ഗോവിന്ദ, ഗോവിന്ദ, ഗോവിന്ദാ........!
ഗോവിന്ദചാമിയെ തൂക്കിക്കൊല്ലണമോ എന്നാരെങ്കിലും ചോദിച്ചാൽ എന്റെ ഉത്തരം ‘വേണ്ട’ എന്ന് തന്നെയാണ്. കാരണം നല്ലൊരു ആരാച്ചാരാണ് ഒരു ക്രിമിനലിനെ തൂക്കിക്കൊല്ലുന്നതെങ്കിൽ അവർക്ക് ലഭിക്കുന്നത് ഏറ്റവും സുഖകരമായ മരണമാണ്. കഴുത്തിൽ കയർ കുടുങ്ങി ശരീരം തൂങ്ങി കിടന്നാൽ 20 സെക്കന്റുകൾക്കുള്ളിൽ തലച്ചോറിനുള്ളിലേയ്ക്കുള്ള വായു സഞ്ചാരം നിലയ്ക്കും. ഓക്സിജൻ തലച്ചോറിലെത്താതെ വരുന്പോൾ തൂക്കിലേറ്റപ്പെട്ട വ്യക്തിയുടെ ബുദ്ധി നശിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുന്നു. സാധാരണഗതിയിൽ തൂക്കിലേറ്റാൻ വിധിക്കപ്പെടുന്ന ക്രിമിനലുകൾക്ക് മരണഭയം കുറവാണ്.
കഴുത്തിലെ കയറിന്റെ നീളം, തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ ഉയരം, വീഴുന്പോൾ വ്യക്തിയുടെ ശരീരഭാരം, താഴ്ച എന്നിവയൊക്കെ അളന്ന് തിട്ടപ്പെടുത്തിയാൽ മരണസമയം ഒരു മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെയാണ് നീളുക. ഒരു വിദഗ്ദ്ധനായ ആരാച്ചാർ കഴുത്തിൽ കയർ കുരുക്കുന്നത് കഴുത്തിന് മുകളിലുള്ള സ്പൈനൽ വെർട്ടിബയുടെ ഇരുവശങ്ങളിലാവുകയാണ്. ഒപ്പം കയറിന്റെ നീളം കൂട്ടിയാൽ മരണം വേഗത്തിലാവുകയും ചെയ്യും.
പണ്ട് കാലത്ത് ഇന്ത്യയിലെ രാജഭരണ കാലത്ത് ക്രിമിനലുകളെ കൊല്ലുന്നതിന് വളരെ മനോഹരമായ രീതികൾ ആയിരുന്നു അവലംബിച്ചിരുന്നത്. കുറ്റവാളികളുടെ രണ്ട് കൈകളിലും കാലുകളിലും കയർ വരിഞ്ഞ് കെട്ടി നിലത്ത് കിടത്തി നാല് ആനകളെ കൊണ്ട് നാല് വശത്തേക്കും ഒരേ സമയം വലിച്ച് കീറി കൊല്ലുക ഇതിലെ ഒരു പ്രധാനപ്പെട്ട ഇനമായിരുന്നു. ഇതു പോലുള്ള മനോഹരമായ ശിക്ഷ വിധി നിർത്തലാക്കിയതോടെ കുറ്റവാളികളുടെ പേടി മാറിക്കിട്ടി.
ആസ്റ്റർഡാമിൽ ഒരു ടോർച്ചർ മ്യൂസിയമുണ്ട്. അവിടെ യൂറോപ്പിൽ പണ്ടു കാലത്ത് രാജാക്കന്മാർ ക്രിമിനലുകളെ പീഡിപ്പിക്കുവാൻ ഉപയോഗിച്ചു പലതരം ഉപകരണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ സ്ത്രീ പീഡനത്തിന് ശിക്ഷിക്കപ്പെട്ടവരെ പീഡിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും നിരത്തിവെച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ഇനം പുരുഷ ലിംഗത്തിൽ തൂക്കിയാടുവാൻ തയ്യാറാക്കിയ അഞ്ച് കിലോ ഭാരമുള്ള ഇരുന്പിന്റെ ഒരു ഉറയായിരുന്നു. വേറൊന്ന് കഴുത്തിന് ചുറ്റും ഒരു കന്പി കൊണ്ട് കുരുക്കുണ്ടാക്കി ആണി തറച്ച് ഒരു ഇരുന്പ് കസേരയിൽ നഗ്നനായി ഇരുത്തുക എന്ന സുന്ദരമായ ആചാരമായിരുന്നു. ഈ ടോർച്ചർ മ്യൂസിയം ഒന്ന് വിശദമായി നടന്ന് കണ്ടാൽ തന്നെ ഒരുവൻ കുറ്റം ചെയ്യുന്നതിന് മുൻപ് രണ്ട് പ്രാവശ്യം ചിന്തിക്കും. ഇത്തരം മാർഗ്ഗങ്ങളൊന്നുമില്ലെങ്കിലും ഒരു ക്രിമിനലിനെ ഇത്രയും നല്ല ഭക്ഷണം നൽകി തീറ്റിപോറ്റി ലക്ഷങ്ങൾ നൽകി വക്കീലിനെ വെച്ച് വാദിച്ച് ശിക്ഷയിൽ നിന്നൂരി ചാമി പോകുന്പോൾ ഒരുകാര്യം ഉറപ്പ്. പണം ഉണ്ടെങ്കിൽ ഇന്ത്യ, മഹാരാജ്യത്ത് എന്തും നടക്കും.
