ഇതൊരു വല്ലാത്ത ലോകമാ...
സുരേശൻ നാട്ടിലെ ചെറിയ കെട്ടിടങ്ങൾ പണിയുന്ന ഒരു കോണ്‍ട്രാക്ടർ ആണ്. വീടിന്റെ ചില അറ്റകുറ്റ പണികൾ തീർക്കുവനായി വിളിച്ചപ്പോഴാണ് അയാൾ ഭാര്യയോടൊപ്പം കോഴിക്കോട്ടുള്ള പ്രശസ്തമായ ആശുപത്രിയിലാണെന്ന് പറഞ്ഞത്.
സുരേശന്റെ ഭാര്യയുടെ വൃക്ക തകരാറിലാണെന്നും പറ്റാവുന്നത്ര വേഗത്തിൽ വൃക്ക മാറ്റിവെക്കുന്നതാണ് നല്ലതെന്ന ഡോക്ടറുടെ അഭിപ്രായം കേട്ടതും സുരേശൻ വൃക്ക തേടിയുള്ള ഓട്ടത്തിലായി.
ആശുപത്രിയിലെ ചിലരെ ബന്ധപ്പെട്ടപ്പോൾ വൃക്ക നൽകുന്നവർക്കിടയിലുള്ള ചില ഏജന്റുമാരുടെ ടെലിഫോൺ നമ്പർ ലഭിച്ചു. ഏജന്റുമാരെ വിളിച്ചപ്പോൾ വളരെ നല്ല പ്രതികരണമായിരുന്നു. എല്ലാ ബ്ലഡ് ഗ്രൂപ്പിലുള്ളവരുടെയും വൃക്ക അവരുടെ കൈയിലുള്ള ലിസ്റ്റിൽ ലഭ്യമാണ്. ഏജന്റുമാർ ആവശ്യപ്പെട്ടത് 14 ലക്ഷം രൂപ, അതിൽ പകുതി പണം അഡ്വാൻസായി നൽകണം. ബാക്കി പകുതി ഓപ്പറേഷന്റെ ദിവസം നൽകണം. പണം പോയാലും ഭാര്യയുടെ ജീവൻ രക്ഷിക്കണമെന്ന ആഗ്രഹത്തിൽ സുരേശൻ എജന്റുമാരുമായി നേരിൽ കണ്ട് വിലപേശൽ തുടങ്ങി. അതിനിടയിൽ പരിചയക്കാരനായ ഒരു ഡോക്ടറാണ് പറഞ്ഞത് പലരും കാശ് വാങ്ങി മുങ്ങിയിട്ടുണ്ട്. ഇവിടുത്തെ പ്രധാന പ്രശ്നം, വൃക്ക നൽകാനായി കാശ് നൽകി എന്നറിഞ്ഞാൽ അത് നിയമകരമായി കുറ്റകരമാണ്. അതുകൊണ്ട് തന്നെ പണവുമായി എജന്റ് മുങ്ങിയാൽ പോലീസിൽ പരാതി പറയാനോ കേസിന് പോകാനോ പറ്റില്ല.
പ്രസ്തുത ഡോക്ടറുടെ ഉപദേശ പ്രകാരം സുരേശൻ കേരളത്തിലെ ഒരു പ്രമുഖ പത്രത്തിൽ വൃക്ക വേണമെന്ന പരസ്യം നൽകി. പ്രസ്തുത പരസ്യം പുറത്തിറങ്ങിയ പ്രഭാതത്തിൽ തുടങ്ങിയ ഫോൺ വിളികളുടെ ഉപദ്രവം രാത്രി പന്ത്രണ്ട് മണിയായിട്ടും തീർന്നില്ല.
ഓരോരുത്തരും ടെലിഫോൺ വിളിച്ച് വൃക്ക നൽകാമെന്ന് ഉറപ്പ് നൽകുമ്പോൾ തന്നെ അവരുടെ പ്രയാസങ്ങളും വിവരിക്കും. മകളെ പഠിപ്പിക്കുവാൻ പണമില്ലാത്ത അച്ഛൻ, കിടപ്പാടം ബാങ്ക് ജപ്തി ചെയ്ത് കൊണ്ട് പോകാതിരിക്കാൻ വൃക്ക നൽകുന്ന മാതാവ്, ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി ഓപ്പറേഷന് പണം തേടുന്ന ഭാര്യ, ക്യാൻസർ ബാധിച്ച അമ്മയെ സഹായിക്കുവാനായി പരക്കം പായുന്ന മകൻ. അങ്ങിനെ ഓരോരുത്തരും വിളിക്കുന്നത് വിവിധ പ്രശ്നങ്ങളുമായാണ്.
