എല്ലാം ശരിയാകും !
പി. ഉണ്ണികൃഷ്ണൻ
മലയാളികൾ ആഘോഷങ്ങൾ മാറ്റിവെച്ചിരിക്കുന്നു. നിങ്ങളില്ലാതെ ഞങ്ങൾക്കെന്താഘോഷം? എന്നാണ് പ്രളയബാധിത പ്രദേശങ്ങളിലുള്ളവരൊട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മറ്റ് ജില്ലയിലെ മലയാളികൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇപ്രാവശ്യത്തെ ഓണവും ഈദും കേരളത്തിൽ ആഘോഷിച്ചില്ലെന്ന് തന്നെ പറയാം. ശ്രീകൃഷ്ണ ജയന്തിയും ബഹളങ്ങളില്ലാതെ കടന്നുപോയി. പ്രളയബാധിത പ്രദേശത്തുള്ളവർ അവർക്ക് നഷ്ടപ്പെട്ട സമ്പാദ്യങ്ങളെ കുറിച്ചും അല്ലാത്തവർ പ്രളയബാധിത പ്രദേശത്ത് ഇപ്പോൾ കഷ്ടപ്പെടുന്നവരെക്കുറിച്ച് ചിന്തിച്ചും സങ്കടപ്പെടുകയാണ്.
മറ്റ് ജില്ലകളിൽ ആഘോഷമായി നടത്തപ്പെടാനിരുന്ന പല വിവാഹങ്ങളും മറ്റ് സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടേയും ചടങ്ങുകളും വളരെ ലളിതമായി ചെയ്ത് തീർക്കുകയാണ്. ഇതിന്‍റെ ഔചിത്യബോധമാണ് സത്യത്തിൽ എനിക്ക് മനസിലാകാത്തത്. ഓണവും ഈദും ആഘോഷിക്കാത്തതുകൊണ്ട് മറ്റ് ജില്ലകളിലുള്ളവർ പോലരും പട്ടിണിയിലായി എന്നതാണ് സത്യം.
പ്രളയബാധിത പ്രദേശമല്ലാത്തതിനാൽ ആഘോഷങ്ങൾ മാറ്റിവെയ്ക്കുമ്പോൾ യഥാർത്ഥത്തിൽ പ്രശ്നത്തിലാവുന്നത് കേരളത്തിലെ സാമ്പത്തിക മേഖലയാണ്. ഒരു സമ്പന്നൻ അദ്ദേഹത്തിന്‍റെ മകളുടെ വിവാഹം ലളിതമായി ആഘോഷിക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത്, മാർക്കറ്റിലേയ്ക്ക് ഒഴുകേണ്ട പണം അദ്ദേഹത്തിന്‍റെ ബാങ്കിൽ തന്നെ നിലനിർത്തിയിരിക്കുക എന്നത് മാത്രമാണ്. ഓണവും ഈദും പ്രളയത്തിന്റെ പേരും പറഞ്ഞ് ആഘോഷിക്കാതിരുന്നപ്പൊഴും സംഭവിച്ചത് ഇത് തന്നെയാണ്. ആഘോഷങ്ങൾ ആഘോഷമായി തന്നെ നടത്തുമ്പോൾ ഒരു സമ്പന്നന്‍റെ കൈയിലുള്ള പണം പന്തൽ കെട്ടുന്നവനും ചെണ്ടയും മേളവും ഒരുക്കുന്നവനും കുശിനിക്കാരനും പൂക്കച്ചവടക്കാരനിലേയ്ക്കും സഞ്ചരിക്കുന്നു. ഈദും ഓണവും ആഘോഷിക്കാതിരുന്നതു കാരണം കേരളത്തിലെ ടെക്സ്റ്റയിൽ വ്യാപാരികൾ നിരത്തുന്നത് നഷ്ടത്തിന്‍റെ കണക്കുകളാണ്.
