ചികിത്സ വേണ്ട ചിന്തകൾ....
പി. ഉണ്ണികൃഷ്ണൻ
ഒരിക്കൽ റഷ്യയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായി ബ്രഷ്നേവ്, അദ്ദേഹത്തിന്റെ അമ്മയെ അവരുടെ ഗ്രാമത്തിൽ നിന്നും ക്രെംലിനിലുള്ള തന്റെ വസതിയിലേയ്ക്ക് കൊണ്ടു വന്നു. കൊട്ടാര സദൃശ്യമായ വലിയ വീടും അതിൽ വിരിച്ച വിലമതിക്കാനാകാത്ത പേർഷ്യൻ കാർപ്പറ്റും, സ്വീഡനിൽ നിന്നും കൊണ്ടുവന്ന ഗൃഹോപകരണങ്ങളും അമേരിക്കയിൽ നിന്നും കൊണ്ടു വന്ന പുല്ല് മുറിക്കുന്ന യന്ത്രവുമൊക്കെ കണ്ട് സന്തോഷിച്ച അമ്മ, ഇത്തിരി ചിന്തിച്ച ശേഷം, ചെറിയൊരു ഭയത്തോടെ മകനോട് ചോദിച്ചു. ‘ലിയോനിത്’ ആ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകാർ ഇവിടെയും വരും. അപ്പോൾ നീ ഇതൊക്കെ എങ്ങിനെയാണ് സംരക്ഷിക്കുക?!
കമ്മ്യൂണിസ്്റ്റുകളും , ആ പ്രത്യയശാസ്ത്രത്തെ നയിക്കുന്ന നേതാക്കന്മാരും ഒറ്റ നോട്ടത്തിൽ ചിന്തിക്കുന്നത് മാർക്സിയൻ ചിന്താധാരയാണെന്ന് തോന്നുമെങ്കിലും നേതാക്കൾ വ്യക്തിപരമായി എടുക്കുന്ന ചില തീരുമാനങ്ങളിലെ അന്തർധാര സാധാരണ കമ്മ്യൂണിസ്റ്റ് വിശ്വാസികളെ അന്നും ഇന്നും ആശങ്കയിലാഴ്ത്താറുണ്ടെന്നതാണ് സത്യം. അത്തരമൊരു ആശങ്കയാണ് നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്ക സന്ദർശിക്കുന്നുവെന്ന വാർത്ത പരന്നപ്പോൾ മാധ്യമ മാഫിയകളിൽ നിന്നും, സംഘടിത, സാംസ്കാരിക നായകന്മാരിൽ നിന്നും ഉടലെടുത്ത് ചർച്ചയ്ക്ക് വിധേയമായത്. സഖാവിന് ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ, ലോകത്ത് ഇന്ന് ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ അദ്ദേഹത്തിന് ലഭ്യമാക്കണം എന്ന് തന്നെയാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.
