പാർട്ടിയിലേക്കുള്ള വഴി
മുസ്ലീം ചക്രവർത്തിയായിരുന്ന ഇബ്രാഹിം സന്യാസിയാകുവാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സ്വാഭാവത്തിലും പെരുമാറ്റത്തിലും ചിന്തയിലും വരുന്ന മാറ്റങ്ങൾ കൊട്ടാരത്തിന്റെ അകത്തളങ്ങളിലുള്ളവർ മാത്രമേ ആദ്യം തിരിച്ചറിഞ്ഞുള്ളൂ. രാജ്യം ഭരിക്കുന്ന രാജാവിന്റെ ചിന്തകൾ സന്യാസിയുടേത് പോലെയാണെന്നറിഞ്ഞാൽ ജനം എന്ത് കരുതും എന്ന് കരുതി കൊട്ടാര വൃത്തങ്ങൾ ഈ സത്യം അതീവരഹസ്യമായി മൂടി വെയ്ക്കുവാൻ ശ്രമിച്ചു. പക്ഷേ ഒരു ദിവസം ഇബ്രാഹിം സിംഹാസനം ഉപേക്ഷിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുവാൻ തീരുമാനിച്ചു. സങ്കടത്തോടെ രാജാവിനെ തടഞ്ഞ ഭൃത്യനോട് രാജാവ് പറഞ്ഞു. പുറത്ത് നിന്ന് അകത്തേക്ക് കടക്കുന്നവരെ തടയുവാൻ മാത്രമേ നിനക്കവകാശമുള്ളൂ. ഞാൻ അകത്ത് നിന്ന് പുറത്തേയ്ക്ക് കടക്കുകയാണ്. അതുകൊണ്ട് വഴിയിൽ നിന്ന് മാറൂ.
കൊട്ടാരത്തിലുള്ള മറ്റ് അനുചരന്മാരും ബന്ധുമിത്രാദികളും രാജാവിന്റെ ചുറ്റും നിരന്ന് നിന്ന് വീണ്ടും അപേക്ഷിച്ചു. അങ്ങ് എന്തിനാണ് ഈ കൊട്ടാരം വിട്ട് പോകുന്നത്്?
ഇബ്രാഹിമിന്റെ ഉത്തരം: ഈ കൊട്ടാരത്തിൽ എന്നെ പിടിച്ചു വെയ്ക്കുവാൻ തക്കവിധത്തിൽ ഒന്നും തന്നെയില്ല. എനിക്ക് ഇഷ്ടപ്പെടാനോ, ഉപേക്ഷിക്കാനോ യോഗ്യമായ ഒന്നുമില്ലാത്ത ഈ കൊട്ടാരത്തിൽ ഞാൻ എന്തിന് താമസിക്കണം?
കൊട്ടാരം വിട്ടിറങ്ങിയ സന്യാസിയായ രാജാവ് പിന്നീട് നാൽക്കവലയിൽ പോയി ഒരു കുടിലിൽ താമസമുറപ്പിച്ചു. വഴിപോക്കരിലാരെങ്കിലും ‘കോളനി’ എവിടെയെന്ന് ചോദിച്ചാൽ അദ്ദേഹം ശ്മശാനത്തിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കും. ശ്മശാനം എവിടെയെന്ന് ചോദിച്ചാൽ കോളനിയിലേക്കുള്ള വഴി ചൂണ്ടി കാണിക്കും.
അങ്ങിനെ വഴിതെറ്റിപോയവർ തിരിച്ച് വന്ന് ഇബ്രാഹിമിനോട് കലഹിക്കും. നിങ്ങൾ ഒരു രാജ്യദ്രോഹിയാണ്. കോളനി ചോദിച്ചപ്പോൾ ശ്മശാനമാണ് നിങ്ങൾ കാണിച്ചു തന്നത്. താങ്കൾക്ക് ഭ്രാന്താണ്. ഇത് കേൾക്കുന്പോൾ ഇബ്രാഹിം പറയും. സുഹൃത്തെ ശ്മശാനത്തിൽ ആരും മരിക്കുന്നില്ല. ഇവിടെയുള്ളവർ ഇവിടെ തന്നെ സ്ഥിരതാമസമാണ്. സ്ഥിരമായി ആൾക്കാർ വസിക്കുന്ന ഈ പ്രദേശമാണ് യഥാർത്ഥ കോളനി. താങ്കൾ കരുതുന്ന കോളനി യഥാർത്ഥത്തിൽ ഒരു ശ്മശാനമാണ്. അവിടെ അനുദിനം ആൾക്കാർ മരിച്ചുകൊണ്ടിരിക്കുന്നു. അവിടെ ഓരോരുത്തരും ക്യൂ നില്ക്കുകയാണ്. ഇന്ന് ഞാൻ നാളെ നീ. താങ്കൾ ഉദ്ദേശിക്കുന്ന കോളനിയിൽ താങ്കൾക്ക് ഒരിക്കലും സ്ഥിരതാമസം സാദ്ധ്യമല്ല. നിങ്ങൾ ശ്മശാനമെന്ന് ഉദ്ദേശിക്കുന്ന സ്ഥലമാണ് നിങ്ങളുടെ സ്ഥിരതാമസസ്ഥലം. അവസാനം താങ്കൾ ഇവിടെ തന്നെ എത്തും.
