ശത്രോരപി സദ്ഗുണോഗ്രാഹ്യഃ
ജയവിജയന്മാർ ൈവകുണ്ഠത്തിന്റെ ദ്വാരപാലകരായിരുന്നുവത്രേ. രണ്ട് ദേവകുമാരന്മാരായിരുന്നു ഇവർ. മഹാവിഷ്ണുവിനെ സേവിച്ച് ദ്വാരപാലനം ചെയ്ത് കൊണ്ടിരിക്കുന്പോൾ അതുവഴി സനകാദി മുനികൾ മഹാവിഷ്ണുവിനെ മുഖം കാണിക്കുവാൻ വേണ്ടി വൈകുണ്ഠത്തിലേക്ക് തിരിച്ചു. പ്രവേശന കവാടത്തിൽ ജയവിജയന്മാർ ഇവരെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തു. കുപിതനായ സനകൻ ഇവരെ മൂന്ന് ജന്മം അസുരന്മാരായി ജനിക്കുവാൻ ശപിച്ചു. ആദ്യ ജന്മത്തിൽ അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുമായി ജനിച്ചു. അവരെ പിന്നീട് മഹാവിഷ്ണു നിഗ്രഹിക്കുകയും ചെയ്തു. രണ്ടാം ജന്മത്തിൽ അവർ രാവണനും കുംഭകർണ്ണനുമായി ജനിച്ചു. അവരെ വധിച്ചത് ശ്രീരാമനായിരുന്നു.
ശാപം കിട്ടി ജന്മമെടുത്ത കുംഭകർണ്ണൻ ആയിരം വർഷം തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തിയപ്പോൾ ‘നിർദേവത്വം’ ചോദിക്കാനിരുന്ന നാവിൽ സരസ്വതി തത്തിക്കളിച്ച് ‘നിദ്രാവത്വം’ എന്നാക്കി മാറ്റി ഉറക്കക്കാരനാക്കി മാറ്റിയ കഥ നാം കേൾക്കുകയും അതുവഴി വാക്കിൽ വരുന്ന പിഴ ജീവിതത്തിലെ ശിഷ്ടകാലം എങ്ങിനെ നരകിപ്പിക്കും എന്ന പാഠം ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
കാലവും കഥയും മാറിയപ്പോൾ, കേരള രാഷ്ട്രീയ ഭരണചക്രത്തിന്റെ കാവലാളായി കണ്ണൂരിൽ നിന്ന് ഉയർന്ന് വന്ന രണ്ട് ജയവിജയന്മാരാണ് സഖാവ് ജയരാജനും സഖാവ് പിണറായി വിജയനും. കാറൽ മാർക്സ് എന്ന വിഗ്രഹത്തെ പരിപാലിക്കുകയും അതുവഴി സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തവരിൽ പ്രമുഖർ. പക്ഷെ ജയവിജയന്മാർക്കും കുംഭകർണ്ണന് പറ്റിയതുപോലെ നാവിൽ സരസ്വതി നൃത്തം ചെയ്ത് അനവസരത്തിൽ തൊടുത്തു വിട്ട ‘പരനാറി’ പ്രയോഗം വഴി ശാപം ഏൽക്കേണ്ടി വരിക വർഷങ്ങളായി ഊട്ടിയുറപ്പിച്ച പാർട്ടിയുടെ പുതുതലമുറയാണ്.
‘ന മ്ലേച്ഛഭാഷണം ശിക്ഷേത’ എന്നാണ് ചാണക്യൻ പതിമൂന്നാം സൂത്രത്തിൽ പറഞ്ഞിരിക്കുന്നത്. മ്ലേച്ഛ ഭാഷ പഠിക്കുകയോ പറയുകയോ ചെയ്യുന്നതു കൊണ്ട് ജ്ഞാന നൈപുണ്യമോ, ബുദ്ധി നൈർമ്മല്യമോ ഉണ്ടാകുന്നില്ല. സംസ്കാരമില്ലാത്തവന്റെ സംഭാഷണം, ശീലിക്കരുതെന്നും, ധർമ്മവിഷയത്തിൽ മ്ലേച്ഛാദി വിചാരം വേണമെന്നും ചാണക്യൻ നിഷ്കർഷിക്കുന്നു.
ഫ്രോയ്ഡ് പറയുന്നത് ബോധമനസ്സിന്റെ താഴെ ഒരു അബോധമനസ്സുണ്ടെന്നാണ്. മനസ്സിൽ കുട്ടിക്കാലം മുതൽ അടിച്ചമർത്തപ്പെട്ട ചപ്പ് ചവറുകൾ അബോധമനസ്സിൽ നിന്നും ബോധമനസ്സിലേയ്ക്ക് കുടിയേറുന്പോൾ അത് സമൂഹത്തിന്് നിരക്കാത്തതായി മാറുന്നു. സമൂഹം മനസ്സിനുള്ളിലും ഒരു പോലീസിനെ നിർത്തിയിട്ടുണ്ട്. കാക്കിതൊപ്പിയും ലാത്തിയുമില്ലാതെ ഒരു സദാചാര പോലീസ്. ലൈംഗികമായ ചോദനകൾ ഈ പോലീസിന്റെ വലയം ഭേദിച്ച് പുറത്ത് കടക്കുന്നത് അസഭ്യ വർഷ പ്രയോഗത്തിലൂടെയാണത്രെ. അപ്പോൾ ആ വ്യക്തിക്ക് ചിത്തഭ്രമം ബാധിച്ചു എന്ന് സമൂഹം പറയുന്നു.
