കുറ്റപത്രം

അപസ്‌മാരം ബാധിച്ച രോഗിയെ പോലെ ഓട്ടോറിക്ഷ വിറച്ചു കൊണ്ടിരുന്നു. ഇടവപ്പാതി ദാനം ചെയ്ത റോഡിലെ ചെളിക്കുഴികളിൽ നിന്ന് മുണ്ടിൽ തെറിച്ച് വീണ വെള്ളത്തുള്ളികൾ സൃഷ്ടിച്ച പലതരം രൂപങ്ങൾ.
മാർക്കറ്റിൽ പ്രധാന കവാടത്തിൽ മൊയ്തുവിന്റെ ചായക്കടയിലെ പുട്ടിൻ കുറ്റി കോട്ടുവായിട്ട് തുടങ്ങിയിരിക്കുന്നു. പഴക്കുലകൾ കുളിച്ചൊരുങ്ങി മഞ്ഞ പുടവയുടുത്ത് അതിഥികളെ സ്വീകരിക്കാൻ കടയുടെ മുറ്റത്ത് കയറിൽ ചാരി നിന്നു. നടപ്പാതയുടെ ഇരുവശവും വരിവരിയായ് നിരത്തിവെച്ച മീൻകുട്ടയിലെ മത്സ്യങ്ങൾ ICU വിൽ കിടക്കുന്ന രോഗിയുടെ കണ്ണ് പോലെ ഇനിയും പ്രതീക്ഷ നഷ്ടപ്പെടാതെ വഴിപോക്കരെ ദയനീയമായി നോക്കി കൊണ്ടിരിക്കുന്നു.
മാർക്കറ്റിന്റെ തൊട്ട് മുൻപിലായി നിർത്തിയിരുന്ന കാഞ്ഞങ്ങാട് റെയിൽവേ േസ്റ്റഷനിൽ നിന്ന് ഒരു തീവണ്ടി ശ്വാസം അകത്തോട്ടും പുറത്തോട്ടും വലിച്ച് പ്രഭാതത്തിൽ യോഗ ചെയ്യുന്ന യോഗിയെ പോലെ കിതച്ച് കൊണ്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും മൊയ്തിന്റെ പീടികയിലെ ഗർഭിണിയായ ഉള്ളിചാക്കിൽ നിന്നും രണ്ടെണ്ണം അതിർത്തി കടക്കുവാൻ വെന്പുന്ന അഭയാർത്ഥിയെ പോലെ പ്രതീക്ഷയോടെ പുറത്തേയ്ക്ക് നോക്കുകയാണ്.
പ്രഭാതങ്ങളിലാണ് നാം പലതും പ്രതീക്ഷിക്കാറുള്ളത്. പല സ്വപ്നങ്ങളും നടക്കുമെന്ന് മനസ്സ് പറഞ്ഞു തുടങ്ങുന്നത്. 20 വർഷത്തെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ മാർക്കറ്റിലേക്ക് വീണ്ടും വരുന്നത്. പണ്ട് ഈ ചന്തയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് മീൻ കുട്ടയുമായി നിലത്ത് മുട്ടോളം ലുങ്കി ഉയർത്തി വെച്ചിരിക്കുന്ന അമ്മിണിയായിരുന്നു.
മീൻ വാങ്ങിക്കുവാൻ വരുന്ന പലരും അമ്മിണിയുടെ മുൻപിൽ സഡൻ ബ്രേക്കിട്ട് ഒന്ന് നിൽക്കും. താഴെ നിലത്തിരുന്ന അമ്മിണിയുടെ ഉയർന്നു പൊങ്ങുന്ന ശ്വാസ നിശ്വാസങ്ങളിൽ സ്വയം മറന്ന് നിൽക്കുന്പോൾ അമ്മിണി പാക്കറ്റിലിടുന്ന മീനുകളുടെ എണ്ണം ശ്രദ്ധിക്കാൻ പലരും മറക്കും. അമ്മിണി മാർക്കറ്റിൽ എത്താൻ ഇത്തിരി വൈകിയാലും ആദ്യം മീൻ വിറ്റ് തീരുക അവരുടെ കുട്ടയിലെ മീൻ തന്നെയായിരിക്കും. അന്ന് ചെറുപ്പക്കാർ അവർ ഇരിക്കുന്ന സ്ഥലത്തിന് അമ്മിണിമുക്കെന്നു നാമകരണം ചെയ്യുക വരെ ചെയ്തു.
അമ്മിണിമുക്കിൽ ഇന്ന് പച്ചക്കറികൾ വിൽക്കുന്ന കടകളാണ്. കുറച്ച് കൂടി മുന്നോട്ട് പോയാൽ മത്സ്യം വിൽക്കുന്ന സ്ഥലം.അതിനു അപ്പുറത്താണ് ഞാൻ ലക്ഷ്യം വെയ്ക്കുന്ന കോഴിക്കട. വെള്ളത്തിൽ തലയിട്ടടിച്ച് മരിച്ച സ്രാവും, പ്രണയിനിയോട് ഒരു വാക്ക് പറയാതെ പിരിഞ്ഞ അയക്കൂറയും വഴിയരികിലെ മത്സ്യം വിൽക്കുന്ന ആളുകളുടെ കുട്ടയിൽ ആംബുലൻസിൽ കയറ്റിയ മൃതദേഹത്തെ പോലെ നിവർന്ന് കിടന്നു.
