ഇന്ത്യയുടെ രാഷ്ട്രീയ ഭാവി ആരുടെ കൈയിൽ?
ഇന്ത്യ എന്ന ജനാധിപത്യരാജ്യത്ത് വന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ വരും കാലങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം എങ്ങിനെ മാറ്റും എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ആരും നൽകുന്നില്ല. ഇന്ത്യൻ രാഷ്ട്രീയ സംവിധാനം സൂക്ഷ്മമായി പരിശോധിച്ചാൽ രാഷ്ട്രീയ സംഘടനകളുടെ നയങ്ങൾക്കും നിയമങ്ങൾക്കും തത്വങ്ങൾക്കും അതീതമായി പാർട്ടിയെ നയിക്കുന്നത് അതിന്റെ നേതൃത്വനിരയിലുള്ള ചില വ്യക്തികൾ മാത്രമാണ്. സാധാരണക്കാരായ വോട്ടർമാർ രാഷ്ട്രീയ പാർട്ടികളുടെ സാന്പത്തികമായ, മതപരമായ, സാമൂഹ്യപരമായ നിലപാടുകളെ പഠിച്ച്, വിഗ്രഹിച്ച് വിലയിരുത്തിയല്ല വോട്ട് ചെയ്യുന്നത് പകരം ഇഷ്ടമുള്ള നേതാവിനാണ് എന്നതാണ് 120 കോടിയിലധികം ജനങ്ങൾ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അപകടം. ഈ നേരത്ത് ചില ചോദ്യങ്ങളാണ് മനസിലേയ്ക്ക് കടന്നെത്തുന്നത്.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയെ ഭരിക്കുകയും, മുടിക്കുകയും കുറച്ച് വളർത്തുകയും, ഏറെ തളർത്തുകയും ചെയ്ത കോൺഗ്രസ്സ് പാർട്ടിക്ക് ഭാവിയിൽ എന്ത് സംഭവിക്കും?
മോഡി എന്ന ഒറ്റ നേതാവിന്റെ വ്യക്തിപ്രഭാവത്തിൽ വിശ്വസിച്ച് ഒരു മാറ്റത്തിനായി ഉയർത്തി കൊണ്ടുവന്ന ബി.ജെ.പിയുടെ ഭാവി എന്തായിരിക്കും?
തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണ് മൂലധനം ഉത്പാദിപ്പിക്കേണ്ടതെന്ന് പൊതുയോഗത്തിലും, പാർട്ടി മീറ്റിംഗുകളിലും പ്രസംഗിച്ചും, കായികമായി അദ്ധ്വാനിക്കുന്നവരോട് മൂലധനം സ്വരൂപിക്കുവാൻ ക്രിയാത്മകമായ ചിന്താശക്തിയും, യന്ത്ര സഹായവും, സാങ്കേതിക വിദ്യയും വേണ്ട എന്ന് ഇന്നും പറയുന്ന നേതാക്കൾ നയിക്കുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാവി എന്താകും?
ചുരുങ്ങിയ കാലയളിവിനുള്ളിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ കടമെടുത്ത്, സത്യസന്ധമായി യുവജനങ്ങളുടെ സഹായത്തോടെ കടന്നുവന്ന എ.എ.പി എന്ന പുത്തൻ പാർട്ടി ഇന്ത്യയിൽ വളരുമോ?
വർഷങ്ങളായി നിലനിന്ന് പോകുന്ന കോൺഗ്രസ്സ്, മാർക്സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദയനീയ പരാജയം തുടരാതിരിക്കണമെങ്കിൽ അവർ ആദ്യം ചെയ്യേണ്ടത് നേതൃനിരയിലുള്ളവരെ തുടച്ച് മാറ്റി പുതിയ തലമുറയിലെ സത്യസന്ധരായ സുതാര്യതയുള്ള, പുത്തൻ ചിന്തകളുള്ള, യുവനേതാക്കളെ കൊണ്ടുവരിക എന്ന മാർഗ്ഗം മാത്രമാണ്. 1960ന് ശേഷം ജനിച്ച്, പ്രാപ്തിയും, കഴിവും തെളിയിച്ചവരെ പാർട്ടി നേതൃനിരയിലേയ്ക്ക് കൊണ്ടുവരികയും, ഇന്ന് നേതൃത്വനിരയിൽ ചടഞ്ഞിരിക്കുന്നവരെ മാറ്റുകയും ചെയ്യുക.
