വേണ്ടത് ശാശ്വതമായ ആനന്ദം


13 വർഷം മുന്പ് സ്വാമി ശ്വാശതികാനന്ദ ബഹ്റിൻ സന്ദർശിച്ചപ്പോൾ, ഔദ്യോഗിക പരിപാടികളെല്ലാം കഴിഞ്ഞ് ഇവിടെയുള്ള പ്രമുഖ വ്യവസായിയായിരുന്ന സുജാതന്റെ വീട്ടിൽ അത്താഴത്തിനു വന്നപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. സുജാതൻ മണൽ ഖനനത്തെ കുറിച്ച് ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ എന്നോട് ആവശ്യപ്പെടുകയും അതിന്റെ ഭാഗമായി ബഹ്റിനിലെ പല പ്രമുഖ ബിസിനസ്സുകാരുടെ അഭിപ്രായങ്ങൾ വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മണൽ ഖനനം വഴി കേരളത്തിലെ പുഴകൾക്കുണ്ടായി കൊണ്ടിരിക്കുന്ന അസന്തുലിതാവസ്ഥയെ കുറിച്ച് ആധികാരികമായി സംസാരിക്കുവാൻ വിവരമുള്ള വിദഗ്ദ്ധൻ എന്ന നിലയ്ക്കാണ് സുജാതൻ സ്വാമിയെ ഇന്റർവ്യൂ ചെയ്യാനും അവ വീഡിയോയിൽ രേഖപ്പെടുത്തുവാനും ആവശ്യപ്പെട്ടത്.

അന്ന് സ്വാമിജിയോടൊപ്പം സുജാതന്റെ വീട്ടിൽ ശ്രീ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും കൂടെയുണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിനപ്പുറം വളരെ ആധികാരികമായി തന്നെ സ്വാമി മണൽ ഖനനം വഴി പുഴകളിൽ രൂപപ്പെടുന്ന കുഴികളെ കുറിച്ചും അത് വഴി ഉണ്ടാകുന്ന ചുഴികളെ കുറിച്ചും വിശദീകരിച്ച് തന്നു. സ്വാമിജി പുഴയുടെ മർമ്മം അറിയുന്ന ഒരു വിദഗ്ദ്ധ നീന്തൽകാരനാണെന്ന് ഞാൻ തിരിച്ചറിഞ്ഞതും അപ്പോഴാണ്‌. 

അന്ന് മറ്റ് ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കി സ്വാമി ശ്വാശതികാനന്ദ മാത്രം കേരളത്തിലേയ്ക്ക് തിരികെ പോയപ്പോൾ വെള്ളാപ്പള്ളിയും മകനും അവരുടെ യാത്ര ആദ്യം നിശ്ചയിച്ച റൂട്ടിൽ കൂടി തന്നെ തുടർന്നു. നാല് ദിവസം കഴിഞ്ഞ് സ്വാമി പുഴയിൽ മുങ്ങി മരിച്ചു എന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിലെ ആദ്യത്തെ പ്രതികരണം ഇതൊരു അപകടമരണമല്ല എന്ന് തന്നെയായിരുന്നു. 13 വർഷം കഴിഞ്ഞിട്ടും മനസ്സിലെ ആ ചിന്തക്ക് കാതലായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം.

കൊലപാതകം, മാനഭംഗം എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഒരു വ്യക്തിയുടെ പേരിൽ ആരോപിക്കുന്പോൾ അതിനു വ്യക്തമായി രേഖകൾ നിരത്തണം. കേവലം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരാളെ കുറ്റക്കാരനാണെന്ന് ആരോപിക്കുന്നതും കൊലപാതക തുല്യമായ ഹീന കൃത്യമാണ്.

അടുത്തവർ അകലുന്പോഴും, അകന്നവർ അടുക്കുംതോറും സൂക്ഷിക്കണമെന്നാണ് പഴമൊഴി. ഇത് ശരിയാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള  നാടകങ്ങളാണ് ഇന്ന് വെള്ളാപ്പള്ളി നടേശനെ കുറിച്ച് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ”എന്ന് പറയുന്നതിന് സമാനമായ സമീപനമാണ് എതിരാളികൾ വെള്ളാപ്പള്ളിക്കെതിരെ ഇപ്പോൾ നടത്തുന്നത്.

