ഗൾഫിൽ ഇനി എത്രനാൾ?
ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രത്യേകിച്ച് ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ മനസ്സിൽ കുറെ നാളുകളായി ഒരു ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഗൾഫിൽ ഇനി എത്രനാൾ? ചെറിയ കുടുംബ കൂട്ടായ്മക്കിടയിലും മറ്റ് പൊതു ചടങ്ങുകൾക്കിടയിലും കണ്ടുമുട്ടുന്പോൾ പലരും സംസാരം ആരംഭിക്കുന്നത് തന്നെ അത്തരമൊരു പ്രശ്നത്തെക്കുറിച്ചാണ്.
യെമനിൽ ആഭ്യന്തരലഹള ക്രമാതീതമായി വർദ്ധിച്ചു വരുന്പോൾ ഞാനും മനസ്സിൽ കരുതിയത് ഗൾഫിൽ ഇനി കുറച്ച് ദിവസങ്ങൾ മാത്രം എന്ന ചിന്ത തന്നെയായിരുന്നു.
യെമൻ, ബഹ്റിനിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു ഉത്തരമാണ് നല്കുന്നത്. സുന്നി ഷിയാ വിഭാഗങ്ങൾ തമ്മിലുള്ള രാഷ്ട്രീയവും സാമൂഹികവും മതപരവുമായ പ്രശ്നങ്ങൾ അതിന്റെ മൂർദ്ധന്യത്തിൽ എത്തുകയും ഗത്യന്തരമില്ലാതെ യെമനിലെ പ്രസിഡണ്ട് അബ്ദ് റാബ്ബു മൻസൂർ ഹാദി മറ്റ് ഗൾഫ് രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയും മണിക്കൂറുകൾക്കകം സൗദി അറേബ്യ അവരുടെ മിലട്ടറിയെ അയക്കുകയും ചെയ്തപ്പോൾ ഒരു കാര്യം ഉറപ്പായി. ബഹ്റിന്റെ പ്രശ്നങ്ങൾ ബഹ്റിന്റെ മാത്രം പ്രശ്നമല്ല. യെമന്റെ പ്രശ്നങ്ങളും യെമന്റെ മാത്രം പ്രശ്നമല്ല. ‘പാൻ അറബ് റാപ്പിഡ് ഫോർസ്’ എന്ന പേരിലറിയപ്പെടുന്ന അറബ് രാജ്യങ്ങളുടെ സംഘടിതമായ മിലട്ടറി വിഭാഗം യെമൻ പൂർണ്ണമായും തിരിച്ച് പിടിക്കാനുള്ള ദൗത്യം ഏറ്റെടുത്ത്് കഴിഞ്ഞിരിക്കുന്നു.
യു.എസ്, യു.കെ എന്നീ രാജ്യങ്ങളും ഇത്തരമൊരു ദൗത്യത്തിന് സഹായിക്കുന്പോൾ ചിത്രം ഒന്ന് കൂടെ വ്യക്തമാകുന്നു. സുന്നി വിഭാഗക്കാർ നയിക്കുന്ന ജി.സി.സി രാജ്യങ്ങളിൽ അടുത്ത കാലത്തൊന്നും വലിയ ഒരു രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കപ്പെടുന്നില്ല. ബഹ്റിൻ പോലുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രശ്നങ്ങൾ വീണ്ടും നിയന്ത്രണാതീതമായാൽ ജെ.സി.സി മിലട്ടറി സഹായത്തിനെത്തും. ജെ.സി.സി രാജ്യങ്ങളുടെ ഒരു പൊതു ആവശ്യമാണ് ഓരോ രാജ്യത്തെയും ഭരണപക്ഷം മാറാതെ സംരക്ഷിക്കുക എന്നത്.
ഇറാൻ ഇത്തരമൊരു നീക്കത്തിനെതിരെ പ്രതികരിച്ചുവെങ്കിലും അത്തരമൊരു പ്രതികരണത്തെ മറ്റ് രാജ്യങ്ങൾ പുച്ഛിച്ചു തള്ളുകയും ഇറാന്റെ വാദങ്ങൾ കേൾക്കാതെ പോയതും ശ്രദ്ധിക്കപ്പടേണ്ട വിഷയം തന്നെ.
