ബാംഗ്ലൂർ ഡെയ്സ്


തണുപ്പ് പാദം മുതൽ തലവരെ അരിച്ചരിച്ച് കയറി തുടങ്ങിയിരുന്നു. ഡിസംബർ മാസത്തിൽ ബാംഗ്ലൂർ ഇങ്ങനെ തന്നെയാണ്. റോഡരികിൽ ദേൽപൂരിയും പാനിപൂരിയും വിൽക്കുന്ന കടക്കാരന്റെ മുന്പിൽ പതിവ് പോലെ  വലിയൊരു ആൾക്കൂട്ടം അക്ഷമരായി കാത്ത് നിൽക്കുന്നു.

ഒരു ചൂട് ചായ നുകർന്ന് ഷർട്ടിന്റെ മുകളിലിട്ട ഓവർകോട്ടിന്റെ ബട്ടണുകൾ കഴുത്തറ്റം വരെ ഇട്ട് തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്താണ് പറഞ്ഞത്, “ഈ നഗരം ഇന്ത്യയിലെ പാരീസാണ്. റോഡിനിരുവശവും ഇഷ്ടം പോലെ ബിയർ പാർലറുകൾ, ഓരോ ഹോട്ടലിലും നിശാ ക്ലബ്ബുകൾ. മലയാളികൾ അടക്കമുള്ള അന്യസംസ്ഥാനക്കാർ ബാംഗ്ലൂരിലെത്തിയാൽ അവരുടെ ജീവിത ശൈലിയിലും, വസ്‌ത്രധാരണ രീതിയിലും വലിയ മാറ്റങ്ങൾ വരുത്തുന്നു.

ഞാൻ താമസിക്കുന്ന കോപ്പർ ചിമ്മനി എന്ന ഹോട്ടലിലേയ്ക്ക് എത്തിയപ്പോഴേക്കും റൂമിൽ വെയിറ്റർ വലിയൊരു ബോട്ടിൽ വൈനും നാ
ല് ഗ്ലാസ്സുകളും നിരത്തിവെച്ചിരിക്കുന്നു. ഇത്തരം സായാഹ്നത്തിൽ ചെറിയ
കൂടി ചേരലുകൾ വലിയൊരു ആഘോഷം തന്നെയാണ്. ആനകളും അംബാരിയുമില്ലെങ്കിലും മനസ്സിൽ ആറാട്ട് നടക്കുന്ന സന്തോഷം.

മേശയുടെ അപ്പുറത്ത് ഒരറ്റത്തായി ഇരിക്കുന്നത് രാജേട്ടനാണ്. രാജേട്ടൻ ഇരുപത് വർഷം മുന്നേ ബഹ്റിനിൽ ജോലി ചെയ്തിരുന്നു. മുൻപിൽ നിരത്തി വെച്ച പ്ലേറ്റിൽ നിന്ന് നിലക്കടല തിരഞ്ഞെടുത്ത് കൊറിക്കുന്നതിനിടയിലാണ് രാജേട്ടന്റെ ചോദ്യമുയർന്നത്.

“എത്ര വർഷമായി ബഹ്റിനിൽ?”

“18 വർഷം കഴിഞ്ഞു” എന്ന എന്റെ ഉത്തരം പൂർണ്ണമായും കേൾക്കുന്നതിന് മുന്പ് രണ്ടാമത്തെ ചോദ്യം ഉയർന്നു.

“ബാങ്കിൽ എത്ര രൂപ എഫ്.ഡി ആയി കാണും?”

ആദ്യമായി പരിചയപ്പെടുന്ന ഒരു വ്യക്തി തികച്ചും വ്യക്തിപരമായ സ്വകാര്യതയിലേയ്ക്ക് അതും വേറെ മൂന്നു പേർ കൂടെയിരിക്കുന്പോൾ അന്വേഷിച്ചപ്പോൾ ഒരു അസ്വസ്ഥത തോന്നി.

‘ഒന്നും തന്നെ ഇല്ല’ എന്ന് പറയുന്നതിന് പകരം ‘അധികമൊന്നുമില്ല’ എന്ന ഒരു ഉത്തരം നൽകി.

“പിന്നെ എന്തിനാണ് സ്വന്തം നാടും വീടും കുടുംബക്കാരെയൊക്കെ വിട്ട് അന്യ രാജ്യത്ത് താമസിക്കുന്നത്?” 

രാജേട്ടന്റെ പെട്ടെന്നുള്ള മൂന്നാമത്തെ ചോദ്യം എന്റെ ഹൃദയത്തെ തട്ടി ഉത്തരം കിട്ടാതെ അലഞ്ഞപ്പോൾ നാക്കിൽ വന്ന വാക്കുകൾ..

“പക്ഷെ ഞങ്ങൾ സന്തോഷത്തോടെ ഇവിടെ ജീവിക്കുന്നു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ!”

‘ഞങ്ങൾ’ എന്ന് പറയുന്പോൾ താങ്കൾ ആരൊക്കെയാണ് ഉദ്ദേശിക്കുന്നത്? രാജേട്ടന് എന്നെക്കാൾ ഒരു ഇരുപത് വയസ്സ് കൂടുതൽ കാണും. അതുകൊണ്ട് തന്നെ പിതൃ തുല്യമായ ബഹുമാനം നൽകി ഇത്തിരി മുഖം കറുപ്പിച്ച് ഞാൻ ഉത്തരം നൽകി.

