വേണ്ടത് പ്രായോഗികമായ പരിഹാരങ്ങൾ


നിർത്താതെ പെയ്യുന്ന മഴയുടെ ബഹളത്തിനിടയിൽ വീടിന്റെ പ്രധാന ഗേറ്റിനപ്പുറം കക്ഷത്തിൽ ഒരു ഡയറിയും കൈയ്യിൽ ഒരു വടിയുമായി, ‘ചേട്ടാ വീട്ടിൽ പട്ടിയുണ്ടോ?’ എന്ന് ചോദിക്കുന്ന ഒരു ഇലക്ട്രിസിറ്റി ജീവനക്കാരന്റെ മുഖം ഇന്നും മായാതെ മനസ്സിലുണ്ട്.

അന്ന് പല വീടുകളിലും മീറ്ററിന്റെ പ്രവർത്തനം നിർത്താൻ ഫിലിം നെഗറ്റീവ് ഉപയോഗിക്കുമായിരുന്നു. ഞാനും എന്റെ ബാല്യകാലത്ത്‌ നടത്തിയ അത്തരമൊരു തട്ടിപ്പ് കൈയ്യോടെ പിടികൂടിയ ഇലക്ട്രിസിറ്റി ജീവനക്കാരൻ തന്ന ഉപദേശം, മീറ്റർ ഇലക്ട്രിസിറ്റി ബോർഡിന്റെ സ്വത്താണെന്നും മീറ്റർ ബോർഡിൽ നിന്നും ഷോക്കേറ്റാൽ അപകടം ഗുരുതരമാണെന്നുമായിരുന്നു.

മീറ്റർ റീഡിംഗ് എടുക്കുവാൻ ഇലക്ട്രിസിറ്റി ജീവനക്കാരൻ വരുന്പോൾ വീട്ടിൽ ആളില്ലെങ്കിൽ പിഴ ഈടാക്കും എന്ന തീരുമാനം വൈദ്യുത വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ്‌ തൽക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്.

ഒരു തീരുമാനം എടുക്കുന്പോൾ അത് പ്രായോഗികമാണോ അത് ശരിയായ തീരുമാനമാണോ എന്ന് വേണ്ടത്ര ചർച്ച ചെയ്യാതെയും പഠിക്കാതെയും എടുക്കുന്പോഴാണ് ഇത്തരം ഗതികേടുകൾ ഉണ്ടാകുന്നത്.

സാങ്കേതിക വിദ്യ വളർന്നിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാനുള്ള വിവരമോ അല്ലെങ്കിൽ സാന്പത്തിക അടിത്തറയോ നാം ഇനിയും കൈവരിച്ചിട്ടില്ല എന്നതാണ് സത്യം.

കേരളത്തിൽ മാത്രം ഒരു കോടിയിലധികം വീടുകളുണ്ട്. അതിൽ 99% വീടുകളിലും വൈദ്യുതിയുണ്ട്. ഇവിടെ ഓരോ വീട്ടിലും കയറിയിറങ്ങി മീറ്റർ റീഡിംഗ് എടുക്കുന്നത് തന്നെ ഒരു ഭഗീരത പ്രയത്നമാണ്. അപ്പോൾ ഒരേ വീട്ടിൽ ഗൃഹനാഥൻ ഇല്ലാത്തത് കാരണം രണ്ടും മൂന്നും പ്രാവശ്യം പോകേണ്ടി വരികയെന്നത് ന്യായീകരിക്കുവാൻ പറ്റാത്തതുമാണ്‌. ഈ പ്രശ്നം പരിഹരിക്കേണ്ടത്‌ സർക്കാരിന്റെ ആവശ്യമാണ്. അത് ഉപഭോക്താവിന്റെ നെഞ്ചിൽ കയറിയാവരുതെന്ന് മാത്രം.

കുറച്ച് വർഷങ്ങൾക്ക് മുന്പ് വിമാന യാത്രക്കാരന്റെ കൈയ്യിലുള്ള ടിക്കറ്റിൽ നിന്ന് ഒരു കൂപ്പൺ‍ നഷ്ടപ്പെട്ടാൽ പ്രസ്തുത സ്ഥലത്തേയ്ക്ക് യാത്ര അസാധ്യമായിരുന്നു. പിന്നീട് റീഫണ്ടിന് അപേക്ഷിക്കുന്പോഴും കൂപ്പൺ‍ നൽകാതെ പണം ലഭിക്കില്ലായിരുന്നു. ഇന്ന് പലരും യാത്ര ചെയ്യുന്പോൾ എയർപോർട്ടിലും security check points ലും നൽകുന്നത് മോബൈലിലുള്ള e-ticket മാത്രമാണ്. ഇത് സാധ്യമായത്‌ സാങ്കേതിക വിദ്യ IATA അംഗികരിക്കുകയും അത് പ്രബാല്യത്തിൽ വരാൻ പ്രയത്നിക്കുകയും ചെയ്തത് മൂലമാണ്.

