കാത്തിരിക്കുന്നു കേരളം ഒരു നട്ട്്വർലാലിനായി
പി. ഉണ്ണികൃഷ്ണൻ
ആഗ്രയിലെ താജ്മഹലും, ചൈനയിലെ വൻമതിലും, ഈജിപ്തിലെ പിരമിഡും, റോമിലെ കൊളോസിയവും, ഇറ്റലിയിലെ ചെരിഞ്ഞ ഗോപുരവും, പാരീസിലെ ഈഫൽ ടവറും കണ്ട് കഴിഞ്ഞപ്പോൾ അത്ഭുതപ്പെടാതെ ഇതുക്കും മേലെ എന്തോ ഒരു അത്ഭുതം കാണാനിരിക്കുന്നു എന്ന് പറഞ്ഞ എന്റെ ഭ്രാന്തൻ മനസ്സിലേയ്ക്ക്, വിസ്മയത്തിന്റെ ഏഴ് വർണ്ണങ്ങൾ തീർത്ത് കടന്ന് വന്ന്, ഇന്നും ആശ്ചര്യപുളകിതനാക്കുന്നത് ബിഹാറിയായ നിതിലേഷ്കുമാർ വാസ്തവ അഥവ നട്ട്്വർലാൽ എന്ന വ്യക്തിയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ നട്ട്്വർലാൽ ഒരു കള്ളനാണ്. കള്ളൻ എന്നു പറഞ്ഞാൽ ഒന്നൊന്നര കള്ളൻ. വാഴക്കുല മോഷ്ടിക്കുന്നവനും, കോഴിയെ മോഷ്ടിക്കുന്നവനും വിശപ്പ് സഹിക്കാത വരുന്പോൾ ഭക്ഷണം മോഷ്ടിക്കുന്നവനുമൊക്കെ കള്ളന്മാരാണെന്ന് അറിയപ്പെടുന്ന നമ്മുടെ രാജ്യത്ത് നട്ട്്വർലാലിനെ ബഹുമാനിച്ച് പൊലിപ്പിക്കാൻ ‘തസ്കരശ്രീ നട്ട്്വർലാൽ’ എന്ന് വിശേഷിപ്പിച്ച് കാര്യത്തിലേക്ക് കടക്കാം.
1912ൽ ബിഹാറിൽ ജനിച്ച തസ്കര ശ്രീ ചരിത്രത്തിന്റെ തങ്കലിപികളിലേയ്ക്ക് കടന്ന് വരുന്നത് ടിയാൻ ആഗ്രയിലുള്ള താജ്മഹൽ വിറ്റ് കീശ നിറച്ചപ്പോഴാണ്. ഡോക്ടർ രാജേന്ദ്ര പ്രസാദ് മുതൽ അംബാനി വരെയുള്ള അന്പതോളം വരുന്ന പ്രഗത്ഭ വ്യക്തികളെ പോലെ വേഷ പ്രച്ഛന്നനായി നടന്ന് നട്ട്്വർലാൽ പിന്നീട് വിറ്റത് ഡൽഹിയിലെ റെഡ് ഫോർട്ടായിരുന്നു.
അന്തവും കുന്തവുമില്ലാത്ത ആഗ്രഹങ്ങൾക്ക് പരിധിയും, പരിമിതിയും കുറിക്കാതെ നമ്മുടെ നട്ട്്വർലാൽ പിന്നീട് വിറ്റ് കാശാക്കിയത് ഇന്ത്യൻ പാർലിമെന്റും അതിനുള്ളിലെ എല്ലാ എം.പിമാരെയും ചേർത്താണ് എന്ന് അറിയുന്പോഴാണ് നാം രോമാഞ്ചകഞ്ചുകരാകുന്നത്.
വിവിധ കേസുകളിലായി 113 വർഷത്തേയ്ക്ക് ശിക്ഷ ലഭിച്ച നട്ട്്വർലാൽ ജയിലിൽ ആകെ കിടന്നത് 20 വർഷം മാത്രമാണ്. 1996ൽ ജയിലിൽ വെച്ച് രോഗബാധിതനായി അഭിനയിച്ച നട്ട്്വർലാലിനെ ചികിത്സയ്ക്കായി പോലീസ് ‘AIIMS’ ലേയ്ക്ക് കൊണ്ടുപോകുന്പോൾ റെയിൽവേ േസ്റ്റഷനിൽ നിന്ന് രക്ഷപ്പെട്ട് തന്റെ വീരശൂര പരാക്രമം അദ്ദേഹം ഒന്ന്കൂടി തെളിയിച്ചു. പിന്നീട് മരണാനന്തരം ജൻമനാട്ടിൽ അദ്ദേഹത്തിന്റെ ആരാധകർ റോഡിന്റെ മദ്ധ്യ ഭാഗത്ത് ഒരു പ്രതിമ സ്ഥാപിച്ച് ആദരിക്കുകയും ചെയ്തു.
