പണിയെടുക്കാത്ത പണിമുടക്കികൾ


തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ വന്ന് ട്രെയിൻ ഇറങ്ങിയപ്പോൾ സമയം പുലർച്ചെ 3.30 കഴിഞ്ഞിരുന്നു. റയിൽവേ േസ്റ്റഷന്റെ മുന്നിൽ ടാക്സിയോ ഓട്ടോ റിക്ഷയോ ഇല്ല. ദേശീയ പണിമുടക്കിന്റെ ഭാഗമായി വാഹനങ്ങളൊന്നും ഓടുകയില്ല എന്ന മുന്നറിപ്പുണ്ടെങ്കിലും സമരം തുടങ്ങുന്നത് രാവിലെ ആറ് മണി മുതൽ ആയിരിക്കുമല്ലോ എന്ന വിശ്വാസത്തിലാണ് ട്രെയിൻ കയറിയത്. വീടിനു തൊട്ടടുത്തുള്ള ഒരു ഡ്രൈവറെ വിളിച്ച് കാറുമായി വരാൻ പറഞ്ഞപ്പോൾ മൂപ്പർക്കും മനസ്സിൽ ഒരു പേടി. ആരെങ്കിലും കല്ലെറിഞ്ഞാൽ കാറിന്റെ ചില്ല് പൊട്ടിയാൽ insurence coverageവരെ ലഭിക്കില്ല എന്ന ഒർമ്മിപ്പിക്കലും. കാറ്‌ തകർന്നാലും സാരമില്ല റെയിൽവേ േസ്റ്റഷനിൽ കിടക്കുവാൻ പറ്റില്ല എന്ന തീരുമാനത്തിന് ഡ്രൈവർ അവസാനം മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.

പ്രതീക്ഷിച്ച പോലെ റോഡിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. റോഡുകൾ പകൽ മുഴുവൻ വിജനമായി കിടന്നു. ടൂ വീലർ വരെ റോഡിലില്ല. ഒരു ട്രേഡ്‌ യൂണിയൻ നേതാവ് സ്വകാര്യ വാഹനങ്ങളോ ടൂ വീലറോ പോലും റോഡിലിറങ്ങരുതെന്നാണ് സംഘടന ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതും കേരളത്തിലെ അഭ്യസ്തവിദ്യരായ ജനം ഉത്തരവ് കമ എന്നൊരക്ഷരം പറയാതെ അനുസരിച്ചു. കേരളത്തിലും വെസ്റ്റ്‌ ബംഗാളിലും മാത്രമാണ് പ്രസ്തുത പണിമുടക്ക് വിജയിച്ചത്. ഡൽഹി, മുബൈ, ചെന്നൈ എന്നീ വൻ നഗരങ്ങളിൽ ജനം ഇതൊന്നും മുഖ വിലക്കെടുക്കാതെ ജോലിക്ക് പോവുകയും കട കന്പോളങ്ങൾ തുറക്കുകയും ചെയ്തു. 

കേരളത്തിലെ ജനങ്ങൾ ഒരു ഹർത്താൽ ആഘോഷിക്കുവാൻ സസന്തോഷം തയ്യാറായി നിൽക്കുന്ന കുഴി മടിയൻമാരാണ്. വീടിന്റെ വെളിയിൽ ഇറങ്ങാതെ ടി.വിയും കണ്ട് ഒരു സ്മോളടിച്ച് കൂർക്കം വലിച്ച് കിടക്കാനാവുന്ന ഒരു സന്ദർഭം മലയാളി ഒഴിവാക്കില്ല.

ഇന്ത്യയിൽ 15 കോടിയിലധികം തൊഴിലാളികൾ തൊഴിൽ മുടക്കി സമരം ചെയ്തു എന്ന് നേതാക്കൾ അഭിമാനത്തോടെ പറയുന്പോൾ ചോദ്യം ഇതാണ് അതുകൊണ്ട് ആർക്കാണ് നേട്ടം? ഈ സമരം ഡൽഹിയിലുള്ള നേതാക്കളെയോ സർക്കാരിനെയോ ഒരു രീതിയിലും സ്പർശിച്ചിട്ട് പോലുമില്ല എന്നതാണ് സത്യം.

