ആഘോഷങ്ങൾക്കിടയിൽ
നില വിളക്കിലെ തിരികൾ ഉറക്കം തൂങ്ങി തുടങ്ങിയിരിക്കുന്നു. മുന്പിലൂടെ കടന്നു പോയ തരുണിമണിയുടെ മുടിയിലുള്ള പൂക്കൾ മെയ്ക്കപ്പ് അഴിച്ചു വെച്ച സിനിമാ നടിയുടെ മുഖം പോലെ, സാധാരണക്കാരന്റെ സൗന്ദര്യ സങ്കൽപ്പത്തിനെ ചോദ്യം ചെയ്യാൻ പറ്റാതെ തളർന്നു കിടന്നു. തലങ്ങും വിലങ്ങും പൊതുവേദിയിൽ പീഡിപ്പിച്ചിട്ടും മതിവരാതെ ചെണ്ടക്കാരൻ ചെണ്ടയുടെ പിറക് വശത്തിൽ വെറുതെ കൈകൊണ്ട് തടവി കൊണ്ടിരിക്കുന്നു.
ജലദോഷം മൂക്കിന്റെ മുന്പിൽ തീർത്ത തടവറകൾ ഭേദിച്ച് വയറിനുള്ളിൽ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്ന പിത്തഗ്രന്ധികളെ വിളിച്ചുണർത്തി ഓണസദ്യയുടെ മണം മൂക്കിലേക്ക് തലയിലേക്കും നുഴഞ്ഞു കയറി. ഞാൻ കുടവയറൻ, കൂടെയുള്ളവർ ആനക്കുടവയറന്മാർ. സാന്പാറും കൂട്ടുകറിയും അച്ചാറും പപ്പടവും നേരവും സമയവും നോക്കാതെ അവിഹിതമായി വാഴയിലയാകുന്ന മെത്തയിൽ പ്രണയിച്ച് തുടങ്ങിയപ്പോൾ എന്റെ മുന്പിലേയ്ക്ക് അവർ കടന്നു വന്നു. അതേ കെനിയയിലേയ്ക്ക് ഒരു യാത്ര തിരിക്കുവാൻ ഒരുങ്ങുന്നതിന് മുന്പ് ഇന്റർനെറ്റിൽ കണ്ട് പരിചയപ്പെട്ട മുഖങ്ങൾ. ആദ്യം കടന്നു വന്നത് 1993ൽ കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫർ പകർത്തി ലോക പ്രശസ്തമായ ഒരു പടത്തിലെ കുട്ടി. പിറകിൽ കുട്ടി മരിക്കുവാനായി കാത്തിരിക്കുന്ന ഒരു കഴുകൻ.
നിങ്ങളും കണ്ടിരിക്കും ഇന്റർനെറ്റിലും സോഷ്യൽ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ഫോട്ടോ. ആ ഫോട്ടോയിൽ കഴുകൻ ഭക്ഷിക്കുവാൻ കാത്തിരിക്കുന്ന ആ പയ്യൻ നിങ്ങളുടെ കൂട്ടിയാണെന്ന് ഒന്ന് ചിന്തിച്ച് നോക്കിയാൽ മനസ്സിലാകും അതിലെ വേദന.
രണ്ടാമത്തെ പടം ഒട്ടകത്തിന്റെ പിറകെ അതിന്റെ ഉച്ചിഷ്ടത്തിനായി കാത്തിരിക്കുന്ന ഒരു കുട്ടിയുടെ ഫോട്ടോ. ഒട്ടകത്തിന്റെ വിസ്സർജ്യം തന്റെ ഭക്ഷണമാക്കി ജീവൻ നിലനിർത്തുവാൻ തയ്യാറെടുക്കുന്ന കുട്ടി. രണ്ടു പേരുടെയും കണ്ണുകളിലേക്ക് ഒന്ന് നോക്കിയാൽ നമ്മുടെ നെഞ്ചിനടിയിൽ നിന്ന് പ്രാവുകൾ പിടയ്ക്കാൻ തുടങ്ങും.