ഇനി കമ്മ്യൂണിസ്റ്റുകാരനായ ഒരു നേതാവിന് മുതലാളിത്ത രാജ്യമായ അമേരിക്കയിലേയ്ക്ക് പോകുന്പോൾ ‘ദാസ് കാപ്പിറ്റൽ’ വായിച്ചവർക്ക് വൈരുദ്ധ്യാത്മകമായി എന്തെങ്കിലും തോന്നിയാലോ എന്ന ചിന്ത അസ്ഥാനത്താവുന്നത്, 1967ൽ കമ്മ്യൂണിസ്റ്റ് സൈദ്ധാധികനായ ശ്രീമാൻ നന്പൂതിരിപ്പാട് കെട്ടും, പാടും ഒക്കെ പെറുക്കി കൂട്ടി വെസ്റ്റ് ജർമ്മനിയിലേയ്ക്ക് ചികിത്സയ്ക്ക് പോയ കഥ സ്മരിക്കുന്പോഴാണ്. സഖാവ് നന്പൂതിരിപ്പാടിന്റെ തീരുമാനത്തിന്റെ ഒരറ്റം പിടിച്ചാണ് സഖാവ് നായനാരും, അച്യുതാനന്ദനുമൊക്കെ പിന്നീട് ആരോഗ്യ പരിരക്ഷയ്ക്കായി സായിപ്പിന്റെ മുന്നിൽ കവാത്ത് മറന്നത്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ഇടത് ചവിട്ടി, വലത് ചവിട്ടി, ഓതിരം മറിഞ്ഞ്, ചുരിക വീശി, പല്ല് നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞപ്പോൾ, ദന്ത പരിരക്ഷയ്ക്കായി വിദേശയാത്ര സർക്കാർ ചിലവിൽ നടത്തിയ പി.ആർ കുറുപ്പിന്റെ കഥയും ഈയൊരു ‘വിദേശയാത്ര കഥായാനത്തിൽ’ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്. ജയപ്രകാശ് നാരായണൻ, വിനോബ ഭാവെ എന്നിവരിൽ നിന്നും നേതൃവീര്യം സംഭരിച്ചവരിൽ പലരും ഗാന്ധീയൻ സാന്പത്തികതയുടെ പുറം വാതിലിൽ കൂടി ആഡം സ്മിത്തിനെയും, കെയിനെനെയും സ്വീകരിച്ചവരാണ് ജെ.സി കുമാരപ്പയും, മാർജോറി സൈക്സും പ്രാമാണികമായി ഗാന്ധിഗ്രാമിൽ കരുതിയത് വെൽത്ത് ഓഫ് നാഷൻ എന്ന ഗ്രന്ഥം തന്നെയായിരുന്നു. സഖാവ് പിണറായി വിജയൻ ഇനി അമേരിക്കയിലേയ്ക്ക് പോകുന്നത് ചികിത്സയ്ക്ക് തന്നെയാണെങ്കിലും നമ്മുക്ക് ചോദിക്കാൻ പറ്റുന്ന ഒരേയൊരു ചോദ്യം കമ്മ്യൂണിസ്റ്റ് വിശ്വാസിയായ ഒരു നേതാവ്, പഴയ കമ്മ്യൂണിസ്റ്റ് രാജ്യമായ റഷ്യയിലേയ്ക്കോ അതല്ലെങ്കിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന ചൈനയിലേയ്ക്കോ, ക്യൂബയിലേയ്ക്കോ എന്തുകൊണ്ട് പോകുന്നില്ല എന്നതാണ്. ഇതിനുള്ള ഉത്തരം ഒന്ന് മാത്രമാണ്. ‘വിശ്വാസം’ അവർക്ക് മുതലാളിമാരോടുള്ള ‘വിശ്വാസം’ അത് ഒന്ന് മാത്രമാണ്. ഹരിലാൽ ഗാന്ധിയുടെ വിദേശപഠനത്തിന് വിസമ്മതിച്ച് മഹാത്മാ ഗാന്ധിയും, പി.എഫ് രാമൻകുട്ടിയെ വിദേശത്ത് പഠനത്തിന് അനുമതി നൽകാതിരുന്ന അച്യുത മേനോനും നമ്മുടെ രാജ്യത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിശ്വാസമുണ്ടായിരുന്നു. അതില്ലാത്തവരാണ് അവരുടെ മക്കളെ അമേരിക്കയിലേയ്ക്ക് അയക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക കൊന്നത് 20 ലക്ഷം പേരെയാണെങ്കിൽ, ചൈനയിൽ മാത്രം മാവോയുടെ കാലത്ത് കൊന്നൊടുക്കിയത് 45 ലക്ഷം പേരെയാണ്. സ്റ്റാലിൻ പുകച്ച് കൊന്നതും കബോഡിയയിൽ മരത്തിലിടിച്ച് കൊന്നതും ഒക്കെ കൂട്ടിയാൽ 1900നും -99നും ഇടയ്ക്ക് കമ്മ്യൂണിസ്റ്റുകൾ കൊന്നത് 14 കോടിയിലധികം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നശിപ്പിക്കുന്പോൾ തന്നെ അമേരിക്ക മറ്റൊരു ഭാഗത്ത് വേറെ ചിലരെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന വിശ്വാസമാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെ മുതലാളിമാരുമായി ബന്ധിപ്പിക്കുന്ന പ്രധാന ഘടകം. ജി. സുധാകരന്റെയും, ടി.കെ ബലന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും മക്കൾ മുതലാളിമാരുടെ കച്ചവട രഥത്തിന്റെ കുതിരകളായി മാറിയതും ഈ വിശ്വാസം വഴി തന്നെ.
