മതവും ഭീകരവാദവും


ലോകത്തെ നടുക്കുന്ന ഓരോ ഭീകരവാദ ആക്രമണങ്ങളും നമ്മെ പലപ്പോഴും ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യാറുണ്ട്. റോഡിലായാലും ഷോപ്പിംഗ് മാളിയാലായാലും സിനിമാ തിയേറ്ററിലായാലും എന്തിനധികം വിദ്യാലയങ്ങളിൽ വരെ ഭീകരവാദികളുടെ വിഹാര കേന്ദ്രങ്ങളായിരിക്കുന്നു.

ജന്മം കൊണ്ട് ഒരിക്കലും ഒരുവൻ ഭീകരവാദിയാകുന്നില്ല. ഒരു വ്യക്തി ഇത്തരം സംഘടനകളുമായി കൂട്ട് ചേരാനും പ്രവർത്തിക്കാനുമുള്ള പ്രചോദനം എന്താണ്? ആദ്യകാലങ്ങളിൽ പലപ്പോഴും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു ഇത്തരം സംഘടനകളിൽ ചേരുന്നതെങ്കിൽ ഇന്ന് സന്പന്നതയുടെ നടുവിൽ നിന്നാണ് പലരും ഇത്തരം ഹീനകൃത്യങ്ങളിലേക്ക് എടുത്ത് ചാടുന്നത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ 69 ശതമാനം വർദ്ധനവാണ് ലോകമെന്പാടും ഭീകരാക്രണങ്ങളുടെ കാര്യത്തിൽ നടന്നിരിക്കുന്നത്. പരിക്ക് പറ്റുന്നവരുടെ കാര്യത്തിലും 89ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് പിറകിലുള്ള പ്രധാന കാരണങ്ങൾ, അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ജീവിക്കുന്ന കുടുംബത്തിലെ ജീവിതരീതി ഒപ്പം ചുറ്റുമുള്ള സമൂഹം എന്നിവയാണ്.

പലപ്പോഴും ഇത്തരം തീവ്രവാദ സംഘടനകളുടെ ഇരകളായി മക്കൾ മാറുന്നത് അവരുടെ മാതാപിതാക്കൾ അറിയുന്നില്ല എന്നത് നമ്മെ അതിശയിപ്പിക്കുന്ന വസ്തുതയാണ്. 

ഒസാമ ബിൻ ലാദൻ സമൂഹം ബഹുമാനിക്കുന്ന കുടുംബത്തിൽ നിന്നുള്ള ഒരു വ്യക്തിയാണ്. ആ കുടുംബത്തിലെ മറ്റ് കുടുംബാംഗങ്ങളൊന്നും ഇത്തരം സംഘടനയുമായി ബന്ധപ്പെട്ടുള്ളവല്ലെന്നതും ഇത്തരം ചിന്തയെ എതിർക്കുന്നവരാണെന്നുള്ളതും നമ്മെ അതിശയിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന്  അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസവുമായി വളരെയധികം ബന്ധമുണ്ട്. വിദ്യാലയങ്ങൾ വഴി ലഭിക്കുന്ന അറിവും ഒപ്പം മതപഠനക്ലാസിൽ നിന്നു ലഭിക്കുന്ന അറിവും ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വ രൂപീകരണത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ട്.

വിദ്യാലയങ്ങളിൽ എന്ത് പഠിപ്പിക്കണം എന്നത് തീരുമാനിക്കുന്നത് ആ രാജ്യത്തിലെ വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ദ്ധരാണ്. അതുകൊണ്ടു തന്നെ വിവിധ സിലബസിലുള്ള വിദ്യാഭ്യാസ സംവിധാനം സർക്കാരും വിദ്യാഭ്യാസ വകുപ്പും കാലത്തിനനുസരിച്ച് മാറ്റുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുന്നു. പൊതുജനവും സർക്കാർ സംവിധാനങ്ങളും വിദ്യാർത്ഥികളും മാതാപിതാക്കന്മാരും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അതേ സമയം ലോകത്തെന്പാടുമുള്ള വിവിധ മതസംഘടനകൾ നല്കുന്ന മതപഠന ക്ലാസുകളിൽ എന്ത് പഠിപ്പിക്കുന്നുവെന്നോ ആര് പഠിപ്പിക്കുന്നുവെന്നോ എന്ന് പൊതുജനവും സർക്കാരും മാതാപിതാക്കളും അന്വേഷിക്കുന്നില്ല.

