എവിടെയുണ്ട് ആരോഗ്യം ?
എന്തിനീ ഭൂമിയിൽ മനുഷ്യനായി ജനിച്ചു എന്ന ചോദ്യം ഭൂമിയിൽ പണ്ട് ജീവിച്ചിരുന്നവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഇനി ജീവിക്കുവാൻ പോകുന്നവരും ചോദിച്ച് കൊണ്ടിരിക്കും എന്നതിൽ സംശയമില്ല.
ജനിച്ചത് കൊണ്ടുതന്നെ മരിക്കണം എന്നത് പ്രകൃതിയുടെയും സൃഷ്ടാവിന്റെയും നമ്മുടെയും ആവശ്യം തന്നെ.
പക്ഷെ, എങ്ങിനെ മരിക്കണം, എപ്പോൾ മരിക്കണം എങ്ങിനെ വേദനയില്ലാതെ അസുഖങ്ങളില്ലാതെ മരണംവരെ ജീവിക്കണം എന്നതാണ് നമ്മെ പലപ്പോഴും അലട്ടുന്ന ചിന്ത.
ഡോക്ടർ മോഹനൻ വൈദ്യരും ഹെഗ്ഡെയും ഇക്ബാലും പിഷാരടിയും ഒക്കെ ഇംഗ്ലീഷ് മരുന്നിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തുന്പോൾ വൈദ്യശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്ത ഞാനടക്കമുള്ള ശരാശരി ജനം ആരെ വിശ്വസിക്കണം എന്ത് മരുന്ന് കഴിക്കണം എന്ത് കഴിച്ചു കൂടാ എന്ന ആശങ്കയിലാണ്.
ഒരുകാലത്ത് മനുഷ്യന്റെ ശരാശരി ആയുസ്സ് ഇരുപതിനും മുപ്പതിനും ഇടയ്ക്കായിരുന്നുവത്രേ! പിന്നീട് മദ്ധ്യകാലഘട്ടത്തിൽ അത് മുപ്പത് വയസ് വരെയായി മാറി. ഇന്നാകട്ടെ മനുഷ്യന്റെ ശരാശരി ആയുസ്സ് 67 ആയി മാറിയിരിക്കുന്നു.
സ്വാഭാവികമായിട്ടും ഇത് സൂചിപ്പിക്കുന്നത് വൈദ്യശാസ്ത്രത്തിന്റെ വളർച്ചയാണ്. ഒരുകാലത്ത് വസൂരിയും കോളറയും പ്ലേഗുമൊക്കെ വന്ന് കൊന്നൊടുക്കിയത് ലക്ഷക്കണക്കിന് മനുഷ്യജീവനുകളെയായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തോടെ മാരകമായ ഇത്തരം പല അസുഖങ്ങളും ഭൂമിയിൽ നിന്നും എന്നന്നേയ്ക്കുമായി നശിപ്പിച്ച് കഴിഞ്ഞിരിക്കുന്നു.
ആധുനിക യന്ത്രങ്ങൾ വഴി എക്സ്റേ, സി.ടി സ്കാൻ, ബ്ലഡ് ടെസ്റ്റ് പോലുള്ള സംവിധാനങ്ങൾ പരന്പരാഗത വൈദ്യന്മാർക്കും ആയുർവ്വേദ വിദഗ്ദ്ധർക്കും വരെ ഉപകാരപ്രദമായി മാറി.
അതേസമയം ഭാരതത്തിലെ പുരാണ കഥകളിൽ പലരും നൂറും, ആയിരം വർഷം വരെ ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ ന്യൂയോർക്കിൽ വെച്ച് മരിച്ച സുനത ജോൺസ് 116 വയസ് വരെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതെ ജീവിച്ചിരുന്ന വ്യക്തിയാണ്.
മുൻപ് 20 മുതൽ 30 വയസ് വരെ മാത്രം ആയുസ്സ് ഉണ്ടായിരുന്ന കാലത്ത് ഏതെങ്കിലും വ്യക്തി 120 വയസ് വരെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ അവർക്ക് പ്രയാസം തോന്നിയിട്ടുണ്ടാകാം.
അതുപോലെ തന്നെയാണ് ഇന്ന് 100 വയസ് വരെ ആരോഗ്യത്തോടെ മനുഷ്യൻ ജീവിച്ചിരിക്കുന്പോൾ ആരെങ്കിലും 400 വർഷം വരെ ജീവിച്ചിരുന്നവർ ഉണ്ടെന്ന് പറയുന്പോൾ നമ്മുടെ മനസ്സിൽ വരുന്ന സംശയവും.
1000 വർഷങ്ങൾക്ക് മുന്പുണ്ടായിരുന്ന ഭാരതത്തിൽ നമുക്ക് അറിയാനും ചിന്തിക്കുവാനും പറ്റാത്ത രീതിയിലുള്ള വിസ്മയകരമായ കണ്ടുപിടുത്തങ്ങൾ പലതും ഉണ്ടായിരുന്നു.പുരാണങ്ങളിൽ വായുമാർഗ്ഗം സഞ്ചരിക്കുവാൻ വിമാനങ്ങൾ ഉപയോഗിച്ചിരുന്നതായും യുദ്ധ സമയത്ത് ഡ്രോൺ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായും പറയുന്നു.
നമുക്ക് പറ്റിയിരിക്കുന്നത് പല വലിയ കണ്ടുപിടുത്തങ്ങളും പരന്പരഗതമായി കൈമാറ്റം ചെയ്യാതെ നഷ്ടപ്പെട്ടു എന്നുള്ളതാണ്. ഇന്ത്യയിലെ ഇപ്പോഴും നിലനിൽക്കുന്ന പല പഴയ കെട്ടിടങ്ങളും അന്പലങ്ങളും ഇതിനുള്ള ഉദാഹരണങ്ങളാണ്.ഇതേ അവസ്ഥ ആരോഗ്യ മേഖലയിലും സംഭവിച്ചിട്ടുണ്ട്. പല രോഗങ്ങൾക്കും പണ്ട് കാലങ്ങളിൽ പല മരുന്നുകളും കണ്ടുപിടിച്ചിട്ടുണ്ടാകാം.
ആയുർവ്വേദത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കാര്യമായി പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് അലോപ്പതി ഡോക്ടർമാർ അവകാശപ്പെടുന്നത്. അതേസമയം ആയുർവ്വേദത്തിലും പ്രകൃതി ചികിത്സയിലും വിശ്വസിക്കുന്നവർ അലോപ്പതി മരുന്നുകൾ മുഴുവൻ ആളെ കൊല്ലികളാണെന്ന് വാദിക്കുന്നു. അലോപ്പതി പഠിക്കുന്ന ഡോക്ടർ ആയുർവ്വേദവും കൂടി പഠിച്ചാൽ അത് ഗുണം ചെയ്യുക രോഗികൾക്കായിരിക്കും. എം.ബി.ബി.എസിന്റെ പാഠ്യ ഭാഗമായി ആയുർവ്വേദവും പ്രകൃതി ചികിത്സയും ഉൾപ്പെടുത്തി ആരോഗ്യമേഖലയെ കൂടുതൽ ആരോഗ്യകാര്യമായി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.