നരക്കുന്ന മീശയും, നരക്കാത്ത ആശയും..
പി. ഉണ്ണികൃഷ്ണൻ
ഏഴാം ക്ലാസിൽ പഠിക്കുന്പോൾ ക്ലാസിലെ മുഴുവൻ പെൺകുട്ടികളുടെയും മുന്പിൽ വെച്ച് കളിയാക്കി ‘അനാരൂഢശ്മശ്രു’ എന്ന് വിളിച്ച് അദ്ധ്യാപിക എന്റെ മനസിലേയ്ക്ക് വർഷിച്ചത് അപമാനത്തിന്റെ നിർത്താതെയുള്ള പേമാരിയായിരുന്നു.
കിടപ്പ് മുറിയിലെ ചുവരിൽ പൊടിമീശയുമായി എന്നെ നോക്കി എന്നും പുഞ്ചിരിച്ചിരുന്ന പ്രേം നസീറിന്റെ മനോരമ ആഴ്ച്ചപതിപ്പിലെ കവർചിത്രവും, ചരിത്ര പുസ്തകത്തിലെ ടിപ്പു സുൽത്താന്റെയും, രാജാ രവിവർമ്മയുടെയും, പഴശി രാജയുടെയും മീശകൊന്പ് എന്നിലുണ്ടാക്കിയ അപകർഷതാബോധത്തെ മറി കടക്കുവാൻ സഹായിച്ചത് ചേച്ചിയുടെ മേശ വലിപ്പിൽ ഒളിഞ്ഞിരുന്ന പാതി ദേഹം നഷ്ടമായ ‘ഐബ്രോ’ പെൻസിലായിരുന്നു.
പത്താം തരം പാസായി കോളേജിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറാകുന്ന സമയത്ത് ബാർബർ ഷോപ്പിൽ തലമുടി മുറിക്കാൻ പോയപ്പോൾ കണ്ണാടിയിലെ എന്നെ നോക്കി ഷേവ് ചെയ്യട്ടെ എന്ന് മൃദുമന്ദാഹസത്തോടെ കുഞ്ഞിരാമേട്ടൻ ചോദിച്ചപ്പോൾ എന്റെ കൈവശമുള്ള എല്ലാ സ്ഥാപകജംഗമ വസ്തുക്കളും അദ്ദേഹത്തിന് ദാനാധാരാമായി നൽകിയാലും കടപ്പാട് തീരില്ലെന്നാണ് മനസ് പറഞ്ഞത്. ദില്ലിയിൽ പഠിക്കുന്പോൾ കൂടെയുള്ള പെൺകുട്ടികൾ മീശയില്ലാത്ത ഷാരൂഖിനെയും, ആമീറിനെയും സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് ഗ്ലോബൽ മാർക്കറ്റിൽ ഈ മീശയ്ക്ക് വലിയ വിലയില്ലെന്ന തിരിച്ചറിവും വന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും ഒട്ടു മിക്ക കഥകളിലും സിനിമകളിലും വില്ലൻമാർക്കും രാക്ഷസ ഗുണമുള്ളവർക്കും മീശ പിടിപ്പിക്കുകയെന്ന് ദൗത്യം അന്നും ഇന്നും തുടരുന്നു.
കേരളത്തിൽ ഇന്ന് മീശയില്ലാത്തവരും, മീശ കിളിർത്തവരും, മീശ നഷ്ടപ്പെട്ടവരും, നരച്ചവരും ചർച്ച ചെയ്യുന്നത് ‘ഹരീഷ്’ എഴുതിയ ‘മീശ’യെ കുറിച്ചാണ്. ‘മീശ’ വായിച്ചില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുതുടങ്ങിയ പേജുകൾ വായിച്ചപ്പോൾ അതിലെ വാക്കുകൾ സണ്ണിലിയോണിനെ പോലെ ചെരിഞ്ഞും, മലർന്നും, തിരിഞ്ഞും, മറിഞ്ഞും കിടന്ന് പുരുഷ മനസുകളെ രോമാഞ്ചമണിയിക്കുമെന്നുറപ്പായി !
കോളേജിൽ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കൾ സ്ഥലത്തെ പ്രധാന പുസ്തക കടകളിൽ ഒളിപ്പിച്ചുവെച്ച കാമശാസ്ത്ര പൈങ്കിളി കഥകളുടെ വാതായനങ്ങൾ തുറന്ന് കാണിച്ചത്. സ്റ്റണ്ട്, രതി, കാളി, മുത്ത് എന്നീ പ്രസിദ്ധീകരണങ്ങൾ ഒളിച്ചും പാത്തുമാണ് കടക്കാർ വിറ്റിരുന്നത്. കേരളത്തിലെ മിക്ക വീടുകളിലും പുരുഷൻമാർ ഏറ്റവും വലിയ സുരക്ഷ സംവിധാനങ്ങളോടെ സൂക്ഷിച്ച അമൂല്യ നിധികളായിരുന്നു ഈ പ്രസിദ്ധീകരണങ്ങൾ.
