നന്മ നിറഞ്ഞവൻ ശ്രീനിവാസൻ
എത്ര വിലകൂടിയ വാഹനമായാലും പഴകി തുടങ്ങുന്പോൾ അതിന്റെ എഞ്ചിനും ബ്രേയ്ക്കും ഒക്കെ കേടായി തുടങ്ങും. ചിലപ്പോൾ ശരിയായ ദിശയിൽ ഓടികൊണ്ടിരിക്കുന്ന വാഹനം, ലക്ഷ്യം തെറ്റി ബ്രേക്ക് നഷ്ടപ്പെട്ട് തലകുത്തി മറയും. ചിലപ്പോൾ മറ്റുള്ളവരെ ഇടിച്ച് തെറിപ്പിച്ച് പരിക്കേൽപ്പിച്ചെന്നും വരാം.
വഴിയെ പോകുന്ന ഏതെങ്കിലും ഒരാളെ ഇടിച്ച് തെറിപ്പിച്ച് കഴിഞ്ഞതിന് ശേഷം വണ്ടി പഴയതാണ്, ക്ലച്ച് കുറവാണ്, ബ്രേയ്ക്ക് കുറവാണ് എന്ന് ഒക്കെ ഒഴിവ് കഴിവ് പറഞ്ഞാൽ ഒന്നും പരിക്കേറ്റവർ മിണ്ടാതിരിക്കില്ല. അവർ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. ഈ നിയമവും ചിന്തയും വാഹനങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ബാധകമാണ് എന്നതിനുള്ള തെളിവാണ് നമ്മൾ ഏറെ ബഹുമാനിക്കുന്ന സുഗതകുമാരി ടീച്ചറുടെ നേർക്ക് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന പരിഹാസ ശരങ്ങൾ വ്യക്തമാക്കുന്നത്.അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേയ്ക്ക് ഒഴുകി തുടങ്ങിയാൽ കേരളത്തിന്റെ സംസ്കാരവും പാരന്പര്യവും നഷ്‍ടമാകുമെന്ന ടീച്ചറിന്റെ പ്രസ്താവന ബെല്ലും ബ്രേയ്ക്കും നഷ്ടപ്പെട്ട ചിന്തയാണെന്നതിൽ സംശയമില്ല. ഇന്ന് ഏറ്റവും അപകടകരമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കൈക്കലാക്കി കൈയിൽ ഒരു ഗപ്പുമായി കേരളം നെഞ്ചും വിരിച്ച് നിൽക്കുന്ന കാഴ്ച ടീച്ചർ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. കേരളത്തിന്റെ ഇന്നത്തെ സംസ്കാരം ഇന്ത്യയിലെ ഏറ്റവും മോശവും ദാരുണവുമായ അവസ്ഥയിൽ കിടക്കുന്ന കാര്യം ടീച്ചർ മറന്നിരിക്കുന്നു.
അതേസമയം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്പോൾ അവർ ജോലി ചെയ്യുന്ന സ്ഥലത്തിലെ പോലീസ് േസ്റ്റഷനിൽ അറിയിക്കണമെന്ന ടീച്ചറുടെ വാദത്തിൽ കുറെ ന്യായവുമുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ ചിന്തയും സംസ്കാരവുമാണ്. ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും ജീവിതരീതികളും എല്ലാം വ്യത്യസ്തമാണ്. സ്വാഭാവികമായിട്ടും ഒരു അന്യ സംസ്ഥാന തൊഴിലാളി കേരളത്തിൽ വന്ന് ജോലി ചെയ്യുന്പോൾ കേരളത്തിലെ പോലീസ് േസ്റ്റഷനിൽ റിപ്പോർട്ട് ചെയ്ത് അവരുടെ മൊബൈൽ നന്പറും അഡ്രസും നൽകുന്നത് ഗുണകരമാകും. ഇതേ നിയമം മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ബാധകമാക്കണം.
