നിങ്ങൾക്കുമാകാം മണ്ടേശ്വരൻ...


ഇന്ന് നിങ്ങളുടെ മുന്നിൽ ഞാൻ നിരത്തുന്നത് ചില ചോദ്യങ്ങൾ മാത്രമാണ്. ചോദ്യത്തിന് നേരെ അറിയാവുന്ന ഉത്തരങ്ങൾ നല്കി പോയിന്റ് ഇടുക.

1. “അംഗൻവാടിയിലെ ടീച്ചറെ” എന്ന ഗാനം രചിച്ച മഹാകവിയുടെ പേര്? 

2. മലയാള മങ്കയുടെ അഭിനവ പര്യായമായ സരിത. എസ് നായരുടെ മുൻ ഭർത്താവിന്റെ പേര്്?

3. മാണിക്കെതിരെ കോഴ കേസ് നല്കിയ കേരളത്തിലെ ഏറ്റവും        സത്യസന്ധനായ വ്യവസായിയുടെ പേര്?

4. കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ച് കോടതി കയറിയ വനിതാ രത്നത്തിന്റെ നാമം?

5. ഗേറ്റ് തുറക്കുവാൻ വൈകി എന്ന മഹാ അപരാധം നടത്തിയ വാച്ച്മാനെ കാറിടിച്ച് മാരകമായി അപകടപ്പെടുത്തി വധിച്ച നിസാമിന്റെ ആറ് വയസ്സുള്ള മകൻ ചെയ്ത നിയമലംഘനം എന്തായിരുന്നു?

6. കേരളത്തിൽ പീഡനക്കേസിൽ പ്രതികളാണെന്ന് ആരോപിപ്പിക്കപ്പെട്ട മൂന്ന് മന്ത്രിമാരുടെ പേരുകൾ ഒറ്റ മിനുട്ടിനുള്ളിൽ പറയുക.

7. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പേര്?

8. ചങ്ങനാശേരിയിൽ എത്തി കരിക്ക് കുടിച്ച മന്ത്രിയാര് ?

9. ഒന്നും ഒന്നും മൂന്ന് എന്ന ടി.വി പരിപാടിയിൽ അവസാനത്തെ എപ്പിസോഡിൽ റിമിടോമി ധരിച്ച വസ്ത്രത്തിന്റെ നിറമെന്താണ്?

10. രഞ്ജിനി ഹരിദാസ് വിവാഹം കഴിച്ചതാണോ?

11. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ ആരോപിച്ച യുവനടനും സംവിധായകനും ആരാണ്?

12. കൊക്കെയ്ൻ കേസിൽ പിടിയിലായ യുവനടന്റെ പേരും അഭിനയിച്ച പടവും ഏതാണ്?

13. കറുത്ത മുത്തിലെ നായികയുടെ നിറം കറുപ്പോ, വെളുപ്പോ? 

14. ശശി തരൂരിന്റെ ഭാര്യയുടെ പേര്? ഒപ്പം പാകിസ്ഥാനിൽ നിന്നുള്ള ശശി തരൂരിന്റെ സുഹൃത്തിന്റെ പേരും വിശദമാക്കുക.

15. മമ്മൂട്ടിയുടെ വയസ്സ്, മോഹൻലാൽ ജനിച്ച വർഷം, ഷാരൂഖാന്റെ ഭാര്യയുടെ പേര് എന്നിവ ഒറ്റശ്വാസത്തിൽ പറയുക. 

ഈ മുകളിൽ പറഞ്ഞ 15 ചോദ്യങ്ങൾക്കും ഓരോ ഉത്തരത്തിനും ഓരോ മാർക്കാണ്. ശരിയായ ഉത്തരം അറിയുമെങ്കിൽ കൂട്ടി കിട്ടിയ നന്പർ ഇവിടെ എഴുതുക. ആകെ മാർക്ക് :

ഇനി ചോദ്യം രണ്ടാം ഭാഗം.

