സംസ്കാരത്തിലേയ്ക്കുള്ള വഴി...
കുട്ടൻ പണി പറ്റിച്ചു. ഇപ്പോൾ പഞ്ചായത്ത് മെന്പർമാരെല്ലാം ഓട്ടത്തിലാണ്. സുഹൃത്ത് പറഞ്ഞതൊന്നും മനസിലാകാതെ മിഴിച്ചുനിന്നപ്പോൾ അദ്ദേഹം ഒന്നു കൂടി കാര്യങ്ങൾ വിശദീകരിച്ച് അവതരിപ്പിച്ചു. നാട്ടിലെ പട്ടിശല്യം കൂടി വന്നപ്പോൾ പൊതുജനം പഞ്ചായത്തിൽ വന്ന് പരാതി പറഞ്ഞു. ഗത്യന്തരമില്ലാതെ പഞ്ചായത്ത് പട്ടി പിടുത്തക്കാർക്ക് ക്വട്ടേഷനും നൽകി. വാലും പൊക്കി ഓടുന്ന പട്ടികൾ, പട്ടിപിടുത്തക്കാർ എറിഞ്ഞുകൊടുത്ത കോഴിക്കാല് കണ്ട് മയങ്ങി വീണപ്പോൾ, പട്ടി പിടുത്തക്കാരന്റെ വടിയുടെ അറ്റത്തെ മരണകയർ അവരുടെ കഴുത്തിലെ കൊലകയറായി മാറി. പാതി മരിച്ച പട്ടിയുടെ ഭൗതികശരീരം റോഡിലൂടെ വലിച്ചിഴച്ചപ്പോൾ അവയിൽ ചിലത് പഞ്ചായത്തിന്റെ മുന്പിൽ വീടുള്ള കുട്ടനെ നോക്കി ദയനീയമായി കരഞ്ഞു. സമസ്തജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുള്ള ലോകമാണ് ഈ ഭൂമിയെന്ന് ലോകം മുഴുവൻ കയറിയിറങ്ങി, ഫിലോസഫിയിൽ ഗവേഷണം ചെയ്യുന്ന കുട്ടന്റെ മനസ് ആവർത്തിച്ച് പറഞ്ഞപ്പോൾ, അവൻ ഉടനെ കേന്ദ്രത്തിലെ മൃഗസംരക്ഷണവകുപ്പിന്റെ ഓഫീസിലേയ്ക്ക് ഫോൺ കറക്കി.
ഇങ്ങിനെ ഒരു സംഭവം നടക്കുന്നുണ്ടെങ്കിൽ ഇത് തെറ്റാണെന്നും, നിയമപരമായി കേസ് ചാർജ്ജ് ചെയ്താൽ നടപടിയെടുക്കാമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യാൻ സ്ഥലം പോലീസ് േസ്റ്റഷനിൽ വിളിച്ചപ്പോൾ, കൊലപാതക കേസിന് വരെ കേസ് റെജിസ്റ്റർ ചെയ്യാൻ സമയം കിട്ടാത്ത എസ്.ഐ ഒന്നു ഞെട്ടി. കുട്ടൻ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഓർഡർ ആണിതെന്ന് പറഞ്ഞപ്പോൾ കാര്യത്തിന്റെ ഗൗരവം മനസിലാക്കി സ്ഥലത്തെത്താം എന്ന് ഉറപ്പ് നൽകി. പക്ഷെ അതിനിടയിൽ എസ്.ഐ. കുട്ടനോട് ഒരു ചോദ്യം എറിഞ്ഞു. കോഴിയെയും, കുട്ടികളെയും, സ്ത്രീകളെയും ഓടിച്ച് കടിച്ചുപറിക്കുന്ന ഈ പട്ടിയെ പിന്നെ എന്ത് ചെയ്യണം? ചോദ്യത്തിന് കുട്ടൻ പറഞ്ഞ ഉത്തരം അത് താങ്കളുടെ പ്രശ്നമല്ലെന്നും, ജോലിയല്ലെന്നുമായിരുന്നു. ഒപ്പം എഫ്.ഐ.ആർ എത്രയും പെട്ടന്ന് ഫയൽ ചെയ്യണമെന്നും കുട്ടൻ ആവർത്തിച്ചു.
പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കുട്ടൻ സ്ഥലത്തെ കലക്ടറെ വിളിച്ച് പഞ്ചായത്ത് അധികൃതരുമായി സംസാരിപ്പിച്ചു. കലക്ടറും സംഗതി തെറ്റായി എന്ന് പറഞ്ഞപ്പോഴാണ് പഞ്ചായത്ത് അധികൃതർക്ക് കാര്യത്തിന്റെ ഗൗരവം മനസിലാക്കുന്നത്. ഇഞ്ചക്ഷൻ നൽകി കൊന്ന കുറേ പട്ടികളെ റോഡരികിലുള്ള ഗട്ടറിലായിരുന്നു കുഴിച്ചുമൂടിയത്. പട്ടിയെ വലിച്ചിഴയ്ക്കുന്ന രംഗവും, കുഴിച്ചിട്ട സ്ഥലങ്ങളുമൊക്കെ കുട്ടൻ കൈയിലുള്ള ക്യാമറയിൽ പകർത്തി തെളിവിനായി ശേഖരിച്ചു വെച്ചിരുന്നു. പ്രശ്നം കൈവിട്ടു എന്നറിഞ്ഞ് സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റും സംഘവും കുട്ടന്റെ വീട്ടിൽ സന്ധി സംഭാഷണത്തിന് എത്തി. പട്ടിയെ ഇങ്ങിനെ ക്രൂരമായി കൊല്ലുന്നത് തെറ്റാണെന്നും, മ-ൃഗങ്ങൾക്ക് ഈ ലോകത്ത് ജീവിക്കുവാൻ അവകാശമുണ്ടെന്നുമുള്ള കുട്ടന്റെ വാദം ശരിയാണെന്നും സമ്മതിക്കുന്പോൾ തന്നെ പഞ്ചായത്ത് അധികൃതർക്ക് ഓരോ ദിവസവും ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ പറ്റാതെ ഗത്യന്തരമില്ലാതെയാണ് അവർ പട്ടിപിടുത്തക്കാർക്ക് ക്വട്ടേഷൻ കൊടുത്തതെന്ന് അവർ വിശദീകരിച്ചു.
