ഇടവഴിയിൽ തനിയെ
മുഖത്തേയ്ക്കു വീണ കരിന്പടം നിലാവ് നാണത്തോടെ നീക്കി പുഞ്ചിരിക്കുന്ന ഒരു രാത്രി. വഴിവിളക്കുകൾ കണ്ണ് തുറക്കാതെ അലസമായി ഉറങ്ങുന്ന നേരം. ഇടതൂർന്ന കുറ്റിക്കാടുകളിൽ തവളയും കീരാംകുടുക്കയും നുണപറയുന്ന ബഹളം. അനുവാദം ചോദിക്കാതെ തന്നെ ദേഹമാസകലം ഉരസി ഇക്കിളിപ്പെടുത്തിക്കൊണ്ട് കടന്നു പോകുന്ന തെന്നൽ. ഇതിനിടയിൽ ഇടയ്ക്കിടെ എല്ലാം മറന്ന് തലതല്ലി പൊട്ടിച്ചിരിച്ചു ആകാശത്തുനിന്നു കാലിടറി ഭൂമിയിലേയ്ക്ക് വീഴുന്ന മഴത്തുള്ളികൾ. സെക്കന്റ് ഷോ സിനിമയും കഴിഞ്ഞ് മൊബൈലിന്റെ നേരിയ വെട്ടത്തിൽ ഇടനാഴിയിലൂടെ വീട്ടിലേയ്ക്ക് നടക്കുന്പോൾ മനസ്സ് വല്ലാതെ പിടച്ചുകൊണ്ടിരുന്നു.
മനസ്സ് പലപ്പോഴും ഇങ്ങിനെയാണ്. വിശാലമായ ചിന്തയോടെ മുന്പോട്ട് നീങ്ങുന്പോളായിരിക്കും അറിയാതെ ചിന്തകൾ ഇടുങ്ങിയ ഒരു ഇടവഴിയിലേയ്ക്ക് വഴുതി വീഴുക. ഇടവഴികളും വഴികൾ തന്നെയാണ്. വിശാലമായ പാതകളില്ലാത്തവർക്ക് ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താൻ പറ്റുന്ന എളുപ്പവഴി അന്നും ഇന്നും ഇടവഴികൾ തന്നെ.
മുണ്ടിൽ തൊട്ടാവാടി ചെടിയുടെ മുള്ളുകൾ ഒന്ന് കൊളുത്തി വലിച്ചപ്പോഴാണ് പാലപ്പൂവിന്റെ ഗന്ധം മൂക്കിലേയ്ക്ക് പടരുന്നത് ഞാൻ അറിഞ്ഞത്. അത് പിന്നീട് ബുദ്ധിയെയും ഹൃദയത്തെയും കീഴടക്കിയപ്പോൾ അറിയാതെ ഒരു തരം ഭീതി മനസ്സിൽ പടരുന്നതും പിന്നീട് ദേഹമാകെ പകരുന്നതും ഞാൻ അറിഞ്ഞു. അപ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് ദൂരെ നിന്നും ഒരു പട്ടിയുടെ ശബ്ദം മാത്രം മുഴങ്ങി നിന്നു.
ഈ ഇടവഴിയെ കുറിച്ച് പറഞ്ഞു കേട്ട പല കഥകളുമുണ്ട്. അതിൽ പ്രശസ്തം കുമാരേട്ടനുണ്ടായ ഒരു അനുഭവമാണ്. ഇതുപോലെ ഒരു രാത്രിയിൽ നേരിയ മെഴുകുതിരി വെളിച്ചത്തിൽ കുമാരേട്ടൻ വീട്ടിലേയ്ക്കു പോകുന്പോൾ മുന്പിൽ നിന്നും നടന്നു വരുന്ന വ്യക്തി കുമാരേട്ടനോട് ഒരു തീപ്പെട്ടിയുണ്ടോ ബീഡി കത്തിക്കുവാൻ എന്ന് ചോദിച്ചു. മുണ്ടിനടിയിലെ ട്രൗസറിനുള്ളിൽ നിന്നും തീപ്പെട്ടി എടുക്കുന്പോൾ അത് താഴെ വീഴുകയും പിന്നീട് അതെടുക്കുവാൻ കുമാരേട്ടൻ കുനിഞ്ഞപ്പോൾ മുന്പിൽ കണ്ടത് പശുവിന്റെ കാലുള്ള ഒരു മനുഷ്യനെയാണത്രേ!!
