ഉറുമ്പുകൾ ഇപ്പോഴും ഉറങ്ങുന്നില്ല..!
ഓരോ മതത്തിലും രാഷ്ട്രീയമുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. മതങ്ങൾക്കുള്ളിലെ വിവിധ ജാതികൾക്കുള്ളിലും രാഷ്ട്രീയമുണ്ട്. മതങ്ങൾക്കുള്ളിലെ രാഷ്ട്രീയം കൂടുമ്പോൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ഭരണ സംവിധാനം കൈക്കലാക്കുവാൻ ശ്രമിക്കുമ്പോൾ മത നേതാവ് രാഷ്ട്രീയ നേതാവായി മാറുന്നു. അങ്ങനെ മതപരമായ ചിന്തകൾക്കും, ആശയങ്ങൾക്കും അപ്പുറം മതനേതാവിന്റെ എല്ലാ പരിധികളും, പരിമിതികളും ഭേധിച്ച് മുന്നേറുമ്പോൾ അത്തരം നേതാക്കളെ നാം രാഷ്ട്രീയക്കാരനായി കാണുന്നു. അങ്ങനെ 100% രാഷ്ട്രീയക്കാരനായി മാറി കഴിഞ്ഞിരിക്കുന്ന നേതാവാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ.
രാഷ്ട്രീയ പാർട്ടിക്ക് ഒരു മതത്തിന്റെ സംവിധാനം നിലനിർത്തിപോന്ന പാർട്ടിയാണ് സി.പി.എം. മാർകസ് എന്ന ബിംബത്തെ കണ്ണടച്ച് വിശ്വസിക്കുകയും, Das Capital എന്ന ഗ്രന്ഥത്തെ വിശുദ്ധ ഗ്രന്ഥം പോലെ അന്നും ഇന്നും കരുതുകയാണ് പാർട്ടിക്കുള്ളിലെ ഒരു ന്യൂനപക്ഷം. വേറൊരു ഭൂരിപക്ഷമാകട്ടെ മാർക്സിയൻ ആശയങ്ങൾ കാലഹരണപ്പെട്ടു എന്ന് മനസ്സിലാക്കിയിട്ടും പ്രതികരിക്കുവാൻ പറ്റാതെ തലകുനിച്ച് നിൽക്കുകയാണ്.
പോളിറ്റ് ബ്യൂറോ മുതൽ, പാർട്ടി ഓഫീസിൽ വരെ സ്ഥാപിച്ചിരിക്കുന്ന മാർക്സ് എന്ന പ്രതിഷ്ഠ തച്ചുടക്കുവാനും, മാറ്റം അനിവാര്യമായിരിക്കുന്നു എന്ന് ഉറക്കെ വിളിച്ച് പറയാൻ കെൽപ്പുള്ള ഗോർബേച്ചേവിനെ പോലുള്ള ഒരു നഗ്നയായ സഖാവ് ഇന്ത്യയിൽ ഇല്ലാതെ പോയി എന്നതാണ് സത്യം. ഇത് വഴി, വഴി മുട്ടി നിൽക്കുന്നത് പാർട്ടിയുടെ നിലനിൽപ്പാണ്. പാർട്ടിക്കുള്ളിലെ ഈ മതപരമായ ചട്ടകൂട് വളർന്നപ്പോൾ അതിലെ രാഷ്ട്രീയക്കാരനെ ജനം കണ്ടത് ഒരു മതനേതാവിന്റെ രീതിയിലാണ്.
ഓരോ മതവും നിലനിൽക്കുന്നത് ഓരോ വിശ്വാസത്തിന്റെ പേരിലാണ്. കാലാകാലങ്ങളായി വിശ്വസിച്ച് പോരുന്ന കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞാലും തിരുത്താൻ പറ്റാത്തത് അത് മതത്തിന്റെ പേരിലുള്ള വിശ്വാസം നഷ്ടപ്പെടും എന്ന പേടിയിലാണ്. രാഷ്ട്രീയ പാർട്ടി മതമല്ലെങ്കിൽ കാലത്തിനനുസരിച്ച് മാറ്റം വരു
ത്താൻ പാർട്ടിക്കും, ആ മാറ്റം ഉൾക്കൊള്ളാൻ അനുയായിക്കൾക്കും സാധിക്കും.