വടക്കെ മലബാറിൽ വർഷം തോറും ശാലിയ സമുദായം കൊണ്ടാടുന്ന പൊറാട്ട് നാടകമുണ്ട്. സ്ത്രീയുടെ ചാരിത്ര്യത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ഉത്തരങ്ങൾ അശ്ലീലം കലർന്ന വാക്കുകളാൽ പറയുന്നതാണ് പൊറാട്ട്. മനസ്സിനുള്ളിൽ കാലാകാലങ്ങളായി അടിഞ്ഞ് കിടക്കുന്ന മലിനമായ ചിന്തകൾ പുറത്ത് വിടാനുള്ള ഒരുതരം സേഫ്റ്റി വാൽവാണത്രെ ഈ തെറി.
ജന്മനാ സംസാര വൈകല്യമുള്ള ആൾക്കാരെ നാം കാണാറുണ്ട്. അതിലൊരാളാണ് കേരള ജനത എന്നും ബഹുമാനിക്കുന്ന സഖാവ് ഇ.എം.എസ് നന്പൂതിരിപ്പാട്. ‘വിക്ക്’ എപ്പോഴും ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ സംസാരിക്കുന്പോൾ മാത്രം എന്ന് ഗൗരവമായി ഉത്തരം നൽകിയ സഖാവിന്റെ വാക്കുകൾ ഒരിക്കലും പിഴച്ചിരുന്നില്ല. അതിനുള്ള കാരണം ബുദ്ധി നാക്കിനെ ഭരിക്കുകയും അതുവഴി ചിന്തയുടെ കാവലാളായി നാക്ക് മാറിയതും കൊണ്ടാണ്.
ധ്യാനനിമഗ്നനായി ഇരിക്കുന്ന ബുദ്ധനെ തെറി പറഞ്ഞ വഴിപോക്കനെ നോക്കി മന്ദസ്മിതം തൂകി നിൽക്കുന്ന ഗുരുവിനെ ശിഷ്യന്മാർ ആശങ്കയോടെ നോക്കിയപ്പോൾ ബുദ്ധൻ പറഞ്ഞത് ഇങ്ങിനെ: “ഒരാൾ തരുന്ന ദാനം നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അത് ദാനം തരുന്ന വ്യക്തിയുടെ കൈവശം തന്നെ ഇരിക്കും. അതുപോലെ ഈ വഴിപോക്കൻ ഛർദ്ദിച്ച അസഭ്യവർഷങ്ങൾ ഞാൻ ദാനമായി സ്വീകരിച്ചിട്ടില്ല”. ഇത് കേട്ട് ശിഷ്യന്മാരുടെ ബോധം കൂടുതൽ തെളിഞ്ഞു എന്നതാണ് കഥ. ഇന്ന് ഉമ്മൻചാണ്ടിയുെട മൗനം ഓർമ്മിപ്പിക്കുന്നത് ശ്രീബുദ്ധന്റെ വിവേകത്തെയാണ്. പി. ജയരാജന്റെ പരനാറി പ്രയോഗം ഓർമ്മിപ്പിക്കുന്നത് കുംഭകർണ്ണന്റെ മൂഢത്തരത്തെയും.
ശ്രീനാരായണ ഗുരു രചിച്ച ഒരു കവിതയാണ് ഇപ്പോൾ ഓർമ്മവരുന്നത്.
ഭയങ്കരമിദം ശൂന്യം
വേതാളാ നഗരം യഥാ
തഥൈവ വിശ്വമഖിലം
വ്യകരോദദ്തുഭം വിഭൂ:
ഈ ലോകം വേതാള നഗരം പോലെ ഉൾക്കാന്പില്ലാത്തതും ഭീകരവും ആണ്. ഈ വിശ്വമെല്ലാം സർവ്വേശ്വരൻ വേതാള നഗരം പോലെ സൃഷ്ടിച്ചു. വേതാള നഗരമായ കേരളം ഭരിക്കേണ്ട ജ്ഞാനികളുടെ ശരീരത്തിൽ അസുരചിന്ത പരകായ പ്രവേശം നടത്തി പ്രഭാഷണത്തിനിടയിൽ പ്രസംഗകൻ പരവശനായി പരാക്രമത്തോടെ പരനാറി എന്ന് വെല്ലുവിളിക്കുന്പോൾ പരകേസരികളെന്ന് പരദേശികൾ വരെ വിശ്വസിച്ചിരുന്ന ഇത്തരം പ്രമാണിമാരെ വരും കാലങ്ങളിൽ അവരുടെ പരദേവതകൾ സംരക്ഷിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.
പി. ഉണ്ണികൃഷ്ണൻ