നൻമയിലേയ്ക്ക് ഒരു പാലം


പി. ഉണ്ണികൃഷ്ണൻ

നാടു നീങ്ങുന്ന രാജാവും, സമാധിയാവുന്ന സ്വാമിയും ഇഹലോകവാസം വെടിയുന്ന മഹാനും അന്തരിക്കുന്ന പ്രമുഖനും, മയ്യത്താവുന്ന മുസലിയാരും, കർത്താവിൽ നിദ്ര പ്രാപിക്കുന്ന പുരോഹിതനും, ഭഗവത്പാദം പ്രാപിക്കുന്ന ഭക്തനും, വടിയാകുന്ന ഗ്രാമീണനും, പണ്ടാരമടങ്ങുന്ന ദേശദ്രോഹിയും, കഴുവേറുന്ന കുറ്റവാളിയും, മരണത്തെ ഭയപ്പെടുന്നത് മരണാനന്തരം എന്ത് എന്ന ചോദ്യത്തിന് തെക്കോട്ട് പോകുന്നത് വരെ വ്യക്തമായ ഉത്തരം ലഭിക്കാത്തത് കൊണ്ടാണ്.

മുൻപ് സജീവ വസ്തുക്കളിൽ ഒന്നായ മനുഷ്യ ജീവിതം അവസാനിക്കുന്നത് പലപ്പോഴും രോഗം അപകടം, കൊലപാതകം പോഷകക്കുറവ് എന്നീ കാരണങ്ങൾ കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് കാലൻമാരിൽ മൂന്നാം സ്ഥാനത്ത് ‘ഗപ്പുമായി’ നിൽക്കുന്നത് ആത്മഹത്യ എന്ന വില്ലനാണ്.

ജീവിക്കാൻ വേണ്ടി മരിക്കുന്നവരും, മരിച്ചിട്ടും ജീവിക്കുന്നവരുടെ ഇടയിലുള്ള നേരിയ ഗ്യാപ്പിലാണ് ആത്മഹത്യ ചെയ്യുന്നവരുടെ സ്ഥാനം. മരിച്ചാൽ വരെ തന്നെ കാണാൻ വരില്ലെന്ന് പറഞ്ഞ പ്രണയിനിയുടെ വാക്കുകൾ കേട്ട് മരിച്ചവൻ മരിച്ചിട്ടും മരിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്പോൾ തന്നെ മരിച്ചു ജീവിക്കുന്നതും ഇത്തരം ചിന്തയിലെ കാണാകാഴ്ചകളാണ്.

ഭീരുക്കൾ എല്ലാ ദിവസവും മരിക്കുന്പോൾ ധീരൻ മരിച്ചിട്ടും ജീവിക്കുന്നു എന്നാണ് പഴമൊഴി. നിങ്ങൾ ഈ കുറിപ്പ് വായിച്ചു കഴിയുന്പോഴേയ്ക്കും ഈ ഭൂമിയിൽ പത്തു പേരെങ്കിലും ആത്മഹത്യ ചെയ്‌തു കഴിഞ്ഞു കാണും എന്നതാണ് W.H.O നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്‌.

ധാർമ്മിക മൂല്യങ്ങളുടെ ശോഷണം സാന്പത്തികമായ പിരിമുറക്കം, ശാരീരിക പ്രശ്നങ്ങൾ എന്നിങ്ങനെ പല കാരണങ്ങളും സാമൂഹ്യ ശാസ്ത്രജ്ഞന്മാർ നിരത്താറുണ്ടെകിലും, ഭയം, ജീവിക്കാനുള്ള ഭയം, അത് തന്നെയാണ് അന്നും ഇന്നും ആത്മഹത്യക്ക്‌ പിറകിലുള്ള പ്രധാന കാരണം.

