അങ്ങിനെ തോറ്റുകൊടുക്കുന്ന ഒരു ജനതയല്ല നമ്മള്‍
കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത വലിയ ഒരു ദുരന്തത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കയാണ്. സർക്കാരും, രാഷ്ട്രീയകക്ഷികളും സന്നദ്ധ സംഘങ്ങളും കർമനിരതരായി ദുരന്തമുഖങ്ങളിലുണ്ട്. അവരുടെയൊക്കെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ഫലപ്രാപ്തിയിൽ എത്തട്ടെ എന്ന് നമുക്ക് ആശിക്കാം.
വെള്ളപ്പൊക്കവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും ടിവിയിലൂടെയും കണ്ടു ഹൃദയം നുറുങ്ങി നില്‍ക്കുന്ന ഒരു പാട് പ്രവാസികള്‍ ബഹറിനിലും ഉണ്ട്. പ്രവാസകാലത്തെ കഷ്ടപ്പാടുകള്‍ കൊണ്ട് സ്വരുക്കൂട്ടിയ വീടും സമ്പാദ്യങ്ങളും അപ്പാടെ ഒലിച്ചു പോയ ഒരു പാട് പേരുടെ അടക്കിപ്പിടിച്ച വിതുമ്പലുകളിലേക്കാണ് ഇന്ന് നേരം പുലര്‍ന്നത്. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു സമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും നാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സുഹൃത്തുക്കള്‍ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. നാട് മൊത്തം വിറങ്ങലിച്ചു നില്‍ക്കുന്ന ഈ സമയത്ത് നമുക്കെന്തു ചെയ്യാം എന്ന ചിന്തയില്‍ ഫോര്‍ പിഎം ചില സാധ്യതകള്‍ മുന്നോട്ടു വെക്കുന്നു.
അവശ്യ സാധനങ്ങള്‍ അയക്കാനുള്ള കാര്‍ഗോ ചാര്‍ജ്ജ് ഫോര്‍ പിഎം സംഘടിപ്പിക്കുന്നു.
ബഹറിനിലെ പ്രമുഖ വ്യവസായികളുടെ സഹകരണത്തോടെ നാട്ടിലേക്കു വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ബെഡ്ഷീറ്റ് മറ്റു അവശ്യ സാധനങ്ങള്‍ കാര്‍ഗോ ചെയ്യാനുള്ള ചാര്‍ജ്ജ് ഫോര്‍ പിഎം സംഘടിപ്പിക്കുന്നു. ഇതുവരെ മൂവായിരം കിലോ സാധനങ്ങള്‍ അയക്കാനുള്ള കാര്‍ഗോ ചാര്‍ജ്ജ് വാഗ്ദത്തം ലഭിച്ചു കഴിഞ്ഞു. കൂടുതല്‍ വ്യവസായികളുമായി ഞങ്ങള്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. നാട്ടിലേക്ക് അയക്കാനുള്ള സാധനങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ സന്നദ്ധ സംഘടനകളോടും സാമൂഹ്യപ്രവര്‍ത്തകരോടും അപേക്ഷിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന.
ഇപ്പോള്‍ ഏറ്റവും വ്യവസ്ഥാപിതമായും പരാതി രഹിതമായും സുതാര്യമായും ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ഏക മാര്‍ഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്. ഇപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന പിരിക്കുന്നതിന് ചില നിയമ തടസ്സങ്ങള്‍ ബഹ്രനില്‍ ഉണ്ട്. വ്യക്തിപരമായി പണം അയക്കുകയെന്നല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഞങ്ങള്‍ ബഹ്രൈനിലെ മുഖ്യ എക്സ്ചേഞ്ചുകളെ ബന്ധപ്പെട്ടിരുന്നു. ഈ നിധിയിലെക്കുള്ള പണവിനിമയത്തിനുള്ള മികച്ച വിനിമയനിരക്ക് നല്‍കുവാനും സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കുവാനും അപേക്ഷിച്ചിട്ടുണ്ട്. അവരൊക്കെയും വളരെ അനുകൂലമായ തീരുമാനം എടുത്തു കഴിഞ്ഞു. ഈയാഴ്ച വിനിമയ നിരക്ക് വര്‍ദ്ധന കൊണ്ടുണ്ടായ നേട്ടം നമുക്ക് ദുരിതബാധിതര്‍ക്കായി മാറ്റിവെക്കാം.
