‘മണി’ കെട്ടുന്നതിന് മുന്പ്
പലിശയ്ക്ക് പണം കൊടുക്കുന്ന സ്വകാര്യവ്യക്തികൾക്കെതിരെ സംഘടനകളും സാംസ്കാരിക പ്രവർത്തകരും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കാഴ്ചകൾ നാം വർഷങ്ങളായി കാണുന്നുണ്ട്.
ഒരു സന്പദ്ഘടനയിൽ സർക്കാർ നിയന്ത്രണത്തിലുള്ള നാഷണലൈസ്ഡ് ബാങ്കുകളും സഹകരണബാങ്കുകളും സ്വകാര്യബാങ്കുകളും മറ്റ് സർക്കാർ അംഗീകരിച്ച യൂണിറ്റുകളും കടം നിഷേധിക്കുന്ന സമയത്താണ് ഒരു ആവശ്യക്കാരൻ സ്വകാര്യ വ്യക്തിയിൽ നിന്ന് പലിശയ്ക്ക് പണം എടുക്കുന്നത്.
നാഷണലൈസ്ഡ് ബാങ്ക് മുതൽ സ്വകാര്യ ബാങ്കിംഗ് സംവിധാനങ്ങൾ വരെ ലോൺ നല്കുന്നതിന് മുന്പ് ലോൺ നല്കുന്ന തുകയുടെ രണ്ടിരട്ടി ആസ്തി ലോണിന് അപേക്ഷിക്കുന്നവന് ഉണ്ടെന്ന് ഉറപ്പ് വരുത്തും. ഏതെങ്കിലും ജംഗമവസ്തുക്കൾ ഗ്യാരന്റിയായി നല്കാതെ ഇത്തരം സംവിധാനങ്ങളിൽ നിന്ന് പണം ലഭിക്കുകയില്ല.
സാന്പത്തികമായി പ്രതിസന്ധി നേരിടുന്ന ഒരു വ്യക്തി മുകളിൽ പറയുന്ന പ്രസ്ഥാനങ്ങളിൽ നിന്ന് പണം ലഭിക്കാൻ അർഹനല്ലെങ്കിൽ അദ്ദേഹത്തിന്റെ മുന്പിലുള്ള പോംവഴി സുഹൃത്തുക്കളോടും ബന്ധുക്കളോടും കടം വാങ്ങിക്കുക എന്ന ഒറ്റമാർഗ്ഗം മാത്രമാണ്. പക്ഷെ ഇത്തരം കടക്കെണികളിൽ പെട്ടവരോട് അന്വേഷിച്ചാൽ ഇവർ ഇവിടെയും പരാജയപ്പെടുന്പോഴാണ് സ്വകാര്യ പണമിടപാടുകാരുടെ അടുക്കൽ സഹായത്തിനായ് കൈനീട്ടുന്നത് എന്നു കാണാം.
ഇവിടെ പലിശയ്ക്ക് പണം കൊടുക്കുന്ന വ്യക്തി ഇദ്ദേഹത്തിന്റെ സാന്പത്തിക സ്ഥിതി മോശമാണെന്നും പണം തിരിച്ച് കിട്ടാനുള്ള സാദ്ധ്യത വിരളമാണെന്നും മനസ്സിലാക്കിയിട്ടും പണം നല്കുന്നത് അതിൽ നിന്നും ലഭിക്കുന്ന അമിതലാഭം കൊണ്ടാണ്.
പലപ്പോഴും ഇവർ ആവശ്യപ്പെടുന്ന പലിശ കൊള്ള പലിശയാണെന്നും ഇരുതല മൂർച്ചയുള്ള ബ്ലേഡ് ആണെന്നും നാം പറയുന്പോൾ ഇത്തരം പ്രസ്താവനകൾ തികച്ചും ആപേക്ഷികമാണെന്നും മനസ്സിലാക്കുക.
കേരളത്തിൽ വിദ്യാഭ്യാസ ലോൺ ലഭിക്കാത്തതിനെ തുടർന്ന് വിദ്യാലയത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടിയെ പലരും ഓർക്കുന്നുണ്ടാവും. കേരളത്തിൽ കാർഷിക ലോൺ അടച്ച് തീർക്കാൻ പറ്റാത്ത ആത്മഹത്യ ചെയ്ത കർഷകരെയും നമ്മൾ ഓർക്കുന്നുണ്ടാകും. അത്തരം അവസ്ഥകൾ ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്ന സത്യം കാണാതെ അല്ലെങ്കിൽ അറിയില്ല എന്ന് നടിച്ച് ‘ഓപ്പറേഷൻ കുബേര’ എന്ന് നിലവിളിച്ച് സർക്കാർ കൈയടി വാങ്ങാൻ ശ്രമിക്കുന്പോൾ മുന്പിൽ വരുന്ന ചോദ്യം.