മൂന്നാമത്തേത് ഹൈത്തിയൻസ് ചളിയിൽ നിന്നും കുക്കീസ് ബിസ്ക്കറ്റുകൾ നിർമ്മിക്കുന്ന ഒരു വീഡിയോ. ചളി വെള്ളത്തിൽ അരച്ച് പപ്പടം പോലെയാക്കി അതിൽ കുറച്ച് പഞ്ചസാരയും ചേർത്ത് മാർക്കറ്റിൽ വിൽക്കുന്നു. കുട്ടികൾ ചെളി ബിസ്ക്കറ്റ് സന്തോഷത്തോടെ ഭക്ഷിക്കുന്നു!
ആഫ്രിക്കയിലേക്ക് ലോകമെന്പാടുമുള്ള സ്ഥാപനങ്ങളും വ്യക്തികളും നൽകിയ സംഭാവനകൾ നിരവധിയാണ്. കൊള്ളയും കൊലയും അഴിമതിയും നിറഞ്ഞ ജനാധിപത്യ സംവിധാനം ഇനിയും പ്രായപൂർത്തിയാകാത്ത ഒരു രാജ്യത്ത് ഇത്തരം സംഭാവനകൾ ചില രാഷ്ട്രീയ പാർട്ടികളെയും വ്യക്തികളെയും മാത്രം സന്പന്നരാക്കി.
ഇന്നും ആഫ്രിക്കയിലെ 40% വരുന്ന ജനതയുടെ ഒരാഴ്ചത്തെ വരുമാനം 100 രൂപയിൽ താഴെയാണ്.! മലേറിയ മുതൽ എയ്ഡ്സ് വരെ ബാധിച്ച രോഗികൾ ഒരു വശത്ത് മരുന്ന് കിട്ടാതെ മരണമടയുന്പോൾ, കോടികൾ കൊണ്ട് അമ്മാനമാടുന്ന രാഷ്ട്രീയ നേതാക്കന്മാർ സന്പാദ്യം വർദ്ധിപ്പിച്ച് കൊണ്ടേയിരിക്കുന്നു.
ഐക്യരാഷ്ട്ര സഭയും ബിൽ ഗേറ്റിന്റെ ചാരിറ്റി ട്രസ്റ്റായ Bill & Millind Gate വഴി ജനസംഖ്യ വർദ്ധനവ് തടയാനും, രോഗങ്ങൾ പ്രതിരോധിക്കാനും നൽകിയ ഗർഭനിരോധന ഉറകൾ പന്ത് പോലെയാക്കി കുട്ടികൾ ഫുട്ബോൾ കളിക്കുന്നു.
കെനിയയിൽ കൂടെയുണ്ടായിരുന്ന ടൂർഗൈഡും ഡ്രൈവറുമായ ‘ജയിംസ്’ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും സാമാന്യ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയായിരുന്നു. പിന്നീട് മസാമറൈയിലെ ഗോത്രങ്ങളുടെ ഇടയിൽ കടന്ന് ചെന്നപ്പോൾ അവർക്കും ഇംഗ്ലീഷ് ഭാഷ നന്നായി വശമുണ്ട്. ഒപ്പം ലോക കാര്യങ്ങളെ കുറിച്ച് വ്യക്തമായ വിവരമുണ്ട്.
ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ ജീവിച്ച് അവിടുത്തെ പട്ടിണി കിടക്കുന്ന പാവപ്പെട്ടവരെ മാറ്റി താമസിപ്പിക്കുകയും വിദ്യാഭ്യാസം നൽകിയും ഭക്ഷണം നൽകിയും സഹായിക്കുന്ന പല സംഘനകളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിൽ ഒരു ഭൂരിഭാഗത്തിന്റെ അജണ്ട മതപരിവർത്തനമാണെങ്കിൽ കൂടിയും അവരുടെ മഹാമനസ്കതയെ അംഗീകരിക്കാതിരിക്കുവാൻ കഴിയില്ല.
ഇത്തരം സ്ഥലങ്ങളിൽ ഇന്ത്യാക്കാരുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ഓണവും ഈദും പോലുള്ള ആഘോഷങ്ങൾ നമ്മൾ പൊടിപൊടിക്കുന്പോൾ ആഫ്രിക്ക പോലുള്ള രാജ്യത്തെ ഒരു കുട്ടിക്കെങ്കില്ലും ബഹ്റിനിലെ മലയാളി സംഘടനകൾ സ്പോൺസർഷിപ്പ് നൽകിയാൽ എത്ര ധന്യമായേനെ...