പോകുന്ന വഴിയെ തെളിക്കുക
ഗൾഫ് മേഖല അവരുടെ സാന്പത്തിക നയങ്ങളിൽ ഒരു മാറ്റം ഉണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ വാറ്റ് ടാക്സ് ജി.സി.സി രാജ്യങ്ങളിൽ ഉടൻ നിലവിൽ വരും എന്ന വാർത്ത പുറത്ത് വന്നതോടെ ശക്തമായത്.
ക്രൂഡ് ഓയിലിന്റെ വില ഇതേ നിലയിൽ തുടരുമെന്നും, അടുത്തൊന്നും അത് പഴയ നിരക്കിലേക്ക് തിരിച്ചു പോകില്ലായെന്നുമാണ് സാന്പത്തിക വിദഗ്ദ്ധർ ഉറപ്പിച്ച് പറയുന്നത്.
സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് പിടിച്ച് നില്ക്കുവാൻ അവരൊരുക്കിയ സാന്പത്തിക അടിത്തറ ധാരാളമാണെങ്കിൽ ഖത്തർ, ബഹ്റിൻ എന്നീ രാജ്യങ്ങൾക്ക് ഇത് ഒരു അഗ്നിപരീക്ഷണ കാലഘട്ടം തന്നെയാണ്.
മറ്റ് പല ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് ബഹ്റിൻ ഏറ്റവുമധികം സബ്സിഡി നല്കുന്ന രാജ്യമാണ്. ആട്ടിറച്ചി, ഗോതന്പ്, പെട്രോൾ, പാചകവാതകം, കുടിക്കുവാനുള്ള വെള്ളം, മുതൽ വൈദ്യുതി വരെ സർക്കാർ സബ്സിഡി വഴി കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബഹ്റിനിൽ ജീവിത ചെലവ് ഏറ്റവും കുറഞ്ഞിരിക്കുന്നത്.
ബഹ്റിൻ ഇപ്പോഴും രാഷ്ട്രീയ പ്രശ്നങ്ങൾ നേരിടുവാൻ ഒരു വലിയ തുക ഡിഫൻസിന്് നീക്കി വെയ്ക്കേണ്ടി വരുന്നുണ്ട്. അത് വെട്ടിക്കുറച്ചാൽ ആഭ്യന്തര പ്രശ്നങ്ങൾ കൂടുമെന്നതിനാലും, അത് വീണ്ടും സന്പദ്ഘടനയെ ബാധിക്കുമെന്ന കാരണത്താലും സർക്കാർ ഡിഫൻസിനുള്ള ചിലവ് കുറയ്ക്കുവാൻ സാധ്യതയില്ല.
ബഹ്റിൻ എന്ന കൊച്ചുരാജ്യത്തിന് എണ്ണയിൽ നിന്ന് ലഭിക്കുന്ന വരുമാനം മൊത്തം വരുമാനത്തിന്റെ 17 ശതമാനം മാത്രമാണെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന സാന്പത്തിക സഹായങ്ങളും പദ്ധതികളും കുറഞ്ഞാൽ അതും ബഹ്റിനെ ബാധിച്ചേക്കാം.
ആരോഗ്യമേഖലയിൽ സർക്കാർ നല്കുന്ന ആനുകൂല്യങ്ങളും സബ്സിഡിയും ബഹ്റിൻ സർക്കാർ വരും ദിവസങ്ങളിൽ വെട്ടികുറച്ചാൽ അത് പ്രവാസികളടക്കമുള്ളവരെ ബാധിച്ചുതുടങ്ങും.
ഇതിനൊക്കെ പുറമെ ബഹ്റിനടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ വാറ്റ് (വാല്യു ആഡഡ് ടാക്സ്) പ്രാബല്യത്തിൽ വന്നാൽ ജീവിത ചിലവ് വീണ്ടും കൂടും. ഐ.എസ്.ഐ.എസ് പോലുള്ള ഭീകരസംഘടനകൾ വളരുന്നതും ബഹ്റിനടക്കമുള്ള രാജ്യത്ത് നിന്നും ചിലർ ഇത്തരം സംഘടനകളിൽ ചേരുന്നതും ഇതിനൊക്കെ പുറമെ ബഹ്റനടക്കമുള്ള രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുകയും ചെയ്യുന്പോൾ ഇത്തരം സംഘടനകളെ എതിർക്കേണ്ടതും ഒരു ആവശ്യമായി തീർന്നു.
