വേണ്ടത് ശാശ്വത പരിഹാരം
34 വർഷത്തിനു ശേഷം, ശ്രീമതി ഇന്ധിരാഗാന്ധിക്കു ശേഷം ഒരു പ്രധാനമന്ത്രി ഗൾഫ് മേഖല സന്ദർശിക്കുന്നു എന്നത് പ്രവാസികളായ ഇന്ത്യക്കാരെ ഏറെ സന്തോഷിപ്പിക്കുന്നു. അബുദാബി, ദുബായ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുകയും ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്പോൾ തന്നെ ലേബർ ക്യാന്പിലെ സാധാരണക്കാരുടെ ഇടയിൽ സാധാരണക്കാരനായി മാറി മോദി ഇന്ത്യയുടെയും അദ്ദേഹത്തിന്റെയും മോടി കൂട്ടിയെന്നതിൽ സംശയമില്ല. യു.എ.ഇയിൽ ഹൈന്ദവ വിശ്വാസികൾക്കായി അന്പലം നിർമ്മിക്കാനുള്ള മോദിയുടെ അഭ്യർത്ഥന യു.എ.ഇ ഭരണതലവന്മാർ അംഗീകരിച്ചു എന്ന അനൗദ്യോഗിക വാർത്തകളും മാധ്യമങ്ങളിലൂടെ പടരുന്നുണ്ട്. മോദി അബുദാബിയിലെ പള്ളി സന്ദർശിക്കുക കൂടി ചെയ്തപ്പോൾ ഇന്ത്യയുടെയും ഇവിടെയുള്ള അറബ് രാജ്യങ്ങളുടെയും മതേതര സൗഹൃദ നിലപാടായി ഇത് വിലയിരുത്താം. എങ്കിലും ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ലേബർ ക്യാന്പ് സന്ദർശിക്കുക, അന്പലം പണിയുക എന്നതിലുപരി ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികളുടെ കണ്ണുകളിലൂടെ കാണുന്പോൾ മോദി ലക്ഷ്യം വെയ്ക്കേണ്ടത് പ്രവാസിയുടെ ആശങ്കകൾക്ക് ഒരു ശാശ്വത പരിഹാരമാണ്.
ഗൾഫ് മേഖലയും, അവിടുത്തെ പ്രവാസികളായ ഇന്ത്യക്കാരും സാന്പത്തികമായ മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് സന്ദർശിക്കുന്നത്. പ്രവാസികൾക്ക് വോട്ടവകാശം, വിമാന നിരക്ക് കുറയ്ക്കുക എന്നിങ്ങനെയുള്ള സ്ഥിരം പ്രശ്നങ്ങൾക്കുപരിയായി ഒരു വൻ ആക്ഷൻ പ്ലാൻ ആണ് ഇപ്പോൾ മോദി പ്രവാസികൾക്കായി തയ്യാർ ആകേണ്ടത്. എൻ.ആർ.ഐ ഡിപ്പോസിറ്റ് വഴി മാത്രം കേരളത്തിലെ ബാങ്കുകളിൽ കെട്ടി കിടക്കുന്നത് ഒരു ലക്ഷം കോടി ഇന്ത്യൻ രൂപയാണെന്നാണ് കേരള േസ്റ്ററ്റ് ബാങ്കേഴ്സ് കമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ട വിവരം! ഇത് കേരളത്തിലെ ബാങ്കുകളിലെ മാത്രം കൃത്യമാണ്. ഗൾഫ് മേഖലയിലുള്ള പ്രവാസികളുടെ എണ്ണം 61 ലക്ഷത്തിൽ അധികമാണ്. ഇതിലെ ഒരു ഭൂരിഭാഗം ഗൾഫ് മേഖല കടന്ന് പോകുന്ന സാന്പത്തിക സാമൂഹ്യ പ്രശ്നങ്ങൾ വഴി ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ജീവിക്കുന്നവരാണ്.
പറ്റുമെങ്കിൽ മോഡി ഗൾഫിലെ പ്രവാസികൾക്കായി ഇന്ത്യയുടെ നാലു വശങ്ങളായി ഗൾഫ് ഫ്രീസോൺ മേഖലയുണ്ടാക്കുക, ഗൾഫിലെ പ്രവാസികളുടെയും, ഒപ്പം സർക്കാരിന്റെ സഹായത്തോടെ 51% ഓഹരി സംഭരിക്കുകയും ബാക്കിയുള്ള 49% ഓഹരി ഗൾഫ് മേഖലയിലെ റോയൽ ഫാമിലിയിലുള്ള വ്യക്തികളോടോ സ്ഥാപനങ്ങളോടോ നിക്ഷേപിക്കാൻ അഭ്യർഥിക്കുകയും ചെയ്യുക. ഗൾഫ് മേഖലയ്ക്ക് ആവശ്യമായ പഴം, പച്ചക്കറി, മാംസം മുതൽ അരി, ഗോതന്പ്, വരെ ഉൽപാദിപ്പിക്കുകയും, മുട്ടുസൂചി മുതൽ ആയുധം വരെ നിർമ്മിക്കാനുള്ള വ്യവസായങ്ങളും ഈ പദ്ധതി വഴി ആരംഭിക്കുക. ഗൾഫ് മേഖലയിലടക്കം വിൽക്കുവാൻ പറ്റുന്ന ഗുണനിലവാരം ഉറപ്പാക്കി ഉൽപന്നങ്ങൾ സൃഷ്ടിച്ച് കയറ്റുമതി ചെയ്യുക.
