റ് മൃഗങ്ങളുടെ ഇറച്ചിയുമാണ്. പശുവിന്റെ ചോര കുടിക്കുവാൻ അവർ പശുവിന്റെ കഴുത്തിനരികിലുള്ള ഒരു ഞരന്പ് മുറിക്കുന്നു. പുറത്തേയ്ക്ക് വരുന്ന രക്തം ശേഖരിച്ച് ചൂടോടെ കുടിക്കുന്നു. പിന്നീട് ഈ ഞരന്പ് ചില പച്ച ഇലകൾ കൊണ്ടുണ്ടാക്കിയ മരുന്നുകൾ വെച്ച് കെട്ടുന്നു. കുറച്ച് നിമിഷങ്ങൾക്കകം തന്നെ പശു സാധാരണ രീതിയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

വനാന്തരങ്ങളിൽ നിന്ന് കൃഷി ഭൂമിയിലേയ്ക്ക് ഇറങ്ങിയ മനുഷ്യന് ഏറ്റവും ഉപകാര പ്രദമായ മൃഗമായിരുന്നു പശു. പശുവിന്റെ പാല് കുടിച്ചും ചാണകം കൊണ്ട് വീട് മെഴുകിയും ഭക്ഷണം പാകം ചെയ്യുകയും കൃഷി ഭൂമിയിലെ മണ്ണിനെ കൂടുതൽ ഫലഭൂയിഷ്ടമാക്കുകയും ചെയ്തപ്പോൾ പശു ആ കാലത്ത് മനുഷ്യന്റെ നിലനിൽപ്പിന്റെ ഒരു ഭാഗമായി.

പെരുമഴ പെയ്താലും, കടും ചൂടിലും ഒരു ജീവൻ നിലനിർത്തി പോകാൻ പശു എന്ന ഒറ്റ മൃഗം മതി. പ്രസവിച്ച് കിടക്കുന്ന കുഞ്ഞിനും, മരിക്കാൻ കിടക്കുന്ന വല്യപ്പൂപ്പനും വരെ പശുവിന്റെ പാലും, തൈരും, മോരും നൽകി ജീവിതം നിലനിർത്തിയ ഒരു സമൂഹത്തിന് തോന്നിയ സ്നേഹമാണ് ഗാന്ധിജിയടക്കമുള്ള ഒരു സമൂഹം തിരിച്ചറിഞ്ഞത്. ഇത് കേവലം ഹൈന്ദവ വിശ്വാസത്തിന്റെ പ്രശ്നമല്ല. അതിനപ്പുറം സംസ്‌കാരികമായ ഒരു തരം വൈകാരികമായ അടുപ്പം കൂടിയാണ്.

ഒരു തുണിക്ക് നിറം കൊടുത്ത്, ദേശീയ പതാകയാക്കി മാറ്റിയാൽ, അതിനെ ആരെങ്കിലും അപമാനിച്ചാൽ ദേശസ്നേഹികൾ പ്രതികരിക്കും, കേസ് എടുക്കും. അത് പോലുള്ള ഒരു വൈകരികമായ  സമീപനം തന്നെയാണ്  പശുവിൻ്റെ കാര്യത്തിലും  നടക്കുന്നത്. ഇന്ത്യൻ ഭരണഘടനയിൽ ഗോവധം നിയമപരമായി നിരോധിച്ചതും ഇന്ത്യയിലെ ഭൂരിഭാഗത്തിന്റെ ഈ വികാരം മനസ്സിലാക്കിയാണ്. 

ഇപ്പോൾ നടക്കുന്നത് കേവലം രാഷ്ട്രീയക്കാരുടെ നാടകം മാത്രമാണ്. ഈ  നിയമം നിലവിൽ വന്നിട്ട് വർഷങ്ങൾ  കഴിഞ്ഞ് ഇപ്പോൾ ഈ പ്രശ്നത്തിന് വേണ്ടി വാദിക്കുകയും, എതിർക്കുകയും ചെയ്ത് മത സൗഹാർദ്ദം തകർക്കുവാൻ ശ്രമിക്കുന്നവരെ ‘പോത്തുകളേ’ എന്ന് വിളിച്ചതിൽ പോത്ത് വരെ സഹിക്കില്ലെന്നുറപ്പ്!

You might also like

Most Viewed