(ദു)രാചാരങ്ങൾ
കുളിര് പെയ്തിറങ്ങുന്ന ഒരു മകരമാസത്തിൽ പാതി ഉറക്കത്തിലും അതിലേറെ ക്ഷീണത്തിലും ജനനിബിഡമായ ശബരിമലയിലെ അന്പലത്തിനരികിൽ കയ്യിൽ രണ്ട് നെയ്ത്തേങ്ങയുമായി ഞാൻ നില്ക്കുകയാണ്. കൂടെ സഹോദരിയും പ്രദീപ് പുറവങ്കരയും ഒക്കെയുണ്ട്.
പടി കയറുന്പോൾ ഉടയ്ക്കേണ്ട തേങ്ങ പ്രസ്തുത സ്ഥാനത്ത് എറിഞ്ഞ് ഉടക്കാതെ പതിനെട്ടാം പടി കയറി മുകളിലെത്തിയപ്പോഴാണ് തേങ്ങയും പിടിച്ച് നമ്മളൊന്ന് കറങ്ങിയത്.
അന്പലത്തിന്റെ മുന്പിലൊരു ഭാഗത്ത് മതിൽ പൊളിച്ച് ഒരു കരിങ്കൽ കഷണം വെച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അത് തേങ്ങ ഉടയ്ക്കാനുള്ള സ്ഥലമാണെന്ന നിഗമനത്തിൽ ഞാൻ തേങ്ങ എറിഞ്ഞ് ഉടച്ചു. പിറകെ മറ്റുള്ളവരും. പെട്ടെന്നാണ് ഒരു പോലീസുകാരൻ ഓടി വന്ന് ചേട്ടാ ഇവിടെ എറിഞ്ഞ് പൊട്ടിയ തേങ്ങയുടെ ചിരട്ട ആൾക്കാരുടെ കാലിൽ തറയ്ക്കും. മാത്രമല്ല, തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും വന്നവർ ഇത് കണ്ടാൽ പിന്നെ ഇവിടെ തേങ്ങയേറ് കൊണ്ട് ബഹളമായിരിക്കും എന്ന് പറഞ്ഞത്.
നമ്മൾ തിരിഞ്ഞ് നോക്കിയപ്പോൾ ചുറ്റും രണ്ട് മൂന്ന് സ്വാമിമാർ തേങ്ങയുമായി തയ്യാറായി നില്ക്കുന്നുമുണ്ട്.
ആചാരങ്ങൾ വരുന്ന വഴികൾ ഇങ്ങിനെ തന്നെയൊക്കെയാണ്.മലയിറങ്ങുന്പോൾ റോഡരികിൽ ചെറിയ കല്ലുകൾ വെച്ച് ആരോ ചന്ദനത്തിരി കത്തിച്ച് വെച്ചിരിക്കുന്നു. പല ഭക്തരും അതിന്റെ മുന്പിൽ ചില്ലറനാണയങ്ങൾ ഭക്തിയോടെ എറിയുന്നതും കണ്ടു. വികലാംഗരെ ഇരുത്തുന്നതിനേക്കാൾ ഭേദം ഒരു കല്ലും വെച്ച് ചന്ദനത്തിരിയും കത്തിച്ച് ദൈവമാക്കുകയാണെന്ന് അവിടെയുള്ള ഭിക്ഷാടനമാഫിയ സംഘങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു.
ആചാരങ്ങളും ആഘോഷങ്ങളും ചടങ്ങുകളും ആരെങ്കിലും ഒന്ന് തുടങ്ങിവെച്ചാൽ പിൻഗമിക്കാൻ ഇഷ്ടം പോലെ അനുയായികളും കാണും.
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും തിരിച്ച് വന്ന മകളാണ് പറഞ്ഞത് അവളുടെ ബെസ്റ്റ് ഫ്രണ്ട് ആശുപത്രിയിലാണെന്ന്. കാര്യം അന്വേഷിച്ചപ്പോൾ സ്കൂളിൽ ‘slap day’ എന്നൊരു ദിവസം പിള്ളേരുടെ ഇടയിൽ ഒരു ആഘോഷമായിട്ടുണ്ടെന്ന വസ്തുത അറിയുന്നത്. മകളുടെ കൂട്ടുകാരിയെ അവളുെട ഒരു സുഹൃത്ത് ‘slap day’ യിൽ വന്ന് സ്നേഹത്തോടെ ഒന്ന് അടിച്ചു. വേദന സഹിക്കുവാൻ പറ്റാതെ കുട്ടി കരഞ്ഞപ്പോൾ സുഹൃത്തുക്കൾ ചിരിക്കുകയായിരുന്നു.
സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ചെവിയുടെ കേൾവിശക്തിയെ ബാധിച്ച് തുടങ്ങിയെന്ന് മനസ്സിലായത്. ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ചെവിയ്ക്ക് 50 ശതമാനം കേൾവി നഷ്ടപ്പെട്ടു എന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് വിവിധ ആശുപത്രികളിലെ വിദഗ്ദ്ധരെ കാണിച്ചിട്ടും രോഗം മൂർച്ഛിച്ചതല്ലാതെ വേറെ മാറ്റങ്ങളൊന്നും ഉണ്ടായില്ല.
വീട്ടിൽ സ്ഥിരമായി വരുന്ന അവൾ പഠനത്തിലും ഡാൻസിലും ഒക്കെ മികവ് പ്രകടിപ്പിച്ച നല്ല ഒരു പെൺകുട്ടിയായിരുന്നു.
ചെവിവേദന കൊണ്ട് കരയുകയും ഫിറ്റ്സ് വരികയും ഒപ്പം ഇൻഫെക്ഷൻ, മറ്റേ ചെവിയേയും ബാധിച്ച് തുടങ്ങിയപ്പോൾ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സക്കായി ഇന്ത്യയിലേക്ക് പോകണമെന്ന് നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം ടെസ്റ്റ് ചെയ്ത സമയത്ത് ഡോക്ടർ ഇടത് ചെവിയുടെ ശേഷി തൊണ്ണൂറ് ശതമാനം നഷ്ടപ്പെട്ടതായി അറിയിച്ചു. മാത്രമല്ല ഇരു ചെവികളിലുള്ള പഴുപ്പ് കുറയുന്നുമില്ല. ഇന്നലെ പെൺകുട്ടിയുടെ മാതാപിതാക്കളും ഇന്ത്യയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായ് പോയിരിക്കുകയാണ്.
ഞാൻ ഈ പെൺകുട്ടിയെ വീട്ടിൽ പോയി സന്ദർശിച്ചപ്പോഴാണ് കുട്ടി അനുഭവിക്കുന്ന വിഷമം നേരിട്ട് മനസ്സിലായത്. ഒരുഭാഗത്ത് നിന്ന് ഉറക്കെ സംസാരിച്ചാൽ മാത്രമേ കേൾക്കുവാൻ പറ്റുകയുള്ളൂ. അടുത്ത മാസം ഒരു ഡാൻസ് ഡ്രാമയിൽ മകളുടെ കൂടെ ഒരു പ്രധാന വേഷത്തിൽ വരാൻ തയ്യാറെടുക്കുകയായിരുന്ന ഈ പെൺകുട്ടി ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ഓർത്ത് വിലപിക്കുകയാണ്. ഉറക്കത്തിൽ ഞെട്ടലോടെ എഴുന്നേറ്റ് കരയും.
‘slap day’ എന്ന ഒരു ചടങ്ങ് ആരുടെ ഭാവന സൃഷ്ടിയാണെന്ന് ആർക്കും അറിയില്ല. ഏതായാലും അത്തരമൊരു ആഘോഷം നഷ്ടപ്പെടുത്തിയത് ഒരു പെൺകുട്ടിയുടെ ഭാവിയാണ്.
സ്കൂളിൽ ബർത്ത്ഡേ ആഘോഷിക്കുന്ന കുട്ടികളെ മറ്റുള്ള കുട്ടികൾ വന്ന് ബർത്ത്ഡേ ബാഷ് എന്നും പറഞ്ഞ് ഇതുപോലെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന പതിവുണ്ട്.
പുതുതലമുറയുടെ പല ആഘോഷങ്ങളും അതിന് പിറകിലുള്ള അപകടങ്ങളെ മനസ്സിലാക്കാതെ പിന്തുടരുന്നു എന്നതിന്റെ തെളിവാണ് വിദ്യാലയങ്ങളിൽ നടക്കുന്ന ‘slap day’ സൂചിപ്പിക്കുന്നത്.
ജന്മദിനത്തിൽ സുഹൃത്തിന്റെ തലയിൽ തേങ്ങ കൊണ്ടടിക്കണമെന്ന് ഏതെങ്കിലും ഒരു കുരുത്തം കെട്ട പയ്യൻ ആഘോഷത്തിന്റെ ഭാഗമായി കൊണ്ടുവന്നാൽ മറ്റുള്ളവരും അത് പിന്തുടർന്നേക്കാം.
ചെറുപ്പത്തിന്റെ തിളപ്പും പക്വതയില്ലാത്ത മനസ്സും കുരുത്തക്കേടും ഒത്തുചേരുന്പോൾ ഉണ്ടാകാവുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ശബരിമലയിൽ കാവൽ നില്ക്കുന്ന പോലീസുകാരനെ പോലെ വിദ്യാലയങ്ങളിലെ കാവൽക്കാരനായ അദ്ധ്യാപകരും കമ്മിറ്റിയും ജാഗ്രതൈ...!