വേണ്ടത് ഒരു റീബ്രാന്റിംഗ്


സി.പി.എം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ആശയപരമായ ദാരിദ്ര്യം കൊണ്ട് അനാവശ്യമായ വിവാദങ്ങളിലേക്ക് വഴുതി വീഴുന്നു എന്നതാണ്.

കേരളത്തിൽ ഒരു കാലത്ത് ചിന്തിക്കുന്ന, വായിക്കുന്ന, ചർച്ച ചെയ്യുന്ന ഒരു ഭൂരിഭാഗം സി.പി.എമ്മിന്റെയോ, മറ്റ് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ചിന്താഗതിയിൽ പ്രവർത്തിക്കുന്നവരുടെ കൂടെയായിരുന്നു.

ഇന്നത്തെ ലോകത്ത് ഏതൊരു പ്രസ്ഥാനവും വിജയിക്കണമെങ്കിൽ വേണ്ടത് രണ്ട് ഘടകങ്ങളാണ്. അതിൽ ആദ്യത്തെ ഘടകം, പ്രസ്തുത പ്രസ്ഥാനം നടത്തുന്ന പ്രധാന വ്യക്തിയുടെ സാമാന്യ ബോധമാണ്. രണ്ടാമത്തെ ഘടകം ചെയ്യുന്ന ഓരോ പ്രവർത്തിയിലൂടെയും മറ്റുള്ളവർക്ക് ഒരു ചെറിയ ആശ്ചര്യം ഉണ്ടാക്കുക എന്നതാണ്.

വിവരവും, വിജ്ഞാനവും, ഗൂഗിൾപോലുള്ള സെർച്ച് എഞ്ചിനുകൾ നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ കൈവിരൽ തുന്പിലെത്തിക്കുന്നു. പക്ഷേ പുസ്തകത്തിനും ഇന്റർനെറ്റിനും നൽകാൻ പറ്റാത്തതാണ് സാമാന്യ ബോധം. ഇന്ന് സി.പി.എമ്മിന് ഇല്ലാത്തതും ഇത് തന്നെ.

സി.പി.എമ്മിലെ നിലവിലുള്ള നേതാക്കൾക്ക് ദീർഘ വീക്ഷണം ഇല്ലാതായിരിക്കുന്നു. പുത്തൻ ആശയങ്ങൾ അംഗീകരിക്കാനും കണ്ടുപിടിക്കാനും പറ്റാതെ നട്ടം തിരിയുന്പോൾ മറ്റുള്ളവരെ അനുകരിക്കുക വഴി പാർട്ടിയുടെ നിലവിലുള്ള അസ്ഥിത്വം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പാർട്ടി ഉടൻ ചെയ്യേണ്ടത് ഏതെങ്കിലും ഒരു സ്വകാര്യ പ്രൊഫഷണൽ കന്പിനിക്ക് റപ്യുറ്റേഷൻ മാനാജ്മെന്റിനായി ഒരു കാരാറിലേർപ്പെടുക എന്നതാണ്.

അതിൽ ആദ്യപടിയായി, കോൺ‍ഗ്രസ് മഹാത്മാഗാന്ധിയെ ദത്തെടുത്തത് പോലെ, മോഡി സർദാർ വല്ലഭായി പട്ടേലിനെ പ്രമോട്ട് ചെയ്തതു പോലെ സി.പി.എം മാർക്സിനെയും ലെനിനെയും ചെഗുവരെയും ഒഴിവാക്കി, സുഭാഷ് ചന്ദ്രബോസിനെയോ ഭഗത് സിങ്ങിനെയോ പോലുള്ള ഇന്ത്യൻ നേതാക്കളെ പ്രൊമോട്ട് ചെയ്ത് ബ്രാന്റ് ചെയ്തെടുക്കുക.

ശ്രീ നാരായണ ഗുരുവിനെ പോലുള്ള സാമൂഹിക സാംസ്കാരിക നായകന്മാരുടെ ഇമേജ് സി.പി.എം പോലുള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ള പാർട്ടിയുടെ ബ്രാന്റിംഗിന് ചേരുന്നതല്ല. ശോഭയാത്രക്ക് പകരം വർഷത്തിൽ ഒരിക്കൽ ‘പോരാളിയാത്ര’ എന്ന പേരിൽ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി പോരാടി മരിച്ച വിപ്ലവകാരികളുടെ പോസ്റ്ററും ടാബ്ലോയും പ്ലോട്ടും നിരത്തി ആഘോഷിക്കുക.