കോഴിക്കോട് ഇന്നലെ ഫ്ളൈറ്റ് ഇറങ്ങിയപ്പോഴാണ് ഞാൻ നട്ട്്വർലാലിനെക്കുറിച്ച് ഒർത്തത്. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കേവലം അഞ്ച് ദിവസത്തേയ്ക്ക് കേരളത്തിലേയ്ക്ക് വന്ന എന്നെ സ്വീകരിച്ച് ആനയിച്ച് കാസർഗോഡിലുള്ള ഒരു ലോഡ്ജ് മുറിയിൽ അടച്ചിട്ടത് ഹർത്താൽ എന്ന മലയാളിയുടെ സ്ഥിരം കായിക മാമാങ്കമാണ്. കഴിഞ്ഞ വർഷം 97 ഹർത്താലുകൾ നടത്തി നാടുനന്നാക്കിയ മഹാന്മാർക്ക് സെഞ്ചുറി നഷ്ടമായത് കേവലം 3 റൺസ് കുറഞ്ഞുപോയതു കൊണ്ടാണ്. ഏതായാലും 2019ന്റെ പോക്ക് കാണ്ടാൽ കേരളം ഡബിൾ സെഞ്ച്വറിയും കൊണ്ടേ പോകൂ എന്നുറപ്പായി.
നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം നട്ട്്വർലാലിനെ കവച്ച് വയ്ക്കുന്ന രാഷ്ട്രീയക്കാരും പൊട്ടന്മാരായ പൊതുജനവും ആണ്. ഇവർ ഹോൾസെയിലായും റീട്ടെയിൽ ആയും ഭക്തി, പുരോഗമനം, സ്ത്രീ ശാക്തീകരണം, മതം, ജാതി എന്നിങ്ങനെയുള്ളവ വിപണിയിൽ ഏറ്റവും ഡിമാന്റുള്ള ഉൽപ്പന്നങ്ങളാക്കി വിൽക്കുന്നു. പൊട്ടന്മാരായ അനുയായികൾ ഇവർക്ക് വേണ്ടി തെരുവിലിറങ്ങി അടിയും കുത്തും കൊള്ളുന്നു.
ഇപ്പോഴും വളരെ പ്രാകൃതമാണ് നമ്മുടെ രാജ്യവും രാജ്യത്തിലെ ജനങ്ങളും. മതിൽ കെട്ടാനായാലും, ജ്യോതി തെളിയിക്കാനായാലും, സ്ത്രീകളെ പതിനെട്ട് പടി കയറ്റാനായാലും, ഇറക്കാനായാലും രാഷ്ട്രീയ നട്ട്്വർലാൽമാർ ലക്ഷ്യംവെയ്ക്കുന്നത് സംസ്ഥാനവും അതിലെ ജനങ്ങളേയും വിറ്റ് വോട്ടാക്കാനും, അതുവഴി കാശ് അടിച്ചെടുക്കാനുമാണ്.
കേരളം മതപരമായി ഏറെ ഭിന്നിച്ചിരിക്കുന്നു. ഇത്തരമൊരു കാലാവസ്ഥയിൽ കേരള മുഖ്യമന്ത്രി കുറേക്കൂടി ഔചിത്യത്തോടും, സംയമനത്തോടും കൂടി പെരുമാറിയില്ലെങ്കിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് അത് വഴിതെളിയിച്ചേക്കാം. ഇന്ന് നടക്കുന്ന ഹർത്താലും വരാനിരിക്കുന്ന ഹർത്താലും രാജ്യത്തിന്റെ സാന്പത്തിക ശേഷിക്ക് ഉണ്ടാക്കാവുന്ന പ്രശ്നങ്ങളും ഭീകരമാണ്. ഹർത്താലിന് പകരം ഏതെങ്കിലും ഒരു നേതാവ് ഒറ്റക്കാലിൽ നിന്ന് സമരം നടത്തുകയോ, കൂർത്ത ആണി തറച്ച പലകയിൽ കിടന്ന് പ്രതിഷിധിക്കുകയോ ചെയ്താലും അത് ജനശ്രദ്ധയാകർഷിക്കും.
കേരളത്തിലെ നിസംഗരായ ജനം കാത്തിരിക്കുന്നത് ഒരു അഭിനവ നട്ട്്വർലാലിനെയാണ്. അങ്ങിനെയൊരാൾ കടന്നുവന്ന് കേരള നിയമസഭയും അതിലുള്ള ജനപ്രതിനിധികളേയും കൂട്ടമായി വിറ്റ് കാശാക്കി സാധാരണ ജനങ്ങളെ സംക്ഷിക്കുന്ന ഒരു സുന്ദര സ്വപ്നം ഓർത്തുകൊണ്ട് എല്ലാവർക്കും വാരാന്ത്യ ആശംസകൾ.