പ്രതീക്ഷിക്കാത്ത അതിഥി
മലയാളിയെ സംബന്ധിച്ചിടത്തോളം കള്ളൻ എന്ന വാക്ക് ഒരു കോമളപദമാണ്. കള്ളാ കള്ളാ കൊച്ചുകള്ളാ നിന്നെ കാണാനെന്തൊരു ശേലാണ് എന്നാണ് കവികൾ തന്നെ കള്ളനെക്കുറിച്ച് വർണ്ണിച്ചിരിക്കുന്നത്. കുരുത്തക്കേടുള്ള ആൺപിള്ളേരെ മാതാപിതാക്കൾ സ്നേഹത്തോടെ ‘കള്ളൻ’ എന്നാണ് വിളിക്കാറുള്ളത്. സ്നേഹം കൂടുതൽ പ്രകടിപ്പിക്കുന്പോൾ ഭാര്യ ഭർത്താവിനെ വിളിക്കുന്നതും ‘കള്ളൻ’ എന്ന് തന്നെ. മീശ പിരിച്ച് വീട് തോറും കയറി മോഷ്ടിക്കുന്ന മീശമാധവന്റെ സിനിമ ജനം രണ്ട് കൈയും നീട്ടി സ്വീകരിച്ചത് ഈ കള്ളനോടുള്ള സ്നേഹം കൊണ്ടുതന്നെ.വെണ്ണ കട്ട കള്ളകൃഷ്ണൻ മുതൽ കായംകുളം കൊച്ചുണ്ണിയെ വരെ നാം ആരാധിക്കുന്നത് ഇവർ സത്യസന്ധന്മാരായ കള്ളന്മാരായത് കൊണ്ടാണ്.
ചെറുപ്പകാലത്ത്, നാട്ടിൽ അർദ്ധരാത്രിയുടെ നിശ്ശബ്ദതയിൽ അപ്പുറത്തെ വീട്ടിൽ നിന്നും ‘കള്ളൻ’ എന്ന നിലവിളി കേട്ട് കള്ളനെ പിടിക്കുവാൻ ഓടിയ മധുരസ്മരണകൾ അയവിറക്കുന്പോൾ തന്നെ മനസ്സിൽ ഒരു കുളിരുകോരും. നാല് വർഷം മുന്പാണ് ഞാൻ താമസിക്കുന്ന വീട്ടിലും ക്ഷണിക്കാതെ തന്നെ ഈ അതിഥി കടന്നുവന്നത്. മൂന്ന് ഭാഗത്ത് കടലും ഒരുഭാഗത്ത് റോഡും താമസിക്കുന്ന കോന്പൗണ്ടിലേക്ക് ഒറ്റവഴിയും മാത്രമുള്ള ഒരു ചെറിയ വില്ലയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. പ്രധാന കവാടത്തിൽ രണ്ട് വാച്ച്മാൻമാർ സ്ഥിരം കാവലിനായിട്ടുണ്ട്. 20ലധികം വില്ലകളുള്ള ഈ കോന്പൗണ്ടിൽ െവള്ളിയാഴ്ച ൈവകുന്നേരം കുട്ടികൾ പലതരം കളികളിൽ വ്യാപൃതരാകും.
സെല്ലാക്ക് കടപ്പുറത്ത് സുഹൃത്തുക്കളുമായി പോകുന്പോൾ വീടെല്ലാം അടച്ചു എന്ന് ഉറപ്പ് വരുത്തിയിരുന്നു. കുടുംബസമേതം പുറത്ത് പോയി ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ പ്രധാനവാതിൽ അതേപടി അടഞ്ഞു കിടക്കുന്നു. ബെഡ്റൂമിലെത്തിയപ്പോഴാണ് അലമാര തുറന്ന് ലോക്കർ തുറന്ന് അതിലുള്ള ആഭരണങ്ങൾ വെച്ചിരുന്ന പെട്ടി നഷ്ടപ്പെട്ട സത്യം മനസ്സിലായത്. ഉടൻ പോലീസെത്തി, വിരലടയാള വിദഗ്ദ്ധരെത്തി. രാത്രി രണ്ട് മണിവരെ പോലീസ് േസ്റ്റഷനിലിരുന്ന് അവർ പറയുന്ന പലതരം പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്തു. ഇത്തരമൊരു മോഷണം നടന്നാൽ കേരളത്തിലെ പോലീസുകാരുടെ നിസ്സഹകരണത്തെക്കുറിച്ച് ഞാനും വാമഭാഗവും വിശദമായി സംസാരിച്ചു. ഒപ്പം നിമിഷങ്ങൾക്കകം വീട്ടിലെത്തിയ ബഹ്റിനിലെ പോലീസുകാരെ പ്രകീർത്തിക്കുകയും ചെയ്തു.
പിന്നീട്, നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ സി.ഐ.ഡി ഓഫീസിലും പോലീസ് േസ്റ്റഷനിലും നിരവധി തവണ കയറിയിറങ്ങി. ഫലം തഥൈവ! ഇത്തരമൊരു മോഷണത്തെക്കുറിച്ച് കേട്ടറിഞ്ഞ് പരിചയമുള്ള പലരും എന്നെ വിളിച്ചു. അതിൽ പലർക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും അറിയിച്ചു. എനിക്കറിയാവുന്ന പത്തിലധികം മലയാളികൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഇവർക്കാർക്കും നഷ്ടപ്പെട്ട മുതൽ ഇതുവരെ തിരിച്ചുകിട്ടിയിട്ടുമില്ല.
ബഹ്റിനിലെ കള്ളന്മാരുടെ മോഷണരീതി താഴെ പറയുന്ന വിധത്തിലാണ്.
1. മോഷണം നടത്തുക വെള്ളിയാഴ്ച മാത്രം.