ബുദ്ധൻ, മുഹമ്മദ് നബി, മഹാവീരൻ, യേശു ക്രിസ്തു തുടങ്ങിയ വിശുദ്ധ വ്യക്തികൾ ലോക നന്മക്കായി പ്രവർത്തിച്ച മനുഷ്യ സ്നേഹികളായിരുന്നു. മാർക്സും, എംഗൽസും, കെയിൻസും, ലെനിനും, മാവോയും, സ്വപ്നം കണ്ടതും ലോക നന്മ തന്നെയായിരുന്നു.
ആധുനിക ലോകത്തെ ആചാര്യന്മാരായ വിവേകാനന്ദനും, ശ്രീനാരായണ ഗുരുവും, ചട്ടന്പി സ്വാമികളും, ബ്രഹ്മാനന്ദ ശിവയോഗിയും, ഹൈന്ദവ സംസ്കാരം എന്ന സംഘടിത മതത്തിൽ കടന്നു കൂടിയ മാലിന്യങ്ങളെ നിർമ്മാർജനം ചെയ്ത് മനുഷ്യ സമൂഹത്തിനു നന്മ പകരാൻ പ്രയത്നിച്ചവരാണ്.
കേരളത്തിൽ, മുസ്ലീം വിഭാഗങ്ങളിൽ വൈക്കം മൗലവി എന്ന് വിളിക്കപ്പെടുന്ന അബ്ദുൾഖാദർ മൗലവി, ക്രിസ്തുമതത്തിൽ ഡോ:എം.എം.തോമസ്, പൗലോസ്, മാർഗ്രിഗോറിയസ് പൗലോസ് മാർ പൗലോസ് തുടങ്ങിയവരും അത്തരം പരിഷ്ക്കർത്താക്കളാണ്.
പി.ഗോവിന്ദപ്പിള്ളയും, ഇ.എം.എസ്സും പോലുള്ള നേതാക്കൾ മതവിശ്വാസികളായവരോട്, മതവിശ്വാസമില്ലാത്ത അനുയായികൾ യോജിച്ച് പ്രവർത്തിക്കണം എന്ന് തുറന്നു പറഞ്ഞവരാണ്. മാർക്സ് നടത്തിയ ആദ്യകാല പ്രസ്താവനയിലും ഇതേ നയം പ്രകടമാക്കിയിട്ടുണ്ട്.
‘മതപരമായ സന്താപമെന്നത്, ഒരേ സമയം യഥാർത്ഥ സന്താപത്തിന്റെ ബഹിർസ്ഫുരണവും യഥാർത്ഥ സന്താപത്തിനെതിരെയുള്ള നിഷേധവും കൂടിയാണ്. മതം മർദ്ദിത ജീവിയുടെ നിശ്വാസമാണ്. ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെ തന്നെ ഉത്സാഹ രഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. മതം മനുഷ്യനെ മയക്കുന്ന ‘കറുപ്പ്’ ആണ്’.
ഇവിടെ കറുപ്പ് എന്ന പ്രയോഗത്തിന്റെ പ്രസക്തി ഏറെയാണ്. കാൻസർ ബാധിച്ച രോഗിക്ക് അൽപം ആശ്വാസം നൽകുവാനും ലോകത്ത് നടക്കുന്നതൊന്നും കാണാതെ ചിന്തിക്കാതെ മറന്നുറങ്ങുവാനും കറുപ്പ് സഹായിക്കുന്നു. ഇവിടെ രോഗി നിഷ്ക്രിയനാണെങ്കിലും കറുപ്പ് അവന്റെ നിലനിൽപ്പിനും സന്താപം ഇല്ലാതാക്കാനും ഉപകരിക്കുന്നുണ്ട്. ഇതേ കറുപ്പ്, സന്താപമില്ലാത്തവൻ ഉപയോഗിക്കുന്പോൾ അത് കേവലം ലഹരിയായി മാറുന്നു. ഈ ലഹരി പൊതു സമൂഹത്തിനു ദോഷമായി ഭവിക്കുന്നു.