വിജനമായ പ്രദേശം ചന്തയാണെന്നും ചന്ത വിജനമാണെന്നും തിരിച്ചറിയുവാൻ നിങ്ങൾ താമിക്കുന്ന അല്ലെങ്കിൽ മനസ്സ് വസിക്കുന്ന കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങുക.
ഇന്ന് മുസ്ലീം ചക്രവർത്തിയായിരുന്ന ഇബ്രാഹിമിന്റെ കഥ ഓർമ്മ വന്നത് സഖാവ് അച്യുതാനന്ദനെ വാർത്തകളിൽ കണ്ടപ്പോഴാണ്.
അദ്ദേഹത്തിന്റെ മനസ്സിൽ സന്യാസം കയറിയിരിക്കുകയാണ്. താത്ത്വികമായ അവലോകനങ്ങൾ വഴി പാർട്ടി ഓഫീസ് എന്ന കൊട്ടാരത്തിലെ പ്രതിപക്ഷ നേതാവ് എന്ന സിംഹാസനം അദ്ദേഹത്തിന് മടുത്തിരിക്കുന്നു. അത് വലിച്ചെറിഞ്ഞ് സഖാവ് പുറത്തേക്കിറങ്ങാൻ തയ്യാറെടുക്കുന്പോൾ ചുറ്റുമുള്ളവർ സങ്കടത്തോടെ സഖാവ് എന്തിനാണ് ഇതൊക്കെ ഉപേക്ഷിച്ച് കടന്നു പോകുന്നത് എന്ന ചോദിക്കുന്നുമുണ്ട്.
ഇബ്രാഹിം ചെയ്ത പോലെ അദ്ദേഹം വഴിയരികിലുള്ള പാതവക്കിൽ ആദർശമാകുന്ന ഒരു ചെറിയ കുടിൽ കെട്ടി താമസമുറപ്പിച്ചിരിക്കുകയാണ്.
വഴിയേ കടന്നു വരുന്നവർ ആരെങ്കിലും പാർട്ടിയെവിടെ, എന്ന് ചോദിക്കുന്പോൾ പാർട്ടി ഓഫീസിന് ചുറ്റുമുള്ള ലോകത്തിലെ മുഴുവൻ പേരെയും ചൂണ്ടി ജനങ്ങളാണ് പാർട്ടിയെന്ന് സഖാവ് ചൂണ്ടി കാണിക്കുന്നു.
ഇത് വിശ്വസിച്ച് മുന്നോട്ട് പോയവർ തിരിച്ച് വന്ന്, പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും ആണ് പാർട്ടി എന്ന് തെറ്റിദ്ധരിച്ച് പാതയോരത്തിരിക്കുന്ന സന്യാസിവര്യനായ കമ്യൂണിസ്റ്റുകാരനോട് താങ്കൾ ഞങ്ങളെ വഴിപിഴപ്പിച്ചു എന്ന് പറയുന്പോൾ സഖാവ് പറയുന്നത് ഇത്രമാത്രം, അവസാനം താങ്കൾ എത്തേണ്ടത് ഇവിടേയ്ക്കാണ് ജനങ്ങളാണ് പാർട്ടി. ഇത് മാത്രമാണ് ശാശ്വതം. ഇതാണ് യഥാർത്ഥ പാർട്ടി കോളനി. താങ്കൾ കരുതുന്ന പാർട്ടി, പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും ആണെങ്കിൽ അവിടെ ഒന്നും ശാശ്വതമായിട്ടില്ല. ഇന്ന് ഞാൻ നാളെ നീ.
താങ്കൾ സ്ഥിരമായ ഒരു ഇടമാണ് തേടുന്നതെങ്കിൽ ജനങ്ങളുടെ കൂടെ നില്ക്കൂ. അല്ലെങ്കിൽ താങ്കൾ കരുതുന്ന കോളനിയിലേക്ക് പോകാം.
ഇവിടെ പാർട്ടി എന്നത് ജനമാണോ മറിച്ച് സംസ്ഥാന കമ്മറ്റിയും കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയുമാണോയെന്നു തിരിച്ചറിയാൻ പറ്റാതെ സഖാക്കൾ ഉഴലുന്പോൾ ഓർമ്മ വരുന്നത് ഓഷോ പറഞ്ഞ വാക്കുകൾ... “കമ്യൂണിസവും സോഷ്യലിസവും... രണ്ടും സ്വപ്നങ്ങൾ മാത്രം”.