ജലരേഖകൾ


രണ്ട് ദിവസം മുന്പാണ് ഒരു ഹൗസ് ബോട്ട് വാടകയ്ക്കെടുത്ത് വേന്പനാട്ട് കായലിലൂടെ ഞാൻ കുടുംബവുമായി കറങ്ങിയത്. അധികം ഒഴുക്കില്ലാത്ത കായലിൽ ബോട്ട് സഞ്ചരിക്കുന്ന പരമാവധി വേഗത 20 കിലോ മീറ്ററിൽ താഴെയാണ്. കൊച്ചി കടലിന്റെയും കായലിന്റെയും ആലപ്പുഴയുടെ തീരപ്രദേശങ്ങളും കടന്ന് പതിയെ നീങ്ങുന്ന ബോട്ടിലെ ഒരു ദിവസം നല്ല ഒരു അനുഭവം തന്നെയായിരുന്നു. 

ബോട്ട് വൈകുന്നേരം ആയാൽ ഏതെങ്കിലും ഒരു സ്ഥലത്ത് പാർക്ക്‌ ചെയും. അവിടെ കായലിനരികിലുള്ള കടകളിൽ പിടയ്ക്കുന്ന മത്സ്യം കിട്ടും. ഒപ്പം ആയുർവ്വേദ മസ്സാജ് പാർലറുകളുമുണ്ട്. രാത്രി ബോട്ട് സഞ്ചരിക്കാത്തതിന്റെ പ്രധാന കാരണം മത്സ്യ ബന്ധന ബോട്ടുകൾ കായലിൽ പലയിടത്തും വല ഇട്ടിരിക്കുന്നത് കൊണ്ടാണ്.  ബോട്ടിന്റെ അടിത്തട്ടിൽ വല കുടുങ്ങിയാൽ ബോട്ടിന്റെ പ്രവർത്തനം നിലയ്ക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയും. 

ബഹ്റിനിൽ ബോട്ട് മുങ്ങി 40ലധികം പേർ മരിച്ചപ്പോൾ പ്രസ്തുത സ്ഥലത്ത് സംഭവം റിപ്പോർട്ട് ചെയാനായി പോയപ്പോഴാണ് ബോട്ട് അപകടകരമായ ഒരു യാത്ര സംവിധാനമാണെന്ന് തിരിച്ചറിഞ്ഞത്. അന്ന് ബോട്ട് മറിഞ്ഞതിന്റെ പ്രധാന കാരണം ബോട്ടിലുള്ളവർ മുഴുവൻ ഭക്ഷണം കഴിക്കുവാനായി ഒരു ഭാഗത്തേക്ക് നീങ്ങുകയും 100ലധികം വരുന്ന ആൾക്കാരുടെ ഭാരം കാരണം ബോട്ട് മറിയുകയായിരുന്നു. 

കേരളത്തിലുള്ള മിക്ക ഹൗസ് ബോട്ടുകൾക്കും രണ്ട് മുതൽ അഞ്ച് ബെഡ്റൂം വരെയാണുള്ളത്. പാസ്സഞ്ചർ ബോട്ടിൽ കയറാൻ പറ്റാവുന്നവരുടെ എണ്ണം 35ൽ താഴെ മാത്രമാണ്. പല വിദേശ രാജ്യത്തും ഇത്തരം ബോട്ട് സംവിധാനങ്ങൾ സന്ദർശകരെ ആകർഷിക്കാൻ ഒരുക്കിയിരിക്കുന്നത് കാണാം. മിക്ക സ്ഥലത്തും അവയുടെ ഉൾ ഭാഗവുംമെയ്ന്റനൻസും സുരക്ഷിത സംവിധാനങ്ങളും വളരെ ഭംഗിയായിട്ടാണ് നടത്തിക്കൊണ്ടു പോകുന്നത്. 

ബോട്ടിൽ ഒരു രാത്രി കഴിച്ച് കൂട്ടുന്പോൾ ഞാൻ ചിന്തിച്ചത് ബോട്ട് മറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളും അതിലുള്ളവരെ രക്ഷിക്കാനുള്ള പ്രയോഗികമായ ബുദ്ധിമുട്ടുകളുമാണ്. ബോട്ടിൽ ഒരു ലൈഫ് ജാക്കറ്റോ, സിമ്മിംഗ് ഡ്രസ്സോ ഇല്ല. ബോട്ടിൽ തന്നെ മൂന്ന് മുറികളിലുംഎയർ കണ്ടീഷൻ  24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പിറക് വശത്ത് അടുക്കളയിൽ കുക്കിങ്ങ് ഗ്യാസ് കത്തിച്ച് നല്ല കരിമീൻ പൊരിക്കുന്നുണ്ട്. ബോട്ടിലെ ജീവനക്കാർ രണ്ടു പേരും ഓരോ സ്മോൾ അടിച്ചാണ് ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നത്.

