ചൂല് V/S പത്ത് ലക്ഷത്തിന്റെ സ്യൂട്ട്


കാസരോഗം ഭയന്ന് തലയും ചെവിയും മൂടിക്കെട്ടി തെരുവോരങ്ങളിൽ നടന്ന് സാധാരണക്കാന്റെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അതിൽ ഇടപെടുകയും ചെയ്ത കേജരിവാളിനെതിരെ കിരൺബേദിയെറിഞ്ഞ ആരോപണശരങ്ങൾ പലതാണ്.

വിദ്യാഭ്യാസ യോഗ്യത, ഭരണനിപുണത, ഭരിക്കാനുള്ള പരിചയം, ധൈര്യം, എന്നീ ഗുണഗണങ്ങൾ ചൂലും കൊണ്ട് നടക്കുന്ന ആസ്ത്്മാ രോഗിയ്ക്ക് കുറവാണെന്നായിരുന്നു ബേദി ഗോദയിലിറക്കിയ നന്പറുകൾ.

ഡൽഹി ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെക്കാളും വളരെ ചെറിയ സ്ഥലമാണ്. പക്ഷെ ഏറ്റവും അധികം മാധ്യമശ്രദ്ധ പതിയുന്ന ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ഉണ്ടാവുന്ന ഓരോ മാറ്റവും ഇന്ത്യ മുഴുവൻ പ്രതിഫലിക്കും എന്നതുകൊണ്ടാണ്  ഡൽഹി ഇലക്ഷനും കേജരിവാളിന്റെ വിജയവും ലോകശ്രദ്ധയാകർഷിച്ചത്.

ബി.ജെ.പിക്കും അമിത്ഷായ്ക്കും മോഡിക്കും പറ്റിയ നിരന്തരമായ തെറ്റുകളുടെ പരിണിതഫലമാണ് ‍‍‍‍ഡൽഹി ഇലക്ഷനിൽ നേരിട്ട വൻപരാജയം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജൂണിൽ നടത്താമായിരുന്ന ഇലക്ഷൻ ഫെബ്രുവരി വരെ നീട്ടികൊണ്ടുപോയതാണ് ആദ്യം പറ്റിയ തെറ്റ്. അധികാരം ലഭിച്ചിട്ടും ഭീരുവിനെ പോലെ ഇറങ്ങിപ്പോയ കേജരിവാളിന് ഭരിക്കാനുള്ള ധൈര്യവും ആർജ്ജവവും ഇല്ല എന്ന ബി.ജെ.പി നിരത്തിയ ആരോപണം ശരിയാണെന്ന് ആ സമയത്ത് ജനത്തിനും തോന്നിയിരുന്നു. ആ തോന്നൽ മായുന്നതിന് മുന്പ് ഇലക്ഷൻ നടന്നിരുന്നുവെങ്കിൽ കഥ മാറിയേനെ. ഒരു നീണ്ട കാലയളവ് ഡൽഹിയിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാൻ ലഭിച്ചതും കേജരിവാളിന് ഗുണകരമായി.

ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും മാസങ്ങൾ കഴിഞ്ഞാണ് സർക്കാർ പെട്രോൾ വിലയിൽ ചെറിയ ഒരു വിലക്കുറവ് പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഡൽഹിയിലെ ചേരികളിൽ താമസിക്കുന്ന ഭൂരിഭാഗം പേരും ഓട്ടോ, ടാക്സി, ബസ്സ് ഡ്രൈവർമാരാണ്. ഇത് കൂടാതെ മധ്യവർഗ്ഗവും ഇത്തരമൊരു വൈകിയ തീരുമാനം കേന്ദ്രസർക്കാരിന്റെ തെറ്റായ നയമായി വിലയിരുത്തി.