മലയാളികൾ പരക്കെ വായിക്കുന്നവരാണ്. ലോകം മുഴുവൻ സഞ്ചരിക്കുന്നവരാണ്. ബുദ്ധി ഇത്തിരി കൂടിയവരാണ്, അപാര ചിന്താശക്തിയുള്ളവരാണ് എന്നൊക്കെയാണ് ഞാനടക്കം ഉള്ള മലയാളികൾ ഇപ്പോഴും വിശ്വസിക്കുന്നത്. ഒരു ഭാഗത്ത് നമ്മൾ മലയാളികൾ, ഭൂമി എല്ലാ ചരാചരങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് വാദിക്കും. അതേസമയം നമ്മൾ പട്ടിയെയും പനി പിടിച്ച താറാവിനെയും ചുട്ട് കൊല്ലുവാൻ അണിനിരക്കും. ഒരുവശത്ത് നമ്മൾ ഗോവിന്ദച്ചാമിയെപ്പോലുള്ള ക്രിമിനലുകളെ തൂക്കിലേറ്റുന്നത് കാടത്തമെന്ന് പ്രസംഗിക്കുകയും മറുവശത്ത് തൊട്ടടുത്ത അയൽക്കാരനെ എതിർപാർട്ടിയിലാണെന്ന ഒറ്റക്കാരണത്താൽ വെട്ടി കൊല്ലുന്നത് ന്യായീകരിക്കുകയും ചെയ്യും.
പട്ടിയെ ചുട്ട് തിന്നുന്ന നാഗാലാൻഡിൽ ക്രൈം റേറ്റ് 55.1 ആണെങ്കിൽ കേരളത്തിൽ 723.2 ആണ്. കേരളത്തിന്റെ പിറകിൽ ക്രൈം റേറ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മദ്ധ്യപ്രദേശിൽ ആകട്ടെ ക്രൈം റേറ്റ് 348.5 മാത്രമാണ്. കേരളത്തിൽ നടന്ന ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയും ആണെന്നത് പകൽപോലെ വ്യക്തമാണ്.
സിനിമാ നടൻ ശ്രീനിവാസൻ ഈയിടെ ടി.വിയിൽ അദ്ദേഹത്തിന് വയസ്സായി തുടങ്ങിയിരിക്കുന്നുവെന്നും ഇനി എത്രനാൾ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും പറയുന്നത് കണ്ടു. ശ്രീനിവാസന് വയസ്സായാലും ഇല്ലെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങളിൽ കഴന്പുണ്ട്. അത് ചില ബുദ്ധിജീവികൾ പറയുന്നത് പോലെ ക്ലച്ചും ബ്രേക്കും നഷ്ടപ്പെട്ട പ്രസ്താവനകളല്ല. പകരം ഇനി ജീവിച്ചിരിക്കുന്ന കാലം കുറച്ചു സത്യങ്ങൾ വിളിച്ചു പറഞ്ഞു പറ്റാവുന്ന നന്മകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു ശരാശരി മലയാളിയുടെ വാക്കുകളാണ്. കൊലപാതകം എതിർക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. അതിനെതിരെ സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയിൽ അവബോധം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതുവരെ ശ്രീനിവാസന്റെ സിനിമകളെ വാഴ്‌ത്തി നടന്ന പലരും ഇപ്പോൾ അയാൾ ചെയ്ത സന്ദേശം അടക്കമുള്ള പടങ്ങൾ ശരാശരി മാത്രം ആണെന്ന് പറഞ്ഞു അദ്ദേഹത്തെ ഇകഴ്ത്തി തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം ഏതായാലും കൊലപാതകങ്ങൾ പാർട്ടിയുടെ നിലനിൽപ്പിനായി നടത്തുന്ന നേതാക്കളേയും പാർട്ടിയെയും ജനം തിരിച്ചറിയണം ഒപ്പം അവരെ ഒറ്റപ്പെടുത്തണം. ശ്രീനിവാസൻ ഇപ്പോൾ നടത്തുന്ന വാക്കുകൾക്ക് വാളിനെക്കാൾ മൂർച്ചയുണ്ടാക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്...
പി. ഉണ്ണികൃഷ്ണൻ