15 കോടി തൊഴിലാളികൾ 8 മണിക്കൂർ പണിമുടക്കിയപ്പോൾ നഷ്ടപ്പെട്ടത് 120 കോടി മണിക്കൂർ പ്രവർത്തന സമയമാണ്. ഒരു തൊഴിലാളിയുടെ വരുമാനം ശരാശരി ഒരു ദിവസം 500 രൂപയാണെങ്കിൽ നഷ്ടപ്പെട്ടത് 7500 കോടി രൂപയാണ്. സമരം മൂലം പൂട്ടിപ്പോയ ഫാക്ടറികൾക്കുണ്ടായ നഷ്ടം ഇതിലും എത്രയോ ഇരട്ടിയായിരിക്കും. നിയമ സംവിധാനത്തെ തകർത്ത് കൊണ്ട് നിസ്സഹരണം എന്ന തന്ത്രത്തിലൂടെ ആവശ്യങ്ങൾ നേടുക എന്ന മഹാത്മജിയുടെ സമരതന്ത്രം സ്വതന്ത്ര സമര കാലത്ത് ഒരു നല്ല ആയുധം തന്നെയായിരുന്നു. അന്ന് ഇന്ത്യമഹാരാജ്യത്തിലെ സന്പത്ത് കട്ട് മുടിക്കുന്ന വെള്ളക്കാരോട് പോരാടാനും അവരെ തുരത്താനും അത്തരമൊരു സമരമാർഗ്ഗം ആവശ്യം തന്നെയായിരുന്നു.

ഇന്ന് ഇന്ത്യൻ സർക്കാരിന്റേയും രാജ്യത്തിന്റെയും വികാസത്തിന് തടസ്സം നിൽക്കുന്ന സാന്പത്തിക വരുമാനം കുറയ്ക്കുന്ന ഒരു സമര മാർഗ്ഗവും പ്രയോഗിക്കരുത്. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക വികസനത്തിന് ഓരോ രൂപയും വിലയേറിയത് തന്നെ.

തൊഴിലാളി സംഘടനകളുടെ മിനിമം വേതനം മുതൽ മറ്റ് ആവശ്യങ്ങളും പരിഗണനയ്ക്ക് വെയ്ക്കേണ്ട വിഷയം തന്നെ. മാറി മാറി വരുന്ന പല സർക്കാരും പരിഗണിക്കാത്ത ഈ വിഷയം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ചർച്ചക്ക് വന്നു എന്നതും, നിയമപരമായി മാറ്റേണ്ട ചില ഉത്തരവുകൾക്ക് ആറ് മാസം സമയമെങ്കിലും വരുമെന്ന് സർക്കാർ അറിയിച്ചതുമാണ്‌. സമരം ആഹ്വാനം ചെയ്യുന്ന നേതാക്കന്മാർ സമരത്തിൽ താൽപര്യമുള്ളവർ മാത്രം പങ്കെടുത്താൽ മതിയെന്നും കടകന്പോളങ്ങൾക്ക് പ്രവർത്തിക്കാമെന്നും, സ്വകാര്യവാഹനങ്ങൾ ഓടാമെന്നും പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഒരു രാജ്യത്തിനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ അക്രമം രാജ്യത്തിന്റെ സാന്പത്തിക സ്രോതസ്സിനെതിരെ വിഘ്നമായ തീരുമാനങ്ങൾ എടുക്കുക എന്നതാണ്. ഹർത്താലിന്റെ പേരിൽ ബന്ദും അതിന്റെ പേരിൽ സർക്കാർ വക സ്ഥാപനങ്ങളും വാഹനങ്ങളും കത്തിക്കുക എന്നതിന്റെ ധാർമ്മിക ഉത്തരവാദിത്ത്വം ഇത്തരം സമരങ്ങൾ ആഹ്വാനം ചെയ്യുന്ന നേതാക്കൾ ഏറ്റെടുക്കണം.

 ഇന്റർനെറ്റും, ഫേസ്ബുക്കും പോലുള്ള സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ വഴി പല നൂതന സമരമുറകളും സംഘടനകൾക്ക് ചെയ്യാൻ പറ്റും. ഒരു ദേശിയ പണിമുടക്ക് കൊണ്ട് ഈ നേതാക്കളും സംഘടനയും എന്തെങ്കിലും നേടിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഈ ദേശീയ പണിമുടക്കിനേക്കാൾ ഡൽഹിയിൽ പോയി ഏതെങ്കിലും ഒരു നേതാവ് നിരാഹാരം കിടന്നാൽ ഇതിലും നല്ല impact ഉണ്ടാവുമെന്നതാണ് സത്യം.

You might also like

Most Viewed