ബി.ജെ.പിക്ക് വൈകി വന്ന ബുദ്ധിയായിരുന്നു കിരൺബേദിയെ മുഖ്യമന്ത്രി പദത്തിനായി ഉയർത്തിപ്പിടിക്കാനുള്ള തീരുമാനം. ഉത്സവം തീരാറാകുന്പോൾ ഉയർത്തിയ കൊടി പോലെയായി ഈ തീരുമാനവും. ബി.ജെ.പിയ്ക്ക് എതിരെ വാളോങ്ങിയ ബേദിയുടെ നിറംമാറ്റം കേജരിവാൾ മാധ്യമങ്ങളിലൂടെ ആഘോഷിച്ചു. താങ്ങിനായ് അണ്ണാഹസാരയുമെത്തിയപ്പോൾ കിരൺബേദിയുടെ ‘കിരൺ’ മങ്ങിതുടങ്ങി. ഘർവാപസി, ഭഗവത്ഗീതയെ ദേശീയഗ്രന്ഥം ആക്കാനുള്ള സുഷമ സ്വരാജിന്റെ നീക്കം, ലൗ ജിഹാദ്,  ക്രിസ്തുമസ്സ് ദിനാഘോഷത്തിനെതിരെയുള്ള നീക്കം, ക്രിസ്ത്യൻ പള്ളികൾക്കെതിരെയുള്ള ആക്രമണം, ഭരണഘടനയിൽ നിന്ന് ‘മതനിരപേക്ഷത’ എന്ന വാക്ക് എടുത്ത് മാറ്റാനുള്ള ശ്രമം തുടങ്ങിയവയോട് ഒന്നും പ്രതികരിക്കാതെ മോഡി മൗനം ഭജിച്ചപ്പോൾ ആ മൗനം സമ്മതമാണെന്ന് ന്യൂനപക്ഷം ചിന്തിച്ചു തുടങ്ങി. സ്വിസ്സ് ബാങ്കിലെ കള്ളപ്പണം തിരിച്ച് കൊണ്ടുവരുമെന്ന മോഡിയുടെ പ്രഖ്യാപനം നീണ്ടു പോയതും ‘മേക്ക് ഇൻ ഇന്ത്യ’ എന്ന് പാടി നടന്ന മോഡി 10 ലക്ഷത്തിന്റെ ആഡംബര വിദേശ നിർമ്മിത സ്യൂട്ടിട്ട് ഒബാമയുമായി ചായ കുടിച്ചപ്പോൾ സാധാരണ ജനം അത് ഒരു മോഡലിന്റെ ഫാഷൻ ഷോയായി വിലയിരുത്തി.

മോഡിയുടെ നിരന്തരമായ വിദേശയാത്രയും ഡൽഹി നഗരത്തെ മറന്നുള്ള പ്രവർത്തനവും ബി.ജെ.പിയിലെ മറ്റ് പല നേതാക്കളുടെ അഹങ്കാരത്തോടുള്ള പ്രഖ്യാപനങ്ങളും പാർട്ടിയെ തളർത്തി.

മു‍‍‍‍ൻമുഖ്യമന്ത്രിയായിരുന്ന കേജരിവാളിനെ ഒബാമ അതിഥിയായിരുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ ക്ഷണിക്കാതെ, കിരൺബേദിയെ മാത്രം വിളിച്ചതും ബി.ജെ.പിയുടെ ജനാധിപത്യ സംവിധാനത്തിലെ വീഴ്ചയായി ഡൽഹിയിലെ വോട്ടർമാർ വിലയിരുത്തി.

ഡൽഹിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്തപ്പോൾ രാഹുൽ ഗാന്ധിയെന്ന നേതാവ് പ്രതികരിച്ചത് മൂന്ന് ദിവസം കഴിഞ്ഞിട്ടായിരുന്നു. അന്ന് അതിനെ പരസ്യമായി പരിഹസിച്ച മോഡിയും ബി.ജെ.പി നേതാക്കളും ബജ്റംഗ്ദളും,  വി.എച്ച്.പിയും, ആർ.എസ്.എസ് നേതാക്കളും നടത്തിയ തെറ്റായ ഇടപെടലിനെ കുറിച്ച് ഒന്നും പ്രതികരിച്ചില്ല എന്നതും ഏറെ ദോഷകരമായി.

‘ശത്രു നിരന്തരമായി തെറ്റ് ചെയ്യുന്പോൾ അതിൽ ഇടപെടാതിരിക്കുക’ എന്ന നെപ്പോളിയന്റെ പഴമൊഴി കടമെടുത്താണ് കേജരിവാൾ ഡൽഹി ഇലക്ഷനിൽ നീങ്ങിയത്.

മോഡിക്കും ബി.ജെ.പിക്കും വന്ന നിരന്തരമായ വീഴ്ചകൾ ഇലക്ഷനിൽ വിറ്റ് വോട്ടാക്കി തലസ്ഥാന നഗരം കെജ്റിവാൾ തൂത്ത് വാരിയപ്പോൾ ഒരു കാര്യം ഉറപ്പ്. വരാനിരിക്കുന്ന കേരളത്തിലെ തിരഞ്ഞെടുപ്പിലും ഈ മാറ്റത്തിന്റെ കാറ്റ് ബി.ജെ.പിക്ക് എതിരായി തീരുമെന്നതിൽ തർക്കമില്ല.

You might also like

Most Viewed