ഒരു നിമിഷത്തെ അന്താളിപ്പിനു ശേഷം കുമാരേട്ടൻ സർവ്വശക്തിയും എടുത്തു വീട്ടിലേയ്ക്ക് ഓടുന്പോൾ വിളിച്ചു പറഞ്ഞത് ഇത്ര മാത്രം. പശു വെറും പശുവല്ല പോത്തേ...
പിന്നീട് ഒരാഴ്ചയോളം പനിച്ചു കിടന്ന കുമാരേട്ടനോട് ആരെങ്കിലും ഈ സംഭവത്തെ കുറിച്ച് ചോദിച്ചാൽ കുമാരേട്ടന്റെ കണ്ണ് ചുവയ്ക്കും അധരങ്ങൾ വിറയ്ക്കും. കാൽമുട്ടുകൾ നിർത്താതെ പരസ്പരം പരിഭവം പറഞ്ഞു തുടങ്ങും.
അത് വെറുമൊരു പശുവല്ലേ കുമാരേട്ടാ, പശു വെറുമൊരു മൃഗമല്ലേ കുമാരേട്ടാ എന്ന് ചോദിച്ചാൽ കുമാരേട്ടൻ നിലവിളിച്ചു കൊണ്ട് പറയും പശു വെറും ഒരു പശുവല്ല മക്കളെ, പശു ഇടവഴിയിലെ നാഥനാണ്. അന്ധകാരത്തിലൂടെ സുരക്ഷിതമായ താവളത്തിലേയ്ക്ക് എത്താനുള്ള വഴികാട്ടിയാണ്.
ഇതൊന്നും മനസ്സിലാക്കാതെ ഞാൻ അടക്കമുള്ളവർ കുമാരേട്ടനെ പകൽ സമയത്ത് പരിഹസിച്ചു ചിരിക്കും. നേരം ഇരുട്ടി തുടങ്ങിയാൽ പ്രധാന പാതയിൽ നിന്ന് ഇടവഴിയിലേയ്ക്ക് കടക്കുന്പോൾ അറിയാതെ മനസ്സിൽ ഒരു ഭയം നിറയും. അപ്പോൾ അറിയാതെ ഉച്ചത്തിൽ നിലവിളിക്കും ഈ ഇടവഴിയിലെ പശുവാണ് എന്റെ നാഥൻ ഈ പശു കേവലം ഒരു മൃഗമല്ല അത് നമ്മുടെ വഴികാട്ടിയാണ് നാഥനാണ്...
അന്ധകാരം നിറഞ്ഞ ഇടവഴികളിലൂടെ നടക്കുന്പോൾ എപ്പോഴും ഓർക്കുക ഗുരുവിനെ കുറിച്ചാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റാൻ ഗുരു ഉപദേശങ്ങൾ ഓർക്കും. പക്ഷേ നൂറ്റാണ്ടുകളായി കൈമാറി എന്നിലലിഞ്ഞ ദേശീയത, ജാതി, വർഗ്ഗം, പാരന്പര്യം, മതം, ആചാരം, കീഴ്നടപ്പ്, സുഹൃത്തുക്കൾ തുടങ്ങി ചിന്തിക്കാവുന്ന സ്വാധീനതകളെല്ലാം ഉപബോധ മനസ്സിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്പോൾ പ്രതികരണം ശീലങ്ങളെ ഭേദിച്ച് പുറത്ത് കടക്കാനാവാതെ ഒരു നിശ്ചിത രീതിയിലൊതുങ്ങുന്നു. അതുകൊണ്ടായിരിക്കാം എന്നെ പോലുള്ളവർ ഇപ്പോഴും പട്ടിയെ കാണുന്പോൾ കല്ലെടുക്കുകയും പാന്പിനെ കാണുന്പോൾ അറിയാതെ വടിയെടുക്കുകയും ചെയ്യുന്നത്.