ഇന്ന് അബുദാബിയടക്കമുളള പല ഗൾഫ് രാജ്യങ്ങളും ആയുധങ്ങൾ വാങ്ങുന്പോൾ ടെക്ക്നോളജി ഓഫ് സെറ്റ് ചെയ്ത് തുടങ്ങിയിരിക്കുന്നു. അതായത് പണം കൊടുത്ത് ആയുധം വാങ്ങിക്കുന്നതിനു പകരം ആയുധങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കന്പിനികളെ ഇവിടേയ്ക്ക് കൊണ്ട് വരികയും അത്തരം കന്പനിയുടെ വരുമാനത്തിന്റെ 49% വരുമാനം പണം നിക്ഷേപിക്കാതെ തന്നെ സാങ്കേതിക വിദ്യ നൽകുന്നതിന് പകരമായി നൽകുകയും ചെയ്യുന്നു. അങ്ങനെ അറബ് വംശജർ ഇതുവഴി പുതിയ സാങ്കേതിക വിദ്യ പഠിക്കുകയും ഉൽപ്പാദന രീതിയുടെ ഭാഗമാകുകയും ചെയ്യുന്നു. ഗൾഫിലെ അറബ് വംശജരായ പല സന്പന്നരും അമേരിക്ക, യൂറോപ്പ്, ബ്രിട്ടൺ, ഫ്രാൻസ്, പോലുള്ള രാജ്യങ്ങളാൽ നിക്ഷേപം നടത്തി സാന്പത്തിക മാന്ദ്യം വന്നപ്പോൾ കൈ പൊള്ളിയവരാണ്. ഇന്ന് ഇന്ത്യ വിദേശ നിക്ഷേപത്തിന് പറ്റിയ സ്ഥലമാണെന്ന് അറബ് വംശജർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ പ്രത്യേകിച്ച് മോദിയെ പോലുള്ള പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു പ്രൊപോസൽ ഉണ്ടായാൽ വൻ നിക്ഷേപം നടക്കുമെന്നുറപ്പ്.
രണ്ടോ മൂന്നോ ബില്യൺ യു.എസ് ഡോളർ ഒരു നല്ല ബിസിനസ് സംരംഭത്തിന് മുടക്കാൻ ഗൾഫ് മേഖലയിലുള്ളവർ തയ്യാറാകുമെന്ന് ഉറപ്പ്. തമിഴ്‌നാട്, രാജസ്ഥാൻ, ബീഹാർ, ആന്ധ്രാപ്രദേശ് എന്നീ സ്ഥലങ്ങളിൽ ഫ്രീസോൺ ഉണ്ടാക്കുകയും പ്രവാസികളുടെ നിക്ഷേപം അതിനൊപ്പം വരുന്പോൾ കൂടിയാകുന്പോൾ ഇത് തിരികെ പോകുന്ന ഗൾഫ് പ്രവാസികൾക്ക് ഉപകാരപ്പെടുകയും ചെയ്‌താൽ ഇത് ഒരു ശാശ്വത പരിഹാരമാകുന്നതിൽ സംശയമില്ല. കെ. കരുണാകരൻ മുൻകൈയെടുത്ത് പ്രവാസികളുടെ നിക്ഷേപത്തോടെ കൊണ്ട് വന്ന കൊച്ചി എയർപോർട്ട് ഇന്ന് നമുക്ക് അഭിമാനിക്കാവുന്ന ഒരു സംരഭം തന്നെയാണ് എന്ന കാര്യവും ഓർക്കുക.
മോദിയുടെ വരവോടെ ദുബായിലുള്ള മിക്ക ഹോട്ടലുകളും നിറഞ്ഞ് കഴിഞ്ഞിരിക്കുകയാണ്. ടാക്സി ഡ്രൈവർമാർ മുതൽ പച്ചക്കറിക്കാരനുവരെ മോദിയുടെ സന്ദർശനം വഴി ഗുണം ലഭിച്ചു. ഇത്രയും വ്യക്തി പ്രഭാവമുള്ള ഒരു നേതാവ് ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചാൽ അത് വൻ വിജയമാകുകയും ഗൾഫ് പ്രവാസികൾ കടപ്പാടോടെ ഓർമ്മിക്കുകയും ചെയ്യും. അങ്ങനെ ബൃഹത്തായ ഒരു പദ്ധതിയായിരിക്കട്ടെ മോദി സന്ദർശനത്തിന്റെ ഫലം എന്ന് ആഗ്രഹിച്ചു കൊണ്ട്...