ആകാശത്തിലെ പറവകളെ, നിങ്ങൾ അറിയാൻ
കേരളത്തിലേയ്ക്ക് പ്രത്യേകിച്ച് തിരക്കുള്ള സീസണിൽ യാത്ര ചെയ്യുന്പോൾ എയർപോർട്ടിൽ വിമാനം വൈകിയതിന്റെ പേരിൽ, ബാഗേജ് എത്തിയിട്ടില്ല എന്നതിന്റെ പേരിൽ എയർപോർട്ടിലെ ജീവനക്കാരോട് ബഹളം െവയ്ക്കുകയും, അവരെ മർദ്ധിക്കൻ വരെ ശ്രമിച്ചു ആത്മസംതൃപ്തി നേടുകയും ചെയ്യുന്ന ധാരാളം പ്രവാസികളെ കാണാൻ സാധിക്കും. സ്വാഭാവികമായും ചെറിയ ഒരു അവധിക്കാലം ചെലവിടാൻ പോകുന്പോൾ ഉണ്ടാകുന്ന ഇത്തരം ബുന്ധിമുട്ടുകൾ പലരുടെയും പല പ്ലാനുകളും തകരാറിലാക്കാറുണ്ട്.
വിമാനയാത്രക്കിടയിലെ ഏറ്റവും വലിയ പ്രശ്നം, വിമാനം സമയത്ത് എത്താത്തതും, എയർപോർട്ടിൽ കെട്ടി കിടക്കുന്ന വിമാനം സാങ്കേതിക കാരണങ്ങളാൽ പറക്കാത്തതുമാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്തേയ്ക്ക് പ്രത്യേകിച്ച് ജൂൺ മുതൽ ആഗസ്റ്റ് മാസങ്ങൾക്കിടയിൽ പറക്കുന്പോൾ എയർലൈസൻസ് കന്പനികൾ നേരിടുന്ന പ്രധാന പ്രശ്നം മോശമായ കാലാവസ്ഥയാണ്. കോഴിക്കോട് പോലുള്ള ഒരു ടേബിൾ ടോപ്പ് എയർപ്പോർട്ടിൽ മൂടൽ മഞ്ഞ് പടർന്നിരിക്കുന്ന സമയത്ത് ലാൻഡ് ചെയുന്നത് അപകടം തന്നെ എന്ന് പല സീനിയർ പൈലറ്റുമാരും വളരെയധികം പ്രാവശ്യം സൂചിപ്പിച്ച കാര്യമാണ്. സ്വാഭാവികമായിട്ടും ബഹ്റിനിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് തന്നെ കോഴിക്കോട്ടെ കാലാവസ്ഥ മനസിലാക്കുകയും മഞ്ഞ് നീങ്ങി തുടങ്ങാനുള്ള സമയം കണക്കിലെടുത്തും മാത്രമേ പൈലറ്റ് യാത്ര തുടങ്ങുകയുള്ളൂ.
രണ്ടാമത്തെ പ്രശ്നം നിരന്തരം ഓടികൊണ്ടിരിക്കുന്ന വിമാനത്തിനു എന്തെങ്കിലും ചെറിയ സാങ്കേതിക തകരാറുകൾ കാണുന്നുണ്ടെങ്കിൽ അവ പരിപൂർണമായും റിപ്പയർ ചെയ്യുകയും വിമാനം സുരക്ഷിതമായി പറക്കുവാൻ പറ്റും എന്ന് ഉറപ്പ് വരുത്തുകയുമാണ്. ഈ രണ്ട് പ്രശ്നങ്ങളും, വിമാന കന്പനികളുടെയോ അതിലെ ഉദ്യോഗസ്ഥരുടെയോ മാത്രം പ്രശ്നമല്ല. ഏറ്റവും നൂതനമായ വിമാനങ്ങളിൽ ഒന്നായ ഡ്രീം ലൈനർ എന്ന കൂറ്റൻ വിമാനത്തിന്റെ ബാറ്ററി പറക്കുന്നതിനിടയിൽ കത്തി പോകുകയുണ്ടായി. ഏറ്റവും വിലകൂടിയ സാങ്കേതിക മേന്മയുള്ള വിമാനത്തിന് വരെ യന്ത്ര തകരാറുകൾ വരുന്പോൾ, പത്ത് വർഷത്തിലേറെ പഴക്കമുള്ള നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിന് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികം.
കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന വിമാനം പലപ്പോഴും കാലാവസ്ഥ പ്രശ്നം കാരണം കൊച്ചി എയർപോർട്ടിൽ ഇറക്കാറുണ്ട്. അവിടെ ലാൻഡ് ചെയ്ത് കഴിഞ്ഞാൽ പല യാത്രക്കാരും കൊച്ചിയിൽ ഇറങ്ങി ടാക്സിയിൽ നാട്ടിലേക്ക് തിരിക്കാം എന്ന് പറഞ്ഞ് ബഹളം വെയ്ക്കാറുമുണ്ട്. അപ്പോൾ വിമാനയാത്രക്കാർ അവിടെ ഇറങ്ങുവാൻ അനുവദിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് യാത്രക്കാരെ അവരോട് ഉറപ്പ് നൽകിയ ഡെസ്റ്റിനേഷനിൽ ഇറക്കുക എന്ന കടമ, രണ്ടാമത്തെ പ്രശ്നം ചിലർ മാത്രം ഇറങ്ങിയാൽ അവരുടെ ബാഗേജ് മാത്രം വിമാനത്തിനുള്ളിൽ നിന്ന് തപ്പിയെടുക്കാനുള്ള ബുദ്ധിമുട്ട്. ഇതിനൊക്കെ പുറമേ എയർപോർട്ടിലെ ഫോർമാലിറ്റീസ് എന്നിവയാണ്.
കഴിഞ്ഞ രണ്ട് ദിവസം മുന്പ് ദോഹയിൽ നിന്ന് പുറപ്പെട്ട പ്രമുഖ കന്പനിയുടെ വിമാനം കൊച്ചിയിലും തിരുവനന്തപുരത്തും ലാൻഡ് ചെയ്യുവാൻ പറ്റാതെ വന്നപ്പോൾ സമർത്ഥനായ പൈലറ്റ് അതിസാഹസികമായാണ് യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കിയത്. ആദ്യമായിട്ടാണ്, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്പോൾ മാത്രം പറയുന്ന മെയ് ഡെ മെസേജ് തിരുവനന്തപുരം എയർപോർട്ടിന്റെ ചരിത്രത്തിൽ മുഴങ്ങിയത്.
വിമാനത്തിൽ കയറികഴിഞ്ഞാൽ ഉടൻ എയർഹോസ്റ്റസിനെ പത്ത് പ്രാവശ്യം ബെല്ലടിച്ചു വിളിക്കുകയും, പച്ച വെള്ളത്തിൽ തുടങ്ങി മഞ്ഞ വെള്ളത്തിനായ് നിരന്തരം ബഹളം വെയ്ക്കുന്ന യാത്രക്കാരിൽ മലയാളികൾ തന്നെയാണ് ഇപ്പോഴും മുന്പിൽ. വിമാനം പുറപ്പെട്ട് തുടങ്ങിയാലും പരസ്യമായും രഹസ്യമായും ഫോൺ സ്വിച്ച് ഓഫ് ചെയ്യാതെ ഉപയോഗിക്കുക, വിമാന കന്പനികളുടെ കണ്ണ് വെട്ടിച്ച് വിമാനത്തിനുള്ളിൽ കടത്തുവാൻ പറ്റാത്ത സാധനങ്ങൾ കൊണ്ട് വരിക എന്നീ സഹാസങ്ങളിലും നമ്മൾ മുന്പിൽ തന്നെ.
കഴിഞ്ഞ മാസം ഷെങ്കായിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് മടങ്ങുന്പോൾ ഞാനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും വാങ്ങിയ ഒരു ഇലക്ട്രിക്ക് ഐറ്റത്തിൽ കാന്തം ഉണ്ടായിരുന്നത് കൊണ്ട് അത് എയർക്രാഫ്റ്റിൽ അനുവദിച്ചില്ല. ബാഗേജിന്റെ കൂടെയും അനുവദിക്കാത്തത് കൊണ്ട് അവ എയർപോർട്ടിൽ ഉപേക്ഷിക്കേണ്ടി വന്നു. എയർപോർട്ടിലെ സ്റ്റാഫ് അതുണ്ടായിരുന്ന ബാഗ് സ്ക്രീൻ ചെയ്യുന്ന സമയത്ത് അവരുടെ മോണിറ്ററിന്റെ നിറം മാറുന്നതും അവയുടെ ക്ലാരിറ്റി നഷ്ടപ്പെടുന്നതും ഞങ്ങൾക്ക് വിവരിച്ചു തന്നു. 10 മണിക്കൂർ യാത്രക്കിടയിൽ ഈ കാന്തം എയർലൈൻസിന്റെ യന്ത്രസംവിധാനങ്ങൾക്ക് അപകടമുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞപ്പോൾ വിലകൊടുത്ത് വാങ്ങിയ സാധനം സന്തോഷത്തോടെ ഞങ്ങൾ എയർപോർട്ടിൽ ഉപേക്ഷിച്ചു.
