ആഘോഷങ്ങൾ ഭയപ്പെടുത്തുന്പോൾ...
പന്ത്രണ്ടാം തരത്തിൽ പഠിക്കുന്ന കുട്ടികളുള്ള മിക്ക മാതാപിതാക്കളും ഇപ്പോൾ ടെൻഷനടിച്ച് തുടങ്ങിക്കാണും. കൊല്ലപരീക്ഷ അടുക്കാറായിരിക്കുന്നു. അതിലുപരി പന്ത്രണ്ടാം ക്ലാസ്സുകാരുടെ വിടപിരിയൽ ആഘോഷവും അതിനോടനുബന്ധിച്ച് നടക്കുന്ന ചില പാർട്ടികളും ഇത്തിരി ഭയത്തോടെയാണ് മാതാപിതാക്കൾ വീക്ഷിക്കുന്നത്.
എല്ലാവർഷവും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ബഹ്റിനിൽ വെച്ചുണ്ടാകുന്ന കാർ അപകടത്തിൽ മരിക്കുന്നു. ചിലർ മാരകമായ പരിക്കുകളോടെ രക്ഷപ്പെടുന്നു. പലപ്പോഴും അപകടം നടന്നു കഴിയുന്പോഴാണ് വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന കാര്യവും ഒപ്പം മാതാപിതാക്കൾ അറിയാതെ കാർ എടുത്തതാണെന്നും മനസ്സിലാവുന്നത്.
കഴിഞ്ഞ ദിവസം ഡ്രൈവിംഗ് ലൈസൻസില്ലാതെ അതിവേഗത്തിൽ കാറ് ഓടിച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ട വിദ്യാർത്ഥിയുടെ മാതാവിന്റെ സങ്കടം നേരിട്ട് കാണാനിടയായപ്പോൾ ചിന്തിച്ചത് സത്യത്തിൽ ഇത്തരമൊരു അപകടം ഒഴിവാക്കാൻ പറ്റുമായിരുന്നില്ലേ എന്നാണ്. ഇതൊക്കെ വിധിയാണെന്ന്
ഒറ്റവാക്കിൽ തള്ളിക്കളഞ്ഞ് ബാധ്യതകളിൽ നിന്ന് മാറി നില്ക്കാനാണ് പലരും ശ്രമിക്കുന്നത്. അപകടത്തിൽപെട്ട രണ്ടു വിദ്യാർത്ഥികളുടെയും വീട്ടിൽ രക്ഷിതാക്കൾ ഇല്ലായിരുന്നു. അതിന് പുറമെ കാറും, അതിന്റെ താക്കോലും ഇവർക്ക് ലഭ്യമാകുന്ന രീതിയിൽ എടുത്തുവെച്ചു എന്നതും ശ്രദ്ധിക്കപ്പെടേണ്ട വിഷയം തന്നെ.
ഒന്പതാം ക്ലാസ് കഴിയുന്പോൾ തന്നെ മിക്ക ആൺകുട്ടികളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഏതെങ്കിലും ഒരു വാഹനമോടിക്കുക എന്നത്. കേരളത്തിൽ മിക്ക കുട്ടികളും മോട്ടോർ ബൈക്കിന്റെ പിറകെ പോകുന്പോൾ ഗൾഫിലെ കുട്ടികൾ കാറിന്റെ പിറകെയാണ് ഓടുന്നത്. വിടപിരിയലിന്റെ ഭാഗമായി സ്കൂളിലും കോളേജിലും പാർട്ടി നടത്തുന്പോൾ മറ്റുള്ളവരുടെ മുന്പിൽ ഒന്ന് ഷൈൻ ചെയ്യാനാണ് പലപ്പോഴും വിദ്യാർത്ഥികൾ ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്.