ഐ.എസ് കഴിഞ്ഞ ദിവസം ഇരുപത്തിയഞ്ചോളം ഈജിപ്ഷ്യൻ ക്രിസ്ത്യാനികളെ തല വെട്ടിമാറ്റിയപ്പോൾ ബഹ്റിൻ ഈജിപ്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒപ്പം ബഹ്റിന്റെ യുദ്ധവിമാനം അയയ്ക്കുകയും ചെയ്തത് ബഹ്റിൻ സർക്കാർ ഇത്തരം ഭീകരസംഘടനകൾ വളരുന്നത് ആശങ്കയോടെയാണ് കാണുന്നതു എന്നതിന്റെ തെളിവാണ്.
ബഹ്റിനിലെ രാഷ്ട്രീയ കലാപങ്ങളെ തടയുക, ഭീകര സംഘടനകളെ ചെറുക്കുവാൻ സായുധ സേനയെ നല്കുക അതേ സമയം ടൂറിസത്തെ നിലനിർത്തുക, ബിസിനസ്സ് സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സാന്പത്തിക സ്രോതസ്സ് ഉയർത്തുവാൻ സബ്സിഡി കുറയ്ക്കുക, നികുതി കൊണ്ടുവരിക എന്നീ മാർഗ്ഗങ്ങൾ മാത്രമാണ് സർക്കാരിന്റെ മുന്പിലുള്ളത്.
വരും ദിനങ്ങളിൽ ബഹ്റിൻ വിലക്കയറ്റം ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമായിട്ടാണ് മേൽപറഞ്ഞ വസ്തുതകൾ സൂചിപ്പിക്കുന്നത്.
ബഹ്റിന്റെ സാന്പത്തിക സൂചിക കഴിഞ്ഞ ദിവസം കുറഞ്ഞതും ഈ വസ്തുതകൾ ന്യായീകരിക്കുന്നതാണ്.
ബഹ്റിനിലെ കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ഡെയ്ലി ടെലിഗ്രാമിന് നല്കിയ പ്രത്യേക അഭിമുഖത്തിൽ ഉയർത്തിയിരിക്കുന്ന ആശങ്കകളും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഐ.എസ്.ഐ.എസ്, ഡായിഷ്, അൽ ഖ്വയ്ദ, ബോക്കോ ഹറാം, അൽ ഷഹാബ് എന്നീ തീവ്രവാദ സംഘടനകൾ ലോകത്തിലെ സമാധാനം കെടുത്തുകയും സാമൂഹിക സാന്പത്തിക നിലവാരം തകർക്കുകയും ചെയ്യുന്പോൾ ഇതിനെ എങ്ങനെ തടയിടണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുകയാണ് ഗൾഫ് രാജ്യങ്ങളും അതിന്റെ തലവന്മാരും.
അമേരിക്ക, കുവൈറ്റ് ആസ്പദമാക്കി അവരുടെ പടയൊരുക്കം നാലായിരത്തിലധികം വരുന്ന പട്ടാളക്കാരെ നിരത്തി ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. സൗദി അറേബ്യ ഈ മുന്നേറ്റത്തെക്കുറിച്ച് പ്രതികൂലമായ പ്രസ്താവനകൾ ഇറക്കാത്തതും മറ്റ് ജി.സി.സി രാജ്യങ്ങൾ മൗനം പാലിക്കുന്നതും മുന്നോട്ടുള്ള പ്രയാണത്തിൽ ജി.സി.സി തലവന്മാർ കൈവരിക്കേണ്ട നയങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്.
ഇത്തരമൊരു അനിശ്ചിതത്വം പ്രവാസികൾക്കും വ്യക്തമായ ഒരു ധാരണ നൽകുന്നില്ല എന്നത്കൊണ്ട് തന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന വിശ്വാസത്തിൽ കാത്തിരുന്നു കാണുക.