ജിഷാ വധക്കേസിലെ പ്രതിക്ക് വേണ്ടിയും സൗമ്യയുടെ കേസിൽ ഗോവിന്ദചാമിക്ക് വേണ്ടിയും പ്രവർത്തിക്കുന്ന ലോബികളെക്കുറിച്ച് മുന്പും പലതവണ എഴുതിയതാണ്. അത് വീണ്ടും വീണ്ടും ആവർത്തിച്ചിട്ടു ഇനി വലിയ കാര്യമുണ്ടെന്നും തോന്നുന്നില്ല. ഗോവിന്ദചാമി ഒന്നരവർഷം മാത്രമേ ജയിലിൽ കഴിയേണ്ടി വരികയുള്ളൂ എന്നാണ് ഇന്നത്തെ അവസ്ഥയിൽ മനസിലാക്കുന്നത്.
ഇനി ചാമി ജയിലിൽ ഉള്ള സമയമെങ്കിലും പരമാവധി ഉപയോഗപ്പെടുത്തി പറ്റുമെങ്കിൽ ആക്ഷൻ ഹീറോ ബിജുവിനെപ്പോലുള്ള ഏതെങ്കിലും ഓഫീസർ, ഗോവിന്ദചാമിയുടെ രണ്ടു കൈകളും ബന്ധിച്ച് ജയിലിലടക്കുക. പിന്നീട് പറ്റുമെങ്കിൽ കുറച്ച് കൊതുകിനെയും മൂട്ടയെും മുറിയിൽ നിറയ്ക്കുക. പറ്റുമെങ്കിൽ മേലാസകലം ചൊറിയുന്ന ഏതെങ്കിലും പൊടിയും വിതറുക. ഇതിനപ്പുറമൊന്നും നമ്മുടെ ജ്യൂഡിഷ്യറിയ്ക്കും പോലീസിനും സ്ത്രീ സുരക്ഷ സംഘടനകൾക്കും ചെയ്യാൻ പറ്റില്ല എന്ന് ഉറപ്പ്.
ഒന്നര വർഷം കഴിഞ്ഞാൽ ഗോവിന്ദ ചാമി സുഖസുന്ദരമായി വീണ്ടും നാട്ടിലിറങ്ങി സുന്ദരക്കുട്ടപ്പനായി വിലസും. അവനെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞാൽ ഗോവിന്ദചാമിക്ക് പോലീസ് പ്രൊട്ടക്ഷനും നൽകും. അപ്പോൾ ആ കൊതുക് കടിയേ ഭയന്നെങ്കിലും പുള്ളിക്കാരൻ വീണ്ടും ഇത്തരം കൃത്യങ്ങൾക്കു തുനിയില്ല എന്ന് കരുതാം. ഗോവിന്ദ ചാമിയെക്കാൾ വലിയ ക്രിമിനൽ അയാളെ രക്ഷപ്പെടുത്തിയ വക്കിലാണ്. പറ്റുമെങ്കിൽ ജനം ചെയ്യേണ്ടത് അത്തരം വക്കിലന്മാരെ റോഡിലിറങ്ങാൻ അനുവദിക്കാതിരിക്കുക എന്നതാണ്. ബ്രിട്ടീഷുകാരുണ്ടാക്കിയ ജുഡീഷ്യറി സംവിധാനത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെങ്കിൽ വീണ്ടും ജനകീയ കോടതികളും വിചാരണകളും നടത്തി നിയമ സംവിധാനത്തെ നോക്കി ഗോവിന്ദ ഗോവിന്ദ എന്ന് വിളിയ്കുക മാത്രമേ രക്ഷയുളളു എന്നാണ് ഇപ്പോൾ തോന്നുന്ന ചിന്ത.