വിമാനയത്രക്കിടയിൽ വിമാന കന്പനികളുടെ നിർദേശങ്ങൾ നമ്മൾ പാലിച്ചേ പറ്റു. യാത്രചെയ്യുന്പോൾ അത്യാവശ്യം വേണ്ട വസ്ത്രം വിലകൂടിയ വസ്തുക്കൾ കാരി ബാഗിൽ കരുതുക. നിങ്ങളുടെ ലഗേജ് പെട്ടെന്ന് തിരിച്ചറിയാൻ മൊബൈൽ നന്പറും പേരിനും പുറമേ ഇഷ്ടമുള്ള ഒരു മഹത് വ്യക്തിയുടെ സ്റ്റിക്കർ ഒട്ടിച്ചു വെയ്ക്കുക. ഗാന്ധി മുതൽ സ്റ്റിഫൻ ഹ്വകിൻസ് വരെ ഇതിൽ ഉൾപ്പെടുത്താം !
ഇനി പലർക്കും വ്യക്തമായി അറിഞ്ഞു കൂടാത്ത ചില കാര്യങ്ങളിൽ ഒന്നാമത്തെ പ്രശ്നം ബാഗേജ് ഡിലെ ആയാൽ കിട്ടാവുന്ന നഷ്ടപരിഹാരത്തെ കുറിച്ചുള്ള അറിവാണ്. ബാഗേജ് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് എയർലൈൻസിന്റെ കൗണ്ടറിൽ പോയി പ്രൊപ്പർട്ടി ഇറെഗുലാരിറ്റി റിപ്പോർട്ട് ഫയൽ ചെയ്യുക എന്നതാണ്. താങ്കളുടെ ബാഗേജ് നഷ്ടപ്പെട്ടു എന്ന് രേഖാമൂലം ലഭിക്കണമെങ്കിൽ 21 ദിവസം വരെ കാത്തിരിക്കേണ്ടി വരും. അത് വരെ അത് ഡിലേയ്ഡ് ലഗേജ് മാത്രമാണ്. 21 ദിവസം കഴിഞ്ഞിട്ടും ലഗേജ് എത്തിയില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. ഇത് പ്രകാരം 30000 രൂപ മുതൽ 80000 രൂപ വരെ കിട്ടിയേക്കാം. ഓരോ എയർലൈസിനും ഇത്തരം നഷ്ടപരിഹാരത്തിന് അവരുടെതായ നിയമങ്ങളുണ്ട്. നിങ്ങളുടെ ബാഗേജുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും നിങ്ങൾക്ക് നഷ്ടപരിഹാരം അവകാശപ്പെടാം. ട്രാവൽ ഇൻഷുറൻസ് എടുത്തവർക്ക് 1 ലക്ഷം മുതൽ 3 ലക്ഷം വരെ നൽകുന്ന ഇൻഷുറൻസ് കന്പനികൾ ഉണ്ട്. ഏതെങ്കിലും ഒരു ബാഗ് മാത്രമാണെങ്കിൽ 30000 രൂപ വരെയാണ് സാധാരണ എയർലൈൻ കന്പനികൾ നൽകുന്ന നഷ്ടപരിഹാരം. ലഗേജ് വൈകി എത്തിയാൽ പലപ്പോഴും എയർലൈൻ കന്പനികൾ ടാക്സി ഫെയർ, ഒരു ദിവസത്തെ വസ്ത്രം വാങ്ങാനുള്ള തുക എന്നത് നഷ്ടപരിഹാരമായി നൽകും. ഇത്തരം തീരുമാനങ്ങൾ ഓരോ എയർലൈൻസിനും വ്യത്യസ്തമാണ്. താങ്കൾക്ക് ലഭിച്ച നഷ്ടപരിഹാരത്തിൽ സന്തുഷ്ടനല്ലെങ്കിൽ അവ കൈ പറ്റാതെ, അല്ലെങ്കിൽ കിട്ടിയ ചെക്ക് ബാങ്കിൽ ഇടാതെ വിമാന കന്പനികൾക്കെതിരെ കോടതി വഴി കേസ് നൽകാം.
ഒരു കാര്യം പ്രവാസികളായ പ്രിയ യാത്രക്കാർ ഓർക്കുക, എയർലൈൻസിൽ നിന്നും ലഭിക്കുന്ന മദ്യത്തിന്റെ ലഹരിയിൽ, സ്വന്തം നാട്ടിലെത്തിയ ധാർഷ്ട്യത്തിൽ എയർപോർട്ട് ഉദ്യോഗസ്ഥരെ തെറി വിളിച്ചാലും, കോളർ കയറി പിടിച്ചാലും കേസ് ക്രിമിനലാകും. എയർപോർട്ടുകളുടെ ഓരോ മുക്കിലും മൂലയിലും ക്യാമറ കണ്ണുകളാണ്, ജാഗ്രതൈ...