ഒരു ശരാശരിക്കാരന്റെ പ്രണയം


 

കാളവണ്ടിയിൽ നിന്നും റോൾസ് റോയിസ് കാറിലേക്ക് നടന്ന കയറിയ ഒരു മധ്യവ‍ർഗ്ഗം ജീവിച്ചിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.

മധ്യവർഗ്ഗം ശരാശരിയുടെ വേറൊരു പര്യായമാണ്. പണക്കാരന്റെയും പട്ടിണികിടക്കുന്നവന്റെയും നടുവിൽ അല്ലെങ്കിൽ സദാചാരത്തിന്റെ പിടിയിൽ ധർമ്മനിഷ്ഠകൾ പരിപാലിക്കുവാൻ വിധേയനായവൻ.

പ്രണയത്തിന് കാമത്തിലേക്കുള്ള ദൂരം കൂടുന്നത് ഈ ശരാശരിക്കാരന്റെ ഇടയിൽ മാത്രമാണ്. അറുപതുകളിലെ സിനിമയിലെ പ്രേംനസീറിന്റെ മുഖമാണ് ഇവർക്ക് പൊതുജനം നല്കിയിരിക്കുന്നത്. ഇവരുടെ ബാല്യങ്ങളിലെ കഥകളിലും സമാനതകളാണ്. പ്രണയലേഖനം നല്കി എന്ന കാരണത്താൽ പെൺകുട്ടിയുടെ പിതാവിന്റെ അല്ലെങ്കിൽ, ബന്ധുവിന്റെ അടിവാങ്ങി കൂട്ടിയവൻ, കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിന് ചുറ്റും വീഴുന്ന മഴപ്പാറ്റകളെ പെറുക്കി മേശമേൽ നിരത്തി രസിച്ചവൻ, നാട്ടിലെ അന്പലക്കുളത്തിനരികിലുള്ള വാഴത്തോപ്പിലിരുന്ന് കുളി സീൻ ഒളിച്ചിരുന്ന് കണ്ടവൻ, പോസ്റ്റ് ഓഫീസിൽ പോയി പ്രണയിനി അയച്ച കത്ത് വന്നിട്ടുണ്ടോ എന്ന് ജനാലയിലൂടെ ആകാംക്ഷയോടെ നോക്കിയിരുന്നവൻ, അച്ഛന്റെയും അമ്മാവന്റെയും പഴകിയ ഷർട്ടും പാന്റ്സും ചെറുതാക്കി പുതിയ വസ്ത്രമായി സന്തോഷത്തോടെ ധരിച്ചവൻ, അവസാനം ജീവിതം വഴിമുട്ടി തുടങ്ങിയെന്ന് തിരിച്ചറിയുന്പോൾ വണ്ടി കൂലി മാത്രം കൈയിൽ കരുതി ബോംബെയിലേക്കും പിന്നീട് ബോംബെയിൽ നിന്ന് ഗൾഫിലേക്കും ചിറകടിച്ച് പറന്നവൻ.

സദാചാരവും സാമൂഹികവ്യവസ്ഥയും സന്മാർഗ്ഗിക ചിന്തകളും ആവരണമായി ധരിച്ച് ശ്വാസം മുട്ടന്നവർ. ഇത്തരമൊരു മധ്യവർഗ്ഗം പലപ്പോഴും അസഹിഷ്ണുതയോടെ ദീർഘശ്വാസം വിടുന്നത് അച്ഛനും മുത്തച്ഛനും ചൂട്ടു കത്തിച്ച് പാതിരാത്രിയിൽ മുല്ലപ്പൂ മണം തേടി പോയിട്ടും തിരികെ വരുന്പോൾ കാല് കഴുകുവാൻ കിണ്ടിയിൽ വെള്ളം ഒഴിച്ചു കൊടുക്കുന്ന അമ്മയുടെയും അമ്മൂമ്മയുടെയും മനസ്സിന്റെ വിശാലമനസ്കത ഓർത്തിട്ടാണ്.

അതിസന്പന്നരുടെ ഇടയിൽ പാർട്ടി കഴിഞ്ഞ് കാറിന്റെ ചാവി പാത്രത്തിലിട്ട് ഒന്ന് കുലുക്കി വാമഭാഗത്തെ പകുത്ത് മാറ്റുന്ന കഥകളും മൃഗതൃഷ്ണയോടെ പരസ്പരം കടിച്ച് കീറുന്ന പട്ടിണിക്കാരന്റെയും സ്വാതന്ത്ര്യവും ശരാശരിക്കാരനെ അസ്വസ്ഥമാക്കുന്നുണ്ട്.