വർഷങ്ങൾക്ക് മുന്പ് എന്റെ ഒരു സുഹൃത്തിനോട് അദ്ദേഹത്തിന്റെ ഒരു പരിചയക്കാരൻ റെന്റ് എ കാർ കന്പനിയിൽ നിന്ന് ഒരു ബിഎംഡബ്ല്യു കാർ എടുക്കുവാനായി ഒരു ഗാരന്റി ലെറ്റർ നല്കുവാൻ അഭ്യർത്ഥിച്ചു. സ്വന്തമായി കന്പനിയുണ്ടായിരുന്ന സുഹൃത്ത് അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ച് ആ സഹായം നൽകി. പക്ഷെ ഇത്തരമൊരു സഹായം പിന്നീട് പുലിവാലായി മാറിയത് പരിചയക്കാരന്റെ മകനും കൂട്ടരും ചേർന്ന് ഉപയോഗിച്ചിരുന്ന പുത്തൻ ബിഎംഡബ്ല്യു കാർ അപകടത്തിൽ പെട്ടപ്പോഴാണ്. റെന്റ് എ കാർ കന്പനിയെ അറിയിക്കാതെ അപകടത്തിൽ പെട്ട കാറിന്റെ ഒട്ടിയ ഭാഗവും, പെയിന്റ് പോയ ഭാഗവും വേറൊരു ഗ്യരേജിൽ കൊണ്ടുപോയി നന്നാക്കുവാനും ഇവർ ശ്രമിച്ചു. എന്നാൽ റെന്റ് എ കാർ കന്പനി ഈക്കാര്യം കണ്ടുപിടിക്കുകയും, ഡ്രൈവിംഗ് ലൈസൻസില്ലാത്ത ഒരു പയ്യനായിരുന്നു കാറിന്റെ ഡ്രൈവറെന്ന് മനസിലാക്കുകയും ചെയ്തു. ഒടുവിൽ അപകടത്തിന്റെ പേരിൽ കോടതി കയറിയതും പണം നല്കേണ്ടി വന്നതും ഗാരന്റി ലെറ്റർ നൽകിയ സുഹൃത്ത്.
ഡ്രൈവിംഗ് ലൈസൻസില്ലാത്ത പ്രായപൂർത്തിയാകത്തവർ കാറോടിച്ച് അപകടമുണ്ടായാൽ കേസ് വാഹനത്തിന്റെ ഉടമസ്ഥന്റെ പേരിലും ഉണ്ടാകുമെന്ന കാര്യം തന്നെ പലരും ഓർക്കാറില്ല. ബഹ്റിനിൽ ട്രാഫിക് നിയമങ്ങൾ സമീപ ദിവസങ്ങളിൽ കർക്കശമാക്കുകയാണ്. ഇതു പ്രകാരം ലൈസൻസില്ലാതെ വാഹനമോടിച്ച് ആരെങ്കിലും മരണപ്പെട്ടാൽ വലിയൊരു തുക നഷ്ടപരിഹാരമായി നല്കേണ്ടി വരുമെന്നതും, അതിന് പുറമെ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്ന കാര്യം ഓർത്തിരിക്കുക.
റെന്റ് എ കാർ കന്പനിയിൽ നിന്ന് വാടകയ്ക്ക് വാഹനമെടുത്ത് ഉപയോഗിക്കുന്നവരാണെങ്കിൽ ഓർക്കേണ്ടത്, ആരുടെ പേരിലാണോ കാർ എടുത്തിരിക്കുന്നത്, അവരാണ് കാറിനും അതിനോടനുബന്ധിച്ച് നടക്കുന്ന എല്ലാ അപകടത്തിനും ഉത്തരവാദിയെന്നതാണ്. ഇനി അഥവാ റെന്റ് കാർ എടുത്ത് വേറെ ആരെങ്കിലും ഓടിക്കുകയാണെങ്കിൽ അവരുമായി ഒരു ധാരണാപത്രത്തിൽ ഒപ്പ് വെച്ചിട്ടില്ലെങ്കിൽ ആ കാറിൽ നിന്ന് സ്ഫോടന വസ്തുവോ, മറ്റ് അനധികൃതമായ വസ്തുക്കളോ കണ്ടെത്തിയാൽ കുടുങ്ങുന്നത് കാർ വാടകയ്ക്കെടുത്ത വ്യക്തി തന്നെയാണ്. അതോടൊപ്പം വീട്ടിൽ വാഹനങ്ങൾ വെച്ച് പോകുന്ന രാത്രി ഡ്യൂട്ടിയുള്ള മാതാപിതാക്കൾ വാഹനത്തിന്റെ താക്കോൽ വീട്ടിൽ വെയ്ക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇതു പോലെ ബഹ്റിനിൽ അനധികൃതമായി ടാക്സി ഓടിക്കുന്ന മലയാളികളും അനവധിയാണ്. ഇതിൽ പലരും ഓടിക്കുന്ന വാഹനം വേറെ വ്യക്തിയുടെ പേരിലുള്ളതായിരിക്കും. ഇത്തരത്തിലുള്ള ടാക്സികൾ ഓടിക്കുവാൻ കാർ വാടകയ്ക്ക് നല്കുന്നവരും വലിയ റിസ്ക്ക് തന്നെയാണ് എടുക്കുന്നത്. അനധികൃതമായി ടാക്സി ഓടിക്കുന്നത് കണ്ടുപിടിച്ചാലോ, ടാക്സിക്കാരൻ വല്ല അവിഹിത കാര്യങ്ങൾക്കുമായി വാഹനം ഉപയോഗിച്ചാലോ ഉടമസ്ഥൻ ജയിലിൽ കിടക്കുമെന്നത് ഉറപ്പ് !!
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴഞ്ചൊല്ല് ഓർക്കുക... അത്രമാത്രം.