ചില സ്വർഗ്ഗീയ ചിന്തകൾ

മഹാബലി വാണിരുന്ന കാലം, ഹിമാലയം സ്വർഗ്ഗകവാടമായും കേരളം പാതാളമായി കരുതിയിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാബലി പഴയ അസീറയിലെ ഭരണാധികാരിയായിരുന്നുവെന്നും തീ പിടിച്ചാൽ കെടുത്താൻ പറ്റാത്ത അസീറയായിലെ ആരാധനരൂപമായ സിഗുറാത്തിയുടെ ഛായയാണ് തൃക്കാക്കരയപ്പനെന്നും ചിലർ വ്യാഖ്യാനിക്കുന്നു. ലോഗനാകട്ടെ ഓണത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ചതിന്റെ ആഘോഷമാണെന്നും പറയുന്നു. ചവിട്ടിത്താഴ്ത്തിയ വാമനനെയാണോ, ചവിട്ട് കൊണ്ട് ചക്രവർത്തിയായ മഹാബലിയെയാണോ അതല്ല മാതേവർ എന്ന പേരിൽ മഹാദേവനായ ശിവനെയാണോ ഓണക്കാലത്ത് ആരാധിക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം, ചെന്നൈ, ദുബായ് നഗരങ്ങളിൽ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോൾ ഒരുകാര്യം വ്യക്തമായി. കേരളം ഇപ്പോഴും നാഗത്താന്മാർ വസിക്കുന്ന പാതാളഭൂമി തന്നെയെന്ന്.
തമിഴ്നാട്ടിലെ തലസ്ഥാന നഗരമായ ചെന്നൈ നഗരം രാത്രിയിൽ ഉറങ്ങാറില്ല. സിനിമാ തിയേറ്ററുകളും ഹോട്ടലുകളും പന്പും ബാറും ഒക്കെ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നു. മുംബൈ നഗരത്തിന്റെ കാര്യം അതിലും ഗംഭീരമാണ്. റോഡുകൾ മുഴുവൻ പലതരം ആഘോഷങ്ങളുെട ബഹളമാണ്. അർദ്ധരാത്രിയിലും പെൺകുട്ടികൾ ഭയം ഇല്ലാതെ ഒറ്റയ്ക്ക് നടക്കുന്നു.
ഈ രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരത്ത് കാണുന്ന ആഘോഷങ്ങളുടെ ഒരു ശതമാനം പോലും ആഘോഷമോ, ബഹളമോ നടക്കാത്ത ഒരു പഴഞ്ചൻ തലസ്ഥാനം തന്നെയാണ് ഇപ്പോഴും തിരുവനന്തപുരം.
കേരളത്തിലൂടെ ഏതെങ്കിലും വിദേശിയെയും കൂട്ടി നടക്കുകയാണെങ്കിൽ ബിവറേജസിന്റെ മുന്പിൽ മഴയത്തും വെയിലത്തും ക്യൂ നിൽക്കുന്നവരെ കാണാം. ഒരു വിദേശിയെയും കൊണ്ട് കേരളത്തിൽ കറങ്ങുന്പോൾ ഒരിക്കലെങ്കിലും അത്തരം ഒരു കാഴ്ച്ച അവർ കാണും. അപ്പോൾ കൂടെയുള്ള നമ്മുടെ തലയാണ് താഴ്ന്ന് പോകുന്നത്.
തിരുവനന്തപുരത്ത് എല്ലാ മാസത്തിന്റെയും ആദ്യദിവസം മദ്യം ലഭിക്കില്ല. പക്ഷേ അതേസമയം തമിഴ്നാട്ടിന്റെ ബോർഡറിൽ ഈ ദിവസം മലയാളികളെ ലക്ഷ്യമിട്ട് മാത്രം നൂറ് കണക്കിന് ബാറുകൾ പ്രവർത്തിക്കുന്നു.