ഇത് ഭീകരമായ ഒരു അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. എസ്.എസ്.എൽ.സി പാസ്സാകാതെ ഗുസ്തിയുമായി നടക്കുന്നവൻ ലോകത്തിലെ വിവിധ മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്പോൾ പ്രസ്തുത ഗ്രന്ഥംത്തിലെ ആശയങ്ങൾ എങ്ങിനെയാണ് പകർന്ന് കൊടുക്കുന്നത് എന്നതിന് ഒരു മാനദണ്ധവും സർക്കാരോ വിദ്യാഭ്യാസ വകുപ്പോ നടത്തുന്നില്ല.

എല്ലാ മതപഠനക്ലാസിനും ഒരു സിലബസ് സർക്കാർ വിദ്യാഭ്യാസ വകുപ്പും മതനേതാക്കളുമായി ചർച്ച ചെയ്ത് ഉണ്ടാക്കണം. ഈ പറയുന്ന സിലബസിൽ ഉൾപ്പെടാത്ത ചിന്തകൾ പഠിപ്പിക്കുന്നോ എന്നന്വേഷിക്കുവാൻ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കണം.

മതപഠന ക്ലാസ് എടുക്കുന്നവർക്ക് എല്ലാവർക്കും ഡിഗ്രിയും ബി.എഡും നിർബ്ബന്ധമാക്കണം. ഡോക്ടറേയും എഞ്ചിനീയറെയും ശാസ്ത്രജ്ഞനെയും വക്കീലിനെയും ഒക്കെ വാർത്തെടുക്കുന്നത് പോലെ മതപുസ്തകങ്ങൾ നല്കുന്ന നല്ല ചിന്തകൾ ലോകത്തിന് പകർന്നു കൊടുക്കുവാൻ പ്രാപ്തരായ മതനേതാക്കളെ ഇതുപോലുള്ള മതപഠന ക്ലാസുകൾ വഴി വാർത്തെടുക്കണം.

എല്ലാ മതവും സൃഷ്ടിക്കപ്പെട്ടത് ജനനന്മയ്ക്കാണ്. പ്രവാചകന്മാർ ആഗ്രഹിച്ചത് ശാന്തിയും സമാധാനവും ഉള്ള ഒരു ലോകമാണ്.

ഭീകരവാദികളെ വെടിവെച്ച് കൊന്ന് കുഴിച്ച് മൂടിയാൽ ഇവിടെ ഒന്നിന് പകരം ആയിരം പുതിയ തീവ്രവാദികൾ ഉയർന്നു വരും. നശിപ്പിക്കേണ്ടത് ഇത്തരം പ്രവണതകളെയാണ്. വേരോടെ അത് പിഴുതെറിയുന്നതു വരെ ലോകം ഇത്തരം ആക്രമങ്ങൾ നേരിടേണ്ടിവരും. 

ഒരു വ്യക്തിയാണ് ഒരു ഭീകരവാദിയാകുന്നത്. അത്തരം വ്യക്തികളുടെ കൂട്ടായ്മയാണ് ഭീകരസംഘടനകളായി മാറുന്നത്. വ്യക്തിയെ നന്നാക്കുവാൻ മതനേതാക്കന്മാരും മതപഠനകേന്ദ്രങ്ങളും കുടുംബവും സമൂഹവും ഒറ്റക്കെട്ടായി നില്ക്കണം.

കുട്ടിക്കാലത്തത് പഠിച്ച കാര്യങ്ങൾ ജീവിത കാലം മുഴുവൻ നിലനിൽക്കും എന്നതിന്റെ തെളിവാണ് ഒന്നാം ക്ലാസിൽ പഠിച്ച കവിതയും ടീച്ചറുടെ പേരും നാം എന്നും ഓർമ്മിക്കുന്നത്. നാല് ലക്ഷത്തിലധികം കുട്ടികൾ ലോകത്തിൽ തോക്കുപയോഗിക്കുന്നു എന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. ഇവർ നാളത്തെ ചെറുപ്പക്കാരാണ്. ലോകത്ത് ഇന്ന് ഉൽപ്പാദിപ്പിക്കപ്പെട്ട വെടിയുണ്ടകളുടെ എണ്ണം നോക്കിയാൽ ഓരോ വ്യക്തിക്കും രണ്ട് എന്ന അനുപാതത്തിലാണ് ഉൽപ്പാദനം നടക്കുന്നത്.

ഭീകര സംഘടനകൾ ലോകമെന്പാടും പടരുന്പോൾ എല്ലാ മതനേതാക്കളും ചെയ്യേണ്ടത് ഓരോ മതത്തിന്റേയും യഥാർ‍ത്ഥ സന്ദേശം പ്രചരിപ്പിക്കുക എന്ന ദൗത്യം തന്നെ.

പി. ഉണ്ണികൃഷ്ണൻ

You might also like

  • Lulu Exchange
  • Straight Forward

Most Viewed