മിഷൻ 2
പി ഉണ്ണികൃഷ്ണൻ
ചക്രവും അഗ്നിയുമാണത്രെ മനുഷ്യവംശത്തിന്റെ പുരോഗതിക്ക് പ്രധാന കാരണങ്ങളായത്. ചക്രം വേഗതയും അഗ്നി ആവേശവുമാണ്. വേഗത്തിൽ ഓടുന്ന എല്ലാ വാഹനങ്ങളിലും അഗ്നിയുടെ ഒരു സ്പർശം കാണും. എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതും, ചക്രത്തിനെ തിരിക്കുന്നതും അത്തരം ഒരു സ്പാർക്ക് ആണ്. ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുന്ന റോക്കറ്റിന്റെ പിൻവശത്തും, ലങ്ക ദഹിപ്പിക്കാൻ കുതിച്ച ഹനുമാന്റെ വാലിലും കത്തുന്നത് ഇതേ തീ തന്നെയാണ്. നിർത്താതെയുള്ള, പരമാവധി വേഗത്തിലുള്ള കുതിപ്പ്, ഭയമില്ലാതെ അപകടരമായ ചാലഞ്ചുകൾ ഏറ്റെടുക്കുവാനുള്ള മനസ്, ലക്ഷ്യസ്ഥാനത്തേക്ക് ആവേശത്തോടെ എത്താനുള്ള മനസിൽ എന്നും ജ്വലിച്ച് കൊണ്ടിരിക്കുന്ന ‘ഫയർ’ ഇതാണ് അന്നും ഇന്നും വിജയികളുടെ രഹസ്യമന്ത്രം. ഇത്തരം ഒരു കുതിപ്പിനിടയിൽ ഭ്രമണ പഥത്തിലേയ്ക്ക് നീങ്ങുന്ന ബഹിരാകാശ പേടകം പോലെ ഘട്ടം ഘട്ടമായി പലതും ഉപേക്ഷിച്ചും മറന്നും നഷ്ടപ്പെടുത്തിയുമാണ് യാത്ര തുടരുന്നത്. ഇത്തരമൊരു ട്രാൻസിഷൻ എല്ലാ മേഖലയിലും കാണും.
മാധ്യമരംഗത്ത് വന്ന മാറ്റങ്ങൾ പലതാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഉണ്ടായിരുന്ന ചില മാധ്യമ പ്രസ്ഥാനങ്ങൾക്ക് വർത്തമാനകാലത്ത് പ്രസക്തി നഷ്ടപ്പെടുന്നത് നാം കാണുന്നുണ്ട്. ഇതിന്റെ പ്രശ്നം പലപ്പോഴും അത്തരം പ്രസ്ഥാനങ്ങളുടെ മുകളിൽതട്ടിൽ ഇരിക്കുന്നവരുടെ മനസിലെ തീ അണഞ്ഞുപോയി എന്നതാണ്. ആറ് വർഷങ്ങൾക്ക് മുന്പ് ഫോർ പിഎം എന്ന സായാഹ്ന പത്രത്തിന് തുടക്കമിടുന്പോൾ നമ്മുടെ മുന്പിൽ ഒരു സ്വപ്നമുണ്ടായിരുന്നു. ഇതിന്റെ ഭാഗവാക്കായ ഓരോരുത്തരുടെയും മനസിൽ ഒരു “ഫയർ” ഉണ്ടായിരുന്നു. ജാതി മത രാഷ്ട്രീയ ചായ്്വുകളില്ലാതെ സ്വതന്ത്രമായ ഒരു പത്രം ബഹ്റൈനിലെ മലയാളികൾക്ക് സമ്മാനിക്കുക എന്ന ആ സ്വപ്നം സാക്ഷ്തകരിക്കപ്പെട്ടു എന്ന തിരിച്ചറിവ് ഒന്നു കൂടി ഉറപ്പിച്ചത് കഴിഞ്ഞ ആഴ്ച്ചകളിൽ ഞങ്ങൾ നടത്തിയ സർവെയുടെ ഫലമായിരുന്നു. സർവേയിൽ പങ്കെടുത്ത 4536 പേരിൽ തൊണ്ണൂറ് ശതമാനം പേരും ഫോർ പി എമിന് രാഷ്ട്രീയ, മത അജണ്ടകൾ ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോൾ ഉണ്ടെന്ന് പറഞ്ഞത് കേവലം ബാക്കി പത്ത് ശതമാനമാണ്. അവർ തന്നെ വ്യത്യസ്തരായ രാഷ്ട്രീയ മത സംഘടനകളുടെ പേരാണ് രേഖപ്പെടുത്തിയതെന്നതും ഫോർ പി എമിന്റെ സ്വതന്ത്രമായ എഡിറ്റോറിയൽ നിലപാടുകൾക്ക് വായനക്കാരിൽ നിന്ന് ലഭിച്ച സ്വീകര്യത തന്നെയാണ് സൂചിപ്പിക്കുന്നത്. ലോകമെന്പാടുമുള്ള പത്ര സ്ഥാപനങ്ങൾ ഡിജിറ്റൽ മീഡിയ ഇടങ്ങളുടെ കടന്നുകയറ്റം വഴി നേരിടുന്ന പ്രതിസന്ധികൾ ഏറെയാണ്. അത സമയം കേരളത്തിൽ അടുത്ത കാലത്ത് നടന്ന ഒരു സർവേ പ്രകാരം മലയാളികളുടെ ഇടയിൽ മാത്രം പത്രവായനക്കാരുടെ എണ്ണം വർദ്ധിക്കുന്നു എന്നതാണ്. ഇത് മലയാള അച്ചടി മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷകൾക്കും വകനൽകുന്നു. അതേ സമയം ഗൾഫിൽ ഇപ്സോസ് എന്ന റേറ്റിങ്ങ് എജൻസി പുറത്ത് വിടുന്ന റിപ്പോർട്ടിൽ ഫോർ പിഎം ഉൾപ്പെടാത്തത് അത് ഒരു സായാഹ്ന പത്രമായത് കൊണ്ടാണ്. ബഹ്റൈനിലെ എല്ലാ തരത്തിലുമുള്ള വായനക്കാരുടെയും വരിക്കാരുടെയും ഇടയിൽ ഫോർ പി എം ഒന്നാം സ്ഥാനത്ത് തന്നെയാണ്.
ആറ് വർഷം നിർത്താതെ പ്രസിദ്ധീകരിച്ച് വരുന്ന ഫോർ പിഎം ന്യൂസ് അതിന്റെ രണ്ടാമത്തെ ഘട്ടത്തിലേയ്ക്കുള്ള പ്രയാണത്തിലേയ്ക്ക് കടക്കുകയാണ്. ഫോർ പി എം ന്യൂസ് മറ്റ് ഗൾഫ് രാജ്യങ്ങളിലേയ്ക്കും പ്രസിദ്ധീകരിക്കാനുള്ള നിയമനടപടികൾ നടന്നുവരികയാണ്. ഒപ്പം ഇതിന്റെ കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തകളും പുതുമകളും കൊണ്ട് വരാനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഞങ്ങളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദ ഡെയിലി ട്രിബ്യൂൺ ഇംഗ്ലീഷ് ദിനപത്രത്തിന്റെ റീ ഡിസൈൻ ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ച സൈനുൽ ആബിദ് തന്നെയാണ് ഫോർ പി എമിന്റെയും പുതിയ ഡിസൈൻ ഒരുക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഫോർ പിഎം ന്യൂസിന്റെ എഡിറ്റോറിയലിലും, മാർക്കറ്റിങ്ങിലും, നടത്തിപ്പിലും പ്രധാനപ്പെട്ട പങ്ക് വഹിച്ച ശ്രീ പ്രദീപ് പുറവങ്കര ഫോർ പിഎമിന്റെ ഡയറക്ടർ പദവി നിലനിർത്തി കൊണ്ട് തന്നെ പുതിയ സംരഭത്തിലേയ്ക്ക് നീങ്ങുകയാണ്. ദിവസത്തിന്റെ പ്രധാന പങ്കും ഫോർ പി എം ന്യൂസിനായി ഒഴിച്ച് വെച്ച് അവധി ദിനങ്ങളിലും യാത്രകൾക്കിടയിലും പത്രത്തിന്റെ ഗുണമേന്മയിൽ ഏറെ ശ്രദ്ധ ചെലുത്തി പ്രദീപ് നടത്തിയ പ്രയത്നം ഫോർ പി എം ന്യൂസിന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ എന്നും ഓർമ്മിപ്പിക്കപ്പെടും. നവന്പർ ഒന്നിന് , വരുന്ന കേരള പിറവി ദിനത്തിൽ, പുതിയ രൂപത്തിലും ഭാവത്തിലും ഫോർ പിഎം ന്യൂസ് പുറത്തിറങ്ങുന്പോൾ കേരളത്തിലെ സാഹിത്യ, സാംസ്കാരിക മേഖലയിലെ പല പ്രശസ്തരും പ്രമുഖരും പത്രത്തിലേയ്ക്ക് നിരന്തരമായ സംഭാവനകൾ നൽകാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ബഹ്റൈനിലെ സാഹിത്യ സാംസ്്കാരിക മേഖലകളിൽ മലയാളികൾക്ക് ഏറെ പരിചയമുള്ള ശ്രീ ജലീൽ അബ്ദുള്ളയാണ് ഫോർ പി എം ന്യൂസിന്റെ മാനേജിങ്ങ് എഡിറ്റർ പദവി അലങ്കരിക്കുക. ഓൺലൈനിൽ ഒന്നാം നിരയിൽ നിൽക്കുന്ന ഫോർ പി എംന്യൂസിന്റെ ഘടനയിലും ശൈലിയിലും മാറ്റങ്ങൾ ഇതോടൊപ്പം ഉണ്ടാകുന്നതാണ്.
ലോകമെന്പാടുമുള്ള മലയാളികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുവാൻ സജ്ജമാകുന്ന ഓൺലൈനിലെ പ്രവർത്തകർക്കും, ജിസിസി രാജ്യങ്ങളിലേക്കുള്ള വളർച്ചയിൽ പ്രവർത്തിക്കുവാൻ തയ്യാറാകുന്നവർക്കും ഇതിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിനും മറ്റുമായി ചെറിയ ഇടവേള അനിവാര്യമായിരിക്കുന്നു. ബഹ്റൈനിലെ ഭൂരിഭാഗം മലയാളികളും നാട്ടിലേയ്ക്ക് അവധി ആഘോഷിക്കുവാൻ പോകുന്ന ഈ വേള ഇത്തരമൊരു സംരഭത്തിനായി ഉപയോഗപ്പെടുത്തുന്നു. സ്ഥിരം വരിക്കാർക്ക് ഫോർ പിമിന്റെ ഇ പേപ്പർ എല്ലാ ദിവസവും അയച്ചു കൊടുക്കുകയും, ഒപ്പം മൂന്ന് മാസത്തെ കാലാവധി നീട്ടികൊടുക്കുന്നതുമാണ്. മറ്റ് ക്രമീകരണങ്ങൾക്ക് സർക്കുലേഷൻ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
ഓരോ മലയാളിയുടെയും മനസിൽ അക്ഷരത്തിന്റെ അഗ്നി പകരുവാനും, ചിന്തകൾക്ക് ചിറക് നൽകുവാനും കൂടുതൽ ശക്തിയോടെ വരും ദിവസങ്ങളിൽ ഫോർ പി എം നിങ്ങൾക്ക് മുന്പിൽ എത്തുമെന്ന് ഉറപ്പ് നൽകി കൊണ്ട്...
നന്ദി
പി ഉണ്ണികൃഷ്ണൻ
ചീഫ് എഡിറ്റർ, ഫോർ പി എം ന്യൂസ്