ശരാശരി അല്ലെങ്കിൽ മധ്യവർഗ്ഗം എന്നത് ഒരു ചട്ടകൂടാണ്. അവൻ ഒഴുക്ക് അധികമില്ലാത്ത നില കിട്ടാത്ത പുഴയിൽ ഒഴുകുന്ന വാഴത്തണ്ടിൽ വെള്ളത്തിന്റെ ഒഴുക്കനുസരിച്ച് ഒഴുകുന്നവനാണ്. സന്യാസിനി നിൻ പുണ്യാശ്രമത്തിൽ എന്ന ഗാനത്തിൽ തുടങ്ങി പൂങ്കാറ്റിനോടും പുഴകളോടും എന്നുവരെയുള്ള ഗാനങ്ങൾ അവനെ സന്തോഷിപ്പിക്കുന്നതും, ദുഃഖിപ്പിക്കുന്നതും, ആനന്ദിപ്പിക്കുന്നതും ഇതുകൊണ്ട് മാത്രമാണ്.

പുതുതലമുറ കാമുകിയുടെ പേര് ഡ്യൂസ് എന്ന ഇംഗ്ലീഷ് പദത്തിലാക്കി ഇംഗ്ലീഷിലെ ഏറ്റവും പ്രചുരപ്രചാരമുള്ള ‘നാലക്ഷരം’ നക്ഷത്ര ചിഹ്നങ്ങളാക്കി ചാറ്റ് ചെയ്യുന്നതും പരസ്പരം ബാധ്യതകളില്ലാതെ സന്തോഷം പങ്കിടുവാൻ കിടപ്പറ തയ്യാറാക്കുന്നതും ശരാശരിക്കാരനായ മധ്യവയസ്കർ ദുഃഖത്തോടെ നിരീക്ഷിക്കുന്നുണ്ട്.

സാങ്കേതികവിദ്യ പ്രണയത്തെ കൂട്ടിലടച്ച് തുടങ്ങിയപ്പോൾ പ്രണയിച്ച് തുടങ്ങിയത് ആൻഡ്രോയ്സ് ഫോണുകൾ തമ്മിലായിരുന്നു. പോസ്റ്റ്മാൻ ‘പ്രണയലേഖനം’ കൊടുക്കുന്പോൾ നല്കുന്ന കുസൃതി ചിരി അപ്രത്യക്ഷമായത് പോസ്റ്റുമാൻ കുഞ്ഞിരാമേട്ടന്റെ ജോലി സോഷ്യൽ മീഡിയകൾ ഏറ്റെടുത്തപ്പോഴാണ്.

കോളേജ് വരാന്തയുടെ, അന്പലപ്പറന്പിലെ ആളൊഴിഞ്ഞ നടപാതയിലൂടെ, ഇടുങ്ങിയ ഇടവഴികളിലൂടെ പ്രണയിനിയെ കാത്ത് നില്ക്കുന്ന നില്പ് ഇന്ന് ഇന്റർെനറ്റിലെ സെർച്ച് എഞ്ചിനുകളിലാണ്. കണ്ണും കണ്ണും നോക്കിയിരിക്കേണ്ടവൻ ഇന്ന് പരസ്പരം നോക്കുന്നത് കന്പ്യൂട്ടറിന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്ക്രീനിലേക്കാണ്.

ചൂടാതെ പോയ ചോര ചാറി ചുവപ്പിച്ച പനനീർപ്പൂക്കൾ, കമിതാക്കൾ കാണാതെ പോകുന്നത് ഉദ്യാനങ്ങളിലെ പഴം കഥകളാണ്. കാനനഛായയിലെ ആടുകളെ പൊരിച്ച് ബാർബിക്യും ആഘോഷിക്കുന്ന പുതുജനറേഷൻ രമണന്റെ ‘പാടില്ല, പാടില്ല’ എന്ന വാക്ക് എന്നെ കുഴിച്ച് മൂടിയിരിക്കുന്നു.

മഹാന്മാർ മരിച്ച ദിനങ്ങളെ നമ്മൾ പ്രത്യേകദിനങ്ങളായി ആചരിക്കുന്നത് പോലെ, പ്രണയം മരിച്ചതിന്റെ ഓർമ്മയായി വാലെന്റൈൻസ് ദിനം കൂടി കടന്നു വരികയാണ്.

പ്രണയം, ശരാശരിക്കാരന്റെ മധ്യവയസ്കന്റെ സാധാരണക്കാരന്റെ മാത്രം പൊതുവികാരമായി മാറുന്ന ഈ കാലത്ത് തണുപ്പുള്ള കോടമഞ്ഞ് പെയ്തിറങ്ങുന്ന ഈ കൊച്ചുദ്വീപിൽ, ആഘോഷമാക്കാം നല്ല മധുരഗാനങ്ങളുമായി ഒരു സായാഹ്നം..... ഒപ്പം പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രണയഗാനം.... 

ഇന്ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പ്രണയ ഗീതങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യയിലേക്ക് ഏവർക്കും സ്വാഗതം.

You might also like

Most Viewed