ഭീരുക്കൾ ഓരോ ദിവസവും മരിക്കുന്പോൾ, ധീരന്മാർ മരിച്ചിട്ടും ജീവിക്കുന്നു എന്നാണ് പഴമൊഴി. രോഗങ്ങൾ കീഴടക്കി തുടങ്ങി എന്നറിയുന്പോൾ ഏതൊരു വീരശൂര പരാക്രമിയും തേടുന്നത് അവർക്ക് വിശ്വാസമുള്ള ഒരു വിദഗ്ദ്ധനെയോ ചികിത്സാ രീതിയിയോ ആണ്.
ഇവിടെയാണ് ചിന്തയുടെ മറുവശം.
സ്കൂളിൽ പഠിക്കുന്പോൾ കടം വാങ്ങിയ കാശും എടുത്ത് കന്യാകുമാരി വരെ സൂര്യാസ്തമയം കാണാൻ പോയവരാണ് നമ്മളിൽ ഭൂരിഭാഗവും. തൊട്ടടുത്ത കുന്നിൻമുകളിൽ നിന്ന് ഉദിച്ച് വരുന്ന സൂര്യനെ കാണാൻ ഒരു അദ്ധ്യാപകനും നമ്മെ നയിച്ചിട്ടില്ല എന്നതും ഓർക്കുക. നവജാത ശിശുക്കളെ സന്ദർശിച്ച് സന്തോഷിക്കാൻ പോകാതെ ഐ.സി.യുവിൽ അവസാന ശ്വാസം വലിക്കുന്നവരെ കണ്ട് സങ്കടപ്പെടാനാണ് നമ്മളിൽ ഭൂരിഭാഗം പേർക്കും താത്പര്യം. എല്ലാ ഭയവും ആത്യന്തികമായി മരണഭയം തന്നെയാണ്. ചൈനയിൽ ലഭിക്കുന്ന ചികിത്സയെക്കാൾ അമേരിക്കയിലെ ആരോഗ്യമേഖലയാണ് സഖാവ് പിണറായി വിശ്വസിക്കുന്നതെങ്കിൽ ഇന്ത്യൻ കമ്മ്യൂണസത്തിന് അത് പുതിയ ഉണർവാണ് നൽകുക. മുതലാളിമാരെയും സന്പന്നരെയും ഇല്ലാതാക്കുന്നതിന് പകരം ഓരോ തൊഴിലാളിയെയും മുതലാളിമാർ ആക്കുന്നതും, പാവപ്പെട്ടവരെ ധനികൻമാരാക്കുന്നതുമാണ് സഖാവ് സ്വപ്നം കാണുന്നത്.
കോടികളുടെ ആസ്തിയുണ്ടായിട്ടും സ്വന്തം സംസ്ഥാനത്ത് സ്വന്തം അണികളുടെയിടയിൽ സ്വന്തം രാജ്യത്തെ ആരോഗ്യമേഖലയിൽ വിശ്വാസമർപ്പിച്ച് അസ്തമിച്ച ശ്രീ കരുണാനിധിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്...