എല്ലാ മതങ്ങളും നിലനിന്നു പോകുന്നത് അതിലെ വിശ്വാസികൾക്ക് മത
ങ്ങൾ നൽകുന്ന മാനസികവും സാമൂഹികവും സാന്പത്തികവുമായ പരിരക്ഷ കൊണ്ടാണ്. എല്ലാ മതങ്ങളും ഒരു കാലത്ത് മർദ്ദിത ജനങ്ങളുടെ പ്രസ്ഥാനങ്ങ
ളായിരുന്നു. മതങ്ങൾ മരണാന്തരം സ്വർഗ്ഗ ജീവിതം വാഗ്ദാനം ചെയ്ത് അനുയായികളെ കൂട്ടുന്പോഴാണ് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ സ്വർഗ്ഗ സമാനമായ ജീവിതം വാഗ്ദാനം ചെയ്ത് സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർന്നു വന്നത്.
ഇന്ന് സി.പി.എം അടക്കമുള്ള സംഘടനകൾ വിളറി നിൽക്കുന്നത് ഭൂമിയിൽ സ്വർഗ്ഗം നൽകുമെന്ന വാഗ്ദാനം നേതാക്കൾക്ക് മാത്രമായി ഒതുങ്ങി എന്നത് കൊണ്ടാണ്. അതേസമയം മുസ്ലീം ലീഗും, ബി.ജെ.പിയും പോലുള്ള മതാധിഷ്ടിത രാഷ്ട്രീയ പാർട്ടികൾ ജീവിച്ചിരിക്കുന്പോഴും മരണാനന്തരവും സ്വർഗ്ഗം വാഗ്ദാനം ചെയ്തു തുടങ്ങി.
സാധാരണ ജനത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു ബോണസ് ആണ്. സൂപ്പർ മാർക്കറ്റിൽ പോയി ഒരു സാധനത്തിനു കാശ് നൽകിയാൽ മറ്റൊന്ന് സൗജന്യമായി കിട്ടുന്ന പ്രതീതി.
വെള്ളാപ്പള്ളിക്ക് ഇന്ന് മതം ഒരു ലഹരിയാണ്. അതിലെ ഭൂരിഭാഗം വരുന്ന അനുയായികൾക്കാകട്ടെ അത് സന്താപം അകറ്റാനും പരീരക്ഷിക്കുവാനുമുള്ള കവചമാണ്.
സ്വയം മാറാൻ പറ്റാത്ത അവസ്ഥയിൽ മറ്റുള്ളവരെ തിരുത്താനും കല്ലെറിയാനും ശ്രമിക്കുകയാണ് സി.പി.എം. Double Bonanza കണ്ട് മയങ്ങുന്നവരെ ചെറുകിട coldstore ഉടമ പഴിക്കുന്ന പോലെ ബുദ്ധിശൂന്യമായ ഒരു പ്രക്രിയ മാത്രമാണിത്.
മതസംഘടനകളുടെ ആധിപത്യം രാഷ്ട്രീയ പാർട്ടികളിൽ സജീവമായി കൊണ്ടിരിക്കുന്പോൾ സി.പി.എമ്മിന്റെ നിലനിൽപ്പിനുള്ളിലെ ഒരേ ഒരു വഴി, സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുകയും സുതാര്യമായി പ്രവർത്തിക്കുകയും മാത്രമാണ്. രാത്രിയും പകലും പാർട്ടിക്കു വേണ്ടി ഉറങ്ങാതെ പണി എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴും ഭൂമിയിൽ സ്വർഗ്ഗരാജ്യം പ്രതീഷിക്കുന്നവർക്ക് മതം എന്ന കറുപ്പ് നൽകുന്നതിനു പകരം പ്രത്യയശാസ്ത്രം തിരുത്തിയെഴുതുവാൻ ഒരു അഭിനവ മർക്സ് ജനിച്ചേ തിരൂ. കാരണം യഥാർത്ഥ സാഖാക്കൾ ഇപ്പോഴും ഉറങ്ങുന്നില്ല എന്നത് തന്നെ.