താക്കോൽദാന ചടങ്ങ്...
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വാഭാവിക വിശേഷണങ്ങളിൽ ഒന്ന്, നമ്മൾ ഒരു വിഷയത്തെ അടിസ്ഥാനമാക്കി ചർച്ച നടത്തുന്പോൾ ആ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് മറ്റ് പല വിഷയങ്ങളും തിരുകി കയറ്റി ചർച്ച എവിടെയുമെത്താതെ അവസാനിപ്പിക്കും എന്നതാണ്.
ടി.വി ചാനലായാലും, റേഡിയോ നിലയമായാലും സോഷ്യൽ നെറ്റ് വർക്കിംഗ് മാധ്യമങ്ങൾ ആയാലും അത്തരമൊരു പ്രവണത പ്രകടമാണ്. മോദിയുടെ Digital India എന്ന സ്വപ്ന പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്പോൾ പലരും ചർച്ച ചെയ്യുന്നത് ഗ്രാമങ്ങളിൽ ടോയിലറ്റ് ഇല്ലാത്തതിനെ കുറിച്ചും വിദ്യാലയമില്ലാത്തതിനെ കുറിച്ചുമാണ്. അതുകൊണ്ട് പ്രധാനമന്ത്രി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന, ഐ.ടി ഭീമന്മാരുമായിട്ടുള്ള കരാറുകൾ വഴിയുള്ള ഗുണവും ലാഭവും ആരും ചർച്ച ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഇവിടുത്തെ പ്രധാന ചോദ്യം, ഈ പറയുന്ന Facebook മേധാവി ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടു എന്ന് പറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമേയല്ല. അശ്ലീല വെബ്‌സൈറ്റ് നിരോധിക്കുവാനുള്ള തീരുമാനം ഏറ്റവുമധികം ഭയപ്പെടുത്തിയത് ഗൂഗിളിനേയും ഫേസ്ബുക്കിനേയും പോലുള്ള ഐ.ടി കമ്പനികളെയാണ്.
അമേരിക്കയും കഴിഞ്ഞാൽ ലോകത്ത് കൂടുതലായും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. 12.4 ബില്യൺ US dollar വാർഷിക വരുമാനമുള്ള ഫേസ്ബുക്കിന്റെ ലാഭം 3 ബില്യണ്‍ അടുത്താണ്. ഇന്റർനെറ്റ് ഗ്രാമങ്ങൾ തോറും വ്യാപിക്കുകയും ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കുകയും ചെയ്‌താൽ ഇന്ത്യയിലെ ഫേസ്ബുക്കിന്റെയും ഗൂഗിളിന്റേയും ഉപഭോക്താക്കളുടെ എണ്ണം നാലിരട്ടിയായി വർദ്ധിക്കും.
മോദിയെ പോലുള്ള ഒരു നേതാവിനെ കൈയിലെടുക്കുകയും ഒപ്പം പ്രോമോട്ട് ചെയ്യുകയും ചെയ്ക വഴി ഫേസ്ബുക്കും ഗൂഗിളും കണ്ണ് വെയ്ക്കുന്നത് ഭാവിയിൽ ലഭിക്കാവുന്ന ലാഭം തന്നെയാണ്.
ചൈന നിരോധിച്ച പോലെ യാഹു, ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, യൂട്യൂബ് എന്നീ കമ്പനികളെ ഇന്ത്യയും നിരോധിച്ചാൽ ഇന്ന് ഒഴുക്കി കൊണ്ടിരിക്കുന്നതും ഭാവിയിൽ ഒഴുകാൻ പോകുന്ന നികുതിയില്ലാത്ത ബില്ല്യൺ ഡോളറുകൾ ഈ കമ്പനികൾക്ക് നഷ്ടമാകും.
ഇന്ത്യ ഇന്നും e commerce മേഖലയിൽ ഒരു പത്ത് വർഷം പിറകിലാണ്. ഇന്ത്യയിൽ വിജയകരമായി നടന്ന
Flipkart നു നികുതി ചുമത്തിയത് കാരണം കച്ചവടം പകുതിയായി കുറഞ്ഞു.