ഓരോന്ന് ചിന്തിച്ച് കോഴിക്കടയുടെ മുൻപിൽ എത്തിയത് അറിഞ്ഞില്ല. ‘ചേട്ടാ, നാടൻ വേണോ, ബ്രോയിലർ വേണോ,’. നാടൻ രണ്ടെണ്ണം മാത്രമേ ബാക്കിയുള്ളൂ എന്ന് കടക്കാരൻ പറഞ്ഞപ്പോഴാണ് ഞാൻ കന്പി വലകളിൽ തീർത്ത കൂട്ടിലേക്ക് നോക്കിയത്. അതുവരെ നിശബ്ദമായിരുന്ന കടകളിലെ കോഴികൾ പെട്ടെന്ന് ബഹളം വെച്ച് തുടങ്ങി. തന്റെ ജീവനെടുക്കാൻ പുറത്ത് വില പറഞ്ഞ് കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ പരിഭ്രാന്തരായി കോഴികൾ നിലവിളിക്കുകയാണ്.
ഏത് കോഴിയെയാണ് ചേട്ടാ വേണ്ടത് എന്ന് ചോദിച്ചപ്പോൾ, സ്ഥലകാല പരിസര ബോധം വീണ്ടെടുത്ത് ഞാൻ കോഴിക്കൂട്ടിലേക്ക് നോക്കി, നല്ല ചുവപ്പ് പൂവും വെളുത്ത ശരീരവുമായി ഒരു കോഴി. വിവിധ വർണ്ണങ്ങളിൽ മൂടിയ സുന്ദരിയായ ഒരു നാടൻ കോഴി. അങ്ങനെ ഒറ്റനോട്ടത്തിൽ ഒന്നാണെന്ന് തോന്നുകയും സൂക്ഷ്മമായി നോക്കുന്പോൾ തികച്ചും വ്യത്യസ്തരാണെന്ന് മനസ്സിലാവുകയും ചെയ്യുന്ന ഒരു അന്പതിലധികം വരുന്ന കോഴികൾ.
അവ ഇപ്പോഴും നിലവിളിച്ച് കൊണ്ടിരിക്കുകയാണ്. ഒരു നിമിഷം തിരിച്ച് പോയാലോ എന്ന് കരുതി ശങ്കിച്ച് നിന്നപ്പോൾ മനസ്സിലുള്ള മറ്റേ പകുതി ഉണർന്നു. പുരുഷനായ തനിക്ക് ഒരു കോഴിയെ കൊല്ലാനുള്ള ധൈര്യം വരെ ഇല്ലേ എന്ന് പരിഹസിക്കുന്പോൾ വീണ്ടും ധൈര്യത്തോടെ കൂട്ടിലേക്ക് നോക്കി.
മെലിഞ്ഞ് അധികം വളരാത്ത കോഴിയിൽ പ്രായപൂർത്തിയാകാത്ത ഒന്നിന് നേരെ കൈചൂണ്ടി. ഉടൻ മറ്റ് കോഴികൾ നിശബ്ദരായി. ഞാൻ കൈചൂണ്ടിയ കോഴി മാത്രം ഒറ്റക്ക് കൂട്ടിനുള്ളിൽ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഇതിനിടയിൽ കടക്കാരൻ ആരെയോ പേര് പറഞ്ഞ് വിളിക്കുന്നത് ഞാൻ കേട്ടു. കൂട്ടിനടുത്തേക്ക് കത്തിയുമായി വരുന്നത് മീശ മുളയ്ക്കാത്ത 15 വയസ്സിനു മുകളിൽ പ്രായമാകാത്ത ഒരു പയ്യൻ.
വെട്ടി മുറിച്ചു ഇറച്ചിയിട്ട പ്ലാസ്റ്റിക്ക് ബാഗുമായി വീട്ടിലേക്ക് തിരിക്കുന്പോൾ മനസ്സിലേക്ക് കടന്നു വന്നത് നിസ്സംഗനായി വെടിയുതിർക്കുന്ന ISIS ലെ ഒരു പയ്യന്റെ മുഖം. വീടെത്തിയപ്പോൾ വീട്ട് മുറ്റത്ത് കാത്തിരുന്ന സുഹൃത്താണ് കളിയാക്കി ചോദിച്ചത്. ‘തന്നെപ്പോലുള്ളവർ സ്ഥിരം ഇവിടെ താമസിച്ചാൽ നമുക്ക് പ്രഭാതങ്ങൾ നഷ്ടപ്പെടും. വിളിച്ചുണർത്താൻ കോഴികളില്ലാത്ത ഒരു നാടായി ഇത് മാറും’. പായ്ക്കറ്റുമായി അടുക്കളയിലേയ്ക്ക് നടക്കുന്പോൾ വയറ്റിനുള്ളിൽ നിന്നും കൂവി തുടങ്ങിയിരിക്കുന്നു ഒരു കാലൻ കോഴി...