ഇറാൻ കാത്തിരിക്കുന്നത് ഇന്നല്ലെങ്കിൽ നാളെ നടക്കുമെന്ന് കരുതുന്ന അണുവായുധ കരാറിന് വേണ്ടി തന്നെയാണ്.
കുവൈറ്റ്, ജോർദ്ദാൻ, ഈജിപ്ത്, യു.എ.ഇ, ടൂണീഷ്യ എന്നീ രാജ്യങ്ങളും കൈകോർത്ത് നില്ക്കുന്പോൾ മൗനം പാലിക്കുന്നത് ഒമാനും ഖത്തറും മാത്രമാണ്.
ഒമാനെ സംബന്ധിച്ചിടത്തോളം ഇറാൻ പഴയകാല സുഹൃത്താണ്. ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒമാനിൽ വേര് പിടിച്ചു തുടങ്ങി ഭരണം കൈക്കലാക്കുവാൻ ശ്രമിച്ചപ്പോൾ ഒരു കൈ കൊടുത്ത് സഹായിച്ചത് ഇറാനായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സ്വിറ്റ്സർലാൻഡ് എടുക്കുന്ന സമദൂര സിദ്ധാന്തം തന്നെയാണ് ഒമാന്റെ മൗനം സൂചിപ്പിക്കുന്നത്.
ബഹ്റിനുമായി പലപ്പോഴും കൊന്പുകോർക്കുന്ന ഖത്തറും അഭിപ്രായം പറയാതെ മാറി നില്ക്കുന്നത് ഷിയാ വിഭാഗക്കാരുമായുള്ള സംഘർഷങ്ങൾ ഖത്തറിൽ പ്രതീക്ഷിക്കാത്തത് കൊണ്ടാണ്. ബഹ്റിനിൽ കഴിഞ്ഞാൽ പ്രശ്നങ്ങൾക്ക് ഏറ്റവുമധികം സാധ്യതയുള്ള രാജ്യമാണ് കുവൈത്ത്. അമേരിക്ക സദ്ദാം ഹുസൈനെ വേട്ടയാടുവാൻ കുവൈറ്റിൽ കയറി നിരങ്ങിയപ്പോൾ അവിടെ ആയിരക്കണക്കിന് എ.കെ 47 പോലുള്ള തോക്കുകൾ വിതരണം ചെയ്തിരുന്നു. ഇന്നും ആ തോക്കുകൾ കുവൈറ്റികളുടെ വീടുകളിൽ ഇരിപ്പുണ്ട്. സുന്നി ഷിയാ പ്രശ്നം കുവൈറ്റിൽ തുടങ്ങിയാൽ അത് ബഹ്റിനിലെ പോലെയാകില്ലെന്ന് അവിടുത്തെ ഭരണകർത്താക്കളും തിരിച്ചറിയുന്നുണ്ട്.
ബഹ്റിൻ, തീരുമാനം വ്യക്തമാക്കിയിരിക്കുന്നു. ഏതൊരു ആപത്ഘട്ടത്തിലും ഒരു സായുധ മുന്നേറ്റം ആവശ്യമായി വന്നാൽ തയ്യാറാണ് ബഹ്റിനെന്ന് യെമൻ പ്രശ്നത്തിലൂടെ ആവർത്തിച്ച് പറഞ്ഞിരിക്കുന്നു.
യു.എസും, യു.കെയും കാല് മാറാത്ത കാലത്തോളം അറബ് രാജ്യങ്ങളിൽ ഇനി വലിയൊരു മാറ്റം സാദ്ധ്യമല്ല എന്നുറപ്പ്. വളർന്നു വരുന്ന ഐ.എസ് ഭീകരരും ഷിയാ വിഭാഗക്കാരും കൈകോർത്ത് ഭാവിയിൽ ഒരു നീക്കമുണ്ടായേക്കാം എന്നും രാഷ്ട്രീയ നീരിക്ഷകർ വിലയിരുത്തുന്നുണ്ട്.
ക്രൂഡ് ഓയിലിന്റെ വിലയിടിവ്, ഐ.എസ് പോലുള്ള സംഘടനകളുടെ മുന്നേറ്റം, ഷിയാ വിഭാഗത്തിന്റെ അസ്വസ്ഥത എന്നീ പ്രധാനപ്പെട്ട മൂന്ന് പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയും ആരും കാണുന്നില്ല എന്നതും ഗൾഫിലെ ഭാവി പ്രവചനാതീതമാക്കുന്നു.