ഭയത്തിന് 2300 വർഷത്തിന്റെ പഴക്കമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് ചൈനയിലെ വൻമതിൽ കണ്ടപ്പോഴാണ്. ഭയം നാണക്കേടിന്റെ പര്യായമാണെന്ന് തിരിച്ചറിഞ്ഞത് ബെർലിനിലെ വോൾ ഓഫ് ഷെയിം കണ്ടപ്പഴാണ്. ‘പേടിക്കൊടലനായ’ മൊതലാളിമാർ വീട് വെയ്ക്കുന്നതിന് മുന്പ് മതില് കെട്ടുന്ന കാഴ്ച്ച മലയാളികൾക്ക് അന്യമല്ല.

ഭയം അതിക്രമിച്ചു കയറി മനസിലെ മിച്ചഭൂമിയിൽ മതില് കെട്ടുന്പോൾ ഭീരു മനസ്സിലും ഒപ്പം അവന്റെ അധീനതയിലുള്ള ഭൂമിയുടെ മാറിലും മതിലുകൾ കെട്ടുന്നു. മനസ്സിൽ നാം ഭയം കാരണം തീർക്കുന്ന മതിലുകളാണ് നമ്മുടെ ഏറ്റവും വലിയ ശത്രുക്കൾ. മതിലിനു കാശ് ചോദിച്ചു കടയടച്ചു അമേരിക്കൻ സെനറ്റിൻ്റെ പടിയുടെ മുകളിൽ ഭയന്ന് നിൽക്കുന്ന ലോക നേതാവായ ട്രംപിന്റെ പരിഭ്രമവും നാം ഈ വർഷാവസാനത്തിൽ കണ്ടു കഴിഞ്ഞു.

നമുക്ക് വേണ്ടത് ചങ്ങലയും മതിലുകളുമല്ല പകരം പാലങ്ങളാണ്. പാവപെട്ടവനിൽ നിന്ന് പണക്കാരനിലേയ്ക്കും, ദളിതനിൽ നിന്ന് ബ്രാഹ്മണനിലേയ്ക്കും, തൊഴിലാളിയിൽ നിന്ന് മുതലാളിയിലേയ്ക്കും, നിരക്ഷരതയിൽ നിന്നും അക്ഷരങ്ങളിലേയ്ക്കും. സ്ത്രീയിൽ നിന്ന് പുരുഷനിലേക്കും, കുട്ടികളിൽ നിന്ന് വൃദ്ധരിലേയ്ക്കും ഒരു പാലം. ഈ നേരിയ പാലത്തിന്റെ രണ്ടു അറ്റത്തു നിന്നും നാം മധ്യ ഭാഗത്തേയ്ക്ക് നടന്നു നീങ്ങുന്പോൾ നാം എത്തുക ഒരു സോഷ്യലിസ്റ്റിക് സൊസൈറ്റിയിലേയ്‌ക്കാണ്‌.

2018 നമ്മെ ഭയപ്പെടുത്തുന്നത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ കണക്ക് ഓർക്കുന്പോഴാണ്. പണം കായ്ക്കുന്ന മരം തേടി വിദേശത്തു എത്തുന്ന പ്രവാസി ഒരു പ്രയാസം നേരിടുന്പോൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് കൂടെ നിന്ന് കൈ പിടിക്കാൻ ഒരു കൂട്ടുകാരൻ ഇല്ലാതെയാകുന്പോഴാണ്.

കഷ്ടപ്പെടുന്നവരുടെ, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ, ശാരീരിക പ്രശ്നങ്ങൾ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്നവരുടെ ഇടയിൽ സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ ഒരു നേരിയ പാലം തീർത്തു ഫോർ പിഎം ന്യൂസ് എന്നും ഉണ്ടാവുമെന്നു ഉറപ്പിച്ചു കൊണ്ട് നേരുന്നു, എല്ലാവർക്കും പുതുവർഷ ആശംസകൾ..

You might also like

  • Lulu Exchange
  • Straight Forward

Most Viewed