ഇന്ത്യയുടെ പ്രധാന പ്രശ്നം പലപ്പോഴും പുതിയ നിയമം കൊണ്ടുവരുന്പോൾ ഒരു പരിഹാര മാർഗ്ഗവും നടപ്പിലാക്കുന്നില്ല എന്നതാണ്. മനേക ഗാന്ധിയാണ് മൃഗസംരക്ഷണത്തിന് വേണ്ടി വാദിച്ചത്. സർക്കസ്സിൽ നിന്ന് മ-ൃഗങ്ങളെ ഒഴിവാക്കാനും, അലഞ്ഞ് നടക്കുന്ന പട്ടികളെ കൊല്ലരുതെന്നുമുള്ള അവരുടെ വാദം ഒരു പരിഷ്കൃത സമൂഹത്തിന് ഉതകുന്ന നടപടികൾ തന്നെ. നാട്ടിൽ അലഞ്ഞുതിരിയുന്ന പട്ടികളെ പിടിച്ച് ഒരു പ്രത്യേക സ്ഥലത്ത് വളർത്താനും അവ പെറ്റു പെരുകാതിരിക്കാനുമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്യുകയാണ് ഇതിനുള്ള ഏക പോം വഴി.
കുട്ടനെ നേരിട്ട് കണ്ടപ്പോഴാണ് കാഞ്ഞങ്ങാട് ടൗണിനെ ചുറ്റിപറ്റി മാത്രം 300ലധികം അനധികൃത കശാപ്പ് ശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞത്. മൃഗങ്ങളെ കൊല്ലുവാനും, വിൽക്കുവാനും പ്രത്യേക ലൈസൻസ് ഉണ്ടാവേണ്ടതാണ്. മൃഗസംരക്ഷണ വകുപ്പും ആരോഗ്യമന്ത്രാലയവും ഇവിടെ നിരന്തരം സന്ദർശിക്കുകയും, അവരുടെ ചട്ടങ്ങൾക്കനുസരിച്ചാണോ മൃഗങ്ങളോട് പെരുമാറുന്നതെന്ന് പരിശോധിക്കുകയും വേണം. എന്നാൽ ഇതൊന്നും ഇവിടെ നടക്കുന്നില്ലത്രെ. പക്ഷി പനി വന്ന സമയത്ത് സർക്കാരും, ആരോഗ്യവകുപ്പും ചുട്ടുകൊന്നത് ആയിരകണക്കിന് താറാവുകളെയാണ്. എന്നാൽ ഇതു വരെ കേരളത്തിൽ ഒരാൾക്ക് പോലും ഇതു വരെ പക്ഷി പനി വന്നിട്ടില്ലെന്നതും ഓർക്കേണ്ട വിഷയം തന്നെ. അർദ്ധരാത്രി എയർപ്പോർട്ടിലേയ്ക്കുള്ള യാത്രയിൽ വഴിയിൽ മുള്ള് വിടർത്തി നിൽക്കുന്ന ഒരു മുള്ളൻ പന്നിയെ കണ്ട് ഞങ്ങൾ കാർ നിർത്തിയപ്പോൾ എതിരെ വന്ന ട്രക്കിന്റെ ഡ്രൈവർ ഉടൻ വണ്ടി കൊണ്ട് അതിനെ കൊല്ലാനാണ് ശ്രമിച്ചതും ഓർക്കട്ടെ.
ഗാന്ധിജി പറഞ്ഞത് ഒരു രാജ്യത്തിന്റെ സാംസ്കാരിക വളർച്ച മനസിലാക്കണമെങ്കിൽ ആ രാജ്യത്തെ ജനങ്ങൾ മൃഗങ്ങളോടു പെരുമാറുന്ന രീതി മനസിലാക്കിയാൽ മതിയെന്നായിരുന്നു. ഇന്ത്യയിൽ ഇന്ന് പട്ടിപിടുത്തക്കാർക്കെതിരെ കേസ് കൊടുക്കാൻ കേന്ദ്രമന്ത്രിയെ വരെ സമീപിക്കുന്ന കുട്ടൻമാരും, മറുഭാഗത്ത് റോഡിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന മൃഗത്തെ കൊല്ലാൻ ശ്രമിക്കുന്നവരും ഒരു പോലെ ജീവിക്കുന്നുണ്ട്. പേടിച്ചരണ്ട് നിൽക്കുന്ന മുള്ളൻപന്നിയെ കൊല്ലാൻ ശ്രമിക്കുന്ന ട്രക്ക് ഡ്രൈവറിൽ നിന്ന് കുട്ടനിലേയ്ക്കുള്ള ദൂരമാണ് ഇന്ത്യാ മഹാരാജ്യത്തിന് ഇനി ലോക സംസ്കാരത്തിലേയ്ക്ക് നടക്കാനുള്ള ദൂരം.
പി. ഉണ്ണികൃഷ്ണൻ