എഴുതുവാനുള്ള അവകാശം മൗലികമാണെങ്കിൽ തോന്നുന്നതെന്തും എഴുതുവാനുള്ള അവകാശം മൗലികമണോ എന്നാണ് പിന്നെയുള്ള ചിന്ത. അങ്ങിനെയാണെങ്കിൽ എന്ത് കൊണ്ടാണ് ഇത്തരം പ്രസിദ്ധീകരണങ്ങൾ സർക്കാർ നിരോധിച്ചത്? സൽമാൻ റുഷ്ദിയുടെ സാത്താനിക്ക് വേഴ്സസും, ഡേഷ്മണ്ട് സ്റ്റിവേർട്ടിന്റെ ഏർളി ഇസ്ലാമും, ഔബറി മേനോൻ എഴുതിയ രാമാ റി ടോൾഡും സർക്കാർ എന്തിനാണ് നിരോധിച്ചത്? അപ്പോൾ സ്വാഭാവികമായും ലഭിക്കുന്ന ഉത്തരം എഴുതുവാനുള്ള സ്വതന്ത്ര്യത്തിനും ചില പരിമിതികൾ ഉണ്ട് എന്ന് തന്നെയാണ്.
മാതൃഭൂമി ഒരു കഥ അല്ലെങ്കിൽ നോവൽ പ്രസിദ്ധീകരിക്കുവാൻ തീരുമാനിക്കുന്നതിന് മുന്പ് അവരുടെ എഡിറ്റോറിയൽ ബോർഡ് അതിന്റെ ഉള്ളടക്കം വായിച്ച് മനസ്സിലാക്കിയിരിക്കും. അങ്ങിനെ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ച ഒരു നോവൽ പാതി വഴിയിൽ നിർത്തിയപ്പോൾ മാതൃഭൂമിയുടെ മുഖം പാതി വെടിച്ച മീശയോടെ, ബെറ്റിൽ തോറ്റ പരാജിതന്റേതായി മാറി എന്നതാണ് സത്യം. സ്വന്തം രചന വീണ്ടുമെടുത്ത് വായിച്ചുനോക്കിയപ്പോൾ ചില പരാമർശങ്ങൾ തെറ്റായി പോയി എന്ന് ‘ഹരീഷ്’ സ്വയം വിമർശിക്കുന്പോൾ കഥാകൃത്തിന്റെ മുഖം മീശമാധവന്റേതാകുന്നു. ‘ഡിസി’ മീശ ചുരുട്ടി ‘മീശ’ പ്രസിദ്ധീകരിക്കുന്പോൾ പുസ്തകത്തിന്റെ കവർ ചട്ടയിൽ മീശ വടിച്ച് സുന്ദരമാക്കിയ സൈനുൽ ആബിദും, ഡിസി രവിയും, സാഹിത്യ മേഖലയിൽ ഒരുണർവ്വ് ഉണ്ടാക്കാനും വായനക്കാരെ പിടിച്ച് നിർത്താനും ഇത്തരമൊരു ക്ഷൗരം അനിവാര്യമാണെന്ന് ഉറപ്പിച്ച് പറയുന്നു.
സിനിമയിൽ സെക്സ് അശ്ലീലമായോ ശ്ലീലമായോ ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ സെൻസർ ബോർഡ് അതിന് എ സെർട്ടിഫിക്കേറ്റ് കൊടുക്കുന്നു. സോഷ്യൽ മീഡിയയിൽ 18 വയസ് തികഞ്ഞു എന്നു ബോധിപ്പിച്ചാലെ അത്തരം വീഡിയോകൾ കാണുവാൻ സാധിക്കൂ. പുസ്തകങ്ങളിൽ സെക്സിന്റെ അതിപ്രസരമുണ്ടെങ്കിൽ പുസ്തകങ്ങൾക്കും അത്തരം ഒരു സർട്ടിഫിക്കേഷൻ കൊണ്ട് വരുന്നത് നന്നായിരിക്കും. അങ്ങിനെയൊക്കെ ചിന്തിച്ചാൽ കാമശാസ്ത്രത്തിന്റെ വിവിധ ഭാഗങ്ങൾ കല്ലിൽ കൊത്തി വെച്ച ക്ഷേത്രങ്ങൾക്കും എ സെർട്ടിഫിക്കേറ്റ് നൽകണം എന്ന ബുജിചിന്തയ്ക്ക് മുന്പിൽ മീശ താഴ്ത്തി പറയാനുള്ളത് ഇത്തരം എഴുത്തുകൾക്കും ചിന്തകൾക്കും മീശ മുളയ്ക്കുന്പോൾ, അതുവഴി സാധാരണ ജനം ഒന്നും മനസ്സിലാകാതെ കോൾമയിർ കൊള്ളുന്പോൾ, ഇതുവഴി മലയാള സാഹിത്യത്തിന് പുതുജീവൻ കൈവരിക്കട്ടെ എന്ന ആശ മാത്രം...