പ്രളയബാധിത പ്രദേശത്തുള്ളവർ ഓണമുണ്ണുന്നില്ല, അല്ലെങ്കിൽ ഇപ്പൊഴും പഴയജീവിത സൗകര്യങ്ങളിലേയ്ക്ക് മടങ്ങിയെത്തിയില്ല എന്ന് ചിന്തിച്ച് സങ്കടപ്പെടുന്നതിന് പകരം കേരളത്തിലെ വാണിജ്യ വ്യാപാര മേഖലയിൽ ഉണർവുണ്ടാക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് സംഭാവന ചെയ്യാത്ത നിരവധി പേർ ഇനിയും കേരളത്തിലുണ്ട്. അതിൽ ഭൂരിഭാഗവും സംഭാവനയായി നൽകുന്നത് സോഷ്യൽ മീഡിയയിലൂടെ നൽകുന്ന സങ്കടചിന്തകൾ മാത്രമാണ്.
പ്രളയം വന്ന ജില്ലകളിലെ വ്യക്തികളുടെ ദുരിതങ്ങൾ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തീരുന്നതല്ല. ഇൻസ്റ്റാൾമെന്റിൽ വാങ്ങിയ ടി.വിയും ഫ്രിഡ്ജും മറ്റു പല ഗ്രഹോപകരണങ്ങളും ഒപ്പം, താമസിക്കുന്ന വീടും ഭാഗീകമായും പൂർണ്ണമായും നഷ്ടപ്പെട്ടവർ എന്താണ് ചെയ്യേണ്ടതെന്നറിയാതെ നട്ടം തിരിയുകയാണ്. ചെറുകിട വ്യാരികളിൽ പലരും കട തുറക്കുവാൻ വരെ പറ്റാതെ ഉഴലുകയാണ്. മറ്റ് ജില്ലകളിൽ വന്ന് കച്ചവടം ചെയ്യാനുള്ള സാധ്യതകൾ ആരായുന്നവരും ഏറെയുണ്ട്.
ഇനി കേരളത്തിലുള്ളവർ ചെയ്യേണ്ടത് കുറച്ച് കാലം കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ തന്നെ വാങ്ങുവാൻ ശ്രമിക്കുക. കാശ് കുറച്ച് കൂടുതലാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ കേരള സംസ്ഥാനത്തിലുള്ളവർക്ക് ജോലി നൽകുവാൻ ശ്രമിക്കുക. സമ്പന്നരായവർ, നേരിട്ട് പണം നൽകുവാൻ മാനസികമായി തയ്യാറല്ലാത്തവർ, മറ്റ് ജില്ലകളിലുള്ളവർ, പറ്റുന്നപത്ര ആർഭാടമായി ജീവിച്ച് അവരുടെ ബാങ്കിലുള്ള പണം മാർക്കറ്റിലേക്ക് ഒഴുക്കുക.
പ്രളയ കഥകൾ പറഞ്ഞും പരത്തി പറഞ്ഞും പരസ്പരം സങ്കടപ്പെട്ട് ചെണ്ടയും മദ്ദളവുമാകാതെ വാദ്യഘോഷത്തൊടെ പുനർനിർമ്മാണ പ്രക്രിയകളിലേക്ക് നീങ്ങുവാൻ ശ്രമിക്കാം. പ്രളയം ബാധിച്ച മനസ്സുകൾ വരണ്ട് തുടങ്ങുന്നതിന് അവർക്ക് പ്രത്യാശയുടെ പുതിയ ചിന്തകൾ പകരാം. ഹിരോഷിമയിലും നാഗാസാക്കിയിലും ബോംബിട്ടപ്പോൾ ജപ്പാൻ തിരിച്ച് വന്നത് പോലെ, ഒറ്റക്കെട്ടായി നിന്ന് ഒത്തൊരുമിച്ച് നമുക്ക് സൃഷ്ടിക്കാം, ഒരു നവകേരളം...