കേരളത്തിലെ പ്രശസ്ത വ്യക്തികളായ മാർത്തോമ്മാ തോമസ്‌ ശ്ലീഹയെ കുറിച്ചും, തിരുവിതാംകൂർ സംസ്ഥാനത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്ന മാർത്താണ്ധ മഹാരാജാവിനെ കുറിച്ചും, ടിപ്പു സുൽത്താൻ എന്നിവരെ കുറിച്ചും ചരിത്രകരന്മാർക്ക് രണ്ടഭിപ്രായമാണ് ഉള്ളത്. എന്നാൽ ഇതേ ചരിത്രകാരന്മാർ ഒരേ സ്വരത്തിൽ പൂർണ്ണ മനസ്സോടെ കേരള നവോത്ഥാനത്തിന്റെ പിതാവായി അംഗീകരിച്ചത് ശ്രീ നാരായണ ഗുരുവിനെ മാത്രമാണ്.

നാസ്തികരായ സഹോദരൻ അയ്യപ്പൻ, എം.സി.ജോസഫ്, കുറ്റിപ്പുറം കൃഷ്ണപ്പിള്ള, സ്വതന്ത്ര സമുദായം മാധവൻ നായർ എന്നിവർ വരെ ഗുരുവിന് ശിഷ്യപ്പെട്ടിരുന്നു. സഹോദരൻ അയ്യപ്പൻ ഗുരുവിനോട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് തിരുത്തി പറഞ്ഞപ്പോൾ അങ്ങനെയായാലും വിരോധമില്ല എന്നാണു ഗുരു പറഞ്ഞത്. 

അത്തരമൊരു ഗുരുവിന്റെ ദർശനത്തിൽ പിറന്ന  സംഘടനയും, മതവും ഇന്ന് പരസ്പരം വെല്ലുവിളിച്ച് കൊന്പു കൊർക്കുന്പോൾ കോപവും സങ്കടവുമല്ല പകരം നിരാശയാണ് തോന്നുന്നത്.

എസ്.എൻ.ഡി.പി അംഗങ്ങൾക്ക് വിതരണം ചെയ്യേണ്ട ഫണ്ടിൽ നിന്ന് നടേശനും കൂട്ടരും പണം തിരിമറിച്ചു എന്ന് ആരോപണം ഉയരുന്പോൾ ഓർമ്മ വരുന്നത് ഗുരു തന്നെ പറഞ്ഞ ഒരു തമാശ. 

ഒരിക്കൽ ശിവഗിരി മഠത്തിലെ നേർച്ചപ്പെട്ടി കുത്തിപൊളിച്ച് പണം നഷ്ടപ്പെട്ടതറിഞ്ഞ് ഗുരു പറഞ്ഞത് “ഈ പണമെല്ലാം കാണിക്കയിട്ടവരുടെ കൈയ്യിൽ കുറേശ്ശെയായി കിടന്നിരുന്നുവെങ്കിൽ കള്ളൻ വളരെ ബുദ്ധിമുട്ടിയേനെ”  എന്നായിരുന്നു! 

കണ്ട് കണ്ടിങ്ങിരിക്കുന്പോൾ വെള്ളാപ്പള്ളിയെ തണ്ടിലേറ്റി നടന്ന സി.പി.എമ്മും കോൺ‍ഗ്രസ്സുകാരും രണ്ട് നാളിൽ തള്ളിപ്പറയുന്പോൾ ഇതിന്റെ മറുഭാഗം കൂടി ചിന്തിക്കേണ്ടതുണ്ട്. 

കഴിഞ്ഞ 13 വർഷമായി മാറി മാറി വന്ന ഭരണ സംവിധാനം ഇത്തരമൊരു ആരോപണത്തിനു മുൻപിൽ കണ്ണടച്ച് നിന്നത് എന്ത് കൊണ്ട്? അന്വേഷണത്തെ നേരിടാൻ തയ്യാർ എന്ന് നെഞ്ചു വിരിച്ച് വെള്ളാപ്പള്ളി പറയുന്പോൾ നിയമ സംവിധാനത്തെ ഭയക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു നേതാവിനെയല്ല അനുസരിക്കുന്ന ഒരു പൗരനെയാണ് നാം അതിലൂടെ കാണുന്നത്. 

