ഞാൻ ഞാനല്ല, നീ നീയുമല്ല !
ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകൻ നന്നായി പാടി തുടങ്ങിയപ്പോൾ, സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ നന്നായി അഭിനയിച്ച് തുടങ്ങിയപ്പോൾ, പട്ടോഡിയുടെ മകൻ നന്നായി ക്രിക്കറ്റ് കളിച്ച് തുടങ്ങിയപ്പോൾ നമ്മൾ ഓർത്തതും വാഴ്ത്തിയതും പ്രകീർത്തിച്ചതും അവരുടെ പിതാവിനെയും പാരന്പര്യമായി ലഭിച്ച കഴിവിനെക്കുറിച്ചുമാണ്.
കെ. കരുണാകരന്റെ മകൻ മുരളീധരൻ രാഷ്ട്രീയത്തിൽ തിളങ്ങി തുടങ്ങിയപ്പോഴും അംബാനിയുടെ മകൻ ബിസിനസിൽ കോടികൾ വാരിക്കൂട്ടിയപ്പോഴും നമ്മൾ ചിന്തിച്ചത് പാരന്പര്യത്തെക്കുറിച്ചാണ്.
കഴിഞ്ഞ മാസം ആസ്ത്രേലിയായിൽ സോഫിയ എന്ന പെൺകുട്ടി അവരുടെ കാമുകനോടൊപ്പം അവരുടെ ഭർത്താവിനെ വിഷം നൽകി കൊന്നപ്പോഴും, ഗോവിന്ദച്ചാമി സൗമ്യയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നപ്പോഴും, ജിഷയെ കൊന്ന കൊലപാതകിയെക്കുറിച്ച് ചർച്ച ചെയ്യുന്പോഴും ചിന്തിക്കുന്പോഴും കുറ്റം ആരോപിക്കുന്നത് കുറ്റവാളിയുടെ മുകളിൽ മാത്രമാണ്. നമ്മൾ ഒരിക്കലും അവരുടെ കുടുംബത്തെ കുറിച്ചോ വളർന്ന സാഹചര്യങ്ങളെകുറിച്ചോ ചിന്തിക്കുന്നില്ല. ഇതിനൊക്കെ പുറമെ അവർക്കു അത്തരം ഒരു ചിന്ത തോന്നിപ്പിച്ച അവരുടെ ശരീരത്തിലുള്ള ജനിതക വാസനകളെകുറിച്ച് സംസാരിക്കുന്നില്ല.
നല്ല ഗുണങ്ങൾ പാരന്പര്യമായി ലഭിക്കുന്നത് പോലെ തന്നെ മോശം ഗുണങ്ങളും നമ്മുടെ ഡി.എൻ.എ വഴി നമ്മുടെ മക്കൾക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നമ്മുടെ മക്കൾ കാണിച്ച് കൂട്ടുന്ന പല ചെറിയ കുസൃതിത്തരങ്ങൾ കാണുന്പോൾ അറിയാതെ നമ്മൾ പറഞ്ഞു പോകുന്നത് നമ്മളും ഈ പ്രായത്തിൽ ഇങ്ങനെയൊക്കെയായിരുന്നുവെന്ന്!
എന്നാൽ കുറ്റങ്ങൾ കുറച്ച് കൂടി വലിയ രീതിയിലാകുന്പോൾ കുടുംബക്കാരും വീട്ടുകാരും എന്തിനധികം മാതാപിതാക്കൾ വരെ കുറ്റം ചെയ്ത വ്യക്തിയിൽ മാത്രമായി കുറ്റം ആരോപിക്കുന്നു. ഏതായാലും കുവൈത്തിൽ സൗദിക്കാരൻ പള്ളിയിൽ ബോംബിട്ട് കുറേ പേരെ കൊന്നൊടുക്കിയപ്പോൾ കുവൈത്ത് സർക്കാർ ഒരു കാര്യം ഉറപ്പിച്ചു. കുവൈത്തിലുള്ള സ്വദേശികളുടെയും വിദേശികളുടെയും യഥാർത്ഥ പൗരത്വം ഡി.എൻ.എ വഴി പരിശോധിച്ച് നിർണ്ണയിക്കണമെന്ന്. ഈ നിയമം കുവൈത്തിലുള്ള ഇന്ത്യക്കാർക്കും അവിടെയുള്ള മലയാളിക്കൾക്കും ബാധകമാണ്. കുവൈത്തിലുള്ള എല്ലാവരും ഡി.എൻ.എ സാന്പിൾ നൽകേണ്ടി വരും. ആരെങ്കിലും തെറ്റായ സാന്പിൾ നൽകിയെന്നറിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കുവൈത്ത് സർക്കാർ ഇതിനായി കോടികൾ ആണ് പൊടിക്കുന്നത്. ഇതിനായി വിദഗ്ദ്ധരായ ശാസ്ത്രജ്ഞരെയും നിയമിച്ചിട്ടുണ്ട്.