നിരന്തരം, ഒരാഴ്ചയോളം നിർത്താതെയുള്ള ഫോൺ വിളി തുടർന്നപ്പോൾ സുരേശൻ ടെലിഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഭാര്യയുടെ രോഗത്തിനേക്കാൾ സുരേശന്റെ മനസ്സിൽ ഏറ്റവും വലിയ വിഷമം ആരുടെ കൈയ്യിൽ നിന്ന് വൃക്ക വാങ്ങും എന്നതായി.
മിക്ക ടെലിഫോൺ കോളുകളും വന്നത് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ നിന്നായിരുന്നു. കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ലഭിച്ചത് കേവലം മൂന്ന് ടെലിഫോൺ കോളുകൾ മാത്രം. ഇതെന്ത് കൊണ്ടാണ് എന്ന് അന്വേഷിച്ചപ്പോഴാണ് ഡോക്ടർ പറഞ്ഞത്, അവയവദാനത്തെ കുറിച്ചു സെമിനാറുകളും, ചർച്ചകളും, ബോധവത്കരണവും കൂടുതലായി നടക്കുന്നത് കോഴിക്കോട് തിരുവനന്തപുരം ജില്ലയിലാണ്. അതുകൊണ്ട് തന്നെ വൃക്ക ദാനമായി നൽകി വർഷങ്ങളായി പ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിക്കുന്നവർ ഈ ജില്ലകളിൽ സുലഭമാണ്.
സാന്പത്തികമായി പരാധീനത അനുഭവിക്കുന്ന പല കുടുംബങ്ങളും വൃക്ക സംബന്ധമായി പ്രശ്നങ്ങളുള്ള രോഗികളെചികിത്സിക്കുന്ന ആശുപത്രികളിൽ ചെന്ന് അവിടുത്തെ ചില എജന്റ്മാർക്കായി കരാറിൽ ഏർപ്പെടുന്നു. ഏജന്റുമാർ വൃക്ക ദാനമായി നൽകുന്നവർക്ക് നൽകുക പലപ്പോഴും മൂന്ന് ലക്ഷം രൂപക്ക് താഴെയാണ്.
വൃക്ക കച്ചവടക്കാരുടെ ലോബിയിൽപ്പെടാതെ സുരേശൻ കണ്ണൂരിൽ നിന്നും ലഭിച്ച ടെലിഫോൺ കോൾ വഴി ബന്ധപ്പെട്ട വ്യക്തിയെ നേരിൽ കണ്ടു. അവർ ആവശ്യപ്പെട്ടത് കേവലം നാല് ലക്ഷം രൂപമാത്രം. പ്രസ്തുത കുടുംബം സന്തോഷം സഹിക്കാനാവാതെ കരഞ്ഞ് കൊണ്ട് പ്രതിഫലം ഏറ്റ്
വാങ്ങി.
14 ലക്ഷത്തിൽ നിന്ന് 4 ലക്ഷത്തിലേയ്ക്ക് പ്രതിഫല തുക കുറഞ്ഞത് സുരേശനും ആശ്വാസമായി. കച്ചവടം വേറെ ആൾക്കാരുമായി നടന്നു എന്ന് അറിഞ്ഞപ്പോൾ ഒരു എജന്റ് സുരേശനെ വിളിച്ചിട്ട് ഒരു പുതിയ അഭ്യർത്ഥന നടത്തി. പറ്റുമെങ്കിൽ ചേട്ടനെ വിളിച്ച ആൾക്കാരുടെ ടെലിഫോൺ നമ്പരും, പേരും നൽകിയാൽ നന്നായിരുന്നു എന്നായിരുന്നു അത്.
ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ഏജന്റിന് വൃക്ക ആവശ്യമുണ്ടെന്ന പരസ്യം പത്രത്തിൽ കൊടുക്കുവാൻ പറ്റില്ല. എജന്റ് തന്റെ ഡാറ്റബേസ് വിപുലപ്പെടുത്തുവാൻ നടത്തിയ അഭ്യർത്ഥന കേട്ട സുരേശൻ പറയുന്നത്.... ‘സാറേ, ഇതൊരു വല്ലാത്ത ലോകമാ... വല്ലാത്ത ലോകം...’