മരച്ചില്ലകൾ മാടി വിളിക്കുന്പോൾ
ഭാരതത്തിൽ വളർന്ന് വികാസം പ്രാപിച്ച സൈന്ധവ സംസ്കാരത്തിന് അടിത്തറ പാകിയത് ശിലായുഗ പ്രതിനിധികളായ നെഗ്രിറ്റോ− ആസ്റ്റലോയ്ഡ് നരവംശ വിഭാഗങ്ങളായ പുലഹ−പുലസ്ത്യരാണെന്ന് ചരിത്രകാരന്മാർ പറയുന്നു.
ഭാരതസമൂഹം നവീന ശിലായുഗത്തിലേക്ക് കടക്കുന്നത് ബി.സി 10000 ആണ്ടോടെയാണ്. അതിനപ്പുറമുള്ള ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്പ് ജീവിച്ചിരുന്ന നമ്മുടെ മുതുമുത്തച്ഛന്മാരെക്കുറിച്ച് ചരിത്രകാരന്മാർ ഊഹിച്ചെടുക്കുന്ന ശാസ്ത്രീയമായ ചില ഊഹാപോഹങ്ങൾ മാത്രമേ നമുക്ക് അറിയുകയുള്ളൂ.
അത്തരമൊരു പ്രാക്തനകാലത്ത് മനുഷ്യൻ തികച്ചും വ്യത്യസ്തരായ ജീവിതരീതികളായിരിക്കാം കൈവരിച്ചിരിക്കുക എന്നും വിശ്വസിക്കപ്പെടുന്നു.
മരങ്ങളിൽ കൂട് കെട്ടി പഴങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ച് കുരങ്ങനെപ്പോലെ ജീവിച്ചിരുന്ന മനുഷ്യന്റെ പിൻഗാമികൾ പിന്നീട് കൃഷി ചെയ്തു തുടങ്ങി. നവീന ശിലായുഗത്തിലാണ് മനുഷ്യൻ തീ സ്വായത്തമാക്കിയത്. വനത്തെ നശിപ്പിക്കുന്ന തീയെ പിന്നീട് മൃഗങ്ങളെ ഓടിപ്പിടിക്കുവാനും ശീതകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടുവാനും ഉപയോഗിച്ചു തുടങ്ങി.
കൃഷിഭൂമി പ്രകൃതി ദുരന്തങ്ങൾ വഴി നശിക്കുന്പോൾ ഭക്ഷണം കിട്ടാതെ വലഞ്ഞ മനുഷ്യൻ വനാഗ്നിയിൽ വെന്തുമരിച്ച മൃഗങ്ങളെ രുചിച്ച് നോക്കി പിന്നീട് സ്ഥിരം ഭക്ഷണവസ്തുവാക്കി. പിന്നീട് ഇങ്ങോട്ട് മനുഷ്യൻ കിട്ടാവുന്ന മൃഗങ്ങളെയെല്ലാം വെട്ടിവിഴുങ്ങി ജീവൻ നിലനിർത്തി. വരും ദിവസങ്ങളിൽ മനുഷ്യജീവൻ നിലനിർത്താൻ ഭൂലോകത്തിലെ ജീവജാലങ്ങൾ മതിയാകില്ലെന്ന തിരിച്ചറിവിൽ മനുഷ്യൻ ജനിതകമായും മൃഗങ്ങളെ ഉത്പാദിപ്പിച്ച് തുടങ്ങിയിരിക്കുന്നു.
പുതിയ ഭക്ഷണരീതിയും ജീവിതരീതിയും മനുഷ്യനെ പുതിയ രോഗങ്ങൾക്ക് അടിമയാക്കിയിരിക്കുന്നു. സുകുമാർ അഴീക്കോട് മാഷിന്റെ പഴയ ഒരു ലേഖനം വായിച്ചപ്പോഴാണ് മനുഷ്യൻ കടന്നുവന്ന വഴിയിൽ നഷ്ടപ്പെട്ട പ്രകൃതിദത്തമായ ‘immunity’ യെക്കുറിച്ച് ചിന്തിച്ചുപോയത്.
മനുഷ്യന് മരങ്ങളിൽ ജീവിച്ചിരുന്ന കാലത്ത് കുരങ്ങുകളെ പോലെ വളരെയധികം ഫ്ളെക്സബിളായ ശരീരഘടനയാണ് ഉണ്ടായിരുന്നത്. ഇന്നും വനപ്രദേശങ്ങളിൽ ജീവിക്കുന്ന ആദിവാസികളുടെ ശരീരം വളരെയധികം വഴക്കമുള്ളതാണെന്ന് കാണാം. ആഫ്രിക്കയിൽ നിന്നുമുള്ള ചിലർ ഇപ്പോഴും ഇലാസ്റ്റിക് പോലെ വളയുന്നത് കാണുന്പോൾ ഇത് ശരിയാണെന്ന് ഉറപ്പിക്കാം.
നടത്തം രണ്ട് കാലിലാക്കിയതോടെ മനുഷ്യന് അർശസ്സ്, കൊളസ്ട്രോൾ, ഡയബറ്റിസ് എന്നീ രോഗങ്ങൾ പിടിപ്പെട്ട് തുടങ്ങി. സന്ധിവേദന കൂടി തുടങ്ങിയതും ജ്യോമെട്രിക്കലല്ലാത്ത ഈ നില്പ് കാരണം തന്നെ. ഒരു ചെറിയ ചതവ് വന്നാൽ, ഒന്ന് മുറിഞ്ഞാൽ ഡോക്ടറെ കണ്ട് തുന്നിക്കെട്ടി, ആന്റിബയോട്ടിക് കുടിക്കുന്ന ഗതിയിലേക്ക് മനുഷ്യന്മാർ ചുരുങ്ങി.