സുരക്ഷിതമാണോ സംഭവം എന്ന് ബോട്ടുകാരോട് ചോദിച്ചാൽ ഉത്തരം വർഷങ്ങളായിട്ട് ഒരു അപകടവും പറ്റിയിട്ടില്ല സാർ എന്നായിരുന്നു. ഇന്നത്തെ പത്രത്തിലെ മുൻപേജ് വാർത്ത കണ്ടപ്പോൾ ഇത്തരമൊരു അപകടം ഇത്രയും വേഗം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല.

കൊച്ചിയിൽ ഫിഷിംഗ് ബോട്ട് മുട്ടി പാസഞ്ചർ ബോട്ടിലെ എട്ട് പേർ മരിച്ചിരിക്കുന്നു. കരയിൽ നിർത്താൻ പോകുന്ന ബോട്ടിനെയാണ് മത്സ്യ ബന്ധന ബോട്ട്  ഇടിച്ച് തകർത്തത്. ബോട്ടിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ യാത്രക്കാർ ബോട്ട് മുങ്ങുന്നതിന് മുൻപ് തന്നെ മുങ്ങി മരിച്ചു.

ഇവിടെ ചോദ്യം ആരാണ് ഈ മരണത്തിനു യഥാർത്ഥ ഉത്തരവാദികൾ എന്നതാണ്? മൂന്നു വർഷം മുന്പ് ഇത്തരമൊരു ഓണക്കാലത്താണ് ചാലയിൽ കർണാടകയിൽ നിന്നും വന്ന ഒരു ഗ്യാസ് ടാങ്കർ പൊട്ടി 20ലധികം പേരാണ് മരിച്ചത്. അന്നും മരണം ചർച്ച ചെയ്യപ്പെട്ടിട്ടും, ജനം മൂക്കിൽ വിരൽ വെച്ചിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല.

കൊച്ചിയിലെ അപകടത്തിനു കാരണം മത്സ്യ ബന്ധന ബോട്ടിന്റെ ഡ്രൈവർമാരുടെ അനാസ്ഥയാണ്. പക്ഷേ ലൈഫ് ജാക്കറ്റ് ഇടാതെ യാത്രക്കാരെ ബോട്ടിൽ ഇരുത്തിയതിനും രക്ഷിക്കുവാൻ ബോട്ടിൽ സെക്യൂരിറ്റി ജീവനക്കാരും സംവിധാനവുമില്ലാത്തതിന് പ്രതിക്കൂട്ടിൽ കയറ്റേണ്ടത് കേരളത്തിലെ ടൂറിസം, ജലഗതാഗതവകുപ്പ് മന്ത്രിമാരെ തന്നെയാണ്.

കായലിന്റെ അരികിൽ ബോട്ട് പാർക്ക് ചെയ്ത് നിർത്തുന്പോൾ രാത്രി മുഴുവൻ നമ്മെ വേട്ടയാടുന്നത് കൊതുകുകളുടെ ഒരു വൻ കൂട്ടായ്മയാണ്.  ഇത്രയും മനോഹരമായ ഭൂപ്രകൃതിയെ കായലും കടലുമൊക്കെ ദൈവം കേരളത്തിന് തന്ന വരങ്ങളാണ്. അവ വേണ്ട വിധത്തിൽ പ്രയോഗപ്പെടുത്തിയാൽ കേരളം ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് മേഖലയായി മാറും. അത് വഴി കോടിക്കണക്കിന് ഡോളർ വരുമാനമായി വരികയും ചെയും. ഒരു രാജ്യത്തിന്റെ സന്പത്തിനെ ചവിട്ടിത്താഴത്താൻ മാത്രമറിയുന്ന രാഷ്ട്രീയ വാമാനന്മാരിൽ നിന്നും പുതിയ മനോഹരമായ ഒരു രാജ്യം വിഭാവനം ചെയാൻ പറ്റുന്ന പുതിയ മഹാബലിമാർ കേരളം ഭരിക്കട്ടെ എന്ന പ്രാത്ഥനയോടെ.....

You might also like

Most Viewed