ചില വിനായക ചിന്തകൾ


മല്ലികാ ഷെറാവത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിറന്നാൾ ആശംസ നേരുന്ന യൂട്യൂബ് ദൃശ്യം കണ്ടു കൊണ്ടിരിക്കുന്പോഴാണ് അറിയാതെ ഓർത്തത് ഇന്ന് വിനായക ചതുർത്ഥിയാണെന്ന്.

സ്വന്തം ശരീരത്തിലെ അഴുക്ക് കൊണ്ട് ഒരു മകനെ ഉണ്ടാക്കിയ പാർവ്വതി, തന്റെ മകനാണെന്നറിയാതെ ഗണേശന്റെ തല ശിവൻ മുറിച്ചെടുത്തപ്പോൾ ജീവൻ നിലനിർത്താനായി തിരിച്ച് വെച്ചത് ആന
ത്തലയായിരുന്നു. നവ ജീവൻ ലഭിച്ച ഗണേശൻ എല്ലാ വിഘ്നങ്ങളും നീക്കുകയും സൂര്യനും, വിഷ്ണുവിനും ശിവനും ദുർഗയ്ക്കും തുല്യമായി നിൽക്കുവാനുള്ള ആരാധന മൂർത്തിയായി വളരുകയും ചെയ്തു.

മോഡിയുടെ മുകളിൽ ഗോദ്ര സംഭവം എന്ന ചെളിവാരി എറിഞ്ഞപ്പോൾ അവിടെ ഒരു നേതാവ് ജനിക്കുകയായിരുന്നു. ബി.ജെ.പി എന്ന പ്രസ്ഥാനത്തെ അഖിലേന്ത്യാ തലത്തിൽ വളർത്താൻ കാരണക്കാരനായ ക്ഷിപ്രകോപിയായ അദ്വാനി എന്ന പാർട്ടിയുടെ പിതാവ് മോഡിയെ ഒതുക്കിയപ്പോൾ പുതിയ മുഖവും ആനത്തലയുമായി മോഡി, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ‍, റഷ്യ, ചൈന എന്നീ സ്ഥലങ്ങളിലെ നേതാക്കൾക്കൊപ്പം വളർന്നു.

ഒരു നേതാവിന് വേണ്ടത് ഗണപതിക്കുള്ളതു പോലുള്ള തലയാണ്. എല്ലാം കേൾക്കാനുള്ള മനസ്സിലാക്കാനുള്ള രണ്ട് വലിയ ആന ച്ചെവികൾ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മണത്തറിയാനുള്ള വലിയ മൂക്ക്. എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുവാനുള്ള ചെറിയ കണ്ണുകൾ. എല്ലാം കാണുകയും, കേൾക്കുകയും, മനസ്സിലാക്കുകയും ചെയ്‌താൽ അതിനുള്ള പരിഹാരം കാണാനും, സമയബന്ധിതമായ തീരുമാനങ്ങൾ എടുക്കുവാനുമുള്ള ബുദ്ധി. വിശാലമായ ഗണേശന്റെ നെറ്റി സൂചിപ്പിക്കുന്നത് ബുദ്ധിയുടെ ആഴം തന്നെ.

വിനായക ചതുർത്ഥിയും മോഡിജിയുടെ പിറന്നാൾ ദിനവും ഒത്തു ചേരുന്പോൾ ഓർമ്മ വരുന്ന ജി. കൃഷ്ണമൂർത്തിയുടെ വാക്കുകൾ; മാതൃകകൾ പിന്തുടരുന്നവരുടെ ശീലവും ചിന്തയും യാന്ത്രികമാകുന്നു. അപ്പോൾ പ്രതികരണവും യാന്ത്രികമാകുന്നു. ലോകം പരന്പരാഗതമായ സമീപനത്തെ സ്വീകരിക്കുകയും, പിന്തുടരുകയും ചെയ്യുന്നു. മറ്റൊരാൾ നമുക്ക് വാഗ്ദാനം ചെയ്യുന്ന സത്യത്തെ തേടുന്നതാണ് നമ്മുടെ കുഴപ്പങ്ങളുടെ പ്രധാന കാരണം. നമുക്ക് സ്വസ്ഥകരമായ ജീവിതം ഉറപ്പ് തരുന്നവരെ നാം യാന്ത്രികമായി അനുസരിക്കുന്നു. ആ രെയും പിന്തുടരാതെ, ആരെയും അനുസരിക്കാതെ തീരുമാനങ്ങൾ എടുക്കുന്പോൾ ഒരു നേതാവ് പിറക്കുന്നു. മോഡി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാകുന്നതും ഇതേ കാരണം കൊണ്ട് തന്നെ. 

സ്വന്തം പിതാവിന്റെയും, അച്ഛമ്മയുടെയും ചിത്രങ്ങൾ postal stamp ൽ നിന്ന് മാഞ്ഞ് പോകുന്നത് കണ്ട് വിമ്മിഷ്ടത്തോടെ നിൽക്കുന്ന രാഹുൽ ഗാന്ധിയെന്ന നേതാവിനെ കുറിച്ച് പഠിച്ചാൽ, പരാജയത്തിന്റെ കാരണം വ്യക്തം. സ്വന്തം അമ്മയുടെ ആജ്ഞയ്ക്ക് അനുസരിച്ച് യാന്ത്രികമായി പ്രവർത്തിക്കുകയാണ് രാഹുൽ, ജി. കൃഷ്ണമൂർത്തിയുടെ വാക്കുകൾ കടമെടുത്താൽ ശിക്ഷണത്തിലും അനുവൃത്തിയാലും ജടമായ മനസ്സുള്ള  നേതാവാണ്‌.