കോൺഗ്രസ്സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നെഹ്റു കുടുംബത്തിന്റെ വാലാണ്. ജനങ്ങളുടെ ഇടയിൽ നീണ്ട് കിടക്കുകയും ഈ വാലിന്റെ അറ്റത്ത് നിന്ന് എങ്ങിനെ ചാടണമെന്നറിയാത്ത ഒരു ഹനുമാനും ഇരിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. രാഹുലിനെ മാറ്റി പ്രിയങ്കയെ കൊണ്ടുവരണമെങ്കിൽ വധേരയെ പ്രിയങ്ക മൊഴിചൊല്ലേണ്ടി വരും. കാരണം പ്രിയങ്കയ്ക്ക് ഏറ്റവും വലിയ ബാധയായി കൂടിയിരിക്കുന്നത് വധേര നടത്തിയ അഴിമതികളാണ്്. ഇനി സ്ഥാനമാനങ്ങൾ ഇട്ടെറിഞ്ഞ് സോണിയയും കുടുംബവും മാറി നിൽക്കാനുള്ള മഹാമനസ്ക്കത പ്രകടിപ്പിച്ചാൽ പോലും അവരുടെ പിറകിലുള്ള അന്താരാഷ്ട്ര കോക്കസുകൾ അത് അനുവദിക്കുകയില്ല എന്നുറപ്പ്.
ടി.വി. തോമസിനെ മുഖ്യമന്ത്രിയാക്കണമെന്ന് 1957ൽ തീരുമാനം വന്നപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി എം.എം. ഗോവിന്ദൻ നായർ ഇ.എം.എസിനെ മുഖ്യമന്ത്രിയാക്കിയതിന്റെയും, അച്യുതമേനോനെ ഉപനേതാവാക്കിയതിന്റെയും പിറകിലുള്ള കാരണം ഇ.എം.സിന്റെ നിലപാട് വസ്തുനിഷ്ഠവും, പ്രായോഗിക രാഷ്ട്രീയാധിഷ്ഠിതവുമായിരുന്നത് കൊണ്ടാണ്. ഇന്ന് എം.എൻ. ഗോവിന്ദൻ നായരെ പോലുള്ള നേതാക്കൾ സി.പി.എമ്മിന് ഇല്ല എന്നതാണ് പാർട്ടിയുടെ ഏറ്റവും വലിയ പരാജയം. രാഷ്ട്രീയ സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത ഒരു നേതാവ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ അകത്ത് നിന്ന് തീരുമാനങ്ങൾ എടുക്കുകയും അത് മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്യുമെങ്കിൽ പാർട്ടിക്ക് പുതു ജീവൻ ലഭിക്കും.
ബി.ജെ.പിയെ ജനം വളർത്തിയത് കേവലം ഹിന്ദുക്കളുടെ വോട്ട് മാത്രം നൽകിയിട്ടല്ല. പകരം ഇന്ത്യയിൽ വിവിധ മതത്തിൽ വിശ്വസിക്കുന്ന വോട്ടർമാർ ഒരു മാറ്റത്തിനായാണ് മോഡിയെ പ്രധാനമന്ത്രി പദത്തിലിരുത്തിയത് എന്ന് ആ പാർട്ടിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മോഡി മതപരമായ ചിന്തകൾക്കതീതമായി പാർട്ടിയെയും, രാജ്യത്തെയും ഭരിക്കുമെന്ന മോഹം ഒരു വ്യാമോഹം മാത്രമാണെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് വി.എച്.പിയും ആർ.എസ്.എസും പോലുള്ള സംഘടനകളുടെ ഇടപെടൽ മുതൽ ജനത്തിന് തോന്നിതുടങ്ങിയത്. മോഡിക്ക് ഇന്ത്യയിൽ ഭരണത്തിൽ പിടിച്ച് നിൽക്കണമെങ്കിൽ ഈ മതനേതാക്കളെ മാറ്റി നിർത്തി, മതനിരപേക്ഷത നിലനിർത്തി മുന്പോട്ട് പോകുക എന്ന ഒറ്റ മാർഗ്ഗമാണുള്ളത്. പക്ഷെ പ്രായോഗിക ബുദ്ധി നഷ്ടപ്പെട്ട ചില ഛോട്ടാ നേതാക്കൻമാരുടെ കോമാളിത്തരം മോഡിയുടെ തലയ്ക്ക് മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങുകയാണ്. ഇവിടെയാണ് എ.എ.പി.എന്ന പാർട്ടിയുടെ പ്രസക്തി ഏറുന്നത്. അണ്ണാഹസാരെ മഹാത്മ ഗാന്ധിയെ പോലെ പുറമേ നിന്ന് പാർട്ടിയുടെ തെറ്റുകൾ തിരുത്തുകയും, കെജ്റിവാൾ നെഹ്റുവിനെ പോലെ പാർട്ടിയെ നയിക്കുകയും ചെയ്താൽ വരും ദിനങ്ങളിൽ കോൺഗ്രസിൽ നിന്നും, മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്നും, ബി.ജെ.പിയിൽ നിന്നും ഒരടിയൊഴുക്ക് എ.എ.പിയിലേയ്ക്ക് ഉണ്ടാകുമെന്നതിൽ തർക്കമില്ല. കോൺഗ്രസ്സും, മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളും, നേതൃത്വനിരയിൽ ഉടൻ ഒരു അഴിച്ചുപണി നടത്തി യുവാക്കളെ ഇറക്കിയില്ലെങ്കിൽ എ.എ.പിയുടെ വളർച്ച പ്രതീക്ഷിക്കുന്നതിലും വേഗമായിരിക്കും.