ചൈനയിൽ facebook ന് പകരം അതേരീതിയിൽ ഉള്ള renren.com, 51.com എന്നീ വെബ് സൈറ്റുകൾ 70 ലക്ഷം ഉപഭോക്താക്കളെ ശേഖരിച്ച് കഴിഞ്ഞു. യൂട്യൂബിനു പകരം Yoku.com ഉം baidu.com, 360 പോലുള്ള സെർഞ്ച് എൻജിനുകളും ചൈനീസ് വിജയകരമായി നടപ്പാക്കി.
2014 ൽ മാത്രം ഫേസ്ബുക്കിന്റെ വരുമാനത്തിൽ 58 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇന്ത്യ പോലുള്ള രാജ്യത്ത് 120 കോടി ജനങ്ങളാൽ പകുതി പേരെങ്കിലും ഇന്റർനെറ്റ് വലയിൽ വീണാൽ ഫേസ്ബുക്കിന്റെ വരുമാനവും അഞ്ചോ പത്തോ ഇരട്ടിയായി വർദ്ധിക്കും.
ഇന്ത്യൻ സർക്കാർ കാശ് ചിലവാക്കി പഠിപ്പിച്ച വിദഗ്ദ്ധരെ ഉയർന്ന ശമ്പളം നൽകി പാട്ടിലാക്കി വളർന്ന കമ്പനികൾ ഇന്ത്യയിലേക്ക് നിക്ഷേപവുമായി വരുന്നത് ഇന്ത്യൻ സർക്കാരിനെയോ ജനങ്ങളെയോ നന്നാക്കാൻ അല്ല. പകരം ഇന്ത്യയുടെ സാക്ഷരത നിരക്ക് ഉയരുന്നതും ജനസംഖ്യ നിരക്ക് ഉയരുന്നതും കണ്ട് തന്നെയാണ്.
മോദി, ലോകത്തിലെ തന്നെ ഏറ്റവും അധികം വികസന സാധ്യതയുള്ള ഒരു രാജ്യത്തിന്റെ നേതാവാണ്. മോദി സുക്കർബർഗിനേയും ഗൂഗിൾ തലവനെയും പോയി കാണുന്നതിന് പകരം അവർ ഇന്ത്യയിൽ വന്നു മോദിയെ കണ്ട് അപേക്ഷിക്കുകയും സഹായം അഭ്യർഥിക്കുകയുമാണ് വേണ്ടത്.
ഇന്ത്യ ഭയക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പല വാണിജ്യ കരാറുകൾ തകരാറുകുമോ എന്നതാണ്. orkut എന്ന ഒരു വെബ് സൈറ്റ് facebook നേക്കാൾ ഇന്ത്യക്കാർ ഉപയോഗിച്ചിരിന്നു. Hotmail പ്രശസ്തമായപ്പോൾ അത് വലിയ ഒരു തുകയ്ക്ക് വിദേശ കന്പനികൾക്ക് വിറ്റ് ഉടമസ്ഥൻ കൈകഴുകി. flipkart എന്ന website സാമ്പത്തികമായി വളർന്നപ്പോൾ നികുതി ചുമത്തി തളർത്തി.
വിദേശ ഐ.ടി കമ്പനികൾക്ക് ഇന്ത്യയിൽ ഒരു ഇടം കൊടുക്കുന്പോൾ അത് സാങ്കേതികമായ അധിനിവേശത്തിന്റെ വേറൊരു രൂപമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഇതിനുപരി നാം ഭയക്കേണ്ടത്, ഇന്ന് ഇന്ത്യയിലെ 62 ലക്ഷത്തിലധികം വരുന്ന വിദ്യാഭ്യാസ സമ്പന്നരായ വ്യക്തികളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ facebook നും google ന്റെ കൈയിലുണ്ട് എന്നതാണ്. സർക്കാർ സംവിധാനത്തിന് സാധിക്കാത്ത രീതിയിൽ ഒരു വ്യക്തിയുടെ സഞ്ചാര പഥം വരെ മനസ്സിലാക്കുവാനും ഇവർക്ക് സാധിക്കുന്നു.
ഇന്ത്യ പോലുള്ള രാജ്യത്ത് വിദേശ ഐ.ടി കമ്പനികൾക്ക് സ്വാഗതമരുളുമ്പോൾ ഇവർക്ക് രാജ്യത്തിന്റെ താക്കോൽ നൽകുന്ന കർമ്മമായിട്ടാണ് എനിക്ക് തോന്നുന്നത്!