പ്രവാസിയുടെ കുന്പസാര കൂട്ടിൽ നിന്നും...
പി. ഉണ്ണികൃഷ്ണൻ
മനസിന്റെ രണ്ടാം നിലയിലേയ്ക്ക് മലവെള്ളപ്പാച്ചിലായി ഭീതി കയറിതുടങ്ങിയപ്പോൾ ഇനിയും പെയ്ത് തീരാത്തത് അടങ്ങാത്ത കുറ്റബോധമാണ്. കുത്തിയൊലിച്ച് പായുന്ന ചിന്തകളിൽ ഇപ്പോഴും നില കിട്ടാതെ ചൂഴിയിൽ നട്ടം തിരിയുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ്.
മലയാളി കടൽ കടന്ന് കുബൂസ് തിന്നു തുടങ്ങിയപ്പോഴാണ് നമ്മുടെ നാട്ടിൽ മാവുകൾ പൂത്ത് തുടങ്ങിയത്. കുടവയർ. ചാടിയപ്പോഴേയ്ക്കും ഒരു മാരുതി കാറും കാറിന് വിശ്രമിക്കുവാനായി ഇരുനില കെട്ടിടങ്ങളും തലയുയർത്തി തുടങ്ങി.
ഗൾഫുകാരന്റെ അത്തറിന്റെ മണം നാട്ടിലെ വിയർപ്പിന്റെ മണത്തെ അതിജീവിച്ച് തുടങ്ങിയപ്പോഴാണ് നമ്മുടെ മനസിൽ ഗ്രഹണം തുടങ്ങിയതും അഹങ്കാര ഞാഞ്ഞൂലുകൾ തലപൊക്കി തുടങ്ങിയതും.
മുറിവെണ്ണ പുരട്ടി നടുവേദന മാറ്റിയ അമ്മൂമ്മമാർ ടൈഗർ ബാം പുരട്ടി തലയുയർത്തി നിന്നപ്പോൾ മീശക്കാരൻ തൈലം പുരുഷകേസരികളുടെ വേദന സംഹാരികളായി. മൂക്കും ചീറ്റി, സൈക്കിളിന്റെ സീറ്റിൽ ഇരിക്കാതെ കുനിഞ്ഞ് നിന്ന് ഓടിച്ച പയ്യന്മാർ യമഹാ ബൈക്കിൽ റെയ്ണൻ ഗ്ലാസിട്ട് ചുറ്റും നോക്കിയപ്പോൾ കാണുന്നതെല്ലാം പച്ചയായിരുന്നു.
വർഷത്തിലൊരിക്കൽ കേരളം സന്ദർശിക്കാനെത്തിയ പ്രവാസികൾക്കായി കാടും കാടിന്റെ കുളിരും കുളിലൊരു ബിയറും, ബിയർ കഴിക്കാനായി ഒരു റിസോർട്ടും തയ്യാറായി വന്നപ്പോൾ കാട് നാടായി മാറി.
ഒരമ്മ പെറ്റ അഞ്ച് മക്കൾ അന്പത് സെന്റിൽ അഞ്ച് ഇരുനില മാളികകൾ പണിത് ഞങ്ങളെ തോൽപ്പിക്കാൻ ആരാണ് എന്ന് ആത്മാഭിമാനത്തോടെ ആക്രോശിച്ചപ്പോൾ, തൊട്ടടുത്ത അയൽക്കാരനും ഭൂപണയ ബാങ്കിന്റെ കാരുണ്യം തേടി കെട്ടിപൊക്കി, അഹങ്കാരത്തിന്റെ കോൺക്രീറ്റ് സ്വപ്നങ്ങൾ.
മാളികപ്പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പ് കയറുമെന്ന കവിവാക്യത്തെ പരിഹസിച്ചവർ ഇന്ന് തോളിൽ മാത്രമല്ല, തലയിലും അരയിലും മാറാപ്പ് കെട്ട് ഗതികിട്ടാതെ അലയുകയാണ്. എല്ലാം സഹിച്ച് മിണ്ടാതെ കിടന്ന ഭൂമിയുടെ മടിക്കുത്തിൽ പിടിച്ച് വസ്ത്രാക്ഷേപം നടത്തിയവരിൽ പ്രവാസികൾക്കുള്ള സ്ഥാനം, ദുര്യോധനന്റെതാണ്.
ദിനാറിന്റെയും റിയാലിന്റെയും വിനിമയ നിരക്കിൽ വന്ന ഉയർച്ചയിൽ ദുർമേദസ് വന്നത് പ്രവാസിയുടെ ചിന്തകൾക്കായിരുന്നു.
സ്വപ്നങ്ങൾ കോൺക്രീറ്റ് ചെയ്യപ്പെട്ടപ്പോൾ ഭൂമിക്കടിയിലേയ്ക്ക് നിക്ഷേപിച്ച മാലിന്യങ്ങൾക്ക് പകുതി കണക്ക് ചോദിച്ച് തുടങ്ങിയിരിക്കുന്നു. നമ്മൾ നമ്മുടെതാണെന്ന് കരുതി അപഹരിച്ച മരവും മണലും പുഴയും നമ്മുടെ ബാലൻസ് ഷീറ്റിലെ അൺപെയ്ഡ് ലയബിലിറ്റീസ് ആണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോഴേയ്ക്കും പ്രകൃതിയുടെ ഓഡിറ്റിംഗ് തുടങ്ങി കഴിഞ്ഞിരിക്കുന്നു.
എനിക്ക് ശേഷം പ്രളയമല്ലെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞ ഞാനടക്കമുള്ള പ്രവാസികൾ ഇനി ചെയ്യേണ്ടത്.
1.ഒരു വീട്ടിലെ അംഗങ്ങൾ കൂടുതൽ ഭൂമി നശിപ്പിക്കാതെ ചെറിയ സ്ഥലത്തിൽ മൂന്നോ നാലോ തട്ടുകളായി ഫ്ളാറ്റുകൾ കെട്ടി കുടുംബക്കാരോടൊപ്പം താമസിക്കുക.
2.പൊതുജനത്തെ ബോധിപ്പിക്കാനായി മക്കളുടെ വിവാഹം വരുന്പോൾ, എല്ലാ സന്പാദ്യവും വലിയ മാളിക കെട്ടി ‘show off’ ചെയ്യുന്ന പരിപാടി അവസാനിപ്പിക്കുക. ഓർക്കുക വലിയ വലിയ കെട്ടിടങ്ങളും വീടുകളും കണ്ട് ജനങ്ങൾക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു.
3.പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക. ഇനി യാത്രാ സമയത്ത് അത്യാവശ്യം വാങ്ങേണ്ടി വരുന്ന മിനറൽ വാട്ടറിന്റെ കുപ്പികൾ സർക്കാർ സംവിധാനത്തിലുള്ള റീ സൈക്കിൾ ബിന്നിലിടാൻ ശ്രദ്ധിക്കുക.
4.ഓരോ പ്രവാസിയും അവരവർക്കുള്ള ഭൂമിയിൽ പറ്റാവുന്നത്ര മരങ്ങൾ നട്ടു പിടിപ്പിക്കുക.
5.വാടകയ്ക്ക് കൊടുക്കുവാനായും തിരിച്ച് വിൽക്കുവാനായും ഫ്ളാറ്റുകൾ വാങ്ങി നിക്ഷേപിക്കുന്നതിന് പകരം ചെറിയ 15 മുതൽ 20 സെന്റ് വരെയുള്ള സ്ഥലങ്ങൾ വാങ്ങി വെയ്ക്കുക.