വിക്കിലീക്സേ സ്വാഗതം
കോഴ വിവാദം വീണ്ടും കൊഴുക്കുകയാണ്. കെ.എം. മാണി ‘മണി’ വാങ്ങിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ സാധാ ജനത്തിന് ഇത്തിരി സംശയം ബാക്കി കിടപ്പുണ്ടെങ്കിലും മാണി സാറ് കാശ് വാങ്ങിക്കില്ലേ എന്ന ചോദ്യത്തിന് വാങ്ങിക്കും എന്ന് തന്നെയായിരിക്കും പാലായിലേയും മാണി സാറിനെ അറിയുന്ന മാന്യന്മാരും പറയുക.
ഇനി മാണി മാത്രമേ കോഴ വാങ്ങുന്നുള്ളോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഉച്ചത്തിൽ ‘അല്ല’ എന്ന് വിളിച്ച് പറയുന്നതും നമുക്ക് കേൾക്കാം.ഇത്തരമൊരു ആരോപണം കടന്ന് വരുന്പോൾ വിജിലൻസ് അന്വേഷണത്തിന് വിധേയമാകുന്നത് നല്ലത് തന്നെ. പക്ഷെ അത് കേവലം മാണിയിൽ മാത്രം ഒതുങ്ങരുത്.കേരളത്തിലെ പ്രമുഖരായ മൊത്തം രാഷ്ട്രീയ പ്രവർത്തകരുടെ ലിസ്റ്റും ഒരു സർവ്വേയ്ക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു വെബ്സൈറ്റ് തുടങ്ങി ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്ന മാന്യന്മാരുടെ പേര് വിവരങ്ങൾ നല്കി അതിന്് താഴെ പൊതുജനം അഭിപ്രായം രേഖപ്പെടുത്താൻ പറഞ്ഞാൽ കേരളത്തിൽ പിന്നെ ഭരണപക്ഷവും പ്രതിപക്ഷവും മന്ത്രിസഭയും ഒന്നും കാണില്ല എന്നതുറപ്പ്!
പാരന്പര്യമായി സന്പത്ത് ലഭിക്കാത്ത പാവപ്പെട്ട കുടുംബത്തിൽ നിന്നും രാഷ്ട്ര സേവനത്തിനായി ഇറങ്ങി ജ്വലിച്ച് നില്ക്കുന്ന ഒട്ട് മിക്ക നേതാക്കന്മാരും ഇന്ന് കോടികളുടെ ആസ്തിയുള്ളവരാണ്. രാഷ്ട്രീയ പാർട്ടി ഏതായാലും കള്ളപ്പണം വാങ്ങാതെ, കൈക്കൂലി വാങ്ങാതെ പാർട്ടി വളർത്തുവാനും നിലനിർത്തുവാനും പറ്റില്ല എന്ന് കേരളത്തിലെ ജനങ്ങൾക്കും രാഷ്ട്രീയ നേതാക്കന്മാർക്കും വിജിലൻസിനും ബോദ്ധ്യമുണ്ട്.കോഴ കൊടുത്തവൻ ആരോപണവുമായി കടന്ന് വന്നു എന്നുള്ളതു കൊണ്ട് മാത്രമാണ് മാണി ഇന്ന് കോടതി കയറുന്നത്.എന്ത് തന്നെയായാലും ടി.ഒ സൂരജിന്റെ സസ്പെൻഷനും മാണിയ്ക്കെതിരെയുള്ള വിജിലൻസ് അന്വേഷണവും നല്ല സൂചനകൾ തന്നെയാണ് നമുക്ക് നല്കുന്നത്.
പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുവാനായാലും രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായാലും ഇത്തരം നടപടികൾ നല്ലത് തന്നെ.മന്ത്രിസ്ഥാനം ലഭിക്കാത്തതു കൊണ്ടായിരിക്കാം, ഗണേഷ്കുമാറും സ്വന്തം പല്ലിൽ കുത്തുന്ന ഈ കലാപരിപാടിയിലേയ്ക്ക് ഈർക്കിലുമായി കടന്ന് വന്നിരിക്കുന്നത്. കേരളത്തിലെ ജനം ചെയ്യേണ്ടത് ഇത്തരം കാലുവാരലുകളെ പ്രോത്സാഹിപ്പിക്കുക എന്ന കർമ്മം തന്നെ. അഴിമതി കേസിൽ ജയിലിൽ പോയ മുൻമന്ത്രിയുടെ മകനാണ് ഇപ്പോൾ അഴിമതിയെ കുറിച്ച് പറയുന്നതെന്ന കാര്യവും നാം മറക്കരുത്.ടി.ഒ സൂരജിനെതിരെ അന്വേഷിക്കുവാൻ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ ഏല്പിച്ചു എന്നതും അവർ അന്വേഷിച്ച് അന്വേഷിച്ച് മന്ത്രിയുടെ കട്ടിലിനടിയിലും ചുരണ്ടി തുടങ്ങിയപ്പോഴാണ് അന്വേഷണം നിർത്തിപ്പിച്ചതെന്നും അറിയുന്നു.
കേരളത്തിലെ ഏതെങ്കിലും ഒരു ഏജൻസി wikileaks പോലെ രാഷ്ട്രീയ നേതാക്കന്മാരുടെ സാന്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങൾ ചോർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സ്വിസ് ബാങ്കിൽ പണം ഒളിപ്പിച്ച വന്പന്മാരോടൊപ്പം തന്നെ ബിനാമികളിലും പണം നിക്ഷേപിച്ച കുട്ടി കള്ളന്മാരേയും ജനം തിരിച്ചറിയണം.കേരളത്തിലെ പല രാഷ്ട്രീയ പ്രമുഖരുടേയും കള്ളപ്പണം ഗൾഫിലാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നതെന്നും പല മലയാളികളും ഇവരുടെ ബിനാമി കച്ചവടക്കാരാണെന്നുമുള്ള ആരോപണം രഹസ്യമായി ജനം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു.അതിൽ മുൻമുഖ്യമന്ത്രി കരുണാകരന്റെ മകൻ മുരളീധരന്റെ പേര് മാത്രമാണ് ഒരു കാലത്ത് വാർത്തയിൽ വന്നത്. പ്രശസ്ത വ്യവസായി പി.എൻ.സി േമനോൻ ബഹ്റിൻ കേരളീയ സമാജത്തിൽ പ്രസംഗിക്കുന്പോൾ പറഞ്ഞത് 1930നും 1965നും ഇടയിൽ ജനിച്ച ഒരു കൂട്ടം വ്യക്തികളാണ് ഇന്ത്യാ മഹാരാജ്യത്ത് ഏറ്റവും അധികം അഴിമതി നടത്തിയിട്ടുള്ളത് എന്നായിരുന്നു. പുതുതായി രൂപപ്പെട്ട ജനാധിപത്യ വ്യവസ്ഥയിൽ സാന്പത്തിക അസമത്വം അതിഭീകരമായി നിലനിന്നത് കൊണ്ട് അന്ന് ഭരണസംവിധാനത്തിൽ കൈയിട്ടവൻ അത് ഒരു ശർക്കരക്കുടമായി മാത്രം ചിന്തിച്ചു എന്നതാണ് സത്യം.പക്ഷേ സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷം 67 കഴിഞ്ഞിട്ടും ഭരണസംവിധാനത്തിൽ അഴിമതി അതേ ഭീകരതയോടെ നിലനില്ക്കുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ, സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ സഹായത്തോടെ സോഷ്യൽ മീഡിയായിലൂടെ ഇത്തരം അനീതികളെ പുറത്ത് കൊണ്ടുവരാൻ ജൂലിയൻ അസാൻജിനെ പോലെ ധീരതയോടെ ആരെങ്കിലും കടന്നു വരണം.
രാഷ്ട്രീയം ഒരു കച്ചവട ഉത്പന്നമല്ലെന്നും സുതാര്യതയും സത്യസന്ധതയും രാഷ്ട്രീയ പാർട്ടിക്കും നേതാക്കന്മാർക്കും നിലനില്ക്കാൻ ആവശ്യമാണെന്നും തിരിച്ചറിയണം. നിയമസഭയിൽ മാണിയെ നോക്കി ചിരിക്കുന്നവരോട് പറയുവാനുള്ളത് കോഴ വാങ്ങിക്കാത്തവൻ കല്ലെറിയട്ടെ എന്ന് മാത്രം.
പി. ഉണ്ണികൃഷ്ണൻ