ഈ ഇടവഴിയിലെ രണ്ടാമത്തെ കഥ, പാന്പ് കടിയേറ്റ് മരിച്ച ഒരു ടീച്ചറെ കുറിച്ചുള്ളതാണ്. രാത്രിയിൽ ടീച്ചർ ക്ലാസ്സെടുക്കുന്ന രീതിയിൽ എന്തൊക്കെയോ പറയുന്നത് പലരും കേൾക്കാറുണ്ടത്രേ. ഒപ്പം അവർ നടക്കുന്പോൾ കിലുങ്ങുന്ന പാദസരത്തിന്റെ കിലുക്കവും പലരും കേട്ടിട്ടുണ്ടത്രേ.
ഓരോന്ന് ചിന്തിച്ച് മുന്നോട്ട് പോകുന്പോൾ വഴിയുടെ അരികിലെ പൊന്തകാട്ടിൽ നിന്ന് ഒരനക്കം. ഇലകൾ നീങ്ങുന്ന ശബ്ദം. മനസ്സ് വീണ്ടും വിറച്ച് തുടങ്ങി.
ഇടവഴി പാതി പിന്നിട്ടപ്പോഴേക്കും മനസ്സ് പിടച്ച് കൊണ്ടിരുന്നു. പിറകിൽ ടീച്ചറുടെ പാദസ്വരം കിലുങ്ങുന്നത് പോലെ... പെട്ടെന്ന് കാലിനടുത്ത് കുറ്റിക്കാടിനുള്ളിൽ നിന്ന് ഒരു കിലുക്കം പിന്നീട് ഇലകളൊക്കെ ചികഞ്ഞ് മാറ്റി ശക്തിയോടെ ഒരു കുതിപ്പ്. അതേ അത് അവർ തന്നെയായിരുന്നു. കൂടെ മൂന്ന് നാല് പേര് വേറെയും ഉണ്ടായിരുന്നു.
പ്രാണരക്ഷാർത്ഥം മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞോടുന്പോൾ പിറകെ ആകാവുന്നത്ര ഉച്ചത്തിൽ അവ കുരച്ച് കൊണ്ടിരുന്നു. ഇടുങ്ങിയ റോഡിൽ നിന്നും പ്രധാന റോഡിലെത്തിയപ്പോൾ വിശാലമായ പാതയുടെ അറ്റത്ത് അവ്യക്തമായ ചിലരൂപങ്ങൾ. സൂക്ഷിച്ച് നോക്കിയപ്പോൾ അവയ്ക്ക് രജ്ഞിനി ഹരിദാസിന്റെയും സണ്ണി ലിയോണിന്റെയും ചിരിക്കുന്ന മുഖങ്ങൾ.
നടുറോഡിൽ കിതപ്പകറ്റാൻ മുട്ടുകുത്തി നിന്നപ്പോൾ ദൂരെ സ്ഥാപിച്ച കണ്ണാടിക്കൂട് നോക്കി മനസ്സുരുകി പ്രാർത്ഥിച്ചു. ഗുരോ ഇത്രയും വിശാലമായ പാതകൾക്കും ഇത്രയും ഇടുങ്ങിയ ഇടവഴികൾക്കും ഇടയിൽ നിന്നും സാധാരണക്കാരനായ എന്നെപ്പോലുള്ളവർക്ക് സഞ്ചരിക്കാൻ അങ്ങ് പുനർജ്ജനിച്ച് ഒരു മിതമായ പാതയൊരുക്കി തരൂ... നേരിയ നിലാവെളിച്ചത്തിൽ ഗുരു ചിരിക്കുകയാണോ കരയുകയാണോ എന്നറിയാതെ ഞാൻ നിൽക്കുകയാണ് പിറകിൽ നിങ്ങളും ഉണ്ടെന്ന തിരിച്ചറിവോടെ...