2. സമയം വൈകുന്നേരം 5നും 10 മണിക്കും ഇടയിൽ.
3. പ്രധാന വാതിൽ ഒരിക്കലും തുറക്കുകയില്ല. സ്ലൈഡിംഗ് വിൻഡോസ് കുത്തിപൊളിച്ചാണ് ടിയാൻ അകത്ത് കയറുക.
4. പ്രധാനപ്പെട്ട ലോക്കർ, അല്ലെങ്കിൽ ആഭരണം വെച്ച സ്ഥലത്തേക്ക് മാത്രം കടന്ന്, മറ്റ് മുറികൾ വലിച്ചിടാതെ മറ്റ് അലമാരകൾ തുറക്കുക പോലും ചെയ്യാതെ നിമിഷങ്ങൾക്കകം കള്ളൻ സ്ഥലം വിടും. പോകുന്ന സമയത്ത് തുറന്ന അലമാരയും ജനാലയും അടച്ച് വേറാരും അതുവഴി കയറില്ലെന്ന് ഉറപ്പു വരുത്തും.
5. ഒരു പ്രാവശ്യം വന്നാൽ പിന്നീട് അവരുടെ വീട്ടിൽ കയറുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല.
എനിക്കറിയാവുന്ന പത്ത് സുഹൃത്തുക്കളുടെ വീട്ടിലേയും മോഷണരീതി പഠിച്ചപ്പോൾ ഒരു കാര്യം വ്യക്തം. മോഷ്ടാവ്, ഭവനഭേദനത്തിന് ഒരുങ്ങുന്നതിന് മുന്പ് വീട്ടുകാരുടെ വെള്ളിയാഴ്ചത്തെ കർമ്മപരിപാടിയെക്കുറിച്ച് ഒരു വ്യക്തമായ ധാരണ ഉണ്ടാക്കും. വീടിന് പുറത്ത് രണ്ട്മൂന്ന് ഇടങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിൽ ഗൃഹനാഥന്റെ കാർ വരുന്നത് അറിയിക്കുവാനുള്ള ആൾക്കാരെ നിർത്തും.
പക്ഷെ വീടിനുള്ളിൽ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലം എങ്ങിനെ മനസ്സിലാക്കുന്നു എന്ന ചോദ്യം ഞാൻ എന്നോടു തന്നെ നിരവധി തവണ ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം എന്റെ വീട്ടിലും മറ്റ് എനിക്കറിയാവുന്ന സുഹൃത്തുക്കളുടെ വീട്ടിലും പാർട്ട് ടൈം ജോലിക്കായി വീട്ട് ജോലിക്കാരികൾ വരുമായിരുന്നു. ചിലപ്പോൾ വീടിന്റെ ഉൾഭാഗം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഈ പറയുന്ന സംഘത്തിന് കൈമാറുന്നുണ്ടാകാം. സ്ലൈഡിംഗ് വിൻഡോ ഉള്ളിൽ നിന്നും തുറന്ന് വെച്ച് കള്ളന് കയറുവാൻ സൗകര്യമുണ്ടാക്കുന്നതും ഇവരാകാം.
ഇത്തരം വീട്ടുജോലിക്കാരികൾ പ്രസ്തുത മോഷണം നടക്കുന്നതിന് മുന്പെ ഈ വീട്ടിലുള്ള ജോലി മതിയാക്കി വേറെ വീട്ടിലേക്ക് മാറി പോവുകയും ചെയ്യും. ബഹ്റിനിൽ നിരവധി ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഇങ്ങിനെ വിലപ്പിടിപ്പുള്ള സാധനങ്ങൾ നഷ്ടമായിട്ടുണ്ട്.വെള്ളിയാഴ്ച പുറത്ത് പോകുന്ന സമയത്ത് വിലയേറിയ വസ്തുക്കളും കാശും ലോക്കറിൽ വെക്കുകയോ അതല്ലെങ്കിൽ സുരക്ഷിതമായ വേറെ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി വെയ്ക്കുകയോ ചെയ്യുക. പറ്റുമെങ്കിൽ പ്രധാന കവാടത്തിൽ ഒരു സെക്യൂരിറ്റി ക്യാമറ ഘടിപ്പിക്കുക. അറിയാത്ത വീട്ടുജോലിക്കാരെ കഴിയുന്നത്ര ഒഴിവാക്കുക.
രണ്ടുദിവസം മുന്പാണ് ‘സംകൃതപമഗരി’യുടെ വേദിയിൽ മാപ്പിളപ്പാട്ട് കേട്ട് കൊണ്ടിരിക്കുന്പോൾ സുഹൃത്ത് വിളിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ വീട്ടിൽ കള്ളൻ കയറി പക്ഷെ ഒന്നും കൊണ്ടു പോയിട്ടില്ല എന്ന്. ഒന്ന് കൂടി പരിശോധിക്കൂ എന്ന് സുഹൃത്തിനോട് പറഞ്ഞപ്പോൾ സുഹൃത്ത് ആവർത്തിച്ചു പറഞ്ഞു. ഇല്ല ഒന്നും പോയിട്ടില്ല എന്ന്. ഒരു പത്ത് മിനിട്ട് കഴിഞ്ഞ് സുഹൃത്ത് വീണ്ടും വിളിച്ചു പറഞ്ഞു. പോയിട്ടുണ്ട് കേട്ടോ, വേറൊന്നും അല്ല മൂന്ന് നാല് ആൾക്കാർ കഷ്ടപ്പെട്ട് ഒന്നാം നിലയിൽ അലമാരക്കുള്ളിൽ ഘടിപ്പിച്ച ലോക്കർ മാത്രം പോയിട്ടുണ്ട്...!
പി. ഉണ്ണികൃഷ്ണൻ