സർക്കാർ സംവിധാനങ്ങളും സർക്കാർ അംഗീകൃത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സമൂഹവും കൈ ഒഴിഞ്ഞ ഒരു വ്യക്തിക്ക് സാന്പത്തിക സഹായം അടിയന്തിരമായി വന്നാൽ അവർ ആരെ സമീപിക്കും എന്നതാണ്. ഇവരുടെ മുന്പിലുള്ള സ്വകാര്യ പലിശക്കാരെ ഒഴിവാക്കിയാൽ ഒന്നുകിൽ ഇവർ ആരുടെയെങ്കിലും തട്ടിപ്പറിച്ച് മോഷ്ടിച്ച് കാശ് ഉണ്ടാക്കേണ്ടി വരും. അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. ഇവിടെയാണ് ഇത്തരം സംവിധാനങ്ങളുടെ പ്രസക്തി നിലനില്ക്കുന്നത്.
ഞാൻ ബിസിനസ്സ് തുടങ്ങിയ സമയത്ത് വലിയൊരു ശതമാനം പലിശ നല്കി സ്വകാര്യ വ്യക്തികളിൽ നിന്ന് പണമെടുത്തിട്ടുണ്ട്. അവ കൃത്യമായി തിരിച്ചു നല്കിയിട്ടുമുണ്ട്. കൊടുക്കുന്ന പലിശ കൂടുതലാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് പണം എടുത്തത്. അതുകൊണ്ടു തന്നെ പണം പറ്റാവുന്ന വേഗത്തിൽ തിരിച്ചടക്കാൻ പ്രയത്നിക്കുകയും ചെയ്തു.
ഇവിടെ പലിശയ്ക്ക് പണം നല്കുന്നവർക്കെതിരെ പ്രതിഷേധിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു കൂട്ടായ സംരംഭത്തിലൂടെ പണം സംഭരിച്ച് ഒരു പാരലൽ ബാങ്കിംഗ് സംവിധാനം സഹകരണപ്രസ്ഥാനത്തിലൂടെ കൊണ്ടുവരിക എന്നതാണ്.
ജാമ്യം നല്കാൻ വസ്തുക്കളൊന്നുമില്ലാത്തവർക്കും മറ്റ് ബാങ്കിംഗ് സംവിധാനങ്ങളിൽ നിന്ന് കടം ലഭിക്കാൻ അർഹതയില്ലാത്തവർക്കും അടിയന്തിരഘട്ടത്തിൽ പണം കടമായി നല്കുവാനുള്ള ഒരു സ്വകാര്യസംവിധാനം കൊണ്ടുവരിക. അത് പ്രായോഗികമായി നടത്തിക്കൊണ്ട് പോകുവാൻ പറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അതിനുശേഷം മാത്രം സ്വകാര്യ പലിശക്കാരുടെ സംവിധാനത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുക.
ഏതൊരു വസ്തുവിന്റെയും വില കൂടുന്നത് ഡിമാന്റു കൂടുന്പോഴാണ്. അവധിക്കാലത്ത് വിമാനകന്പനികൾ ചെയ്യുന്നതും, പച്ചക്കറി ലഭ്യത കുറയുന്പോൾ തക്കാളിക്കും ഉള്ളിയ്ക്കും വില കൂടുന്നതും ഇതുകൊണ്ടു തന്നെ. ഇതേ മാറ്റമാണ് പലിശക്കാരുടെ അധികപലിശയ്ക്കും കാരണം.
പലിശയ്ക്ക് പണകൊടുക്കുന്ന വ്യക്തികളോട് അന്വേഷിച്ചാൽ അവർ കാശ് കൊടുത്ത പത്തിൽ അഞ്ച് പേരും തിരിച്ചടക്കാതെ മുങ്ങുകയാണ് പതിവ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവർക്കെതിരെ വാളോങ്ങുന്നതിന് മുന്പ്, സ്ഥാവര ജംഗമ സ്വത്തും ആൾ ജാമ്യവുമില്ലാത്ത ഒരു വ്യക്തിക്ക് കേവലം ഒരു ചെക്കിന്റെ ബലത്തിൽ ചുരുങ്ങിയ പലിശയിൽ പണം കടം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സംഘടനകളും സാമൂഹ്യ പ്രവർത്തകരും ചെയ്യേണ്ടത്.