മലയാളികൾ സത്യം പറഞ്ഞാൽ ഏതോ പ്രാകൃതമായ സംസ്ഥാനത്തിൽ ജീവിക്കുന്നവരാണെന്ന് മറ്റ് സംസ്ഥാനങ്ങളുടെ തലസ്ഥാനത്ത് ജീവിച്ച് തിരിച്ചെത്തിയാൽ നമുക്ക് മനസിലാകും.
കേരളത്തിൽ ഇന്ന് കഞ്ചാവ് യഥേഷ്ടം ഒഴുകുന്നുണ്ടെന്ന് കൊച്ചിയിൽ കുറച്ച് ദിവസം താമസിച്ചാൽ മനസ്സിലാക്കുവാൻ പറ്റും.
കഞ്ചാവടിച്ചാൽ പോലീസുകാരൻ രാത്രിയിൽ മണത്ത് നോക്കി േസ്റ്റഷനിൽ കൊണ്ടുപോകുമെന്ന പേടി വേണ്ട. ബിവറേജസിൽ ക്യൂ നിന്ന് നാണം കെടണ്ട. ഒപ്പം സാന്പത്തികമായ ലാഭകരവും ആണത്രേ!
നമ്മൾ കേരളീയർ ഇപ്പോഴും പ്രായപൂർത്തിയാകാത്ത, വിവരവും ബുദ്ധിയുമില്ലാത്ത മന്ദബുദ്ധികളാണെന്ന വി.എം സുധീരനെ പോലുള്ള ലീഡർമാരുടെ ചിന്തയാണ് കേരളത്തെ ആണും പെണ്ണും കെട്ട സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നത്.
മാനസികമായും സാംസ്കാരികമായും വളരണമെങ്കിൽ സർക്കാർ തലത്തിൽ നടത്തുന്ന ഇത്തരം രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾ ഇനിയും കുറയണം.
തിരുവനന്തപുരം നഗരത്തിൽ സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞാൽ പോലീസുകാരൻ ഐഡി ചോദിക്കും. പിന്നീട് ഒരു കള്ളനെ കണ്ട പോലെ നിരവധി സംശയാസ്പദമായ ചോദ്യങ്ങൾ ചോദിക്കും.
പ്രവാസികളായ പലരും കേരളത്തിൽ ചേക്കേറാതെ, ബാംഗ്ലൂരിലും മുംബൈയിലും സ്ഥിരതാമസമാക്കുവാൻ ആഗ്രഹിക്കുന്നതും ഇത്തരമൊരു അസ്വസ്ഥത കാരണമാണ്.
തൻ്റെ ഓരോ വസ്തുക്കളും ദൈവത്തിനായ് ബലി കൊടുത്ത് ഒടുവിൽ സ്വപുത്രനെ തന്നെ ദൈവത്തിന് നൽകുവാൻ തയ്യാറായ ഇബ്രാഹീമിന്റെ ത്യാഗത്തിന്റേയും, ഒപ്പം ഭിക്ഷ ചോദിച്ചു വന്ന വാമനന് അവസാനം സ്വന്തം തല ചവിട്ടുവാനായി നൽകി പാതാളത്തിൽ പോയ മഹാബലിയയും ഓർക്കുന്ന ഈ വേളയിൽ കേരളത്തിലെ ഭരണ കർത്താക്കളോട് ഒരു അപേക്ഷ മാത്രം. കേരളത്തിനെ പാതാള ഭൂമിയിൽ നിന്നും കരകയറ്റുവാൻ പ്രവാസ ഭൂമിയിൽ നിന്നും ലഭിച്ച സന്പത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ നമുക്ക് കേൾക്കേണ്ട. പകരം കേരളത്തെ സ്വർഗ്ഗമൊന്നും ആക്കിയില്ലെങ്കിലും, നരക തുല്യമാക്കാതിരുന്നാൽ മതി എന്ന ഒരു ചെറിയ അപേക്ഷ മാത്രം...