ഇരിക്കുന്ന കൊന്പ്
ബഹ്റിനിലെ പല സാമൂഹിക പ്രവർത്തകർക്കെതിരെ സ്ഥിരം ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾ. പത്രത്തിൽ ഫോട്ടോ അടിച്ച് വരാനാണ് ഇവർ നാട് നന്നാക്കുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ്. കഴിഞ്ഞ കുറെ വർഷമായി ബഹ്റിനിലെ സാമൂഹിക പ്രവർത്തകരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ മനസ്സിലാക്കുന്നത് മാധ്യമങ്ങൾ വഴി ലഭിക്കുന്ന പബ്ലിസിറ്റി അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്.
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം പേരും അത്തരം പ്രവർത്തനങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാണ്. സ്പോൺസറുടെ പീഡനത്തിനിരയായ വീട്ടുജോലിക്കാരി മുതൽ വൃക്കയുടെ പ്രവർത്തനം തകരാറിലായ സാധാരണ തൊഴിലാളിയെ വരെ സാന്പത്തികമായും നിയമപരമായും മാനസികമായും സഹായിച്ച് അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ബഹ്റിനിൽ താമസിച്ചിട്ടും ഇത്തരം സാമൂഹ്യസേവനങ്ങളിൽ കാര്യമായി ഇടപെടാൻ പറ്റാത്ത ഒരു വ്യക്തിയാണ് ഞാൻ. ശാരീരിക, മാനസിക, സാന്പത്തിക, നിയമപ്രശ്നങ്ങൾ നേരിടുന്ന പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുവാനും അല്ലെങ്കിൽ അവർക്ക് ആപത്ഘട്ടത്തിൽ വിളിക്കുവാനും കുറച്ച് പേരുടെ പേരും ഫോൺ നന്പറുകളും ഉണ്ട് എന്നത് തന്നെ സാധാരണക്കാരന് വലിയ ഒരു ആശ്വാസമാണ്.
ജോലിക്കിടയിൽ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാനും അതിന്റെ പിറകെ നടക്കുവാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇവർ സമയം കണ്ടെത്തുന്നു. ഇതിനിടയിൽ അത്തരം ഇടപെടലുകൾ വിജയകരമായി പര്യവസാനിക്കുന്പോൾ അവർക്ക് ലഭിക്കുന്ന ഒരേ ഒരു അവാർഡ് പത്രത്തിൽ വരുന്ന ഒരു വാർത്തയോ ഫോട്ടോയോ മാത്രമാണ്.
പലപ്പോഴും ഇവർക്കെതിരെ എഴുതുന്നവർ ഇത്തരമൊരു പ്രശ്നങ്ങളിലും ഇടപെടാത്ത വ്യക്തികളാണെന്നതും ഓർക്കുക. പിന്നീട് ചിലർ സ്ഥിരം കൈയടി വാങ്ങുന്നത് ഗൾഫിലെ സന്പന്നരായ വ്യവസായികൾക്കെതിരെ എഴുതിയിട്ടാണ്.
കഴിഞ്ഞ ദിവസം അബ്ദുൽ കലാം വന്ന സമയത്ത് നല്കിയ ചില സ്വീകരണ പരിപാടികളിൽ പങ്കെടുത്ത വ്യവസായികൾക്കെതിരെയും ചടങ്ങിനെക്കുറിച്ചും പല പരാമർശങ്ങളും പത്രത്തിലും സോഷ്യൽ മീഡിയയിലും നിറയുന്നത് കണ്ടു.
ഇന്ന് ബഹ്റിനിലെ ഇന്ത്യക്കാർക്ക് തന്നെ അഭിമാനമായി തലയുയർത്തി നില്ക്കുന്നത് ബഹ്റിൻ കേരളീയ സമാജമാണ്. വളരെ മനോഹരമായ കെട്ടിടവും കഴിവുള്ള കലാകാരന്മാരുടെ നിരന്തരമായിട്ടുള്ള പ്രയത്നവും ബഹ്റിനിലെ മലയാളികൾക്ക് ആനന്ദകരമായ സയാഹ്നങ്ങളാണ് സമ്മാനിക്കുന്നത്.
ഈ കെട്ടിടം ഒരു യഥാർത്ഥ്യമായത് ഇത്തരം വ്യവസായികൾ തന്ന സംഭാവനകൾ കൊണ്ടാണെന്ന് അവിടെ നിരന്തരം കയറി ഇറങ്ങി വിലസുന്ന പലരും ഓർക്കുന്നില്ല.
ഇന്ത്യൻ ക്ലബ്ബും ഒരു മാറ്റത്തിന് തയ്യാറാവുകയാണ്. കൂടുതൽ പാർക്കിംഗ് സൗകര്യവും ടെന്നീസ് കോർട്ടും മതിലും ഒക്കെ പണിയാനുള്ള സാന്പത്തിക സഹായം നല്കുന്നത് ഇത്തരം വ്യവസായികളാണ്.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സന്പന്നരായ വ്യക്തികളിൽ നിന്ന് പണം സമാഹരിച്ച് കെട്ടിപൊക്കുന്ന ഈ പ്രസ്ഥാനങ്ങൾ ഏറ്റവും ഗുണകരമായി ഉപയോഗിക്കുന്നത് സാധാരണക്കാർ തന്നെ.
അബ്ദുൽ കലാം ബഹ്റിനിൽ വന്നത് തികച്ചും ഒരു സ്വകാര്യ സന്ദർശനത്തിനായിരുന്നു. അബ്ദുൽ കലാം വരുന്ന വിവരമറിയിച്ചപ്പോൾ ബഹ്റിൻ ഗവൺമെന്റ് അദ്ദേഹത്തിനെ സർക്കാർ അതിഥിയായി വരവേറ്റത് അവരുടെ മഹാമനസ്കത.
ബഹ്റിനിലെ കേരളീയ സമാജമായാലും ഇന്ത്യൻ ക്ലബ്ബായാലും ഇന്ത്യൻ സ്കൂളായാലും ഇന്നും നിലനിന്ന് പോകുന്നത് മെന്പർമാരുടെ സംഭാവന പണം കൊണ്ടോ വിദ്യാർത്ഥികൾ തരുന്ന ഫീസ് കൊണ്ടോ അല്ല എന്ന സത്യം ഇടയ്ക്കെങ്കിലും ഓർക്കുക.
ഒരു സ്വകാര്യ വ്യക്തിയുടെ പ്രയത്നത്തിന്റെയും നിരന്തരമായ അഭ്യർത്ഥനയേയും മാനിച്ചാണ് അബ്ദുൽ കലാം ബഹ്റിനിലെത്തിയത്. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നതിന് പകരം കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ ചിന്തിക്കേണ്ടത്, എന്തുകൊണ്ട് അവരാരും അബ്ദുൽ കലാമിനെ പോലുള്ള വലിയ വ്യക്തികളെ കൊണ്ടുവന്ന് അവാർഡും പ്രസംഗവുമൊന്നും ഇല്ലാതെ പരിപാടി നടത്തുന്നില്ല എന്നതാണ്.
അബ്ദുൽ കലാം വന്നപ്പോൾ കൂടെ നിന്ന് സെൽഫിയെടുത്തവരും കലാമിന്റെ സന്ദർശനത്തിൽ വന്ന അപാകതകളെ കുറിച്ച് വാ തോരാതെ മൊഴിയുന്നുണ്ട് എന്ന് കണുന്പോഴാണ് ചിരി വരുന്നത്.