സർക്കാരിനു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ട്രാൻസ്മിഷൻ മോഡ്യൂളു വഴി Remote wireless automatic meter reading system നടപ്പിലാക്കുവാൻ സാധിക്കും. വൈദ്യുതി ബോർഡിന്റെ ഓഫീസിലിരുന്ന് തന്നെ മീറ്റർ റീഡിംഗ് എടുക്കുവാനും, ഉപഭോക്താക്കൾക്ക് ഉടൻ തന്നെ sms വഴി ബില്ലിലെ തുക അറിയിക്കുവാനും സാധിക്കും. ഇത്തരമൊരു മീറ്റർ സ്ഥാപിച്ചാൽ വൈദ്യുതി മോഷ്ടിക്കുന്നതും, നഷ്ടമാകുന്നതും തടയുവാൻ പറ്റും.

കനത്ത മഴയും ഇടിമിന്നലും മരം വീഴലും ഉരുൾപ്പൊട്ടലും ഒക്കെ ഉള്ള കേരളത്തിൽ അപകടം വരാവുന്ന പ്രധാന വഴികളിലൊന്ന്, തലങ്ങും വിലങ്ങും വലിച്ച് കെട്ടിയിരിക്കുന്ന ഇലക്ട്രിക് കന്പികൾ വഴിയാണ്. എല്ലാ വർഷവും കാലവർഷം തുടങ്ങിയാൽ ഇലക്ട്രിക് കന്പി പൊട്ടി വീണ് ഷോക്കടിച്ച് മരണപ്പെട്ട വാർത്തകൾ കാണാം.

ഇന്ത്യ ഒരു വികസിത രാജ്യമായിരുന്നുവെങ്കിൽ ഇങ്ങനെ മരണപ്പെട്ടവരുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി വൈദ്യുതി മന്ത്രിയെ കോടതി കയറ്റി പണം വാങ്ങുമായിരുന്നു. ഇവിടെ വൈദ്യുത ബോർഡ് ചെയ്യേണ്ടത് ഇലക്ട്രിക് കന്പികൾ ഭൂമിക്കടിയിലൂടെ സ്ഥാപിക്കാനും, Automatic meter reading system നടപ്പിലാക്കുവാനും സർക്കാരിന് കാശില്ലെങ്കിൽ സ്വകാര്യ കന്പിനികൾക്ക് കരാർ നൽകുക എന്നതാണ്.

റോഡിനു ടോൾ വാങ്ങുന്ന പോലെ പ്രസ്തുത കന്പനികൾക്ക് ഒരു ചെറിയ തുക ഒരു നിശ്ചിത വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നൽകിയാൽ സർക്കാരിന്റെ കാശ് ചിലവാക്കാതെ പദ്ധതി നടപ്പിലാക്കാം.

Birla Electric പോലുള്ള കന്പനികൾ അയർലാൻഡ് പോലുള്ള രാജ്യങ്ങളിൽ ഇവ വിജയകരമായി നടപ്പിലാക്കിയതാണ്. ഇവിടെ സർക്കാർ നേരിടുന്ന പ്രശ്നം സ്വകാര്യ കന്പിനികൾക്ക് നൽകുന്പോൾ ഉണ്ടാക്കാവുന്ന പ്രതിഷേധം, അഴിമതി എന്നിവയ്ക്ക് പുറമേ മീറ്റർ റീഡിങ്ങിനായി നിയമിച്ച ഉദ്യോഗസ്ഥരെ എന്ത് ചെയ്യും എന്നുള്ളതാണ്. ഇനി ഇതൊന്നും നടപ്പിലാക്കാൻ പറ്റിയില്ലെങ്കിൽ വീടിന്റെ ഗെയിറ്റിന്റെ മുൻപിൽ ഒരു പ്രത്യേക ലോക്കറിൽ മീറ്റർ സ്ഥാപിക്കുകയും അത് തുറക്കാനുള്ള ചാവി വൈദ്യുത ബോർഡിനു മാത്രം നൽകുകയുമാണ് ഏക പ്രതിവിധി.

 

You might also like

Most Viewed