കോൺ‍ഗ്രസ് വെള്ളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്പോൾ, സി.പി.എം പരിഭ്രാന്തിയിലാണ്, ബി.ജെ.പി ആകട്ടെ സാഹചര്യം വോട്ടാക്കി മാറ്റുകയാണ്. 

കേരളത്തിലെ മിക്ക രാഷ്ട്രീയ പാർട്ടികളിലെയും പ്രധാന പ്രശ്നം സത്യങ്ങൾ തുറന്നു പറയുവാൻ ആർജ്ജവും അർഹതയുമുള്ള നേതാക്കളുടെ എണ്ണം വിരലിലെണ്ണാവുന്നതെയുള്ളൂ എന്നതാണ്. വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിക്കണമെന്നു സി.പി.എമ്മിലെ പ്രമുഖരായ പല നേതാക്കളും മനസ്സിനുള്ളിൽ ആഗ്രഹിക്കുന്നുണ്ട്. പറയാതിരിക്കുന്നത് വെള്ളാപ്പള്ളിയുടെ ഇരുതല മൂർച്ചയുള്ള വാക്കുകളെ ഭയന്നാണ്. 

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും കീശ വലുതാക്കുവാനും വ്യക്തി താൽപര്യം സംരക്ഷിക്കാനും ശ്രമിക്കുന്ന നേതാക്കന്മാർ തമ്മിൽ രാഷ്ട്രീയ, ജാതി, മതമന്യേ ചില ധാരണകൾ ഉണ്ട്. സാന്പത്തികമായ നേട്ടങ്ങളുടെ കാര്യം വരുന്പോൾ ഇവർ ഒരു ബോട്ടിൽ യാത്ര ചെയ്യുകയും ഒരു കുളിമുറിയിൽ കുളിക്കുകയും ചെയ്യുന്നു.

വെള്ളാപ്പള്ളി കഴിഞ്ഞ കുറേ വർഷമായി ഈ പാർട്ടിയുടെ പ്രമുഖ നേതാക്കൾക്കൊപ്പം നടത്തി വരുന്ന കൂട്ട് കച്ചവടത്തിലെ കണക്കുകൾ നിരത്തിയാൽ കഥ മാറും എന്ന് ഇവർ തിരിച്ചറിയുന്നുണ്ട്. 

ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ നമ്മൾ കാണാൻ പോകുന്നത് വെള്ളാപ്പള്ളി ധീരമായി പുതിയ പാർട്ടി രൂപീകരിച്ച് ബി.ജെ.പിയുമായി കൈകോർക്കും. ഉമ്മൻചാണ്ടി, സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള അടി മൂപ്പിക്കാനും അത് വഴി രണ്ടു പേരുടെയും ‘ഇമേജ്’ നശിപ്പിക്കാനുമുള്ള ചേരുവകൾ സമയാസമയം നൽകി കൊണ്ടിരിക്കും. ബിജു രമേശും കൂട്ടരും ഇലക്ഷൻ കഴിഞ്ഞാൽ ശരണം വിളിച്ച് ഒരു മൂലക്ക് മിണ്ടാതിരിക്കും. ബി.ജെ.പി പറ്റാവുന്നത്ര വോട്ടുകൾ ശേഖരിച്ച് ശക്തിയൊന്നുകൂടി കൂടിയെന്ന് തെളിയിക്കും. ഇതൊക്കെ കാണുന്പോൾ ഓർമ്മ വരുന്നത് മുരുകൻ കാട്ടാകടയുടെ വരികൾ തന്നെ.....

“നന്മകൾക്ക് നിറം കെടുന്നോരു കാലമെന്നുണ്ണി 

തിന്മകൾക്ക് നിറച്ചുവർണ്ണച്ചന്തമെനുണ്ണി 

മിന്നുന്നു പലതെങ്കിലും പൊന്നല്ലെന്നുണ്ണി

പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമല്ലുണ്ണി”

You might also like

Most Viewed