വീടുകളിലേക്ക് സ്വീകരിക്കാം.
നമ്മള്‍ പലരും വലിയ വീടുകള്‍ ഉള്ളവരും അത് പൂട്ടിയിട്ടു ഇവിടേയ്ക്ക് വന്നവരും ആവാം. നിങ്ങളുടെ വീട് വെള്ളം കയറാത്ത ഇടങ്ങളിലാണെങ്കില്‍ രണ്ടാഴ്ചത്തേക്ക് അത് സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് തലചായ്ക്കാനുള്ള അവസരമൊരുക്കും. അത്തരത്തില്‍ വീടൊരുക്കാന്‍ കഴിയുന്നവര്‍ക്ക് ഞങ്ങളെ അറിയിക്കാം. നാട്ടിലെ കലക്ട്രേറ്റ്‌കളുമായി ബന്ധപ്പെട്ടു ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ്.
പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം.
ഏതൊരു വെള്ളപ്പോക്കത്തിന്റെയും അനന്തരഫലങ്ങളായ വറുതിയുടെയും പകര്ച്ചവ്യാധികളുടെയും ദിനങ്ങളെ എങ്ങിനെ നേരിടുമെന്ന വെല്ലുവിളി നമ്മുടെ മുന്നിലുണ്ട്. ബഹറിനിലുള്ള നിരവധി പ്രാദേശികകൂട്ടായ്മകളെ ഏകോപിപ്പിച്ചു ഓരോ സ്ഥലത്തെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭവനനിര്‍മാണപ്രവര്‍ത്തങ്ങളിലും നമുക്ക് പങ്കാളികളാകാം.
അവരുടെ കണ്ണീരിനുമേല്‍ നമ്മള്‍ ആഘോഷിക്കുന്നതെങ്ങിനെ?
നിരവധി സംഘടനകളും കൂട്ടായ്മകളും വിപുലമായ ഈദ് - ഓണാഘോഷങ്ങളുടെ ഒരുക്കത്തിലാണ്. വലിയതോതില്‍ പണം ചെലവിട്ടുള്ള ആഘോഷങ്ങള്‍ മിതമാക്കി അതില്‍ നിന്നുള്ള പണം നമുക്ക് ദുരിതാശ്വാസത്തിനായി മാറ്റിവെക്കാം. അതിജീവനം തന്നെ വെല്ലുവിളി ആയിരിക്കുന്നവര്‍ ചുറ്റിലും ഉണ്ടായിരിക്കെ നമുക്കെങ്ങിനെ ആഘോഷിക്കാന്‍ കഴിയും?
നിശ്ചയമായും ഈ പ്രതിസന്ധികള്‍ നാം കടന്നു പോകുക തന്നെ ചെയ്യും. എളുപ്പത്തില്‍ തോറ്റുപോകുന്ന ഒരു ജനതയല്ല നാമെന്നു ലോകത്തെ കാണിച്ചു കൊടുക്കാനുള്ള ഒരു സമയമാണിത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണ് വെള്ളം ഇരച്ചു കയറി വന്നത്. അതിനെ നേരിടെണ്ടതും അങ്ങിനെ തന്നെയാവണം. നിപ്പ വൈറസ് വന്നപ്പോ കേരളീയ പൊതു സമൂഹം അത് സ്തുത്യര്‍ഹമായി കാണിച്ചു കൊടുത്തതാണ്. അവിടവിടെയായി ചില വിഷജന്തുക്കള്‍ ഉള്ളിലെ കാളകൂടം വമിപ്പിക്കുന്നത് നമുക്ക് അവഗണിക്കാം. കൈവിട്ടു പോകുന്ന ജീവിതം മുന്നില്‍ കണ്ടു നിലവിളിക്കുന്ന ഒരു ജനത നമ്മുടെ മുന്നില്‍ ഉണ്ട്. അവരെ കൈ പിടിച്ചുയര്‍ത്തുവാനുള്ള ഏതു സംരംഭത്തിനും ഫോര്‍ പിഎം എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.