സി.പി.എമ്മിന്റെ നേതൃത്ത്വനിരയിലേയ്ക്ക് വെട്ട്, കുത്ത്, അഴിമതി എന്നിവയിൽ പ്രതിയാകാത്ത ഒരു യുവ നേതാവിനെ കൊണ്ട് വരിക.

പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ എന്നീ നേതാക്കൾക്ക് ഒരു പുതിയ ഇമേജ് ഉണ്ടാക്കുവാൻ ഏതെങ്കിലും വിദേശ കന്പിനിയുടെയോ ഇന്ത്യയിൽ തന്നെയുള്ള Ernst & Young, Arthur Andersen എന്നീ കന്പനികളുമായി കരാറുണ്ടാക്കുക.

എം.ബി രാജേഷിനെ പോലെ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കുകയും, വികാര പരമാല്ലാതെ വിവേകത്തോടെ ഇടപെടുന്ന യുവ നേതാക്കളെ മാത്രം മാധ്യമങ്ങളിൽ ഇടപെടുവാൻ അനുവദിക്കുക.

മാർക്സിന്റെ ആശയങ്ങളും, സിദ്ധാന്തവുമല്ല പകരം കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് പാർട്ടി സെക്രട്ടറി തുറന്നു പറയുക.

കേരളത്തിലെയും വെസ്റ്റ്‌ ബംഗാളിലെയും സമ്മുന്നത നേതാക്കന്മാർ ഒരുമിച്ചിരുന്നു പാർട്ടിക്ക് ‘Das Capital’ എന്ന പുസ്തകത്തിനു പകരം ‘Communism in Modern Era’ എന്ന പുസ്തകം പുറത്തിറക്കുക. അത് പാർട്ടിയുടെ പുതിയ ചിന്തകളും സ്വപ്നങ്ങളും വീക്ഷണങ്ങളും ഉൾപ്പെടുത്തി ഇന്ത്യൻ കാലാവസ്ഥയിൽ എങ്ങിനെ നടപ്പാക്കാം എന്നത് വിശദീകരിക്കുക.

പാർട്ടിയുടെ ചുവപ്പ് കൊടി മാറ്റി വെള്ള നിറമാക്കി, അതിൽ അരിവാളും ചുറ്റികയും നക്ഷത്രവും പതിക്കുക.

ഹർത്താലും ബന്ദും പാർട്ടി സമരമാർഗ്ഗങ്ങളായി ഉപയോഗിക്കില്ല എന്ന് പ്രഖ്യാപിക്കുക.

തൊഴിലാളികളെ സംരക്ഷിക്കുന്ന പോലെ തന്നെ മുതലാളിമാരുടെ അവകാശവും സംരക്ഷണവും പാർട്ടി ഉറപ്പു വരുത്തുക.

ഇ.എം.എസ്സിനെ നമ്മൾ ഇന്നും ആരാധിക്കുന്നത് അദ്ദേഹം നടത്തിയ പ്രഭാക്ഷണങ്ങളും എഴുതിയ പുസ്തകവും വായിച്ചിട്ടാണ്. സി.പി.എമ്മിന്റെ പ്രധാന നേതാക്കളുടെ പേരിൽ നല്ല കാന്പുള്ള പുസ്തകങ്ങൾ എഴുതിയും നേരത്തെ തയ്യാറാക്കിയ വ്യക്തമായ പ്രസംഗങ്ങൾ വഴിയും പുതിയ ഇമേജ് ഉണ്ടാക്കുക.

പാർട്ടി ഓൺ‍ലൈൻ വെബ്സൈറ്റ് വഴി പാർട്ടിയുടെ സ്വത്തുക്കൾ, അതിന്റെ അവകാശികൾ, നേതാക്കന്മാരുടെ സ്വത്ത് വിവരങ്ങൾ, സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക.

പാർട്ടി അനുയായികളോട് ആക്രമണങ്ങളിൽ ഏർപ്പെടരുതെന്ന് ഉറപ്പിച്ച് പറയുക. ആക്രമണങ്ങൾ നടത്തുന്നവരുടെ പാർട്ടി മെന്പർ ഷിപ്പ് കാൻസൽ ചെയ്യുക.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടത് ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരു ആവശ്യം തന്നെയാണ്. തലമുതിർന്ന നേതാക്കൾ മാത്രമായി തീരുമാനമെടുക്കാതെ പുതിയ തലമുറയുടെ നല്ല നേതാക്കന്മാരെ കണ്ടെടുക്കുകയും അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പ്‌ അപകടത്തിൽ തന്നെ.

 

You might also like

Most Viewed