കുവൈത്ത് സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കുവാനുള്ള കാരണം ആക്രമവാസനകളും ഹെറിഡിറ്ററിയായി ലഭിക്കുന്നതാണ് എന്ന തിരിച്ചറിവിലാണ്. ഇത്തരം ഒരു ടെസ്റ്റിലൂടെ ചില കുവൈറ്റി പൗരന്മാർ കുവൈറ്റികൾ അല്ലെന്നും മനസ്സിലാക്കുവാൻ സാധിക്കും.
ഒരു മരത്തിന്റെ ഡി.എൻ.എ എടുത്താലും മനുഷ്യന്റെ എടുത്താലും അതിൽ 95 ശതമാനം ഒരുപോലെയിരിക്കും. പിന്നീട് വരുന്ന ബാക്കി ഭാഗത്തിലാണ് ഒരാളുടെ യഥാർത്ഥ പശ്ചാത്തലം മനസ്സിലാവുക.
എല്ലാ ദിവസവും കൃഷ്ണനെ കൈക്കൂപ്പി പ്രാർത്ഥിച്ച് കൃഷ്ണൻ മാത്രമാണ് ദൈവമെന്ന് വിശ്വസിക്കുന്ന ഒരുവൻ ഡി.എൻ.എ ടെസ്റ്റ് വഴി അവൻ 90 ശതമാനം ഇസ്ലാമാണെന്നോ ക്രിസ്ത്യനാണെന്നോ തിരിച്ചറിയുന്പോൾ ഉണ്ടാകാവുന്ന മനോനില നമ്മുടെ ചിന്തയ്ക്ക് അപ്പുറത്താണ്. ഇതേ അനുഭവം മറ്റ് മതങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കുന്നവർക്കും തിരിച്ചും ഉണ്ടാകാം.
ബയോമെട്രിക് സിസ്റ്റം വഴി ജനങ്ങളെ വേർതിരിക്കുന്പോൾ വരാവുന്ന വലിയ ഒരു ഭീകരതയും നമ്മൾ തിരിച്ചറിയണം. നാളെ അമേരിക്ക പോലുള്ള ഒരു രാജ്യത്ത്, വേണമെങ്കിൽ ഒരു പ്രത്യേക ഡി.എൻ.എ ഗ്രൂപ്പിലുള്ളവരെ മാത്രം ലക്ഷ്യമാക്കി ഒരു വൈറസ് സൃഷ്ടിക്കുവാനും അതുവഴി ആ ഡി.എൻ.എയിലുള്ളവരെ മാത്രം കൊന്നൊടുക്കുവാനും ശാസ്ത്രജ്ഞർക്ക് സാധിക്കും.
ഈ ഒരു നിയമം എല്ലാ ഗൾഫ് രാജ്യത്തും നടപ്പിലാക്കി തുടങ്ങിയാൽ പലരുടെയും യഥാർത്ഥ പിതാവിനേ തിരിച്ചറിയാനും, അത്തരം രഹസ്യങ്ങൾ ഏജൻസി വഴി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കുതിരവട്ടം പപ്പു പറഞ്ഞ ഒരു കിടിലൻ ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്. താനാരാണെന്ന് തനിക്കറിയാന്മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന്. ഞാൻ ആരാണെന്നു എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് ഞാൻ ആരാണെന്ന് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞു തരാം ഞാൻ ആരാണെന്നും താൻ ആരാണെന്നും.
ഏതായാലും ലോകം ഇങ്ങിനെയൊക്കെ മുന്പോട്ട് നീങ്ങുന്പോൾ, നമ്മൾ ആരാണെന്ന് നമുക്ക് മനസ്സിലായാലും മറ്റുള്ളവർക്ക് നമ്മൾ ആരാണെന്ന് മനസ്സിലായാൽ ഉണ്ടാകുന്ന വിഷമത്തെക്കാൾ മറ്റുള്ളവർ ആരാണെന്ന് നമുക്ക് മനസ്സിലായാൽ നമുക്ക് ഉണ്ടാവുന്ന സന്തോഷം അതുണ്ടാല്ലോ അത് മനസ്സിലാക്കി സന്തോഷിക്കുക. മനസ്സിലായോ ?