മനുഷ്യനും വ്യക്തിയും തമ്മിൽ വ്യത്യാസമുണ്ട്. വ്യക്തി ഒരു പ്രത്യേക രാജ്യത്തിൽ ജീവിക്കുന്ന, പ്രത്യേക സംസ്കാരത്തിൽ, പ്രത്യേക സമുദായത്തിൽ, പ്രത്യേക മതത്തിൽ ഉൾപ്പെടുന്ന ഒരു പ്രാദേശിക സത്തയാണ്. മനുഷ്യൻ ഒരു പ്രാദേശിക സത്തയ്ക്ക് പകരം അവൻ എല്ലാ ദിക്കിലുമുള്ളയാളാണ്. വ്യക്തി വിസ്തൃതമായ ജീവിത മണ്ധലത്തിലെ ഏതോ മൂലയിരുന്ന് കർമ്മം ചെയ്യുകയാണെങ്കിൽ, ആ കർമ്മത്തിനു പൂർണ്ണതയോട് ബന്ധമില്ലാതെയാകുന്നു. ഇവിടെ നാം സംസാരിക്കുന്നത് പൂർണ്ണതയെ കുറിച്ചാണ്. അംശത്തെ കുറിച്ചല്ല. കാരണം വലുതിൽ ചെറുത് ഉൾക്കൊള്ളുന്നു. എന്നാൽ ചെറുതിൽ വലുത് ഉൾക്കൊള്ളുന്നില്ല. വ്യക്തി ശിലവിധേയമായ ദുഃഖാർത്തമായ ആശയറ്റ ഒരു കൊച്ചു സത്തയാണ്. രാഹുൽ ഗാന്ധി ഇന്നും ഒരു വ്യക്തി മാത്രമാണ്. അയാൾ തന്റെ കൊച്ചു പാരന്പര്യങ്ങളിലും വിശ്വാസങ്ങളിലും സംതൃപ്തനാണ്. എന്നാൽ മനുഷ്യനായ മോഡി ലോകത്തിന്റെ സമഗ്രമായ ക്ഷേമത്തിലും, സമഗ്രമായ ദുഃഖത്തിലും സമഗ്രമായ ശാന്തിയിലും ഉത്കണ്ഠാകുലനാണ്.

ഇന്ന് മോഡിയെന്ന നേതാവിനെ ചികഞ്ഞ് പഠിക്കുന്പോൾ തിരിച്ചറിയുന്നത് മതത്തെ ഒരു ഏണിപ്പടിയായി ഉപോയോഗിച്ച് തന്റെ ലക്ഷ്യ
ങ്ങൾ നേടുകയും അതുവഴി കർമ്മ മണ്ധലത്തിൽ പ്രായോഗികമായി കാര്യങ്ങൾ നീക്കുന്ന ഒരു സൂത്രശാലിയായ നേതാവിനെയാണ്.

ബി.ജെ.പി എന്ന പാർട്ടിയും അതിലെ അനുയായികളും വിശ്വസിക്കുന്ന പോലെ മോഡിയുടെ അജണ്ട കേവലം മതപരമായ  ലക്ഷ്യങ്ങൾ മാത്രമല്ല. അനുയായികളെ സന്തോഷിപ്പിക്കുവാനും അവരുടെ പിന്തുണ നിലനിർത്തുവാനും ചെയ്യുന്ന ചില ചെപ്പടി വിദ്യകൾക്കപ്പുറം, ഇന്ത്യ എന്ന രാജ്യത്തിന് പുതിയൊരു മുഖം സമ്മാനിച്ച്, ഇന്ത്യയെ വളർച്ചയുടെ പാതയൊരുക്കിയ നേതാവ് എന്ന് ചരിത്രകാരൻമാർ തന്റെ പേര് സ്വർണ്ണ ലിപികളിൽ എഴുതിപ്പിടിപ്പിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി  നീങ്ങുന്നു  എന്ന് മാത്രം.

ഇത് മോഡിയെന്ന നേതാവിനെ വളരെയധികം അറിയുന്ന നേതാക്കളും തിരിച്ചറിയുന്നുണ്ട്. അമ്മയെ ചുറ്റിപറ്റി നടക്കുന്ന രാഹുൽ ഗാന്ധിയെന്ന നേതാവ് പ്രതിപക്ഷത്തിരിക്കണം എന്നതും മോഡിയുടെ ആവശ്യം തന്നെ.

ഇന്ത്യാ മഹാരാജ്യം വളർന്ന് പന്തലിക്കുന്പോൾ ജാതി മത ചിന്തകളില്ലാതെ, ജനാധിപത്യ സംസ്കാരം നിലനിർത്തി ഇന്ത്യക്ക് പുതിയ മുഖവും ദിശയും നൽകുവാൻ മോഡിജിക്ക് സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്...

You might also like

Most Viewed