ഇന്നും വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞ് മുറിഞ്ഞ കാലുകൾ പ്രകൃതിദത്തമായ രീതിയിൽ ഉണക്കി, മൃഗങ്ങൾ സസുഖം ജീവിക്കുന്നു.
അഴീക്കോട് മാഷ് പറയുന്നത് പോലെ ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. കാലിന്റെ അടിയിൽ ഉറക്കമെഴുന്നേൽക്കുന്പോൾ സ്ഥിരമായ വേദനകൊണ്ട് ഞാൻ കുറച്ച് നാളുകൾ ബുദ്ധിമുട്ടിയിരുന്നു. അന്ന് ഡോക്ടറെ കണ്ടപ്പോൾ ഒരു സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുത്താൽ കുറയുമെന്ന് പറഞ്ഞു. വേറൊരു കുടുംബ ഡോക്ടറാണ് സ്റ്റിറോയ്ഡ് അടിക്കാതെ തണുപ്പും, ചൂടുമുള്ള വെള്ളം നിറച്ച ബക്കറ്റിൽ കാലുകൾ മാറി മാറി വെച്ച് പതിനഞ്ച് മിനുട്ട് ദിവസവും ഇരിക്കുവാൻ പറഞ്ഞത്. ഇത്തരമൊരു ചികിത്സയിലൂടെ എന്റെ അസുഖം ആഴ്ചകൾക്കുള്ളിൽ മാറിക്കിട്ടി. ഇതുപോലെ അസുഖം വന്ന ജർമ്മനിയിലുള്ള എൻ്റെ സുഹൃത്ത് ഇഞ്ചക്ഷൻ എടുത്ത് ഇപ്പോൾ കഷ്ടപ്പെടുകയാണ്.
മാഷ് പറയുന്നത് കണ്ണിന്റെ പല അസുഖങ്ങൾക്കും നേത്ര വ്യായാമം തന്നെ മതി എന്നാണ്. ത്രാടകം എന്ന ഒരു പ്രാചീന ചികിത്സാരീതി ഫലപ്രദം എന്നാണ് മാഷ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത്. ത്രാടകം ഹാടകം പോലെ (സ്വർണ്ണപ്പെട്ടി) സൂക്ഷിക്കണമെന്നാണ് പഴമൊഴി.
വാഗ്ഭടാനന്ദൻ ഉപദേശിക്കുന്നത് നിത്യരസായനം, സത്യദീക്ഷ, ക്രോധരാഹിത്യം, ആത്മീയദർശനം, ശാന്ത മനസ്കത, പരോപകാര പ്രവണമായ ജീവിതം എന്ന മന്ത്രമാണ്. മാഷ് ഒപ്പം ഓർമ്മിപ്പിക്കുന്നത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും എണ്ണ തേച്ച് കുളിക്കുക, നേത്ര വ്യായാമം ചെയ്യുക വേദനയുള്ള ശരീരഭാഗങ്ങൾ സ്വന്തം കൈകൊണ്ട് തന്നെ എല്ലാ ദിവസവും മൃദുവായി തടവുക, ദന്താധാവനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. ഒപ്പം കിടക്കുന്നതിന് മുന്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക ഒപ്പം നെഞ്ചത്ത് നാലഞ്ച് തവണ ഇടിക്കുക. പറ്റുമെങ്കിൽ വയറ്റത്തും പൃഷ്ടത്തിലും അടിക്കുക എന്നതാണ്. രാത്രിയിൽ ഹാർട്ട് അറ്റാക്ക് വരുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുമത്രേ.
എന്റെ സുഹൃത്തിന് അറിയാവുന്ന ഒരു വ്യക്തി വർഷങ്ങളായി ജീവിക്കുന്നത് ബി.സി 10000 വർഷങ്ങൾക്ക് മുന്പ് ജീവിച്ചിരുന്ന രീതിയിലാണ്. തീ കണ്ടുപിടിക്കപ്പെടുന്നതിന് മുന്പ് മനുഷ്യൻ ജീവിച്ചത് പഴവർഗ്ഗങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ചാണ്. തീയിൽ വേവിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ മാത്രം കഴിച്ച് പ്രകൃതിയിലേക്ക് മടങ്ങിയ സുഹൃത്ത് പരിപൂർണ്ണ ആരോഗ്യത്തോടെ ദുർമ്മേദസ്സില്ലാതെ സസുഖം വാഴുന്നു എന്നാണ് അവസാനം കിട്ടിയ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പ്രസ്തുത സുഹൃത്തിന്റെ ഭക്ഷണരീതി പിന്തുടരാനാണ് എന്റെയും ശ്രമം. എന്നിട്ടും മനസ്സിനും ശരീരത്തിനും ആശ്വാസം ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് വീടിന്റെ മുന്പിൽ വളർന്ന് നില്ക്കുന്ന വൃക്ഷ ശിഖരങ്ങൾ കൈമാടി വിളിക്കുന്പോഴാണ്.