“ഭാര്യ, രണ്ടു മക്കൾ...”

രാജേട്ടന്റെ മുൻപിലുള്ള വൈൻ ഗ്ലാസ്സിലെ ബാക്കി വന്ന വൈൻ ഒറ്റ വലിയിൽ കുടിച്ച് പ്ലേറ്റിലുള്ള അച്ചാറിൽ വിരൽ അമർത്തി നാവിൽ തടവി...

‘ഞങ്ങൾ’ എന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു ഇടുങ്ങിയ ഇടത്തിനപ്പുറം അതിൽ വലിയൊരു വാക്കിൽ താങ്കളുടെയും ഭാര്യയുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ അങ്ങനെ വലിയൊരു നിരതന്നെ ഉണ്ട്. ഇവരെയൊക്കെ ഒഴിവാക്കി ഒരു വിദേശിയായി ഇത്തിരി ഭയത്തോടെ വിദേശ രാജ്യത്ത് ജീവിച്ച് ഒന്നും സന്പാദിക്കുവാൻ ആകുന്നില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് സ്വന്തം രാജ്യത്ത് താമസിച്ച് കൂടാ?

രാജേട്ടൻ പറയുന്നതിലും കാര്യമുണ്ടെന്ന രീതിയിൽ കൂടെയുണ്ടായിരുന്ന മൂന്നു പേരും തലയാട്ടി. രാജേട്ടൻ തുടരുകയാണ്...

നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ്. സമയം ഇനിയും വൈകിയിട്ടില്ല. ഞാൻ വർഷങ്ങൾക്ക് മുന്പ് ബഹ്റിനിൽ ഒരു കൺ‍സ്ട്രക്ഷൻ കന്പിനിയിൽ 60 ദിനാർ ശന്പളത്തിൽ ജോലി ചെയ്തിരുന്നു. അന്ന് ശന്പളം ലഭിക്കാതെ വന്നപ്പോൾ സ്പോൺ‍സറുടെ പക്കൽ നിന്ന് പാസ്പോർട്ട്‌ എങ്ങനെയൊക്കെ പരിശ്രമിച്ച് വാങ്ങി തിരികെ വന്നതാണ്. ഇന്ന് ബാഗ്ലൂരിൽ എനിക്ക് 14 ബേക്കറികൾ സ്വന്തമായിട്ടുണ്ട്. കോറമംഗളയിൽ മൂന്നുനില വീടുണ്ട്. രണ്ട് ആഡംബര കാറുകളുണ്ട്. കേരളത്തിലും രണ്ട് വീടും ഇഷ്ടംപോലെ സ്ഥലവും ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ള പണം ബാങ്കിൽ FD ആയി കരുതിയിട്ടുണ്ട്. ഇന്ത്യ വലിയൊരു രാജ്യമാണ്. അദ്ധ്വാനിക്കുവാൻ തയ്യാറുള്ളവന് സന്പാദിക്കുവാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. കാസർഗോഡിൽ നിന്നും ട്രെയിനിൽ കയറി കാശ്മീർ വരെ യാത്ര ചെയ്യാം. അതിനിടയിൽ ഇഷ്ടമുള്ള ഏത് സ്ഥലത്തിറങ്ങിയാലും അവിടെ കച്ചവടം ചെയ്യാം. ടയർ റിപ്പേറിംഗ് മുതൽ ചായക്കട വരെ തുടങ്ങി വളർന്ന് പന്തലിച്ചാൽ സ്പോൺ‍സർ തട്ടിയെടുക്കുമെന്ന ഭീതി വേണ്ട.

മൂന്നാമത്തെ വൈൻ ഗ്ലാസ്സും കാലിയാക്കി രാജേട്ടൻ ചിക്കൻ കാലിലേക്ക് പിടിമുറുക്കിയപ്പോൾ, ഞാൻ പതിയെ എഴുന്നേറ്റ് ജനലരികിലേയ്ക്ക് നടന്നു. ജനാലയിലൂടെ കാറ്റിൽ താഴേക്ക് വീഴുന്ന പൈൻ മരങ്ങളുടെ ഇലകൾ കാണാം. കുറച്ച് ദൂരെയായി ഭേൽപൂരി വിൽക്കുന്ന തട്ട്കടക്കാരന്റെ മുൻപിൽ ആൾക്കാർ കുറഞ്ഞിട്ടില്ല. വഴിപോക്കരെ ആകർഷിക്കുവാൻ അവൻ തട്ടുകടയുടെ മുകളിലെ മണി ആഞ്ഞടിച്ചപ്പോൾ രാത്രിയുടെ നിശബ്ദതയെ ഖണ്ധിച്ച് അവ ജനാലയിലൂടെ മുറിയിലേയ്ക്ക് നുഴഞ്ഞ് കയറി. ഇന്റെർവെല്ലിൻ സമയത്ത് വിദ്യാലയത്തിൽ കേട്ട ആ  മണിശബ്ദം ഇപ്പോൾ എന്നോട് പറയുന്നത്, ഒരു ഇടവേളയ്ക്കു സമയമായി എന്ന് തന്നെ...

 

You might also like

Most Viewed