1. കേരളത്തിലെ ഗവർണറുടെ പേര്?

2. 2013 ൽ സാഹിത്യ നിരൂപണത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി?

3. ഡോക്ടർ എ.പി.ജെ അബ്ദുൾ കലാം തമിഴ് നാട്ടിൽ ജനിച്ച സ്ഥലത്തിന്റെ പേര്?

4. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര്?

5. കേരളത്തിൽ ജനിച്ച് മധ്യപ്രദേശിലെ ചിങ്ങ്്വാര ജില്ലയിൽ ബാഗുർ ഗ്രാമത്തിൽ സ്ഥിരതാമസമാക്കി പാവപ്പെട്ട ആദിവാസികളുടെ മുന്നറ്റത്തിനായി ഒറ്റയ്ക്ക് വർഷങ്ങളായി പോരാടുന്ന വനിതയുടെ പേര്?

6. ‘ബച്ചപൻ ബച്ചോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകന്റെ പേര്്?

7. 2009ൽ രസതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരന്റെ പേര്?

8. ഇന്ത്യൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്ര?

9. ‘The first & last freedom’ എന്ന പുസ്തകത്തിന്റെ രചയിതാവാര് ?

10. നിങ്ങളുടെ അമ്മൂമ്മയുടെ അമ്മയുടെ പേര് എന്താണ്?

11. തൊട്ടടുത്ത ഫ്ളാറ്റിൽ, വീട്ടിൽ താമസിക്കുന്ന അയൽക്കാരന്റെ വീട്ടിലുള്ളവരുടെ പേരും തൊഴിലും ?

12. ഇന്ത്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ആദ്യത്തെ ‘സാറ്റലൈറ്റിന്റെ’ പേരെന്താണ്?

13. ‘ഹാർട്ട് അറ്റാക്ക്’ വന്ന് കഷ്ടപ്പെടുന്ന ഒരു രോഗിക്ക് അടിയന്തിരമായി നല്കേണ്ട ചികിത്സകൾ എന്തെല്ലാമാണ്?

14. 2013ൽ ഭാരത് രത്ന ലഭിച്ച സി.എൻ.ആർ റാവുവിന് എന്തിനാണ് പുരസ്കാരം ലഭിച്ചത്?

15. ൈദവദശകം കർത്താവിന്റെ പേര്?

മുകളിൽ പറഞ്ഞിരിക്കുന്ന ഓരോ ശരിയായ ഉത്തരത്തിന് നൽകുന്നത് രണ്ട് മാർക്ക് വീതമാണ്.

ആകെ കിട്ടിയ മാർക്ക് ഇവിടെ എഴുതുക. 

ഇനി ആദ്യഭാഗത്താണ് നിങ്ങൾക്ക് മാർക്ക് കൂടുതലെങ്കിൽ താങ്കൾക്ക് ന്യൂ ജനറേഷൻ മരമണ്ടേശ്വരൻ പദവിയും ഒരു ‘കോടി’  മുണ്ടും സമ്മാനമായി നൽകുന്നു. ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ മാത്രം ആഗ്രഹിക്കുന്ന വായനക്കാരും ഇഷ്ടപ്പെടുന്നത് സമൂഹത്തിന് ഗുണകരമായ ചിന്തകളല്ല പകരം മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നിങ്ങളുടെ നേർക്ക് ഒരു വിരൽ ചൂണ്ടുന്പോൾ വായനക്കാരനെ മണ്ടേശ്വരനാക്കുവാൻ നിരന്തരം സഹായിച്ച് കൊണ്ടിരിക്കുന്ന മലയാളത്തിലെ മാധ്യമപ്രവർത്തകരുടെ അംഗമെന്ന നിലയിൽ മൂന്നു വിരൽ എന്നിലേയ്ക്ക് നീളുന്നതും ഞാൻ തിരിച്ചറിയുന്നു. അംഗീകരിക്കുന്നു.  

You might also like

Most Viewed